Asianet News Malayalam

അതായിരുന്നു അയാളോടുള്ള പ്രണയം; പ്രതികാരവും!

അയാളുടെ കാമുകി ആവാന്‍ എനിക്കിഷ്ടമായിരുന്നു. പോകാന്‍ തന്നെ ഞാനുറച്ചു. കോളിംഗ ബെല്ലടിച്ച് പുറത്ത് കാത്ത് നില്‍ക്കുമ്പോള്‍ ഞാനാകെ പരവേശപ്പെട്ടിരുന്നു. ആദ്യമായി അയാളെ കാണാന്‍ പോകുന്നതിന്റെ ഒരു ചളിപ്പെനിക്കുണ്ടായിരുന്നു. ഒരു പക്ഷേ എന്നെ നേരില്‍ കാണുമ്പോള്‍ ഇഷ്ടമായില്ലെങ്കിലോ..!

Tulu Rose Tony column story
Author
Thiruvananthapuram, First Published Feb 16, 2018, 4:56 PM IST
  • Facebook
  • Twitter
  • Whatsapp

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണിയുടെ കോളത്തില്‍ ഇത്തവണ ഒരു കഥ. പ്രണയത്തിന് എന്താണിത്ര ശക്തി?

അതും അയാളോടുള്ള എന്റെ പ്രണയത്തിന്?

അതേ ശക്തി കൊണ്ട് തന്നെയാണ് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും ഞാനയാളെ കാണാന്‍ ചെന്നത്. അയാള്‍ വിളിച്ചിട്ടാണെങ്കില്‍ കൂടി. അല്ലെങ്കിലും ഞാന്‍ പോകുമായിരുന്നു. 

കാരണം, അത്രക്കിഷ്ടമായിരുന്നു അയാളെ എനിക്ക്. 

ആദ്യമൊക്കെ സംസാരിച്ച് തുടങ്ങിയപ്പോള്‍ എന്തായിരുന്നു എനിക്കയാളോട് തോന്നിയ വികാരം!?

വെറും ആകാംക്ഷ!

എല്ലാവരാലും അറിയപ്പെടുന്ന ഒരു നടനോട് സംസാരിക്കുമ്പോള്‍ ഒരു സാധാരണക്കാരിക്ക് തോന്നുന്ന ഒരു ആകാംക്ഷ!

ഇവിടെ കുറിക്കുന്നത് എന്റെ പ്രണയവും പ്രതികാരവുമാണ്. 

അയാള്‍ എന്നോട് വിളിക്കാനാവശ്യപ്പെട്ടപ്പോള്‍ ഒന്നുമാലോചിക്കാതെ വിളിച്ചു.

ഞാന്‍ : .......

അയാള്‍ : എന്താ മിണ്ടാത്തെ?

ഞാന്‍ : ഒന്നുമില്ല

അയാള്‍ : എന്തെങ്കിലുമൊക്കെ പറയൂ

ഞാന്‍ : ഒന്നുമില്ല പറയാന്‍

അയാള്‍ : എന്നോടാരാധനയാണോ?

ഞാന്‍ : അല്ല

അയാള്‍ : പിന്നെ?

ഞാന്‍ : ഇഷ്ടം

ആ വിളികള്‍ തുടര്‍ന്നു.

അയാളുടെ സമയത്തിനനുസരിച്ച് ഞാനെന്റെ സമയം സെറ്റ് ചെയ്തു. 

അയാള്‍ എന്നെ എപ്പോള്‍ വിളിച്ചാലും എന്ത് തിരക്കിനിടയിലും ഞാനയാളോട് സംസാരിച്ച് കൊണ്ടിരുന്നു.

ഒരു തരം അഡിക്ഷന്‍

എന്തും അമിതമായാല്‍ ശരിയാവില്ലെന്നറിഞ്ഞിട്ടും ഞാനത് തുടര്‍ന്നു.

ഒരു ദിവസം അയാള്‍ പറഞ്ഞു :

'ആദ്യമായിട്ടാണ് റോസ് എന്ന് പേരുള്ള ഒരുവളെ ഞാന്‍ സ്‌നേഹിക്കുന്നത്.'

