Asianet News MalayalamAsianet News Malayalam

ടിഎന്‍ ഗോപകുമാര്‍: ദൃശ്യമാധ്യമങ്ങള്‍ ഇനി ഇതുപോലെയാവില്ല!

TN Gopakumar interview on visual media
Author
Thiruvananthapuram, First Published Jan 30, 2017, 6:50 AM IST

TN Gopakumar interview on visual media

അഭിമുഖങ്ങള്‍ക്ക് ഒരാമുഖം
പല കാലങ്ങള്‍. ആഞ്ഞുകൊത്തിയ പ്രത്യയശാസ്ത്രങ്ങള്‍. ചെന്നെത്തിയ മനുഷ്യര്‍. വന്നുപെട്ട വഴികള്‍. ബോധാബോധങ്ങള്‍. കൊണ്ട വെയിലും മഴയും മഞ്ഞും. ഇതെല്ലാം വല്ലാത്തൊരു തിടുക്കത്തോടെ കടലാസിലും സ്‌ക്രീനിലുമായി പകര്‍ത്താന്‍ ശ്രമിച്ചൊരു മനുഷ്യന്‍. അയാള്‍ക്ക് ഇതിനപ്പുറം എന്തുണ്ട് പറയാന്‍? 

ഇത്തരമൊരു പ്രതിസന്ധിയുടെ മുനമ്പിലാണ്, അഭിമുഖത്തിനായി ടിഎന്‍ജിയുടെ മുന്നില്‍ ചെന്നിരിക്കുന്നത്. രോഗത്തിന്റെയും മരിച്ചെന്ന് ഏതാണ്ട് മറ്റുള്ളവര്‍ ഉറപ്പിച്ച ആശുപത്രി വാസത്തിനും ശേഷം, 'ഞാനങ്ങനെയൊന്നും പോവില്ലെന്ന്' തലയുയര്‍ത്തി ആശുപത്രിയില്‍ നിന്ന് ഇറങ്ങി വന്നൊരു നേരമായിരുന്നു അത്. മരണം മുന്നില്‍ കണ്ടൊരാളുടെ പകപ്പല്ല, ഡോക്ടര്‍മാരോടും നഴ്‌സുമാരോടും തമാശ പറഞ്ഞ് കിടന്ന നാളുകളില്‍, മരുന്നും രക്തവും മാറിമാറിക്കയറിയ ബോധാബോധങ്ങളുടെ നേരങ്ങളില്‍, ആദ്യം മനസ്സിലും പിന്നെ കടലാസിലുമായി പകര്‍ത്തിയ പുതിയ നോവലിന്റെ ആവേശത്തിലായിരുന്നു ടി എന്‍ ജി.

ആശുപത്രി മണമുള്ള ആ  നാളുകള്‍ കാഴ്ചപ്പാടുകളിലും ചിന്തയിലും എന്ത് മാറ്റമാണുണ്ടാക്കിയതെന്ന ചോദ്യത്തിലായിരുന്നു തുടക്കം. "മരണമോ, അതൊക്കെ കുട്ടിക്കാലത്തേ ഞാന്‍ മറികടന്നു"വെന്ന ചിരിയായിരുന്നു മറുപടി. ആ ഉത്തരം പിന്നെ കുട്ടിക്കാലത്തേക്ക് നീണ്ടു. ശുചീന്ദ്രം വഴികളിലേക്കും ഇടലാക്കുടി ജയിലില്‍ നിന്നും, പി കൃഷ്ണപിള്ള ഹിന്ദി പാഠപുസ്തകത്തിന്റെ വക്കുകളില്‍ എഴുതിക്കൊടുത്ത കമ്യൂണിസവും പ്രണയവും മുറുകിയ അക്ഷരങ്ങളില്‍ കണ്ണുനട്ടിരുന്ന തങ്കമ്മയിലേക്കും നീണ്ടു. രണ്ടു മണിക്കൂറിലേറെ നീണ്ട സംഭാഷണങ്ങള്‍ക്ക് ശേഷം ഉറപ്പിച്ചു, എത്ര എഴുതിയാലും ചോദിക്കാനും പറയാനും ഏറെയുള്ള ജീവിതമാണ് മുന്നില്‍ നിവര്‍ന്നിരിക്കുന്നത്.

'ആവശ്യത്തിനായില്ലേ' എന്ന ചോദ്യത്തിന്, ഇവിടെ നിര്‍ത്തണോ, അഭിമുഖങ്ങളിലൂടെ ജീവിതം പറയുന്ന ഒരു പുസ്തകമാക്കിയാലോ എന്നൊരു മറുചോദ്യമായിരുന്നു ഉള്ളില്‍ നിന്നും വന്നത്. 'നീ ചോദിച്ചോ, നേരം കിട്ടുമ്പോഴൊക്കെ ഞാന്‍ മറുപടി പറയാം' എന്ന ചിരി മറുപടിയായി.

എഴുതിയ പുസ്തകങ്ങളെല്ലാം, ഒപ്പിട്ട്, കൈയില്‍ തന്നു. ഇതൊക്കെ വായിച്ച ശേഷം ഇനി തുടരാം എന്ന സ്‌നേഹം ഒപ്പമെത്തി. വായനയുടെ നാളുകളില്‍, ആ മനുഷ്യന്‍ ജീവിച്ച ജീവിതം ഉടലോടെ കൂടെ പോന്നു. കഥകളിലും നോവലുകളിലും യാത്രാനുഭവങ്ങളിലും ഓര്‍മ്മക്കുറിപ്പുകളിലും ലേഖനങ്ങളിലുമെല്ലാം കാണുന്നത്, ജീവിതത്തെ ഇറുകെപ്പുണരാന്‍ വെമ്പിയ മനസ്സ് മാത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.

പിന്നെ പല നാളുകള്‍. സമയം കിട്ടുമ്പോഴൊക്കെ ഏഷ്യാനെറ്റ് ന്യൂസിന്റെ താഴെ നിലയിലെ ഓണ്‍ലൈന്‍ വിഭാഗത്തിലേക്ക് ആ കോള്‍ വരും. 'എടാ, വാ...'. നാലാംനിലയിലേക്ക് ഒതുക്കിപ്പിടിച്ച നോട്ട് പാഡും റെക്കോര്‍ഡറുമായി ചെല്ലുമ്പോള്‍, വാര്‍ത്തകള്‍ക്കും പലയിടങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കും ഇടയില്‍ ഇരിപ്പുണ്ടാവും. പിന്നെ സംസാരമാണ്. 

മുറിയിലപ്പോള്‍ പല കാലങ്ങള്‍ നടന്നെത്തും. അന്തം വിട്ടുപോവുന്ന അനുഭവങ്ങള്‍. ഏത് കടുംവെട്ട് നരകത്തെയും നിലം പരിശാക്കുന്ന കൂസലില്ലായ്മകള്‍. ആളുകള്‍, ഇടങ്ങള്‍, ചങ്ങാത്തങ്ങള്‍. പറഞ്ഞു പറഞ്ഞു ചുമ വരുമ്പോള്‍ നിര്‍ത്തും. ഇനി പിന്നെയാവാം എന്ന നോട്ടം.  

അഭിമുഖങ്ങള്‍ അവിടെ നിന്നില്ല. അത് പിന്നെയും തുടര്‍ന്നു. അതിനിടെ ചികില്‍സയ്ക്കായി പിന്നെയും ബാംഗ്ലൂരിലേക്ക് പോയി. അത് കഴിഞ്ഞ് വന്നപ്പോള്‍ പക്ഷെ തളര്‍ച്ച കൂടിയിരുന്നു. മുറിയിലേക്ക് പിന്നെയും ചെന്നെങ്കിലും അത് അഭിമുഖമായില്ല. വേറെന്തൊക്കെയോ പറഞ്ഞും ചിരിച്ചും അതങ്ങനെ തീര്‍ന്നു.

