"ഇങ്ങനെയൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ അവര്‍ തെറ്റ് ചെയ്തെന്ന് തെളിയുകയാണ്. ഇത്രയും ക്രൂരത കാട്ടിയ സിന്ധു, ക്രസന്റ് എന്നീ അദ്ധ്യാപികമാരെ രക്ഷിക്കാന്‍വേണ്ടി എന്തിന് മാനേജ്മെന്റ് നിലകൊള്ളുന്നു? അവരെ നിയമവ്യവസ്ഥയ്‌ക്ക് മുന്നില്‍ കൊണ്ടുവരണം എന്നത് മാത്രമാണ് സാധുവായ എന്റെ ആവശ്യം. ഈ നിയമവ്യവസ്ഥയെയും പൊലീസിനെയും കോടതിയെയുമൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ആ വിശ്വാസം ഇല്ലാതാക്കരുത്. മറ്റുള്ളവരെ പോലെ ഞാനും ഒരു ബലിയാടായി മാറരുത്" അപ്രതീക്ഷിതമായി, അകാലത്തില്‍ പൊലിഞ്ഞ മകളുടെ വേര്‍പാടില്‍ വേദനക്കുന്ന ഒരു അച്ഛന്റെ പൊള്ളുന്ന വാക്കുകളാണിത്.- എഴുത്ത്: അനുരാജ്, ക്യാമറ: ഷിബില്‍

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരിനേഘ, ഒക്‌ടോബര്‍ 20 വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് വീണത്. ഉടന്‍തന്നെ കൊല്ലം ബിഷപ്പ് ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, സ്ഥിതി വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് തിങ്കളാഴ്‌ച പുലര്‍ച്ചെയോട ഗൗരി ഈ ലോകത്തുനിന്ന് മറഞ്ഞു. സ്‌കൂളിലേക്ക് സന്തോഷവതിയായി പോയ ഗൗരിയുടെ ചേതനയറ്റ ശരീരമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. എന്താണ് ഗൗരി നേഘയ്‌ക്ക് സംഭവിച്ചത്? ഗൗരിയുടെ കുടുംബം ആരോപിക്കുന്നതുപോലെ മരണത്തില്‍ എന്തെങ്കിലും ദുരൂഹതകളുണ്ടോ?

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രൈമറി ബ്ലോക്കിലെ മൂന്നാം നിലയില്‍നിന്ന് താഴേക്കുവീണ ഗൗരിയെ പെട്ടെന്ന് തന്നെ സ്കൂള്‍ അധികൃതര്‍ ഏറ്റവുമടുത്തുള്ള ബിഷപ്പ് ബെന്‍സിഗര്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോള്‍ സംസാരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍, അവളുടെ നില വഷളായി. ഇതിനിടയില്‍ അച്ഛനെയും അമ്മയെയും കാണണമെന്ന ആഗ്രഹം മാത്രമാണ് അവള്‍ പ്രകടിപ്പിച്ചത്. വൈകാതെ വീട്ടുകാര്‍ ആശുപത്രിയിലെത്തി. അപ്പോഴേക്കും, ഗൗരി അര്‍ദ്ധബോധാവസ്ഥയിലേക്ക് മാറിയിരുന്നു.

കെട്ടിടത്തില്‍നിന്ന് ചാടിയതാണോ, അതോ വീണതാണോ എന്ന അച്ഛന്റെ ചോദ്യത്തിന് അല്ല എന്നു മാത്രമാണ് അവള്‍ മറുപടി നല്‍കിയത്. അവള്‍ക്ക്, അച്ഛനോട് എന്തോ പറയണമെന്നുണ്ടായിരുന്നു. ഗൗരി അങ്ങനെയാണ്, സ്‌കൂളിലായാലും മറ്റും എന്തുണ്ടായാലും അവള്‍ അത് അച്ഛനോടും അമ്മയോടും പങ്കുവെയ്‌ക്കുമായിരുന്നു.