ശബ്ദമില്ലാതെ ചിരിക്കുമ്പോള്‍ എനിക്കറിയാമായിരുന്നു അയാള്‍ പറഞ്ഞതൊരു വലിയ കള്ളമായിരുന്നുവെന്ന്. 

എന്നിട്ടും...

ആ നുണയില്‍ ഞാന്‍ ജീവിച്ചു. 

അന്നും ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ അയാള്‍ എന്നോട് പറഞ്ഞു :

'എനിക്കൊന്ന് കാണണം'.

'കണ്ടിട്ട്?'

'നിന്റെ വലത് ചെവിക്ക് താഴെ എന്റെ മൂക്ക് മുട്ടിക്കണം.'

'അത് പറ്റില്ല'

'വരില്ലെന്നാണോ?'

'അല്ല, വലത് ചെവിയുടെ താഴെ തൊടീക്കില്ല എന്ന്.'

'അപ്പോള്‍ വരും അല്ലേ?'

'വരാം'

ശബ്ദമില്ലാതെ ചിരിക്കുമ്പോള്‍ എനിക്കറിയാമായിരുന്നു അയാള്‍ പറഞ്ഞതൊരു വലിയ കള്ളമായിരുന്നുവെന്ന്. 

കാണാന്‍ ചെല്ലാം എന്ന് പറഞ്ഞെങ്കിലും എങ്ങനെ, എന്ത് എന്നൊന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ല. 

പക്ഷേ, ആ കൂടിക്കാഴ്ചയെ കുറിച്ച് മാത്രമായിരുന്നു പിന്നീടങ്ങോട്ടുള്ള എന്റെ ചിന്തയത്രയും!

പക്ഷേ, പിന്നീടുള്ള വിളികളിലൊന്നും അയാള്‍ എന്നെ കാണണം എന്ന് പറഞ്ഞില്ല. എന്നെ അയാള്‍ സ്‌നേഹിച്ച് കൊണ്ടേയിരുന്നു. 

'എന്നെ ശരിക്കും ഇഷ്ടമാണോ?'- ഒരിക്കല്‍ ഞാന്‍ ചോദിച്ചു.

'അതേ, ഇഷ്ടമാണ്.'

'നുണ പറയാതെ.'

'അല്ല, സത്യമായും ഈ നിമിഷത്തില്‍ എനിക്ക് നിന്നെ ഇഷ്ടമാണ്.'

'അടുത്ത നിമിഷത്തില്‍ മാറാം എന്ന് സൂചന അല്ലേ?'

'ഹഹഹ മിടുക്കി'' - ചിരിച്ച് കൊണ്ടയാള്‍ തുടര്‍ന്നു.

'ലൈഫ് ലോങ് ആയി ഒരൊറ്റ ഇഷ്ടവും മനസ്സില്‍ വെച്ച് ജീവിക്കാനൊക്കില്ല കുട്ടീ.'

'അതെന്താ നിങ്ങളങ്ങനെ?'

'എനിക്ക് മടുക്കും. ഈ ലോകത്തുള്ള സൗന്ദര്യം മുഴുവനും ആസ്വദിക്കണം. പക്ഷേ...'

'എന്താ?'

'പക്ഷേ, പ്രണയിക്കുമ്പോള്‍ ഞാന്‍ സത്യമായും സ്‌നേഹിക്കുന്നുണ്ട്, കള്ളമില്ലാതെ!'

'ഉം...'

'അതൊക്കെ പോട്ടെ. നിനക്കെന്നോടെന്താണിഷ്ടം തോന്നാന്‍ കാരണം?'

'നിങ്ങളോടിഷ്ടമല്ല'

'പിന്നെ?'

'നിങ്ങളുടെ വിരലുകളോടാണിഷ്ടം.'

'അത് കൊള്ളാമല്ലോ. അതെന്താ അങ്ങനെ?'

'നിങ്ങളുടെ വിരലുകള്‍ സ്ത്രീകളുടേത് പോലെ സുന്ദരമാണ്, നീണ്ടത്.'

'നീ ഒരു ലെസ്ബിയനാണോ?'

'അതെന്താ അങ്ങനെ ചോദിച്ചത്?'