പിന്നെ ആ ദിവസമെത്തി. ജീവിതം പറഞ്ഞു തീരും മുമ്പേ ആ വാക്ക് ഇറങ്ങി നടന്നു. എന്നോ ഞാന്‍ മരണത്തിന് സന്നദ്ധനായിരുന്നുവെന്നു പറഞ്ഞ് ചിരിച്ച ആ കൂസലില്ലായ്മ കണ്ണുകളടച്ച് കിടന്നു. അത് കഴിഞ്ഞിപ്പോള്‍ ഒരു വര്‍ഷം. ആ  അഭിമുഖങ്ങള്‍ ഇപ്പോള്‍ മുന്നിലുണ്ട്. ഇതില്‍ ആ ദിവസങ്ങളുണ്ട്. വരികളില്‍ നിന്ന് ഇറങ്ങി നടപ്പുണ്ട്, എന്നും തല ഉയര്‍ത്തി മാത്രം നടന്നിരുന്ന മെലിഞ്ഞ് നീണ്ടൊരു മനുഷ്യന്‍.

TN Gopakumar interview on visual media

എന്റെ കണ്‍സേണ്‍ അതല്ല, ഈ പരീക്ഷണങ്ങള്‍ക്കിടയില്‍, സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, മാധ്യമപ്രവര്‍ത്തനത്തിലുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നതാണ്.

ദൃശ്യമാധ്യമ പ്രവര്‍ത്തനത്തില്‍ വന്ന മാറ്റങ്ങളെ എങ്ങനെയാണ് കാണുന്നത്?

ന്യൂസ് ചാനല്‍ വലിയ ഒരു പ്രപഞ്ചമാണ്. അത് ഭംഗിയായി നടത്താന്‍ സാധിക്കും. അതില്‍ നിന്ന് പ്രേക്ഷകരുണ്ടാകും. വിപണിയുമുണ്ടാകും. പക്ഷേ, പലരും പല രീതിയിലാണ് വാര്‍ത്താചാനലുകള്‍ കൈകാര്യം ചെയ്യുന്നത്. പല തരം പരീക്ഷണങ്ങള്‍. ചാനലുകളില്‍ പലതിലും പല മാറ്റങ്ങളും വന്നിട്ടുണ്ട്. അര്‍ണാബ് ഗോസ്വാമി നയിക്കുന്ന 'ടൈംസ് നൗ' ആ വ്യക്തിയില്‍ മാത്രം കേന്ദ്രീകൃതമാണ്.അത് വിജയിച്ച ഒരു ഫോര്‍മുലയായി ഇംഗ്ലീഷ്
ചാനലുകള്‍ക്കിടയില്‍ മാറുന്നു. പക്ഷേ, ആ കളി എത്രകാലം തുടരാന്‍ പറ്റുമെന്നത് വേറെകാര്യം. ആ കളി പിന്തുടര്‍ന്നാല്‍ മറ്റുള്ളവര്‍ വിജയിക്കുമോ എന്നതും വേറെ കാര്യം.

പ്രൈം ടൈം എന്ന കോണ്‍സപ്റ്റ് പോലും മാറി. 20 കൊല്ലം മുമ്പ് ആറ് മുതല്‍ ഒമ്പത് വരെ ആയിരുന്നു വാര്‍ത്താചാനലിന്റെ പ്രൈം ടൈം. അത് മാറി. മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ കാഴ്ചാ ശീലങ്ങളെയും ബാധിച്ചിട്ടുണ്ട്. വൈകി വാര്‍ത്തകള്‍ കാണുന്ന സ്വഭാവം വര്‍ധിച്ചു. രാത്രി 12 മണിക്കും ഒന്നരക്കുമിരുന്നാണ് മനുഷ്യരിത് കാണുന്നത് എന്നാണ് റേറ്റിങ്ങുകള്‍ തെളിയിക്കുന്നത്. എല്ലാ ചാനലുകള്‍ക്കും റേറ്റിങ്ങിന്റെ സമ്മര്‍ദ്ദമുണ്ട്. ആ സമ്മര്‍ദത്തെ നേരിട്ടേപറ്റു. എന്റെയൊരു കണ്‍സേണ്‍ അതല്ല, ഈ പരീക്ഷണങ്ങള്‍ക്കിടയില്‍, സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, മാധ്യമപ്രവര്‍ത്തനത്തിലുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നതാണ്. മൂല്യബോധം ചിലര്‍ violate  ചെയ്യുന്നു. അത് മോശം പ്രവണതയാണ്. മറ്റൊന്ന് മഞ്ഞ മാധ്യമപ്രവര്‍ത്തനമെന്ന് വിളിക്കുന്ന സ്വഭാവത്തിലുള്ള മാധ്യമപ്രവര്‍ത്തനം. അതും കൂടിവരുന്നു.

മറ്റൊന്ന് സോഷ്യല്‍ മീഡിയയുടെ സാന്നിധ്യമാണ്. മാധ്യമപ്രവര്‍ത്തനം ഇതുവരെ നേരിടാത്ത വെല്ലുവിളിയാണത്. പണ്ട് ടിവി ചാനല്‍ തുടങ്ങുമ്പോള്‍ പത്രവുമായിട്ടായിരുന്നു യുദ്ധം. പത്രങ്ങളുടെ പുറകെ വാര്‍ത്താചാനലുകള്‍ പോകുന്നു എന്നായിരുന്നു ആരോപണം. ഇന്ന് വാര്‍ത്താചാനലുകളുടെ പുറകെ പത്രങ്ങള്‍ പോവുകയാണ്. അതും മാറുകയാണ്. എല്ലാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയ്ക്ക് പുറകിലാണ്. എല്ലാവരും മാധ്യമപ്രവര്‍ത്തകരായി മാറുന്ന സോഷ്യല്‍ മീഡിയ വളരെ ശക്തമായി മുന്നേറുകയാണ്. കാര്യങ്ങള്‍ ക്രോസ് ചെക്ക് ചെയ്യുക എന്ന അടിസ്ഥാന മാധ്യമധര്‍മ്മത്തിന് ഇവിടെ സ്ഥാനമില്ല. അപ്പപ്പോള്‍ തോന്നുന്നത് അങ്ങനെ തന്നെ പകര്‍ത്തപ്പെടുകയും അവ വിശ്വസനീയമായ വാര്‍ത്തകളായി പരിഗണിക്കപ്പെടുകയുമാണ്. അതോടൊപ്പമാണ്, എല്ലാവരും മാധ്യമവിമര്‍ശകര്‍ ആവുന്ന കാലവും. അവരവരുടെ അറിവു വെച്ചാണിത്. എങ്ങനെയാണ് മാധ്യമങ്ങള്‍ നടന്നുപോവുന്നതെന്ന് പോലും അറിയാത്തവര്‍ മാര്‍ക്കിടുകയും അത് അംഗീകൃത ബോധമായി മാറുകയും ചെയ്യുന്നു. എല്ലാ മാധ്യമങ്ങളും ഒരു സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ കിട്ടുക  എന്ന സാദ്ധ്യതയും ഇതോടൊപ്പം കാണണം. ഇതെല്ലാം ഇപ്പോഴത്തെ അവസ്ഥകളെ മാറ്റുമെന്നാണ് എന്റെ വിശ്വാസം.ടെലിവിഷനില്‍ ഇന്ന് നമ്മള്‍ കാണുന്ന കാഴ്ചപ്പാടില്‍, അടുത്തുതന്നെ വലിയ മാറ്റങ്ങളുണ്ടാകും. ഇന്ന് നടക്കുന്ന പരീക്ഷണങ്ങളൊക്കെ പുതിയവയ്ക്ക് വഴിമാറും.

