"ബാപ്പു.. അങ്ങേയ്ക്കിന്ന് ലേശം നേരം വൈകിപ്പോയി എന്ന് തോന്നുന്നു.." ഗാന്ധിജി നടത്തത്തിന്റെ വേഗത കുറയ്ക്കാതെ തന്നെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, " നേരം വൈകിച്ചെല്ലുന്നവർക്ക് എവിടെയായാലും അതിനുള്ള ശിക്ഷയും കിട്ടും.." പറഞ്ഞുതീർന്ന് വെറും രണ്ടു മിനിറ്റിനുള്ളിൽ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട നാഥുറാം വിനായക് ഗോഡ്സേ എന്ന യുവാവ് തന്റെ ബെറെറ്റാ പിസ്റ്റലിൽ നിന്നും മൂന്നു വെടിയുണ്ടകൾ ബാപ്പുവിന്റെ ദുർബല ശരീരത്തിൽ നിക്ഷേപിച്ചു..  

ഇങ്ങനൊരാൾ, മജ്ജയും മാംസവും ഒക്കെയുള്ള ഒരു മനുഷ്യനായി ഇവിടെ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നുപറഞ്ഞാൽപ്പോലും വരും തലമുറ വിശ്വസിച്ചെന്നുവരില്ല.." - ആൽബർട്ട് ഐൻസ്റ്റൈൻ 

1948 ജനുവരി 30 തീയതി വൈകുന്നേരം അഞ്ചേകാൽ മണിയോടെ ഗാന്ധിജി ബിർളാ ഹൗസിലെ തന്റെ പ്രാർത്ഥനാ സ്ഥലത്തേക്ക് തിരക്കിട്ട് പൊയ്ക്കൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ സേവകരിലൊരാളായ ഗുർബച്ചൻ സിങ്ങ് പറഞ്ഞു, " ബാപ്പു.. അങ്ങേയ്ക്കിന്ന് ലേശം നേരം വൈകിപ്പോയി എന്ന് തോന്നുന്നു.." ഗാന്ധിജി നടത്തത്തിന്റെ വേഗത കുറയ്ക്കാതെ തന്നെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, " നേരം വൈകിച്ചെല്ലുന്നവർക്ക് എവിടെയായാലും അതിനുള്ള ശിക്ഷയും കിട്ടും.." പറഞ്ഞുതീർന്ന് വെറും രണ്ടു മിനിറ്റിനുള്ളിൽ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട നാഥുറാം വിനായക് ഗോഡ്സേ എന്ന യുവാവ് തന്റെ ബെറെറ്റാ പിസ്റ്റലിൽ നിന്നും മൂന്നു വെടിയുണ്ടകൾ ബാപ്പുവിന്റെ ദുർബല ശരീരത്തിൽ നിക്ഷേപിച്ചു..

മോഹൻദാസ് കരം ചന്ദ് ഗാന്ധിയുടെ മരണത്തിന്റെ വിവരം കിട്ടിയ ഉടൻ അന്ന് 'അൻജാം' പത്രത്തിന്റെ ലേഖകനായിരുന്ന കുൽദീപ് നയ്യാർ ബിർളാ ഹൗസിലേക്ക് കുതിച്ചെത്തിയിരുന്നു. അന്ന് നയ്യാർ ഇങ്ങനെ കുറിച്ചു, " സംഭവശേഷം ഞാൻ ബിർളാ ഹൗസിൽ എത്തിയപ്പോഴും അവിടെ കാര്യമായ സുരക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നത്തേയും പോലെ അന്നും ബിർളാ ഹൗസിന്റെ ഗേറ്റ് തുറന്നുതന്നെ കിടന്നിരുന്നു. അവിടെ നെഹ്‌റു ഉണ്ടായിരുന്നു, പട്ടേലും. മൗലാനാ ആസാദ് ദുഃഖിതനായി ഒരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഞാനവിടെ നിൽക്കുമ്പോഴാണ് മൗണ്ട് ബാറ്റൺ വന്നിറങ്ങിയത്.

