Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരസിംഹ റാവു മൗനം  അവലംബിച്ചപ്പോള്‍ ആ വലിയ ദുരന്തം അരങ്ങേറി

ടിഎന്‍ ഗോപകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ എഴുതിയ 'മാധ്യമമുഹൂര്‍ത്തങ്ങള്‍' എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച  ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ചുള്ള കുറിപ്പ്

TN Gopakumar on Babri masjid demolition
Author
Thiruvananthapuram, First Published Dec 6, 2016, 10:29 AM IST

TN Gopakumar on Babri masjid demolition

 

ഓഫീസിലിരിക്കുമ്പോള്‍ ഒരു നാള്‍ യാദൃശ്ചികമായി ഒരു നോട്ടീസ് ശ്രദ്ധയില്‍പെട്ടു. സാധാരണ പത്രമാഫീസുകളില്‍ വരുന്ന പത്രക്കുറിപ്പല്ല. വിശ്വഹിന്ദുപരിഷത്ത് തങ്ങളുടെ അണികള്‍ക്ക് നല്‍കിയ ഒരു ആഹ്വാനമാണത്. ആ കുറിപ്പില്‍ പണ്ട് ഇന്ത്യയിലുണ്ടായിരുന്ന അമ്പലങ്ങളുടെ ഒരു നീണ്ട പട്ടികയാണ്. ഈ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കരിക്കണമെന്നാണ് ആഹ്വാനം. അക്കൂട്ടത്തില്‍ ആ ക്ഷേത്രങ്ങള്‍ നിലനിന്നിരുന്ന സ്ഥലത്ത് മുസ്ലിം പള്ളികള്‍ വന്നിട്ടുണ്ടെങ്കില്‍ അവയെ അവിടെ തുടരാന്‍ അനുവദിക്കരുതെന്നും ആഹ്വാനത്തിലുണ്ട്. ഇതേക്കുറിച്ച് ഞാന്‍ പൊതുവേ ഒരന്വേഷണം നടത്തി. ഒരു സാധാരണ കുറിപ്പല്ല, വിശ്വഹിന്ദു പരിഷത്തിന് വ്യക്തമായ ആക്ഷന്‍ പ്ലാനുണ്ട് എന്നു മനസിലായി. ആ പട്ടികയുടെ ആദ്യഭാഗത്ത് തന്നെ പറഞ്ഞിരുന്ന ഒരു ക്ഷേത്രമാണ് അയോദ്ധ്യയിലെ ശ്രീരാമ ജന്‍മഭൂമിയില്‍. അവിടെയുണ്ടായിരുന്ന ബാബ്‌രി മസ്ജിദ് തകര്‍ക്കണമെന്നും പകരം ശ്രീരാമ ക്ഷേത്രം സ്ഥാപിക്കണമെന്നുമാണ് വ്യക്തമായ നിര്‍ദ്ദേശം.

ഞാന്‍ ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ തന്നെ ഓള്‍ ഇന്ത്യ ബാബ്‌രി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകൃതമായിരുന്നു. ജനതാപാര്‍ട്ടികളുടെ ലോകസഭാംഗമായിരുന്ന സയ്യിദ് ഷഹാബുദ്ദീന്‍ കണ്‍വീനറായാണ് ആ കമ്മിറ്റി രൂപീകൃതമായത്. ഇതിനിടെ ഇന്ത്യയിലെ എല്ലാ മുസ്ലിം സംഘടനകളുടെയും ഒരു അപെക്‌സ് ബോഡിയായി മുഷാവരത്തും നിലവില്‍ വന്നു. ഈ സംഭവ വികാസങ്ങളെ അന്ന് വളരെ ഗൗരവത്തോടെ ദല്‍ഹിയിലെ ഭൂരിപക്ഷം മാധ്യമങ്ങളും കണ്ടിരുന്നില്ല എന്നതാണ് സത്യം. വിശ്വഹിന്ദു പരിഷത്തിന്റെ പത്രക്കുറിപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അതനുസരിച്ച് മുഷാവരത്തിന്റെ മുന്നറിയിപ്പുകളും വര്‍ദ്ധിച്ചു.