ആ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്നതാണ് പിന്നീട്, ദൃശ്യമാധ്യമങ്ങളുടെ അടിത്തറ നിര്‍ണ്ണയിച്ചത് എന്നത് ശരിയാണ്.

കേരളത്തിലെ ആദ്യ ടിവി വാര്‍ത്താ സംഘം സ്വകാര്യ ചാനല്‍ തുടങ്ങുമ്പോള്‍ മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍ എന്തൊക്കെ ആയിരുന്നു?പില്‍ക്കാലത്ത് മറ്റെല്ലാവരും അനുകരിച്ച ഒരു ഫോര്‍മുല അന്ന് രൂപപ്പെടുത്തിയത് എങ്ങനെയൊക്കെയാണ്? ആദ്യചാനല്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആള്‍ എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ എങ്ങനെയാണ് ഓര്‍ക്കുന്നത്?

അന്ന് മോഡലായി മുന്നിലുണ്ടായിരുന്നത് ദൂരദര്‍ശന്‍ മാത്രമാണല്ലോ. ദൂരദര്‍ശന്റെ പരിപാടികള്‍ മനുഷ്യര്‍ക്ക് ഒട്ടും ദഹിക്കാതെ പോകുന്ന ഒരു കാലമെത്തിയിരുന്നു. വാര്‍ത്തകള്‍ തന്നെ ദൂരദര്‍ശനില്‍ കുറവായിരുന്നു. സര്‍ക്കാറിന് താല്‍പ്പര്യമുള്ളവ മാത്രമായിരുന്നു വാര്‍ത്തകള്‍. അതിനാല്‍, പുതിയ സാദ്ധ്യതകള്‍ തേടണമായിരുന്നു. ദൂര്‍ദര്‍ശനില്‍നിന്ന് ജനങ്ങള്‍ക്ക് കിട്ടാത്തത് കൊടുക്കണം. വാര്‍ത്തകള്‍ അതായി തന്നെ കൈകാര്യം ചെയ്യണം. എന്ത് പറയണം, എങ്ങനെ പറയണം എന്ന കാര്യങ്ങളിലൊക്കെ അന്ന് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ആ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്നതാണ് പിന്നീട്, ദൃശ്യമാധ്യമങ്ങളുടെ അടിത്തറ നിര്‍ണ്ണയിച്ചത് എന്നത് ശരിയാണ്.

നമുക്ക് ഒരു മോഡല്‍ ഉണ്ടായിട്ടില്ല. മോഡല്‍ നമ്മള്‍ തന്നെ ഉണ്ടാക്കുകയായിരുന്നു.

എങ്ങനെയാണ് ദൂര്‍ദര്‍ശനില്‍നിന്ന് വേറിട്ടു നിന്നത്?

നിങ്ങള്‍ ആദ്യം ആറരക്ക് ദൂരദര്‍ശന്‍ വാര്‍ത്ത കാണുക. അതിനു ശേഷം ഞങ്ങളുടെ വാര്‍ത്ത കാണുക. വാര്‍ത്തകള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാവും. ഇതായിരുന്നു നമ്മളന്ന് പ്രേക്ഷകരോട് പറഞ്ഞത്. അവിടെയാണ് ഞങ്ങള്‍ വിജയിച്ചത്. ഇതാണ് വാര്‍ത്ത. മറ്റേത് ഒരു പത്രക്കുറിപ്പാണ്. ഇങ്ങനെയാണ് വാര്‍ത്ത അവതരിപ്പിക്കേണ്ടത് എന്ന അവബോധമുണ്ടായത് അപ്പോഴാണ്. അതിന് മുമ്പ് അവര്‍ക്ക് അങ്ങനൊരു അനുഭവമില്ലായിരുന്നു. ഇംഗ്ലീഷ്
ചാനലുകള്‍ കണ്ടിട്ടുള്ള അനുഭവങ്ങളേ ഉണ്ടായിരുന്നുള്ളു. അവിടെ നിന്ന് തുടങ്ങിയതാണ് പരീക്ഷണങ്ങള്‍. നമുക്ക് ഒരു മോഡല്‍ ഉണ്ടായിട്ടില്ല. മോഡല്‍ നമ്മള്‍ തന്നെ ഉണ്ടാക്കുകയായിരുന്നു.

ബാബറി മസ്ജിദ് പൊളിക്കുന്നത് ബി.ബി.സി കാണിച്ചുകൊണ്ടിരിക്കുകയാണ്. അത് കാണുകയാണ് ഇന്ത്യക്കാര്‍. ദൂരദര്‍ശനാവട്ടെ ഇത് മൂടിവെക്കുകയാണ്.

ആ മോഡല്‍ ഉണ്ടാക്കിയവരെല്ലാം പ്രിന്റ് മീഡിയയില്‍ നിന്ന് വന്നവരായിരുന്നു. ഇപ്പോഴത്തെ പോലെ വിഷ്വല്‍മീഡിയയില്‍ ജനിച്ചുവളര്‍ന്ന ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ല...

അവിടെ സാങ്കേതികതയുടെ വ്യത്യാസമേ വരുന്നുള്ളു. മാധ്യമപ്രവര്‍ത്തനത്തിന് വ്യത്യാസമില്ല. സ്വതന്ത്രമായി പത്രപ്രവര്‍ത്തനം നടത്തുന്നത് പോലെ ചാനലും നടത്താന്‍ സാധിക്കും. ഇംഗ്ലീഷ് ചാനലുകള്‍ കണ്ടവര്‍ തന്നെയാണ് ഇത് തുടങ്ങിയതും. ബി.ബി.സിയും സി.എന്‍.എന്നും കണ്ട് പരിചയമുള്ളവര്‍. ഉദാഹരണത്തിന് ഇറാഖ് യുദ്ധം ലൈവായി കാണുകയാണ് ലോകം. ആദ്യമായിട്ടാണ് വാര്‍ത്താചാനലുകള്‍ എന്ന് പറഞ്ഞാല്‍ അതാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കിയത്.

ദൂരദര്‍ശന്റെ തല്‍സമയം വരുകയെന്ന് പറഞ്ഞാല്‍ ആഘോഷമായിരുന്നു. ദൂരദര്‍ശന്റെ ടീം വരുകയെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ കൂടുമായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ. ദൂരദര്‍ശന്‍ വഴിമാറിക്കൊടുത്തു. ഇങ്ങനെ സാങ്കേതികപരമായും വിപ്ലവകരമായിട്ടുമുള്ള മാറ്റങ്ങളുണ്ട്.

ഓര്‍മവരുന്ന മറ്റൊരു സംഭവം. ബാബറി മസ്ജിദ് പൊളിക്കുന്നത് ബി.ബി.സി കാണിച്ചുകൊണ്ടിരിക്കുകയാണ്. അത് കാണുകയാണ് ഇന്ത്യക്കാര്‍. ദൂരദര്‍ശനാവട്ടെ ഇത് മൂടിവെക്കുകയാണ്. വാര്‍ത്തകള്‍ മൂടിവെക്കുന്നത് അപകടകരമാണെന്ന് പിന്നീടാണ് ബോധ്യമായത്. ടെലിവിഷനെ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ അന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചായിരുന്നല്ലോ. ഇവരാരും ഇപ്പോള്‍ അങ്ങനെ പറയില്ല. മൂടിവെക്കല്‍ സാധ്യമല്ലായെന്ന് മനസ്സിലായി.