വളരെ ബോള്‍ഡ് ആയിരുന്നു അവള്‍. സഹോദരിയുടെ ക്ലാസുമായി ബന്ധപ്പെട്ട് ഒരു അനീതി ഉണ്ടായപ്പോള്‍ അദ്ധ്യാപികമാരോടുപോലും ശക്തമായി പ്രതിഷേധിച്ചത് അതുകൊണ്ടാണ്. എന്നാല്‍ ആശുപത്രിയില്‍വെച്ച് ഗൗരിക്ക് അച്ഛനോട് എന്തോ പറയാനുണ്ടായിരുന്നു. അത് പറയാന്‍ അവള്‍ക്ക് സാധിച്ചില്ല. അവിടെവെച്ച് അബോധാവസ്ഥയിലായ ഗൗരി പിന്നെ ഉണര്‍ന്നിട്ടില്ല. എന്താണ് അവള്‍ക്ക് പറയാനുണ്ടാകുക? തീര്‍ച്ചയായും, എല്ലാ ദുരൂഹതകളുടെയും ചുരുളഴിക്കേണ്ട ഒന്ന് തന്നെയായിരുന്നു.

ഗൗരിയുടെ മരണത്തിലേക്ക് വഴിതിരിച്ച സംഭവങ്ങള്‍...

പത്താം ക്ലാസുകാരിയായ ഗൗരി നേഘയും എട്ടാം ക്ലാസുകാരിയായ സഹോദരി മീര കല്യാണിയും പഠിക്കുന്നത് ഒരേ സ്‌കൂളില്‍. ക്ളാസില്‍ സംസാരിച്ചതിന് ശിക്ഷയായി മീരയെ, ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതേക്കുറിച്ച് വീട്ടില്‍ പറഞ്ഞു. രക്ഷിതാക്കള്‍, സ്‌കൂളിലെത്തി പരാതിപ്പെട്ടിട്ടും അദ്ധ്യാപികമാരുടെ ക്രൂരമായ ശിക്ഷാവിനോദങ്ങള്‍ ആവര്‍ത്തിച്ചു. ഇതേച്ചൊല്ലി, ഗൗരിയും അദ്ധ്യാപികയോട് പരാതി പറഞ്ഞു. ഇടയ്‌ക്കിടെ മീരയെ, ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തുന്നതിനാല്‍, ഗൗരി ആ ക്ലാസില്‍ പോകുമായിരുന്നു. അതിനെ അദ്ധ്യാപികമാര്‍ എതിര്‍ത്തു. മീരയുടെ ക്ലാസില്‍ ഗൗരി പോകരുതെന്ന് താക്കീതു നല്‍കി. എന്നാല്‍ ശിക്ഷവിനോദം തുടര്‍ന്നതോടെ ഗൗരി വീണ്ടും അവിടെ പോയി. അങ്ങനെയാണ് സംഭവദിവസം ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനായി ഒരുങ്ങിയപ്പോള്‍ അദ്ധ്യാപിക വിളിച്ചത് അനുസരിച്ച് ഗൗരി പുറത്തേക്ക് പോയത്. പ്രിന്‍സിപ്പലിന്റെ മുറിയിലേക്കാണ് ഗൗരിയെ വിളിപ്പിച്ചതെന്ന് സഹപാഠികള്‍ പറയുന്നു.

ഭക്ഷണംപോലും കഴിക്കാതെ പോയ ഗൗരിയെ, പിന്നീട് ചോരയില്‍ കുളിച്ച് കിടക്കുന്നതായിട്ടാണ് സഹപാഠികള്‍ കാണുന്നത്. അദ്ധ്യാപിക വിളിപ്പിച്ചതിനും, ഗൗരി കെട്ടിടത്തിന് മുകളില്‍നിന്ന് വീണതിനും ഇടയിലുള്ള 25 മിനിട്ട് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. പ്രിന്‍സിപ്പലിന്റെ മുറിയിലേക്കാണോ, അതോ സ്റ്റാഫ് റൂമിലേക്കാണോ ഗൗരി പോയത്? അവിടെ എന്തു സംഭവിച്ചു? അതുതന്നെയാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ ഗൗരി പറയാന്‍ ശ്രമിച്ചിട്ടുണ്ടാകുക.

ഗൗരി വീണയുടന്‍ വീട്ടുകാരെ വിവരം അറിയിക്കുന്നതിലും സ്‌കൂള്‍ അധികൃതര്‍ വീഴ്‌ച വരുത്തി. പടവില്‍നിന്ന് വീണുവെന്നാണ് ആദ്യം വിളിച്ചുപറഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരിയായ വിവരം വീട്ടില്‍ അറിയിച്ചത്.