ആ ദിവസങ്ങളില്‍ നാടൊട്ടാകെ മത സംഘട്ടനങ്ങളില്‍ മരിച്ച ആയിരങ്ങളുടെ കാര്യം മാത്രമല്ല. അന്ന് പാകിയ സ്പര്‍ധയുടെ വിത്തുകള്‍ ഇപ്പോഴും അങ്ങിങ്ങ് മുളച്ചു കൊണ്ടിരിയ്ക്കുന്നു.

ഇതിനിടെ ഞാന്‍ സയ്യിദ് ഷഹാബുദ്ദീനുമായി നല്ല ബന്ധം സ്ഥാപിച്ചു. അദ്ദേഹവുമായിട്ടുള്ള അഭിമുഖങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. അന്ന് ഇതൊന്നും കേരളത്തില്‍ ചര്‍ച്ചാവിഷയം പോലുമായിരുന്നില്ല.  ബാബ്‌രി മസ്ജിദ് പ്രശ്‌നത്തിന്റെ ഗൗരവം പൊതുവേ മനസ്സിലായത് യഥാര്‍ഥത്തില്‍ എല്‍. കെ അദ്വാനിയുടെ ദേശീയ രഥയാത്രയിലൂടെയായിരുന്നു. അന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാപാര്‍ട്ടികളും അതിനെതിരെ ശബ്ദമുയര്‍ത്തി. എന്നാല്‍ ആര്‍ക്കും 'ശിലാന്യാസ്' ശ്രീരാമക്ഷേത്രത്തിനായുള്ള തറക്കല്ലിടല്‍ എന്ന അപകടം നിറഞ്ഞ മുദ്രാവാക്യത്തിന്റെ ദൂരവ്യാപകമായ ഫലം അത്ര ബോധ്യമല്ലായിരുന്നു. ഒരു താല്‍കാലിക ബഹളമെന്നാണ് അന്ന് കരുതിയത്. അവസാനം കല്ലിടല്‍ കര്‍മ്മം തടസ്സം കൂടാതെ നടന്നപ്പോള്‍ മുസ്ലിം സംഘടനകളും മതേതര വാദികളും നിസ്സഹായരായിരുന്നു.

കാരണം അപ്പോള്‍ ഏതാണ്ട് ഒരു കാര്യം ബോധ്യമായിരുന്നു. രാമക്ഷേത്രം പണിയുന്നതിലേറെ താല്‍പ്പര്യം ബാബ്‌രി മസ്ജിദ് തകര്‍ക്കലാണ്. തന്റെ ആ രഥയാത്രയില്‍ എല്‍.കെ അദ്വാനി ഇപ്പോള്‍ ദു:ഖിക്കുന്നു.

രാമക്ഷേത്രം പണിയുന്നതിലേറെ താല്‍പ്പര്യം ബാബ്‌രി മസ്ജിദ് തകര്‍ക്കലാണ്. തന്റെ ആ രഥയാത്രയില്‍ എല്‍.കെ അദ്വാനി ഇപ്പോള്‍ ദു:ഖിക്കുന്നു.

പ്രധാനമന്ത്രി നരസിംഹ റാവു മുഖം തിരിച്ചു നിന്നു അന്ന് മൗനം അവലംബിച്ചപ്പോള്‍ ആ വലിയ ദുരന്തം അരങ്ങേറി. ദൂര്‍ ദര്‍ശന്‍ ആ വാര്‍ത്ത ഒളിച്ചു വെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മസ്ജിദ് തകര്‍ക്കുന്നതിന്റെ ഓരോ നിമിഷവും ബിബിസി പോലുള്ള ചാനലുകള്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു. അന്ന് ഇന്ത്യയില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകളില്ലായിരുന്നുവെന്നോര്‍ക്കുക.