വന്നപാടെ അദ്ദേഹം ഗാന്ധിയുടെ മൃതദേഹത്തെ സല്യൂട്ട് ചെയ്തു. അവിടെ നിന്നിരുന്ന ആരോ അദ്ദേഹത്തോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.. " ഗാന്ധിയെ കൊന്നത് ഒരു മുസൽമാനാണ്.." അദ്ദേഹത്തിന് നല്ല കലി വന്നു. പതിവിനു വിരുദ്ധമായി അദ്ദേഹം ക്രുദ്ധനായിക്കൊണ്ട് പറഞ്ഞു, " യു ഫൂൾ.. ഡോണ്ട് യു നോ, ഇറ്റ് വാസ് എ ഹിന്ദു.. " ചരിത്രം ഇവിടെ തകർന്നടിഞ്ഞിരിക്കുന്നു എന്ന് എനിക്കപ്പോൾ തോന്നി. ഇനി നമുക്ക് താങ്ങായി ആരുമില്ലെന്നും.. " 

നയ്യാർ തുടർന്നു, " ബാപ്പു നമ്മുടെ സങ്കടങ്ങളെ പ്രതിനിധീകരിച്ചിരുന്നു... സന്തോഷങ്ങളെ.. പ്രതീക്ഷകളെ.. ഉത്കണ്ഠകളെ.. ദുഃഖം നമ്മളെയെല്ലാം ഒന്നിപ്പിച്ചപോലെ തോന്നി അപ്പോൾ.. നോക്കി നിൽക്കെ നെഹ്‌റു ഉറക്കെ എല്ലാവരോടുമായി പറഞ്ഞു.. ;ബാപ്പു, നമ്മളെ വിട്ടുപോയിരിക്കുന്നു.. " 

ഗാന്ധി വധക്കേസ് 

ചെങ്കോട്ടയിൽ നടന്ന വിചാരണയ്ക്കു ശേഷം ജസ്റ്റിസ് ആത്മചരൺ ശിക്ഷ പുറപ്പെടുവിച്ചു. നാഥുറാം വിനായക് ഗോഡ്‌സെ, നാരായൺ ആപ്‌തെ എന്നിവർക്ക് തൂക്കുകയർ ബാക്കി അഞ്ചുപേർക്ക്‌ ജീവപര്യന്തവും. വിഷ്ണു കർക്കരെ, മദൻലാൽ പാഹ്വാ, ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്‌സെ, ദത്താഹരി പർചുരെ എന്നിവരായിരുന്നു ആ അഞ്ചുപേർ. പിന്നീട് ഹൈക്കോടതി കിസ്തയ്യയെയും പർചുരെയെയും വെറുതെവിട്ടു. 

കോടതിയിൽ ഗോഡ്‌സെ കുറ്റം സമ്മതിച്ചു. ഗാന്ധിജിക്കു നേരെ നിറയൊഴിച്ചത് താൻ തന്നെയാണെന്ന് ഗോഡ്‌സെ പറഞ്ഞു. തന്റെ ചെയ്തിയെ ന്യായീകരിച്ചുകൊണ്ട് ഗോഡ്‌സെ കോടതിയിൽ ഇങ്ങനെ പറഞ്ഞു, " ഗാന്ധി രാഷ്ട്രത്തിന് മുമ്പുചെയ്ത സേവനങ്ങൾ ഞാൻ മറന്നിട്ടില്ല. അതിന്റെ പേരിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. അതുകൊണ്ടുതന്നെയാണ് നിറയൊഴിക്കും മുമ്പ് ഞാൻ അദ്ദേഹത്തെ നമസ്കരിച്ചതും. എന്നാൽ, ഗാന്ധി രാഷ്ട്രത്തോട് കാണിച്ച വഞ്ചനയ്ക്ക് മാപ്പില്ല. എന്റെ നാടിനെ വെട്ടിമുറിക്കാൻ അനുവാദം കൊടുക്കാനുള്ള അധികാരം ഒരു മഹാത്മാവിനും സിദ്ധമല്ല.. നാടിനെ വഞ്ചിച്ച്, അതിനെ കഷണങ്ങളാക്കിയ വഞ്ചകനെ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ പോന്ന കോടതികൾ ഈ നാട്ടിലുണ്ടെന്ന് എനിക്ക് തോന്നിയില്ല.. അതുകൊണ്ട്, ഗാന്ധി അർഹിക്കുന്ന ശിക്ഷ, അത് ഞാൻ തന്നെ നടപ്പിലാക്കി.. "