'പെണ്ണുങ്ങളുടെ വിരലുകളുടെ ഭംഗിയാണല്ലോ ചിന്ത!'

'ഓഹ്! അങ്ങനെയാണ് പറയുന്നതെങ്കില്‍ അതെ, ഞാനൊരു ലെസ്ബിയനാണ് എന്ന് പറയാം.'

'എന്നെ നീ തോല്‍പ്പിക്കാതെ.'

'നിങ്ങളല്ല, ഞാനാണ് നിങ്ങളുടെ മുന്നില് തോറ്റ് മുട്ടും കുത്തി നില്‍ക്കുന്നത്.'

അന്നയാള്‍ ഫോണ്‍ വെച്ച് പോയതിന് ശേഷം പിന്നെ രണ്ടാഴ്ചയോളം അയാളെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

'ഓഹ്! അങ്ങനെയാണ് പറയുന്നതെങ്കില്‍ അതെ, ഞാനൊരു ലെസ്ബിയനാണ് എന്ന് പറയാം.'

ഏതൊരു പൈങ്കിളി പ്രണയവും പോലെ ഞാനും വിരഹത്തിന്‍ ചൂടില്‍ നീറി നീറി ദിവസങ്ങള്‍ തള്ളി നീക്കി.

ഒരു ദിവസം ഫോണില്‍ അയാളുടെ നമ്പര്‍ തെളിഞ്ഞ് വന്നതും ആക്രാന്തത്തോടെ ഞാനത് എടുത്തു. എന്റെ ശബ്ദം വിറച്ചിരുന്നു.

പിണക്കം ശ്വാസത്തില്‍ നിറഞ്ഞ് നിന്നു. 

പക്ഷേ, അപ്പുറത്ത് അയാളായിരുന്നില്ല. വേറെ ആരോ.... 

'മാഡം, നാളെ സാര്‍ സിറ്റിയിലെ ഹോട്ടലില്‍ ഉണ്ടാകും. കാണാന്‍ വരാന്‍ പറഞ്ഞിട്ടുണ്ട്.'

അയാള്‍ ഹോട്ടലും റൂം നമ്പറും പറഞ്ഞ് തന്ന് ഫോണ്‍ കട്ടാക്കി...

പോകില്ല എന്ന് മനസ്സിലുറപ്പിച്ചുവെങ്കിലും എനിക്കറിയാമായിരുന്നു ഞാന്‍ അയാളെ കാണാന്‍ പോകുമെന്ന്.

പിറ്റേന്ന് ഇട്ട് പോകാനുള്ള ഡ്രെസ് പരതിയപ്പോള്‍ കൈ തടഞ്ഞത് പച്ച ടോപ്പിലാണ്. 

'എന്നെങ്കിലും തമ്മില്‍ കാണുമ്പോള്‍ പച്ച നിറത്തിലായിരിക്കണം നമ്മള്‍.' - അയാളുടെ ഈ വാക്കുകളോര്‍ത്ത് എനിക്ക് ചിരി വന്നു.

പച്ച ടോപ്പും ബ്ലൂ ജീന്‍സുമിട്ട് റെഡിയായി ഞാന്‍ കണ്ണാടിക്ക് മുന്നില്‍ നിന്നു.

ഞാനെന്റെ വലത് ചെവിക്ക് താഴെ പരതി നോക്കി... 

ഈ പോക്ക് വേണമെങ്കിലെനിക്ക് ഒഴിവാക്കാം. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നെനിക്കൂഹിക്കാം. സത്യത്തില്‍ ഞാനത് ആഗ്രഹിക്കുന്നുണ്ടോ?

അയാളുടെ കാമുകി ആവാന്‍ എനിക്കിഷ്ടമായിരുന്നു. പോകാന്‍ തന്നെ ഞാനുറച്ചു. 

കോളിംഗ ബെല്ലടിച്ച് പുറത്ത് കാത്ത് നില്‍ക്കുമ്പോള്‍ ഞാനാകെ പരവേശപ്പെട്ടിരുന്നു. 

ആദ്യമായി അയാളെ കാണാന്‍ പോകുന്നതിന്റെ ഒരു ചളിപ്പെനിക്കുണ്ടായിരുന്നു.