ആ ദിവസങ്ങളില്‍ മുസ്‌ലിം സമുദായ നേതാക്കളുടെ ഉറക്കെയുള്ള നിലവിളികളും സമുദായാംഗങ്ങളുടെ നിശ്ശബ്ദമായ ദു:ഖവും എനിക്ക് ഒന്നിച്ചുകാണാനായി. തെറ്റുകള്‍നടന്ന ശേഷം, എല്ലാം കഴിഞ്ഞ ശേഷം, ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെ അധികാരത്തില്‍നിന്നും പുറത്താക്കി. ഇതിലെല്ലാം വലിയ വിരോധാഭാസം, ഇത് സിപിഐ ലോക്‌സഭാംഗത്തെ വിജയിപ്പിച്ച ഫൈസാബാദിലായിരുന്നു എന്നതാണ്. ഒരു മത തീവ്രവാദികളും ഇല്ലാത്ത സ്ഥലം. നിത്യ ജീവിതത്തിനായി വിഷമിക്കുന്ന പാവങ്ങളുടെ പ്രദേശം. 'സാധുക്കളായി' അന്ന് അവിടെ പ്രത്യക്ഷപ്പെട്ടവര്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ള പുറംനാട്ടുകാരാണ്. അവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

തിരിച്ചാലോചിയ്ക്കുക. നരസിംഹ റാവുവിന്റെ നിഷ്‌ക്രിയത്വത്തിന് ഈ രാജ്യം നല്‍കേണ്ടി വന്നതു വലിയ വിലയാണ്. ആ ദിവസങ്ങളില്‍ നാടൊട്ടാകെ മത സംഘട്ടനങ്ങളില്‍ മരിച്ച ആയിരങ്ങളുടെ കാര്യം മാത്രമല്ല. അന്ന് പാകിയ സ്പര്‍ധയുടെ വിത്തുകള്‍ ഇപ്പോഴും അങ്ങിങ്ങ് മുളച്ചു കൊണ്ടിരിയ്ക്കുന്നു. കൂടുതല്‍ തകര്‍ക്കലും രക്തച്ചൊരിച്ചിലുമുണ്ടാകുമോ എന്ന ഭീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളും ഇന്നും.

TN Gopakumar on Babri masjid demolition

സയ്യിദ് ഷഹാബുദ്ദീന്‍

സയ്യിദ് ഷഹാബുദ്ദീനിലേക്ക് മടങ്ങി വരാം. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായിരുന്നു ഷഹാബുദ്ദീന്‍, രണ്ടു വികാരങ്ങളും വേഗം കെട്ടുപോവുകയും ചെയ്യും. അദ്ദേഹത്തിന്റെ വികാരവിക്ഷുബ്ധത മറ്റ് വലിയ കഴിവുകളെ തളര്‍ത്തിയോ എന്ന സംശയം എനിക്ക് പലപ്പോഴുമുണ്ടായിരുന്നു. അന്ന് ചില മുസ്‌ലിം ലീഗ് നേതാക്കളും ഇതേ കാരണത്താല്‍ ഷഹാബുദ്ദീനെ തള്ളിപ്പറഞ്ഞിരുന്നതും ഓര്‍ക്കുന്നു.

ഒരുച്ചയ്ക്ക് അദ്ദേഹവുമായി ഫോണിലൂടെ സംസാരിച്ചു നേരിട്ടു കാണാന്‍ സമയം നിശ്ചയിച്ചു. അത് നോമ്പുകാലമായിരുന്നു.