കമ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടര്‍ അംഗീകരിച്ചത് പോലെ അത് അംഗീകരിക്കപ്പെട്ടു. ഇരുപത് കൊല്ലം മുമ്പ് കമ്പ്യൂട്ടറിനെതിരെ സമരമായിരുന്നു. ഇന്ന് ആലോചിച്ച് നോക്കൂ. കമ്പ്യൂട്ടറില്ലാതെ ഏത് ബാങ്കാണ് പ്രവര്‍ത്തിക്കുക. മൂഢമായ സമരങ്ങളായിരുന്നു. അതുകൊണ്ട് ഒരു ചുക്കുമുണ്ടായില്ല. ഇന്ന് ലോകം മുഴുവന്‍ എല്ലാ കാര്യങ്ങളും കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. നമ്മള്‍ അത് ഉപയോഗിക്കുന്നു. സീതാറാം യെച്ചൂരി  മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ ഉപയോഗിക്കുന്നു. അതേ ഭീതി ടെലിവിഷന്‍ മാധ്യമത്തോട് ഉണ്ടായിരുന്നു. അതും മാറി. ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ അത് നല്ലകാര്യമാണ്.

ചില അടിസ്ഥാന മാധ്യമ നിയമങ്ങള്‍ സ്വയം പാലിക്കണമെന്ന് പറഞ്ഞിരുന്നു. വാര്‍ത്തയില്‍ തെറ്റ് പാടില്ല.  അപകീര്‍ത്തിപരമായ വാര്‍ത്ത പാടില്ല.

സാങ്കേതികമായ പരിമിതികളെ എങ്ങനെ മറികടന്നു?

ചില അടിസ്ഥാന മാധ്യമ നിയമങ്ങള്‍ സ്വയം പാലിക്കണമെന്ന് പറഞ്ഞിരുന്നു. വാര്‍ത്തയില്‍ തെറ്റ് പാടില്ല. ആവശ്യമില്ലാത്ത അപകീര്‍ത്തിപരമായ വാര്‍ത്ത പാടില്ല. അന്ധവിശ്വാസങ്ങള്‍ പോലുള്ള കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മതനിന്ദ പാടില്ല. ഇങ്ങനെ ചില അടിസ്ഥാനപരമായ ചട്ടക്കൂടുകള്‍ ഉണ്ടായിരുന്നു.

അന്നത്തെ ലൈവ് ഓര്‍മ്മയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കത്തില്‍ തന്നെ ഇലക്ഷന്‍ ലൈവ് സാദ്ധ്യമായി. ഇലക്ഷന്‍ ലൈവ്  ചെയ്യാന്‍ ഇവിടെ നിയമം അനുവദിച്ചിരുന്നില്ല. സിംഗപ്പൂരില്‍ നിന്നാണ് അത് ചെയ്തത്. നായനാര്‍ വിജയിച്ച ഇലക്ഷനായിരുന്നു അത്. കടമ്മനിട്ടയൊക്കെ വിജയിച്ച ഇലക്ഷന്‍, ഇടതുപക്ഷം വിജയിച്ച ഇലക്ഷന്‍. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചായിരുന്നു. തൂക്കുമന്ത്രിസഭയുടെ സാഹചര്യമായിരുന്നു ലോകസഭയുടെത്.

അന്ന് ന്യൂസ് ഒക്കെ ഫാക്‌സായിട്ട് ഇവിടന്ന് അയച്ച് കൊടുക്കും. വാര്‍ത്ത വായിക്കുന്നവര്‍ അവിടെ ഇരിക്കും.അപ്പോള്‍ ഫൂടേജ് ഒക്കെ ഉപയോഗിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഫൂട്ടേജ് അയക്കാന്‍ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു. നമ്മുടെ പല പ്രോഗ്രാമുകളും വിമാനം വഴി കൊണ്ടുപോവുകയായിരുന്നു. രണ്ട് മൂന്ന് ദിവസം മുമ്പ് അയച്ചവയാണ് ഇന്ന് വരിക. വാര്‍ത്ത മാത്രമാണ് തല്‍സമയം. വാര്‍ത്ത കേറും പക്ഷേ, വീഡിയോ സപ്പോര്‍ട്ടൊന്നും ഉണ്ടാവില്ല. അവിടത്തെ ഇട്ടാവട്ട സൗകര്യങ്ങളില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അതിനുള്ള ഒരു പ്രൊഡക്ഷന്‍ ടീമോ ഒന്നും ഉണ്ടായിരുന്നില്ല.

വാര്‍ത്തകളുടെ ഭാഷയെ കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്തിരുന്നോ? അച്ചടി മാധ്യമത്തില്‍നിന്നും വ്യത്യസ്തമായ ഭാഷ ദൃശ്യമാധ്യമത്തിന് വേണമല്ലോ?
വിശദമായ ചര്‍ച്ചകള്‍  നടത്തിയിരുന്നു. തുടക്കത്തില്‍ത്തന്നെ. ഭാഷയുടെ, സ്‌റ്റൈല്‍ബുക്കിന്റെ, വിശകലനത്തിന്റെ, ഒഴിവാക്കേണ്ട അബദ്ധപ്രയോഗങ്ങളുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ധാരണകള്‍ ഉണ്ടാക്കിയിരുന്നു. അതാണ് പിന്നീട് ഫോളോ ചെയ്തത്.

പത്രങ്ങളെ പോലെതന്നെ ചാനല്‍ വാര്‍ത്തകള്‍ വില്‍ക്കാന്‍ പറ്റുന്ന ഒരു കമോഡിറ്റിയാണെന്ന് പിന്നീടാണ് മനസ്സിലായത്.

ന്യൂസ് ചാനലുകള്‍ ഉണ്ടായത് എങ്ങനെയാണ്?

പ്രധാന വെല്ലുവിളി സാമ്പത്തികമാണ്. മുതല്‍  മുടക്കാന്‍ കാശില്ലായിരുന്നു. വിപണിയില്ലായിരുന്നു സഹായിക്കാന്‍. സീരിയലിനൊക്കെ പരസ്യക്കാരുണ്ടായിരുന്നു. വാര്‍ത്തക്ക് പരസ്യക്കാരെ കിട്ടില്ലായിരുന്നു. പിന്നെ, സാങ്കേതിക പ്രശ്‌നങ്ങള്‍. ഒത്തിരി ചാനലുകള്‍ പൂട്ടിപോയിട്ടുണ്ട്. അപൂര്‍വം ചിലരേ പിടിച്ച് നിന്നിട്ടുള്ളു. പത്രങ്ങളെ പോലെതന്നെ ചാനല്‍ വാര്‍ത്തകള്‍ വില്‍ക്കാന്‍ പറ്റുന്ന ഒരു കമോഡിറ്റിയാണെന്ന് പിന്നീടാണ് മനസ്സിലായത്.