ഒരു പക്ഷേ എന്നെ നേരില്‍ കാണുമ്പോള്‍ ഇഷ്ടമായില്ലെങ്കിലോ..!

അതോര്‍ത്തെനിക്ക് പേടി തോന്നി.

വാതില്‍ തുറന്നയാള്‍ എന്നെ നോക്കി ചിരിച്ചു. പച്ച ഷര്‍ട്ടിലയാള്‍ കാണാന്‍ സുന്ദരനായിരുന്നു. പ്രായക്കൂടുതലുണ്ടെങ്കിലും അയാളുടെ മുഖം കുട്ടികളുടേത് പോലെ നിഷ്‌കളങ്കമായിരുന്നു.

ഞാനകത്ത് കയറിപ്പോള്‍ അയാള്‍ വാതിലടച്ചു. 

അയാളെ നേരില്‍ കണ്ട സന്തോഷത്തിലും വെപ്രാളത്തിലും ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. 

അയാളെന്റെ തൊട്ടരികില്‍ വന്ന് നിന്നപ്പോള്‍ അതിശയം പോലെ ഞാനയാളെ നോക്കി. 

'എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല.' - എന്റെ തോളില്‍ രണ്ട് കൈയും വെച്ച് കൊണ്ടയാള്‍ പറഞ്ഞു.

'അതെന്താ?'

'നീ വരില്ലെന്നാ ഞാനോര്‍ത്തത്.'

'ഉം.'

അയാളെന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് എന്റെ മുടിയെടുത്ത് ചെവിക്ക് പുറകിലേക്കൊതുക്കി. 

രണ്ട് വിരലുകള്‍ കൊണ്ട് എന്റെ വലത് ചെവിയുടെ താഴെ തൊട്ടു. ഞാനൊഴിഞ്ഞ് മാറി. 

'നീ വിയര്‍ക്കുന്നല്ലോ.'

'ഉം.. ഉഷ്ണിക്കുന്നു.'

അയാള്‍ ചെന്ന് എ.സി യുടെ തണുപ്പ് കൂട്ടി. 

കട്ടിലിന് അടുത്ത് ഇട്ടിരുന്ന ഒരു സോഫയില്‍ ഞാനിരുന്നു, അയാള്‍ കിടക്കയിലും!

ഒരു തലയിണയില്‍ ഇടത് കൈ കുത്തി ചരിഞ്ഞ് കിടന്നയാളെന്നെ നോക്കി. 

ഞാനയാളെ നോക്കാതെ ആ മുറിയിലെ ഓരോന്നും ശ്രദ്ധിക്കാന്‍ തുടങ്ങി. അയാളെന്നെ തന്നെ നോക്കി കിടക്കുന്നതും എനിക്കറിയാമായിരുന്നു. 

'നീയെന്നെ ഒന്ന് നോക്കുന്നത് പോലുമില്ലല്ലോ'

ഞാനയാളുടെ കണ്ണുകളിലേക്ക് നോക്കി. പ്രായം അയാളുടെ കണ്ണുകളില്‍ വ്യക്തമായിരുന്നു. എന്നാലും അതിലെ തിളക്കത്തിന് മങ്ങലൊന്നുമില്ല. 

'ഇവിടെ വാ.'

ഞാനെഴുന്നേറ്റ് ഒരു പട്ടിക്കുഞ്ഞിനെ പോലെ അയാളുടെ അടുത്തേക്ക് ചെന്നു. 

'എന്റെ വിരലുകള്‍ വേണ്ടേ നിനക്ക്?'

അയാളുടെ ചോദ്യം കേട്ടെനിക്ക് ചിരി വന്നു. ഞാനയാളുടെ വിരലുകളിലേക്ക് നോക്കി. 

നീണ്ട് സുന്ദരമായ വിരലുകള്‍..!

കുറച്ച് നീട്ടി വളര്‍ത്തി ഭംഗിയോടെ  വെട്ടിയ നഖങ്ങള്‍

ഇത്രയും നാള്‍ ഫോട്ടോയിലും ടി.വി യിലും കണ്ട് കൊതിയോടെ നോക്കിയിരുന്ന അതെ വിരലുകള്‍...!