ആശുപത്രിയില്‍ സംഭവിച്ചത്...

അപകടം നടന്നയുടന്‍, കൊല്ലത്തെ ബിഷപ്പ് ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ച ഗൗരിക്ക് വിദഗ്ദ്ധ ചികില്‍സ നല്‍കാന്‍ വൈകിയെന്നാണ് അച്ഛന്‍ ആരോപിക്കുന്നത്. സ്‌കൂള്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രിയെന്നതാണ് ഇതിന് കാരണമായി പറയുന്നത്. തലയുടെ സ്‌കാന്‍ മാത്രമെടുക്കുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തത്. അതില്‍ സാരമായ തകരാറ് ഇല്ലെന്ന് പറയുകയും ചെയ്തു. രക്തസമ്മര്‍ദ്ദം കുറയുന്നുവെന്ന് പറഞ്ഞു, ഗൗരിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അച്ഛനെയും മറ്റും കാണാന്‍ അനുവദിക്കുകയും ചെയ്തില്ല.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംസാരിക്കുമായിരുന്ന കുട്ടി, വൈകാതെ അബോധാവസ്ഥയിലായി. ഒടുവില്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കിയാണ് ഡിസ്‌ചാര്‍ജ് വാങ്ങി, തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൊല്ലത്തെ ആശുപത്രിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തയ്യാറായില്ല. മൂന്നുനിലയുള്ള കെട്ടിടത്തിന് മുകളില്‍നിന്ന് വീണ ഗൗരിക്ക്, വാരിയെല്ലിനും നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും പരിക്കുള്ളതാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമായിരുന്നു.

കൊല്ലത്തെ ആശുപത്രിയില്‍ വീഴ്‌ചയുണ്ടായതായുള്ള ആക്ഷേപത്തില്‍ പൊലീസിനും സംശയമുണ്ട്. അതുകൊണ്ടുതന്നെ ഗൗരിയെ ചികില്‍സിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗൗരിയെ ചികില്‍സിച്ച ഡോക്‌ടറെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടുദിവസം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഗൗരിയുടെ നില കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. ഒടുവില്‍ തിങ്കളാഴ്‌ച പുലര്‍ച്ചയോടെ എല്ലാവരെയും കണ്ണീരിലാഴ്‌ത്തി ഗൗരി യാത്രയായി.

ഗൗരിയുടെ മരണത്തിന് ഉത്തരവാദികള്‍ ആ അദ്ധ്യാപികമാര്‍?

സിന്ധു പോള്‍, ക്രസന്റ് നേഹ എന്നീ അദ്ധ്യാപികമാര്‍ക്കെതിരെയാണ് ഗൗരിയുടെ കുടുംബം ആരോപണം ഉയര്‍ത്തുന്നത്. ഗൗരിയുടെയും, മീരയുടെയും ക്ലാസ് ടീച്ചര്‍മാരായിരുന്നു ഇരുവരും. ഒരുവര്‍ഷത്തിലേറെയായി, തന്റെ മക്കളോട് ഈ അദ്ധ്യാപികമാര്‍ മുന്‍വൈരാഗ്യം കാട്ടുന്നുവെന്നാണ് ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ പറയുന്നത്.

പലതരത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും, ബോര്‍ഡ് എക്‌സാം എഴുതിക്കില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തി. മറ്റു കുട്ടികള്‍ക്ക് മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്തു. ഈ രണ്ടു അദ്ധ്യാപികമാരില്‍ ഒരാള്‍ വീട്ടില്‍ നടത്തിവന്ന ട്യൂഷന്‍ സെന്ററില്‍ പോകാതിരുന്നതും, വൈരാഗ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗൗരിയുടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് കുടുംബം, അധ്യാപികമാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സിന്ധു, ക്രസന്റ് എന്നീ അദ്ധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ സംഭവശേഷം ഒളിവില്‍ പോയ അദ്ധ്യാപികമാരെ പിടികൂടാന്‍, പൊലീസിന് സാധിച്ചില്ല. അദ്ധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

സിസിടിവി പറയുന്നത്...