ഇന്നിപ്പോള്‍ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വരുമാനമുണ്ട്. അസൂയയോട് കൂടിയാണ് ഈ വര്‍ഗ്ഗത്തെ കാണുന്നത്. അന്ന് പത്രങ്ങളിലുള്ളവര്‍ക്ക് കിട്ടിയതിന്റെ പകുതിപോലും കിട്ടിയിരുന്നില്ല, ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്. നമുക്ക് ജീവിച്ച് പോകാന്‍ പറ്റുന്ന മാര്‍ഗമാണോ എന്ന ആലോചനയിലായിരുന്നു നല്ല മാധ്യമപ്രവര്‍ത്തകര്‍. പലരും ടെലിവിഷനില്‍ ജോയിന്‍ ചെയ്തിട്ട് പത്രങ്ങളിലേക്ക് തന്നെ തിരിച്ച് പോയി.

പ്രിന്റില്‍ നിന്ന് വിഷ്വലിലേക്കുള്ള ആ പരിണാമം എങ്ങനെയായിരുന്നു?

തലപ്പത്ത് ഉണ്ടായിരുന്ന പലരും പ്രിന്റില്‍നിന്ന് തുടങ്ങിയവരെങ്കിലും വിഷ്വല്‍മീഡിയാ അനുഭവമുള്ളവരായിരുന്നു. ദൂരദര്‍ശനില്‍ തന്നെ വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നു ശശികുമാര്‍. ഡോക്യുമെന്ററികളൊക്കെ ചെയ്തവരായിരുന്നു എന്നെപോലുള്ള ചിലര്‍. മറ്റ് ചിലര്‍ സിനിമാമേഖലയില്‍ നിന്നും വന്നവരായിരുന്നു. ഇവരുടെയൊക്കെ കാഴ്ചപ്പാടുകള്‍ ഗുണകരമായിരുന്നു. അന്ന് ചിലവേറിയ കാര്യമായിരുന്നു വീഡിയോ പ്രൊഡക്ഷന്‍. പ്രോഗ്രാം നിര്‍മിക്കുകയെന്ന് പറഞ്ഞാല്‍ വലിയ ചിലവായിരുന്നു. അന്ന് ഈ ഉപകരണങ്ങളൊക്കെ എടുത്ത് നടക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു.

സുകുമാര്‍ അഴീക്കോട്, മാധവിക്കുട്ടി ഇവരൊക്കെയാണ് അവതാരകരായിരുന്നത്.

ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചല്ലോ? സാഹിത്യത്തിനും സാംസ്‌കാരിക പരിപാടികള്‍ക്കൊക്കെ നല്ല പ്രാധാന്യമുണ്ടായിരുന്നു അന്ന്. ഇന്ന് അവയൊന്നും ആളുകള്‍ കാണില്ലെന്നാണ് ധാരണ?

റേറ്റിംഗിന്റെ സമ്മര്‍ദത്തില്‍ വഴി തെറ്റി പോയതാണ്. നമ്മുടെ 'വായനശാല', ഉത്സവങ്ങളുടെ താഴ്‌വര എന്നിവയൊക്കെ മനോഹരമായിട്ടുള്ള പരിപാടികളായിരുന്നു. അതിനൊക്കെ അന്ന് പ്രേക്ഷകരുണ്ടായിരുന്നു. അന്ന് വായനശാല കണ്ട് ഏത് പുസ്തകം വായിക്കണം ഏത് പുസ്തകം വായിക്കണ്ട എന്നൊക്കെ തീരുമാനിച്ചിരുന്ന പ്രേക്ഷകരുണ്ടായിരുന്നു. ഇന്ന് ആളുകള്‍ ഏറെ മാറിയല്ലോ. സമൂഹം തിരക്കിലാണ്. അങ്ങനെ ഒരു പ്രോഗ്രാം ഇന്ന് ചിലപ്പോള്‍ വിജയിക്കില്ല. അന്ന് പ്രമുഖര്‍ക്ക് ടെലിവിഷനില്‍ വരാന്‍ ഒരു മടിയുമില്ലായിരുന്നു. സുകുമാര്‍ അഴീക്കോട്, മാധവിക്കുട്ടി ഇവരൊക്കെയാണ് അവതാരകരായിരുന്നത്. പ്രമുഖരാണ് ചില പ്രോഗ്രാമുകളുടെ ആശയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

ഇന്നത്തെപോലെ ടിവി താരങ്ങളുടെ നിരയും ഉണ്ടായിരുന്നില്ലല്ലോ?

അതെ. ഇന്നത്തെ പോലെ താരങ്ങളില്ല. ഉണ്ടായിരുന്ന താരങ്ങളെ ഉപയോഗിക്കുകയാണ് ചെയ്തത്. ഇന്ന് ടെലിവിഷനില്‍ താരങ്ങള്‍ ഉദിക്കുകയാണ്. അന്ന് മറ്റ് താരങ്ങളെ ടെലിവിഷനിലേക്ക് കൊണ്ടുവരികയാണ്.

നന്നായി സംസാരിക്കുന്ന സ്ത്രീയായിരുന്നു മാധവിക്കുട്ടി.

മാധവിക്കുട്ടിയുടെ പ്രോഗ്രാമിന്റെ സ്വഭാവമെന്തായിരുന്നു?

നന്നായി സംസാരിക്കുന്ന സ്ത്രീയായിരുന്നു മാധവിക്കുട്ടി. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു മാധവക്കുട്ടി അവതരിപ്പിച്ചിരുന്നത്. മാധവിക്കുട്ടി ചര്‍ച്ച നടത്തുകയൊക്കെ ചെയ്യുന്ന ഒരു പ്രോഗ്രാമായിരുന്നു. അതൊരു വിജയിച്ച പ്രോഗ്രാമായിരുന്നു. പക്ഷേ, ഇപ്പോള്‍, ഈ തലങ്ങളിലുള്ളവരൊന്നും ഇങ്ങനത്തെ പരിപാടികള്‍ അവതരിപ്പിക്കാന്‍ തയ്യാറല്ല. ചാനലുകളുടെ ഭീകരമായ ഈ അന്തരീക്ഷത്തില്‍ എഴുത്തുകാരന്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ ചിലപ്പോള്‍ മടിക്കും.

ടെലിവിഷന്‍ കാഴ്ചയുടെ ബാഹുല്യം കൊണ്ട് ജനങ്ങള്‍ക്ക് മടുപ്പു വന്നിട്ടുണ്ട്. അത് നാളെ അഭിമുഖീകരിക്കേണ്ട പ്രശ്‌നമായിരിക്കും.

ആളുകളുടെ അഭിരുചിയില്‍ വന്ന മാറ്റങ്ങള്‍...?

കണ്ണാടിയുടെ വളര്‍ച്ചയില്‍ തന്നെ അത് കാണാം. ആദ്യകാലത്ത് ഇനിയെന്ത് ചെയ്യാനാണ് എന്ന് നിസ്സംഗതയോടെ കണ്ടിരുന്ന ഒരു പ്രേക്ഷകരല്ല ഇന്ന്. അതില്‍ നമുക്ക് ഇടപെടണം എന്ന ചിന്തയുണ്ട്. അത് പോസിറ്റീവായ മാറ്റമാണ്. മറ്റൊന്ന്, ടെലിവിഷന്‍ കാഴ്ചയുടെ ബാഹുല്യം കൊണ്ട് ജനങ്ങള്‍ക്ക് മടുപ്പു വന്നിട്ടുണ്ട്. അത് നാളെ അഭിമുഖീകരിക്കേണ്ട പ്രശ്‌നമായിരിക്കും. ഇതേ അനുഭവം യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായിട്ടുണ്ട്. ടെലിവിഷന്റെ അതിപ്രസരം കാരണം മടുത്ത ജനങ്ങള്‍ റേഡിയോയിലേക്ക് തിരിച്ച് പോകുന്ന അവസ്ഥയാണ് അവിടെ ഉണ്ടായത്. ആ സാധ്യതകള്‍ ഇവിടെയുമുണ്ടാവും. വേറൊന്ന് ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയാണ്. ഓണ്‍ലൈനില്‍ മാത്രമായിരിക്കും ആളുകള്‍ പത്രങ്ങള്‍ വായിക്കുക. ടിവി കാണുക. റേഡിയോ കേള്‍ക്കുക.