പെട്ടെന്നെനിക്കയാളുടെ വിരലുകളെയെടുത്ത് കൊഞ്ചിക്കാന്‍ തോന്നി. 

ചമ്മല്‍ അതിന് സമ്മതിച്ചില്ല. 

അയാള്‍ കിടക്കയില്‍ നിന്നും എണീറ്റ് എനിക്കഭിമുഖമായി നിന്ന് കൊണ്ട് കൈപത്തികള്‍ രണ്ടും എന്റെ മുഖത്തിന് നേരെ നീട്ടി. 

എന്നെ തടയാനെനിക്ക് സാധിച്ചില്ല.

രണ്ട് കൈകളിലും ഞാനെന്റെ വിരലുകള്‍ കോര്‍ത്തു. ആ കൈകളിലെ ചൂട് എന്റെ ഹൃദയത്തിലേക്കാണ് പടര്‍ന്നത്. 

ഞാന്‍ അയാളെ തൊടുവാന്‍ കാത്തിരുന്നത് പോലെ ആയിരുന്നു അയാള്‍..!

അയാളുണര്‍ന്നത് എത്ര പെട്ടെന്നായിരുന്നു...!?

അയാളുടെ ചുണ്ടുകള്‍ എന്റെ വലത് ചെവിക്ക് താഴെ പരതുവാനുള്ള ശ്രമം ഞാന്‍ തടഞ്ഞു. 

എന്റെ രണ്ട് കൈയും ബലമായി താഴേക്കാക്കി എന്റെ കഴുത്തില്‍ ചുംബിച്ചു.

'ഞാനിതിന് വേണ്ടിയല്ല വന്നത്.' - അയാളുടെ മുഖം മാറ്റുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു. 

'അറിയാം. അറിയാം കുട്ടീ.' 

അയാള്‍ എന്നെ വിട്ടില്ല, മുഖത്തും ചുണ്ടിലും കഴുത്തിലും ഉമ്മ വെച്ച് കൊണ്ടേയിരുന്നു. 

അന്ന് അവിടുന്നിറങ്ങുമ്പോള്‍ ഞാനയാളെ അവിശ്വാസത്തോടെ നോക്കുന്നത് കണ്ട് അയാള്‍ ചിരിച്ചു. 

'പേടിക്കണ്ട, നിന്നെ ഞാന്‍ ഉപേക്ഷിക്കില്ല.' 

എത്ര കൃത്യമായി അയാളെന്റെ മനസ്സ് വായിച്ചു!

അയാളുണര്‍ന്നത് എത്ര പെട്ടെന്നായിരുന്നു...!? അയാളുടെ ചുണ്ടുകള്‍ എന്റെ വലത് ചെവിക്ക് താഴെ പരതുവാനുള്ള ശ്രമം ഞാന്‍ തടഞ്ഞു. 

 
അല്ല, എന്റെയല്ല! അയാള്‍ക്ക് പെണ്ണുങ്ങളുടെ മുഴുവനും മനശാസ്ത്രം അറിയാം. 

ഇപ്പോള്‍ ഒരു വര്‍ഷമായി ഞാനയാളെ കണ്ടിട്ട്... 

യാതൊരു വിവരവുമില്ലാത്ത ഒരു വര്‍ഷം.. 

എത്രയോ വിളിച്ചു, മെസ്സേജുകള്‍ അയച്ചു..! 

ദിവസങ്ങള്‍ അയാളെ ഓര്‍ത്ത് ഞാന്‍ കരഞ്ഞ് തീര്‍ത്തു. എന്നെ സ്‌നേഹിക്കുന്നവരെയെല്ലാം ഞാനകറ്റി. അയാളെ പറ്റി മാത്രം ആലോചിച്ചു. 

ഞാനും അങ്ങനെ ഉപേക്ഷിക്കപ്പെട്ടു എന്ന തിരിച്ചറിവില്‍ ഞാന്‍ കരഞ്ഞു. ഒരാള്‍ മറ്റൊരാളാല്‍ തഴയപ്പെടുമ്പോള്‍ വ്രണപ്പെടുന്നത് അയാളുടെ അഭിമാനമാണ്...