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സിന്ധു എന്ന അധ്യാപിക ക്ലാസ് മുറിയില്‍നിന്ന് ഗൗരിയെ വിളിച്ചുകൊണ്ടുപോകുന്നതിന്റെയും ഗൗരി സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്കു പോകുന്നതിന്റെയും മുകളില്‍നിന്നു വീഴുന്നതിന്റെയും ദൃശ്യങ്ങളുണ്ട് ഗൗരി താഴെ വീഴുന്നതും അവിടേക്ക് ഒരു അധ്യാപിക ഓടിവരുന്നതും വ്യക്തമാണ്. ഉച്ചഭക്ഷണം കഴിക്കാതെ അധ്യാപികയ്‌ക്കൊപ്പം പ്രിന്‍സിപ്പലിന്റെ മുറിയിലേക്കാണ് ഗൗരി പോയതെന്നാണ് സഹപാഠികള്‍ പറയുന്നത്. 25 മിനിറ്റിനു ശേഷം ഗൗരി താന്‍ പഠിക്കുന്ന ഹൈസ്‌കൂള്‍ ബ്ലോക്കില്‍നിന്ന് അടുത്തുള്ള പ്രൈമറി ബ്ലോക്കിലേക്കു നടക്കുന്നതും കാണാം. എല്‍ പി ബ്ലോക്കിന്റെ മൂന്നാം നിലയിലേക്കു കയറിപ്പോകുന്നതും താഴേക്കു വീഴുന്നതും സ്‌കൂള്‍ ജീവനക്കാര്‍ ഗൗരിയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

അധ്യാപികമാരെ പിടികൂടണം: ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍

"ബോധപൂര്‍വ്വം സ്‌കൂളില്‍ ക്രൂരത നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. അവര്‍ കുട്ടിയെ എടുത്തിട്ടതാണോ, ചാടിയതാണോ എന്നുള്ളതൊക്കെ അന്വേഷണത്തില്‍ വരട്ടെ. സ്‌കൂളുകാര് എന്തിനിത്ര വ്യഗ്രത കാട്ടുന്നു. സ്‌കൂള്‍ തുറക്കേണ്ടെന്നോ, കുട്ടികളുടെ ഭാവി ഇല്ലാതാക്കണമെന്നോ എനിക്ക് ആഗ്രഹമില്ല. സ്‌കൂള്‍ മാനേജ്‌മെന്റിനേക്കാള്‍, അടഞ്ഞുകിടക്കുന്നതില്‍ വിഷമിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ, കുട്ടികള്‍ ജീവനോടെ ഇരുന്നിട്ടല്ലേ കാര്യമുള്ളുവെന്ന് രക്ഷിതാക്കള്‍ മനസിലാക്കണം. ഈ അദ്ധ്യാപികമാരെ പിടിച്ച് റിമാന്‍ഡ് ചെയ്‌തു നിയമനടപടികളിലേക്ക് പോയാല്‍ തൊട്ടടുത്തുതന്നെ സ്‌കൂള്‍ തുറന്നുകൊള്ളട്ടെ. ഒമ്പതാം ക്ലാസ് മുതല്‍ ക്ലാസ് ടീച്ചറായിരുന്ന ക്രസന്റ്, ഗൗരി മോളെ മാനസികമായി പീഡിപ്പിക്കുന്നുണ്ട്. ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും, ബോര്‍ഡ് എക്‌സാം എഴുതിക്കില്ലെന്നുമൊക്കെയായിരുന്നു ഭീഷണി. പലവിധത്തിലുള്ള പീഡനങ്ങള്‍ തുടരുമ്പോള്‍ പരിഭവവുമായി എത്തിയിരുന്ന മകളെ ഞാനും ഭാര്യയും ആശ്വസിപ്പിക്കുകയാണ് ചെയ്തിരുന്നത്.

മകള്‍ എല്ലാവരോടും നല്ല നിലയ്‌ക്കാണ് പെരുമാറിയിരുന്നത്. എല്ലാവര്‍ക്കും അവളെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ പ്രിന്‍സിപ്പല്‍ അവളുടെ പെരുമാറ്റത്തെക്കുറിച്ച് മോശം അഭിപ്രായം പറയുന്നു. ഇതേക്കുറിച്ച് എന്റെ ഭാര്യയെ അവിടെ വിളിപ്പിച്ചു മുന്നറിയിപ്പ് നല്‍കി എന്ന് പ്രിന്‍സിപ്പല്‍ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ അവര്‍ തെറ്റ് ചെയ്തെന്ന് തെളിയുകയാണ്.

