Asianet News MalayalamAsianet News Malayalam

അധികൃതർ അവരുടെ അപേക്ഷ കേട്ടില്ല, ആന്ധ്രയിലെ ആദിവാസി ഗ്രാമങ്ങൾ കനാൽ സ്വയം നന്നാക്കി

ഉദ്യോഗസ്ഥരുടെ നിസ്സംഗത കനാൽ സ്വന്തമായി പുനഃനിർമ്മിക്കാൻ കർഷകരെ പ്രേരിപ്പിച്ചു. ജെസിബിയെ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനും മറ്റ് അറ്റകുറ്റ പണികൾക്കും നാട്ടുകാർ എല്ലാവരും ചേർന്ന് 50,000 രൂപ സമാഹരിച്ചു.

Tribals in Andhra repair canal on their own after authorities didn't respond to their complaint
Author
Andhra Pradesh, First Published Jan 6, 2021, 12:03 PM IST

ആന്ധ്രയിലുള്ള മൂന്ന് ഗ്രാമങ്ങൾ കൃഷിക്കായി ആശ്രയിക്കുന്നത് സ്വർണമുഖി നദിയെയാണ്. നദിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ചെറിയ ജലസേചന കനാൽ വഴിയാണ് കർഷകർ കൃഷിയ്ക്ക് ആവശ്യമുള്ള വെള്ളം എടുക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി ജലസേചന കനാൽ തകരാറിലാണ്. കനാൽ പുനർനിർമ്മിച്ച് തരണമെന്ന ഗ്രാമീണർ അധികാരികളോട് പലവട്ടം അഭ്യർത്ഥിക്കുകയുണ്ടായി. എന്നാൽ, അതാരും ഗൗനിച്ചില്ല. ഒടുവിൽ പൊറുതിമുട്ടിയ കർഷകർ സ്വയം മുന്നോട്ട് വന്ന് അത് നന്നാക്കുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.  

സരിക, വരക, ചിന്താവലസ ഗ്രാമങ്ങളിലെ ആദിവാസി കർഷകരാണ് വെള്ളം കിട്ടാതായതിനെ തുടർന്ന് കഷ്ടത അനുഭവിച്ചത്. സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കനാലിൽ മുഴുവൻ മണ്ണ് അടിഞ്ഞുകൂടുകയുണ്ടായി. ഇത് ജലപ്രവാഹത്തെ ബാധിച്ചു. തൽഫലമായി, മൂന്ന് ഗ്രാമങ്ങളിലായി 100 ഏക്കറോളം വരുന്ന കൃഷിഭൂമി നശിക്കുമെന്ന അവസ്ഥയായി. ഒടുവിൽ ക്ഷമ നശിച്ച നാട്ടുകാർ ആർക്കും കാത്ത് നിൽക്കാതെ കനാൽ വൃത്തിയാക്കാൻ സ്വയം മുന്നോട്ട് വരികയായിരുന്നു. ’ഞങ്ങൾ ഈ വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി, പക്ഷേ, അവർ ഞങ്ങളുടെ ദുരിതങ്ങൾക്ക് ചെവിതന്നില്ല’ -വരക ഗ്രാമത്തിലെ ഒരു കർഷകൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിസ്സംഗത കനാൽ സ്വന്തമായി പുനഃനിർമ്മിക്കാൻ കർഷകരെ പ്രേരിപ്പിച്ചു. ജെസിബിയെ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനും മറ്റ് അറ്റകുറ്റ പണികൾക്കും നാട്ടുകാർ എല്ലാവരും ചേർന്ന് 50,000 രൂപ സമാഹരിച്ചു.

എന്നാൽ, ഇതേപ്പറ്റി ചോദിച്ചപ്പോൾ ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് സലൂരു എംപിഡിഒ പാർവതി പറഞ്ഞത്. “ഞാൻ ഇക്കാര്യത്തിൽ വേണ്ടത് ചെയ്യും. പരാതിയെ കുറിച്ച് കർഷകരോട് സംസാരിക്കാൻ ഞാൻ ഗ്രാമത്തിലെ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്’’ അവർ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നേരത്തെ, മലയോര കുഗ്രാമമായ കോഡാമയിലെ ആളുകൾ കുന്നിൻമുകളിൽ നിന്ന് താഴ്‌വരയിലേക്ക് 15 കിലോമീറ്റർ റോഡ് നിർമ്മിക്കുകയുണ്ടായി. അവരുടെ കൂട്ടായ പരിശ്രമത്തെക്കുറിച്ച് അറിഞ്ഞ സർക്കാർ, ഗോത്രവർഗക്കാർ റോഡ് നിരത്തുന്നതിന് ചെലവഴിച്ച തുക തിരിച്ചടച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios