വിദ്യാഭ്യാസ മേഖലയിൽ കേരളം അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നതെങ്കിലും മറ്റ് പല സംസ്ഥാനങ്ങളും അങ്ങനെയല്ല.  ഇന്ത്യയിലെ പല സർക്കാർ സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകളും, വിദ്യാലയത്തിലെ അപര്യാപ്‌തമായ സൗകര്യങ്ങളും കാരണം കുട്ടികൾ കൊഴിഞ്ഞു പോകുന്നു. അവസാനം, കുട്ടികളുടെ എണ്ണം തികയ്ക്കാൻ സ്കൂൾ അധികൃതർ നെട്ടോട്ടമോടേണ്ടതായും വരുന്നു. കുട്ടികളെ ആകർഷിക്കുന്നതിനും, സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമായി പല പുതിയ മാർഗ്ഗങ്ങളും പരീക്ഷിക്കുകയാണ് ഇന്ന്  സംസ്ഥാനങ്ങൾ. 

ഇതിൻ്റെ ഭാഗമായി പല സ്കൂളുകളെയും ട്രെയിനിൻ്റെ മാതൃകയിൽ ചായമടിച്ച് ക്ലാസ്സ്മുറികളാക്കി മാറ്റുന്നത് കാണാം.  മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളും ഇതുപോലെ ക്ലാസ് മുറികളെ ട്രെയിൻ ബോഗികളാക്കിയും, ജനലുകളെ പല നിറങ്ങളുള്ള ചായങ്ങളടിച്ചും കുട്ടികളെ ആകർഷിക്കുകയാണ്.  

പക്ഷെ കർണാടകയിലെ മൈസൂരുവിലെ ഈ സ്കൂളിൽ കുട്ടികൾക്ക് ശരിക്കും ട്രെയിനുകളുടെ കോച്ചുകളിൽ ഇരുന്ന് പഠിക്കാം. സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ജീവനക്കാരാണ് ഇതിന് വഴിയൊരുക്കിയത്. രണ്ട് ഉപയോഗമില്ലാത്ത ട്രെയിൻ കോച്ചുകളെ റെയിൽവേ ജീവനക്കാർ ക്ലാസ് മുറികളാക്കി പുതുക്കി എടുത്തു. എന്നിട്ട്, മൈസൂരുവിലെ റെയിൽവേ കോളനി പ്രൈമറി സ്കൂളിലേക്ക്  സംഭാവനയായി നൽകി. ‘നളി കാളി’ (സന്തോഷകരമായ പഠനം) എന്ന് പേരിട്ടിരിക്കുന്ന ഈ കോച്ചുകൾ കഴിഞ്ഞ ആഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. 

എല്ലാ കോച്ചുകളെയും മനോഹരമായ ചായങ്ങൾ പൂശി, മറ്റ് വണ്ടികളിൽ നിന്ന് ലഭിച്ച ഫാനുകളും പാനലുകളും ഉപയോഗിച്ച് അലങ്കരിച്ചു. "ആകെ 50,000 രൂപയാണ് ഞങ്ങൾ ചെലവഴിച്ചത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിയാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്, ”കോച്ചുകൾ നവീകരിച്ച ചീഫ് വർക്ക് ഷോപ്പ് മാനേജർ പി .ശ്രീനിവാസു പറഞ്ഞു.

സർക്കാർ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഇല്ലായിരുന്നു. വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വർക്ക് ഷോപ്പിലെ ഒരു കെട്ടിടത്തിലാണ് പഠിച്ചിരുന്നത്. എന്നാൽ ഇപ്പോൾ “ഈ കോച്ചു ക്ലാസ്സ് മുറികൾ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഒരു പ്രോത്സാഹനമാകും,” ഒരു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 

റെയിൽവേ ജീവനക്കാർ കോച്ചുകളെ പൂർണ്ണമായും പുതുക്കുകയും, വിദ്യാർത്ഥികൾക്ക് സുഖമായി ഇരുന്ന് പഠിക്കാനാവശ്യമായ  ലൈറ്റുകളും ഫാനുകളും സ്ഥാപിക്കുകയും, ഇതിനുപുറമെ രണ്ട് ബയോ ടോയ്‌ലറ്റുകൾ സജ്ജീകരിക്കുകയും ചെയ്തു. ഒരു കോച്ചിൽ  നാല് മുതൽ അഞ്ച്‌ ക്ലാസ്സ് മുറികളാണുള്ളത്. എല്ലാ വിദ്യാർത്ഥികൾക്കുമായി ഒരു ആക്റ്റിവിറ്റി ഹാളും ഇവിടെയുണ്ട്, ”ശ്രീനിവാസു പറഞ്ഞു. പുറം ഭിത്തിയിൽ, മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, പാരിസ്ഥിതിക തീമുകളും കാണാം. 

അങ്ങനെ ആർക്കും വേണ്ടാതെ കിടന്നിരുന്ന ആ കോച്ചുകൾ ഉപയോഗിച്ച് ഇന്ന് ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവ് പകരാൻ ഉപകരിക്കുന്ന ഒരു ക്ലാസ്സ് മുറികളാക്കി മാറ്റിയിരിക്കയാണ് റെയിൽ‌വേ ജീവനക്കാർ‌ . ഇത് കുട്ടികൾക്ക് പഠിക്കാൻ ഒരു പ്രേരണയാകുമെന്ന് ജീവനക്കാർ പ്രതീക്ഷിക്കുന്നു.