ഇത്രയും ക്രൂരത കാട്ടിയ സിന്ധു, ക്രസന്റ് എന്നീ അദ്ധ്യാപികമാരെ രക്ഷിക്കാന്‍വേണ്ടി എന്തിന് മാനേജ്മെന്റ് നിലകൊള്ളുന്നു. അവരെ നിയമവ്യവസ്ഥയ്‌ക്ക് മുന്നില്‍ കൊണ്ടുവരണം എന്നത് മാത്രമാണ് സാധുവായ എന്റെ ആവശ്യം. ഈ നിയമവ്യവസ്ഥയെയും പൊലീസിനെയും കോടതിയെയുമൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ആ വിശ്വാസം ഇല്ലാതാക്കരുത്. മറ്റുള്ളവരെ പോലെ ഞാനും ഒരു ബലിയാടായി മാറരുത്. എനിക്ക് മോള്‍ നഷ്‌ടപ്പെട്ടു. പിന്നെയും അവര്‍ എന്നെ വീണ്ടും വീണ്ടും പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു. അന്വേഷണസംഘം പ്രതികള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ ചെയ്യുന്നതായി ഒരു ആരോപണമുണ്ട്. പക്ഷേ അതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. വളരെ ആത്മാര്‍ത്ഥമായാണ് കേസ് അന്വേഷിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത്.

ഇതുപോലെയുള്ള കാര്യങ്ങള്‍ ഏറ്റവും നല്ല നിലയ്‌ക്ക് കൈകാര്യം ചെയ്യുന്ന ഒരാളാണ് മുഖ്യമന്ത്രിയെന്ന് വിശ്വാസിക്കുന്നയാളാണ് ഞാന്‍. അദ്ദേഹത്തെയും എനിക്ക് പൂര്‍ണവിശ്വാസമാണ്. അതുകൊണ്ടാണ് ഞാന്‍ കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത്. എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാന്‍പറ്റും അതൊക്കെ ചെയ്യും. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ ഇവര്‍ രക്ഷപ്പെട്ടുപോകും. ഇവര്‍ക്ക് പിന്നിലുള്ളവര്‍ പ്രബലരാണ്. അല്ലെങ്കില്‍ രണ്ടു സ്‌ത്രീകളെ പിടിക്കാന്‍ കഴിവില്ലാത്തവരാണ് ഇവിടുത്തെ പൊലീസ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

സഹോദരിക്ക് നേരിട്ട അനീതിയ്‌ക്കെതിരെ പ്രതികരിച്ച എന്റെ മോള്‍ക്കും കുടുംബത്തിനും തന്ന മറുപടി ഇതാണെന്നിരിക്കെ‍, കര്‍ശനമായ നടപടി ഉണ്ടായില്ലെങ്കില്‍ മറ്റുള്ളവരോട് ഇതിലും ക്രൂരമായാകും അവര്‍ പെരുമാറുക. മകളോട് ക്രൂരത കാട്ടിയ അദ്ധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാതിരുന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ പറയാം..."

ഗൗരിനേഘയ്‌ക്ക് നീതി നേടാനുള്ള പോരാട്ടത്തിലാണ് പ്രസന്നകുമാറും കുടുംബവും. ഇനി അവരുടെ ജീവിതലക്ഷ്യം തന്നെ അതാണ്. എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റിനുള്ള സ്വാധീനം ഉപയോഗിച്ച് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണ് അദ്ധ്യാപികമാര്‍. അതു ലഭിച്ചാല്‍, മറ്റു വിദ്യാര്‍ത്ഥികളെ സ്വാധീനിച്ച് കേസ് ഒതുക്കാന്‍ അദ്ധ്യാപികമാര്‍ക്കും, മാനേജ്മെന്റിനും സാധിക്കുമെന്ന് ഗൗരിയുടെ കുടുംബം ഭയപ്പെടുന്നു. പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചാല്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഗൗരിയുടെ കുടുംബം മുന്നോട്ടുപോകുന്നത്.