പണ്ട് പൊതുസ്ഥലങ്ങളില്‍ പ്രസംഗിച്ചാല്‍ മതി നല്ല പ്രാസംഗികനാവാന്‍. ഇന്നങ്ങനെയല്ല. ടെലിവിഷനിലെ പ്രകടനം പ്രധാനമാണ്.

വാര്‍ത്താ ചാനലുകള്‍ ആളുകളുടെ പെരുമാറ്റത്തിലും മാത്രമുണ്ടാക്കിയിട്ടില്ലേ? പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെയും മറ്റും..

പണ്ട്, ആള്‍ക്കൂട്ടത്തില്‍ കൈയ്യടി നേടാന്‍ എന്ത് തോന്നിവാസവും പറഞ്ഞിരുന്നു. എനിക്ക് ഓര്‍മയുണ്ട്, പല പ്രസംഗങ്ങളും. അന്ന് അസഭ്യം സാധാരണമായിരുന്നു. പത്രസമ്മേളനത്തില്‍ വരെ അസഭ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അസംബ്ലിയില്‍പോലും. പക്ഷേ, ചാനലുകള്‍ വന്നതോടെ അതു മാറി. ഭാഷയുടെ സംസ്‌കാരത്തില്‍ ഒരു വളര്‍ച്ചയുണ്ടായിട്ടുണ്ട്. അവര്‍ കൂടുതല്‍ ജാഗരൂകരായിരിക്കുന്നു. വിഷയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി കൈകാര്യം ചെയ്യാന്‍ വിദഗ്ധരായിരിക്കുന്നു. ഏറ്റവും വലിയ വാര്‍ത്താ അവതാരകന്റെ മുന്നില്‍ പോലുമിരുന്നിട്ട്, മിടുക്കനാണെന്ന് സ്ഥാപിക്കാനുള്ള കഴിവുണ്ടായിരിക്കുന്നു. അമേരിക്കയിലൊക്കെ സംഭവിച്ചത് പോലെ ടെലിവിഷന് മുമ്പിലുള്ള പ്രകടനം രാഷ്ട്രീയ ജീവിതത്തെയും ബാധിക്കുമെന്ന ധാരണയുണ്ടായിരിക്കുന്നു. പണ്ട് പൊതുസ്ഥലങ്ങളില്‍ പ്രസംഗിച്ചാല്‍ മതി നല്ല പ്രാസംഗികനാവാന്‍. ഇന്നങ്ങനെയല്ല. ടെലിവിഷനിലെ പ്രകടനം പ്രധാനമാണ്.

നായനാര്‍ ടെലിവിഷന് മുമ്പിലുള്ള കാര്യം പലപ്പോഴും മറന്നിട്ടാണ് സംസാരിച്ചിരുന്നത്.

വിഷ്വല്‍ മീഡിയയില്‍ താരമായ ആദ്യ രാഷ്ട്രീയക്കാരില്‍ ഒരാള്‍ നായനാരല്ലേ?

നായനാര്‍ നിഷ്‌കളങ്കമായി ഇതില്‍ വിജയിച്ചൊരു കക്ഷിയാണ്. ചാനല്‍ സ്വഭാവമൊന്നും പൂര്‍ണമായി ബോധ്യമാവാതെ ഇതിനോട് പ്രതികരിച്ചൊരു മനുഷ്യനാണ്. അതില്‍ അജണ്ടയോ പ്ലാനിംഗോ ഒന്നുമില്ല. അദ്ദേഹത്തിന് മാധ്യമത്തെ കുറിച്ച് പൂര്‍ണമായ ബോധ്യം പോലുമില്ല.  അദ്ദേഹം അദ്ദേഹമായി ജീവിച്ചു. ടെലിവിഷന് മുമ്പിലുള്ള കാര്യം പലപ്പോഴും മറന്നിട്ടാണ് സംസാരിച്ചിരുന്നത്. പുള്ളി അത് അത്ര ഗൗരവമായി എടുത്തിട്ടുണ്ട് എന്ന് പോലും കരുതുന്നില്ല. ആളുകള്‍ കാണുന്നുണ്ട് എന്ന ഒരു അവയര്‍നെസ് ഉണ്ടായിരുന്നത് കൊണ്ട് സജീവമായി. അതുകൊണ്ടാണ് മുഖ്യമന്ത്രിയോട് ചോദിക്കുക എന്ന പരിപാടിയൊക്കെ ഉണ്ടായത്.

ഇക്കാലത്ത് അത്തരം ഒരു പരിപാടിക്ക് സാദ്ധ്യത എന്താണ്?

പണ്ട് മുഖ്യമന്ത്രിയെ രണ്ട് സമയത്തേ കാണാന്‍ കഴിയൂ. ആഴ്ചയിലൊരിക്കല്‍ കൂടുന്ന വാര്‍ത്താസമ്മേളനത്തിലും പിന്നെ പൊതുപരിപാടികളിലും. മുഖ്യമന്ത്രിയുമായി ജനങ്ങള്‍ക്ക് അത്ര സമ്പര്‍ക്കമില്ലായിരുന്നു. ഇന്നതല്ല അവസ്ഥ. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം മാറി. ഉമ്മന്‍ചാണ്ടി ടെലിവിഷനോട് ഒന്നും പറയാത്ത ദിവസങ്ങള്‍ കുറവാണ്.

മാധ്യമങ്ങളെ മാനിപ്പുലേറ്റ് ചെയ്യാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയുന്നുണ്ടോ?

അവരെ കുറ്റം പറയുന്നതില്‍ കാര്യമില്ല. മാധ്യമങ്ങള്‍ അവരെ ഉപയോഗിക്കുന്നത് പോലെ തന്നെ അവര്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. അത്രയേ ഉള്ളൂ.

ചാനല്‍ ചര്‍ച്ചകളെ കുറിച്ച് എന്താണ് അഭിപ്രായം? സോഷ്യല്‍ മീഡിയയിലൊക്കെ ഏറെ വിമര്‍ശിക്കപ്പെടുന്ന ഒന്നാണത്...

പലരും വാര്‍ത്തയുടെ ഉള്ളടക്കത്തിനേക്കാള്‍ അത് എങ്ങനെ അവതരിപ്പിക്കണം എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അത് എപ്പോഴും മാധ്യമപ്രവര്‍ത്തകരില്‍ ഉണ്ടായിട്ടുണ്ട്. വാര്‍ത്തയുടെ പ്രധാന്യം പലപ്പോഴും വാര്‍ത്ത അവതരിപ്പിക്കുന്നതിലും ഉണ്ടായിട്ടുണ്ട്.  ഇപ്പോള്‍ പക്ഷേ, എന്ത് എന്നതിനേക്കാള്‍, എങ്ങനെ എന്നതിന് കൂടുതല്‍ പ്രധാന്യം വന്നു.

ഈ പരീക്ഷണങ്ങള്‍ കുറെ കാലംകൂടിയുണ്ടാകും. അത് വരെ ഇത്തരം അവതാരകര്‍ ഉണ്ടാകും.

ചര്‍ച്ചകളിലുള്ള അവതാരകരുടെ കണ്‍ക്ലൂഷന്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. വാര്‍ത്താ അവതാരകരുടെ നിലപാടുകള്‍ കയറി വരുന്നു എന്ന രീതിയിലൊക്കെ വിമര്‍ശനങ്ങളുണ്ട്...