ഞാന്‍ ഷഹാബുദ്ദീന്റെ വീട്ടിലെത്തി. എന്നെ കണ്ടയുടന്‍ അദ്ദേഹം ദേഷ്യത്തില്‍ ഉറഞ്ഞു തുളളുകയായിരുന്നു. ഞാന്‍ എഴുതിയ റിപ്പോര്‍ട്ട് വായിച്ചിട്ടാണ് അതിലെ ഒരു വരി, ഒരു വരിയോട് മാത്രം, അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു. സാധാരണ ഗതിയില്‍ തന്റെ അനിഷ്ടം രേഖപ്പെടുത്തി അദ്ദേഹം അഭിമുഖത്തിന് തയ്യാറായേനെ. അന്ന് മുഖം വീര്‍പ്പിച്ച് ചില ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞ അദ്ദേഹം എന്നെ ഇറക്കിവിട്ടു. വിളിച്ചുവരുത്തി ശകാരിച്ചെന്ന വിഷമത്തില്‍ ഞാന്‍ ഓഫീസില്‍ തിരിച്ചെത്തി. ഓഫീസിലെത്തി ഏതാണ്ട് 15 മിനിട്ടു കഴിഞ്ഞു കാണും. ഒരു ഫോണ്‍ കോള്‍. സയ്യിദ് ഷഹാബുദ്ദീന്‍. അദ്ദേഹം ഖേദം രേഖപ്പെടുകയായിരുന്നു. നോമ്പു വ്രതത്തിലായിരുന്നു താന്‍. ക്ഷീണമുണ്ടായിരുന്നു. അതു കൊണ്ടാണ് ദേഷ്യപ്പെട്ടത്. ഗൗരവമായി കാണരുത് എന്നദ്ദേഹം പറയുകയായിരുന്നു. എന്റെ വിഷമം ഉടനെ മാറി. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ഞാന്‍ എഴുതിയ വരി മറ്റൊരു രീതിയില്‍ എഴുതിയിരുന്നെങ്കില്‍ അദ്ദേഹത്തിന് അപ്രീതി തോന്നുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തും ശരിയുണ്ട്.

ആ ദിവസങ്ങളില്‍ മുസ്‌ലിം സമുദായ നേതാക്കളുടെ ഉറക്കെയുള്ള നിലവിളികളും സമുദായാംഗങ്ങളുടെ നിശ്ശബ്ദമായ ദു:ഖവും എനിക്ക് ഒന്നിച്ചുകാണാനായി.

അങ്ങനെ ഞങ്ങള്‍ ബന്ധം പുന:സ്ഥാപിച്ചു. അതിനുശേഷം തന്റെ സമുദായവുമായി ബന്ധമില്ലാത്ത ചില വാര്‍ത്തകളും അദ്ദേഹം എനിക്കു തരുമായിരുന്നു. ദല്‍ഹിയിലെ ഉത്തരേന്ത്യക്കാരായ മറ്റു മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും സയ്യിദ് ഷഹാബുദ്ദീനെ കാണാന്‍ എന്റെ സഹായം തേടിയിരുന്നു എന്നു പറയുമ്പോള്‍ ഞങ്ങളുടെ ബന്ധത്തിന്റെ വിശ്വാസ്യത വ്യക്തമാകും.

നല്ല മാധ്യമ പ്രവര്‍ത്തനത്തില്‍ സൃഹദ് ബന്ധങ്ങള്‍ പ്രധാനമാണ്. ഒരു വാര്‍ത്തയ്ക്ക് വേണ്ടി ഒരു വ്യക്തിയെ താല്‍ക്കാലികമായി പോലും വഞ്ചിയ്ക്കരുത് എന്ന വിഭാഗത്തില്‍ പെട്ടവനാണ് ഞാന്‍. ആ മൂല്യബോധം മൂലം ഉണ്ടായ നഷ്ടങ്ങള്‍ ഞാന്‍ സഹിയ്ക്കാന്‍ എന്നും തയ്യാറായിരുന്നു. ഇന്നുമാണ്.

Follow Us:
Download App:
  • android
  • ios