എന്നാൽ ചരിത്രം പരിശോധിക്കുമ്പോൾ ഗോഡ്‌സെയുടെ ഈ നിലപാട് വസ്തുതാപരമായി ശരിയല്ലെന്ന് മനസ്സിലാവും. രണ്ടു രാജ്യങ്ങൾ (Two Nation Theory) എന്ന സങ്കല്‍പം ആദ്യമായി നിർദ്ദേശിക്കുന്നത് അന്ന് നിലവിലുണ്ടായിരുന്ന ഹിന്ദുമതാഭിമുഖ്യമുള്ള സംഘടനകൾ തന്നെയായിരുന്നു. ഹിന്ദുമഹാസഭാ നേതാവായ ഭായി പരമാനന്ദ് ആണ് ഇങ്ങനൊരു ആശയം മുന്നോട്ടുവെക്കുന്നതുതന്നെ. ഉദ്ദേശ്യങ്ങൾ വേറെയായിരുന്നു എങ്കിലും പിന്നീട് സംഘപരിവാർ നേതാക്കളായ നഭഗോപാൽ മിശ്രയും സവർക്കറും ഒക്കെ ഈ ആശയത്തോട് യോജിച്ചുകൊണ്ടുള്ള നിലപാടുകൾ തന്നെയാണ് പരസ്യമായി സ്വീകരിച്ചിട്ടുള്ളത്.

വിഭജനത്തിന് ഉത്തരവാദി ഗാന്ധിജിയോ?

പാക്കിസ്ഥാൻ എന്ന ആശയം മുഹമ്മദലി ജിന്ന മുന്നോട്ടുവെക്കുന്നതിനൊക്കെ ഏറെ മുമ്പ്, കൃത്യമായി പറഞ്ഞാൽ 16 വർഷങ്ങൾക്കുമുമ്പ്, 1923-ൽ വി ഡി സവർക്കർ തന്നെയാണ് ഹിന്ദുത്വ എന്ന പ്രബന്ധത്തിലൂടെ രണ്ടു രാഷ്ട്രങ്ങൾ എന്ന സങ്കൽപം ആദ്യമായി വിഭാവനം ചെയ്യുന്നത്. തുടർന്ന് അല്ലാമാ ഇക്‌ബാലും മുഹമ്മദ് ഇക്‌ബാലും പാകിയ മതരാജ്യമെന്ന താത്വികമായ അടിത്തറയിൽ നിന്നുകൊണ്ട് മുഹമ്മദലി ജിന്ന 'പാക്കിസ്ഥാനു'വേണ്ടി മുറവിളി കൂട്ടിയപ്പോഴാണ് ഇത് ദേശീയരാഷ്ട്രീയത്തിൽ ഒരു കീറാമുട്ടിയായി ഉയർന്നുവരുന്നതും തുടർന്ന് വിഭജന ചർച്ചകൾക്ക് തുടക്കമിടുന്നതും. 

1945ൽ ഗാന്ധിജിയല്ല, 'Pakistan, or The Partition of India' എന്ന പുസ്തകത്തിലൂടെ ബി ആർ അംബേദ്‌കർ തന്നെയാണ് ആദ്യമായി, 'മുസ്ലീങ്ങൾക്ക് പാകിസ്ഥാൻ എന്നൊരു രാജ്യം രൂപീകരിച്ച് വേറെ പോകണം എന്ന ശക്തമായ ഒരു ആവശ്യമുണ്ടെങ്കിൽ അത് പരിഗണിക്കുക തന്നെ വേണം' എന്നെഴുതി ഈ ആശയത്തെ പിന്തുണച്ചത്. ഗാന്ധിജി യഥാർത്ഥത്തിൽ ഇന്ത്യാവിഭജനം എന്ന ആശയത്തിന് അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൽ ഗാഫർഖാനെപ്പോലെ തികച്ചും എതിരായിരുന്നു എന്നതാണ് വാസ്തവം. ഗാന്ധിജി എന്നും ആഗ്രഹിച്ചിരുന്നത് ഹിന്ദു മുസ്‌ലിം മൈത്രിയും ഇന്ത്യയുടെ സമാധാനവും മാത്രമായിരുന്നു. 