ആ വിമര്‍ശനം ശരിയാണ്. അവതാരകനാണ് ചര്‍ച്ച  നയിക്കുന്നത്. അതില്‍ അവസാനവാക്ക് അതില്‍ പങ്കെടുക്കുന്നവര്‍ക്കല്ല. ചില അവതാരകര്‍ അത് മോശം രീതിയില്‍ ചെയ്യുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരാളോട് ബഹുമാനക്കുറവോട് കൂടിയോ ഒരാളെ നിസാരവത്കരിച്ചോ ചില വാര്‍ത്ത അവതാരകര്‍ പെരുമാറാറുണ്ട്. അത് ശരിയല്ല. ആ വിമര്‍ശനം ശരിയാണ്. ചിലര്‍ അത് ഭംഗിയായി ചെയ്യുന്നു. ഇതോടെ ചര്‍ച്ച അവസാനിക്കുന്നു എന്ന് പറയുന്നു. പറയുന്ന കാര്യം തന്നെ വളരെ ക്രൂഡായിട്ട് പറഞ്ഞിട്ട് അവസാനിപ്പിക്കുന്നവരുമുണ്ട്. ചിലര്‍ക്ക് ഞാന്‍ മിടുക്കനാണെന്ന് കാണിക്കണം. എന്ത് എന്നതിനേക്കാളും എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണ് ചിലര്‍ പ്രാധാന്യം നല്‍കുന്നത്.

ഇതിന്റെ അടുത്ത ഘട്ടം എന്തായിരിക്കും?

ഈ പരീക്ഷണങ്ങള്‍ കുറെ കാലംകൂടിയുണ്ടാകും. അത് വരെ ഇത്തരം അവതാരകന്‍ ഉണ്ടാകും. അവരുടെ കാലമായിരിക്കും. പിന്നെയത് മാറും. പ്രേക്ഷകര്‍ ഇപ്പോള്‍ അവതരണം 'എങ്ങനെ' എന്ന ചോദ്യത്തിന് വില കല്‍പ്പിക്കുന്നു. അതുകൊണ്ടാണ് ഈ താരങ്ങള്‍ ഉണ്ടാകുന്നത്. കുറെ കഴിഞ്ഞാല്‍ പ്രേക്ഷകന് അത് മടുക്കും. അപ്പോള്‍ അവതരണവും മാറും.

മാധ്യമപ്രവര്‍ത്തനം കണ്ട് വളര്‍ന്നത് കൊണ്ട് ജനങ്ങളുടെ നിരീക്ഷണപാടവം ശക്തമായിരിക്കും.

സീരിയസ് ജേര്‍ണലിസത്തിലേക്കുള്ള ഒരു മാറ്റമായിരിക്കുമോ ഇനി വരിക?

അത് അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കും. മാറ്റത്തിന് തയാറാകാത്തവര്‍ മാറ്റത്തിന് വിധേയമാകും. അതിന്റെ എക്‌സ്ട്രീമായ അവസ്ഥ മാധ്യമപ്രവര്‍ത്തനത്തെ ചിലപ്പോള്‍ നശിപ്പിച്ചെന്നിരിക്കും. അപ്പോള്‍ വീണ്ടും പഴയ സ്വഭാവമുള്ള വാര്‍ത്തകള്‍ വരും. ഇപ്പോള്‍ സിനിമകളുടെ കാര്യം പറയുന്നത് പോലെ. സിനിമാ ഫോര്‍മുല അധികകാലം നില്‍ക്കില്ല. ആളുകള്‍ മടുക്കും. സിനിമ പരാജയപ്പെടും. മടുത്തത്‌കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമയേക്കാളും കൊച്ചുപിള്ളേരുടെ സിനിമ ഇപ്പോള്‍ വിജയിക്കുന്നത്. അതിലൊരു ഓണസ്റ്റിയുണ്ട്. സത്യസന്ധതയുണ്ട്. യാഥാര്‍ഥ്യബോധമുണ്ട്. അതിലേക്ക് ജനങ്ങള്‍ മടങ്ങും. ഇതൊക്കെതന്നെ മാധ്യമരംഗത്തും സംഭവിക്കാനാണ് സാദ്ധ്യത. മാധ്യമപ്രവര്‍ത്തനം കണ്ട് വളര്‍ന്നത് കൊണ്ട് ജനങ്ങളുടെ നിരീക്ഷണപാടവം ശക്തമായിരിക്കും. സോഷ്യമീഡിയയിലൊക്കെ അതാണ് കാണുന്നത്. അവര്‍ ആ അര്‍ഥത്തില്‍ മാധ്യമപ്രവര്‍ത്തകരെ പണ്ട് കണ്ടിരുന്നത് പോലെ ഒരു തട്ട് മുകളിലല്ല കാണുന്നത് തുല്യരായി തന്നെയാണ്.

ഇപ്പോള്‍ ക്രെഡിബിലിറ്റി ഉണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. അത് നിലനിര്‍ത്തുക അതിലുമേറെ പ്രയാസമാണ്.

വാര്‍ത്തകളുടെ ക്രെഡിബിലിറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും വിമര്‍ശിക്കപ്പെടുന്നത്...

അതാണ് പത്രങ്ങള്‍ക്ക് സംഭവിച്ചത്. ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ് പത്രങ്ങള്‍ പലതും നശിക്കാന്‍ കാരണം. ചാനലുകളില്‍ ചിലതിനും അതുതന്നെ സംഭവിച്ചു. ഇപ്പോഴും ചില ചാനലുകള്‍ അത് അനുഭവിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വിജയം, ഒരു വാര്‍ത്ത ശരിയാണോയെന്ന് ചെക്ക് ചെയ്യാനുള്ള നിര്‍ബന്ധമാണ്. നമ്മുടെ വിശകലനത്തില്‍ കൂടുതല്‍ സത്യസന്ധത കാണുന്നത് അതിനാലാണ്. എങ്കിലും ഇപ്പോള്‍ ക്രെഡിബിലിറ്റി ഉണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. അത് നിലനിര്‍ത്തുക അതിലുമേറെ പ്രയാസമാണ്. അത് ഒരു ചാനലാണെങ്കിലും, ഒരു പ്രോഗ്രാമാണെങ്കിലും.

കണ്ണാടി പോലുള്ള പ്രോഗ്രാമുകള്‍ ഇത്രയും വര്‍ഷങ്ങളായി നടക്കാന്‍ കാര്യം അത് ചോദ്യംചെയ്യപ്പെടുന്നില്ല എന്നതാണ്. ചിലത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടും. ഇഷ്ടപ്പെടാതിരിക്കും. എന്നാല്‍, സത്യസന്ധതയുടെ കാര്യത്തില്‍ അവര്‍ ചോദ്യം ഉന്നയിക്കുന്നില്ല. അത് നിലനിര്‍ത്താന്‍ പറ്റുന്നത് എളുപ്പമല്ല. അതേ സമയത്ത് റേറ്റിങ്ങിന്റെ സമ്മര്‍ദം കൂടി നോക്കേണ്ടതുണ്ട്. ഇത് എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്.

ഇത് സ്വയം വിമര്‍ശിക്കേണ്ട ഒരു കാലഘട്ടം കൂടിയാണ്. ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്. പരീക്ഷണങ്ങളൊക്കെ ഏതാണ്ട് കെട്ടടങ്ങാറായി. 20 കൊല്ലം കഴിയുമ്പോഴേക്കും. ഇനി പരീക്ഷണങ്ങള്‍ നടത്താനുള്ള സാധ്യത പുതിയ സാങ്കേതിക പശ്ചാത്തലത്തില്‍ മാത്രമേയുള്ളു. അപ്പോള്‍ ഇത് വേറൊരു താളത്തിലേക്ക് പ്രവേശിക്കും. ബഹളം കുറയുമെന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെ പറയുന്നു എന്നുള്ളതിനേക്കാള്‍ എന്ത് പറയുന്നു എന്നുള്ളതിന് കൂടുതല്‍ പ്രധാന്യം വരും.

ബഹളം കുറയുമെന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെ പറയുന്നു എന്നുള്ളതിനേക്കാള്‍ എന്ത് പറയുന്നു എന്നുള്ളതിന് കൂടുതല്‍ പ്രധാന്യം വരും.

വാര്‍ത്താ മൂല്യങ്ങള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍. അതും പ്രതിലോമകരമായി ബാധിക്കുന്നില്ലേ?

ഒരുപടി മുകളില്‍ നിന്ന് സംസാരിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും ഇപ്പോള്‍ തുല്യരായി മാറിയിരിക്കുകയാണ്. പ്രേംനസീറും സത്യനുമൊക്കെ അഭിനയിച്ചിരുന്ന കാലത്ത് അവരെ ജനങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. ഭൂരിപക്ഷം മലയാളികളും അവരെ കണ്ടിട്ടേയില്ല. സിനിമയില്‍ മാത്രമേ കണ്ടിട്ടേയുള്ളു. അവര്‍ അപ്രാപ്യമായ ദൈവങ്ങളായിരുന്നു. ഇന്ന് അവര്‍ പരിചിതരാണ്. ജനങ്ങള്‍ക്ക് പോയി കാണാനുള്ള താല്‍പര്യം കുറയുകയാണ്. ആ അര്‍ഥത്തില്‍ അവര്‍ തുല്യരായിരിക്കുന്നു. ഒരുപക്ഷേ സിനിമാതാരങ്ങളേക്കാളും ജനങ്ങള്‍ക്ക് കാണാന്‍ താല്‍പര്യം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയായിരിക്കും. സച്ചിന്‍ തുല്യനല്ല.

പണ്ട് പത്രത്തില്‍ വരുകയെന്ന് പറഞ്ഞാല്‍, വിശ്വസിക്കാം എന്നായിരുന്നു അര്‍ത്ഥം. എന്നാല്‍, 'സത്യം' എന്ന അര്‍ഥത്തില്‍ അതിന്റെ ക്രെഡിബിലിറ്റി പോയി. ചാനലില്‍ വരുക, പ്രത്യക്ഷപ്പെടുകയെന്ന് പറഞ്ഞാല്‍ പണ്ട് വലിയ സംഭവമായിരുന്നു. അതുപോയി. പണ്ട് ദൂരദര്‍ശന്‍ റിപ്പോര്‍ട്ടറൊക്കെ വലിയ താരങ്ങളായിരുന്നു. വാര്‍ത്ത വായിക്കുന്നവരും. മാധ്യമപ്രവര്‍ത്തനമായിട്ട് ബന്ധമില്ലാത്തവര്‍ നടത്തുന്ന വെറും വായനയായിരുന്നു അത്. എന്നാലും അവര്‍ താരങ്ങളായിരുന്നു. അതൊക്കെ മാറിയില്ലേ. ഇപ്പോള്‍ ടോക്ക്‌ഷോക്ക് ഒക്കെ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. പണ്ട് ഇടിച്ച് കേറികൊണ്ടിരുന്നവരാണ്. ഇത്തരം മാറ്റങ്ങള്‍ പ്രധാനമാണ്. സ്വയം വിലയിരുത്താനുള്ള മാര്‍ഗങ്ങളാണിവയൊക്കെ.

ഇപ്പോള്‍ ടോക്ക്‌ഷോക്ക് ഒക്കെ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. പണ്ട് ഇടിച്ച് കേറികൊണ്ടിരുന്നവരാണ്

മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന വാദങ്ങള്‍, മാനിപ്പുലേഷനുകള്‍ ഇപ്പോള്‍ ശക്തമാണല്ലോ?

രാഷ്ട്രീയ നേതൃത്വങ്ങള്‍, അത് കേന്ദ്രം ഭരിക്കുന്നവരാകട്ടെ സംസ്ഥാനം ഭരിക്കുന്നവരാകട്ടെ, ഫാസിസ്റ്റ് സ്വഭാവങ്ങളുള്ള ജയലളിതയെപോലുള്ളവരാണ്. ചെന്നൈയില്‍ മാധ്യമങ്ങള്‍ അന്തം വിട്ട് നില്‍ക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരു ധൈര്യവുമില്ല. പേടിയാണ്. അങ്ങനെയാണ് അവരുടെ ഒരു കള്‍ച്ചര്‍. പക്ഷേ, അത് ഡല്‍ഹിയില്‍ നടക്കില്ല. ബോംബൈയില്‍ നടക്കില്ല. ഒട്ടേറെ സംസ്ഥാനങ്ങളില്‍ നടക്കില്ല. എന്നാലും നിയന്ത്രണത്തിനുള്ള വാസന അവസാനിക്കില്ല. അധികാരത്തിലുള്ളവര്‍ക്ക് മാത്രമല്ല കമ്പനികള്‍ക്കും മുതലാളിമാര്‍ക്കുമൊക്കെ ഇതിന് താല്‍പ്പര്യമുണ്ട്. തിരിച്ച് മാധ്യമങ്ങള്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കാനും ശ്രമിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം വളരെ വളരെ കൂടുതലാണ്. പണ്ട് പത്രാധിപര്‍ക്കില്ലാതിരുന്ന സ്വാതന്ത്ര്യം ഇന്ന് പത്രാധിപര്‍ക്കുണ്ട്. അല്ലെങ്കില്‍ ഒരു ചാനലിന്റെ ചീഫ് എഡിറ്റര്‍ക്കുണ്ട്.

ഒരു പരിധിക്കപ്പുറം പത്രങ്ങളെ തകര്‍ത്താല്‍ നമ്മള്‍ പൊളിഞ്ഞ് പോകുമെന്നുള്ള ബോധ്യമുണ്ട്.

ഇതിനെ പോസിറ്റീവായിട്ടാണോ കാണുന്നത്?

തീര്‍ച്ചയായും, ഒത്തിരി മാധ്യമപ്രവര്‍ത്തകരുടെ ശ്രമമുണ്ട്. ഒത്തിരി സ്ഥാപനങ്ങളുടെ ശ്രമമുണ്ട്. ഒത്തിരി ഭീഷണികള്‍ അതിജീവിച്ചിട്ടുണ്ട്. എമര്‍ജന്‍സി മുതല്‍ തുടങ്ങിയ ഒരു യുദ്ധം. എമര്‍ജന്‍സിയില്‍ ഏറ്റ പരാജയം ഇന്നും ഡല്‍ഹി ഓര്‍ക്കുന്നുണ്ട്. ഒരു പരിധിക്കപ്പുറം പത്രങ്ങളെ തകര്‍ത്താല്‍ നമ്മള്‍ പൊളിഞ്ഞ് പോകുമെന്നുള്ള ബോധ്യമുണ്ട്. ഇന്ത്യന്‍ ജനാധിപത്യം ആ അര്‍ഥത്തില്‍ ശക്തമാണ്. 

Follow Us:
Download App:
  • android
  • ios