ചരിത്രകാരനായ സുഭാഷ് ഗതാഡേ പറയുന്നത് വിഭജനവുമായി ബന്ധപ്പെടുത്തി, ഗാന്ധിജിയെ കുറ്റപ്പെടുത്തിക്കൊണ്ടും ഗോഡ്സെയ്ക്ക് അപദാനങ്ങളേകിയുമുള്ള പ്രചാരണങ്ങൾ ഒരുകണക്കിന് തീവ്രവാദത്തിന്റെ മഹത്വവൽക്കരണത്തിന്റെ ഭാഗമാണെന്നാണ്. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ തീവ്രവാദി എന്നാണ് അദ്ദേഹം ഗോഡ്‌സെയെ വിശേഷിപ്പിച്ചത്. മഹാരാഷ്ട്രയിൽ പലയിടത്തും നവംബർ 15 ഗോഡ്‌സെയുടെ രക്തസാക്ഷിത്വദിനമായി ആചരിക്കപ്പെടുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. 

മറാത്തിഭാഷയിൽ ഗോപാൽ ഗോഡ്‌സെയുടെ 'May It Please You Honour' എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രദീപ് സാൽവി എഴുതി വിനയ് ആപ്‌തെയുടെ സംവിധാനത്തിൽ, 'മീ നാഥുറാം ഗോഡ്‌സെ ബോൽതോയ്‌' ( Nathuram Godsay Speaking) എന്നൊരു നാടകം തന്നെ എഴുതപ്പെട്ടിരുന്നു. അതിൽ ഗോഡ്‌സെയുടെ വാദങ്ങൾക്കായിരുന്നു മുൻ‌തൂക്കം. ആ നാടകത്തിന്റെ പ്രദർശനം 1997-ൽ ആ നാടകത്തിന്റെ 13 പ്രദർശനങ്ങൾ തുടർച്ചയായി നടന്നെങ്കിലും പിന്നീട് മഹാരാഷ്ട്രയിലും കേരളത്തിലും നിരോധിക്കപ്പെടുകയുണ്ടായി. നാടകത്തിന്റെ നിർമാതാക്കൾ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് വിലക്ക് നീക്കി. നാടകം, ഗാന്ധി ഘാതകരെ മഹത്വവൽക്കരിക്കുന്ന അതിന്റെ നിലപാടുകാരണം ഒട്ടേറെ വിമർശനങ്ങൾക്ക് കാരണമായി. 2011-ൽ നാടകസംഘം സഞ്ചരിച്ചിരുന്ന ബസ്സിന് കോൺഗ്രസ്സ് പ്രവർത്തകർ തീയിടുക വരെ ചെയ്തു. 

1948 ജനുവരി 30-ന് വൈകുന്നേരം അഞ്ചേകാൽ മണിക്ക് പ്രാർത്ഥനയ്ക്കായി ഓടിപ്പാഞ്ഞു പോകവേ, ഗാന്ധിജിയെ മൂന്നു വെടിയുണ്ടകൾ തടുക്കുകയല്ല ഉണ്ടായത്. ഗാന്ധിജി ആ മൂന്നു വെടിയുണ്ടകളെ മറ്റാരിലേക്കും തുളച്ചുകയറാൻ വിടാതെ തടുത്തു നിർത്തുകയാണുണ്ടായത്. സമൂഹത്തിൽ പടർന്നുപിടിച്ചുകൊണ്ടിരുന്ന വെറുപ്പ് എന്ന വികാരത്തെ ഒരു നിമിഷം കൊണ്ട്, തന്റെ ജീവൻ കൊടുത്ത് ഒടുക്കുകയാണ് ഉണ്ടായത്.