അഭിമാനക്ഷതം പ്രതികാരമായി മാറുവാനധികം സമയം വേണ്ട. 

അയാളോടുള്ള സ്‌നേഹാധിക്യത്താല്‍ അയാളെ കൊല്ലാന്‍ ഞാന്‍ തീരുമാനിച്ചു. 

എങ്ങനെയെന്നൊന്നും അറിയില്ല. പക്ഷേ, കൊല്ലണം

അയാള്‍ വീണ്ടും ടൗണിലെത്തിയിട്ടുണ്ട് എന്ന വാര്‍ത്ത അറിഞ്ഞത് ഒരു ചങ്ങാതിയിലൂടെയാണ്. 

അയാളെ ഒന്ന് കാണാന്‍ എനിക്ക് കൊതിയായി. 

മൊബൈലെടുത്ത് അയാള്‍ക്ക് ഞാനൊരു മെസ്സേജിട്ടു. അയാള്‍ വായിക്കുമോ എന്നുറപ്പില്ലായിരുന്നു. 

'ഒരു വട്ടം കൂടി നിങ്ങളെന്റെ വലത് ചെവിക്ക് താഴെ ഉമ്മ വെക്കണം. ഞാന്‍ വരും.'

അന്ന് എനിക്കയാള്‍ മറുപടി അയച്ചു.

'യൂ ആര്‍ വെല്‍കം മൈ ഡിയര്‍'

അയാള്‍ പറഞ്ഞ ദിവസം തന്നെ ഞാന്‍ ചെന്നു. 

ഇത്തവണയും ബെല്ലടിച്ച് കാത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ പരവേശപ്പെട്ടു. അയാളെന്നോട് ഇറങ്ങി പോകാന്‍ പറയുമോ എന്ന് ഞാന്‍ പേടിച്ചു. 

വാതില്‍ തുറന്നപ്പോള്‍ അയാള്‍ ചിരിച്ച് കൊണ്ട് കൈകള്‍ വിരിച്ച് പിടിച്ചു. 

ഓടിച്ചെന്ന എന്നെ ചേര്‍ത്ത് പിടിച്ച് കൊണ്ട് അയാളെന്നോട് പറഞ്ഞു :

'എവിടെ ആയിരുന്നു എന്റെ സുന്ദരിക്കുട്ടീ നീയിത്രയും നാള്‍...?'

അയാളുടെ നെഞ്ചില്‍ ചേര്‍ന്ന് നിന്ന് കൊണ്ട് തലയുയര്‍ത്തി ഞാന്‍ നോക്കി ചിരിച്ചു. 

ഞാനിപ്പഴും അയാളില്‍ അഡിക്ട്് ആണോ...!? അയാളില്‍ എന്തോ ഒരു മാജിക് ഉള്ളത് പോലെ എനിക്ക് തോന്നി.

അയാളെ ഞാന്‍ കട്ടിലിലേക്ക് കൈ പിടിച്ച് വലിച്ച് കൊണ്ട് പോയി കിടത്തി. 

'നിനക്കെന്താ ഇത്ര തിരക്ക്?'

'കാരണം, ഞാനത്രക്ക് നിങ്ങളെ മിസ്സ് ചെയ്തു.'

ഞാനയാളുടെ ചുണ്ടിലമര്‍ത്തി ചുംബിച്ചു, അയാളെന്റെ കഴുത്തിലും..!

അയാള്‍ക്ക് വേണ്ടി ഞാന്‍ കരഞ്ഞതത്രയും സ്‌നേഹമായി ഞാന്‍ ഒഴുക്കി.. 

അവസാനം അയാളിത് പറയുന്നത് വരെ ഞാനയാളെ സ്‌നേഹിച്ച് കൊണ്ടേയിരുന്നു.

'നീയിന്ന് തീയാണ്. ആളിക്കത്തിക്കൊണ്ടേയിരിക്കുന്നു.'

'കനലടങ്ങിയിട്ടില്ല.'

എന്റെ നെറ്റിയിലയാള്‍ ഒരുമ്മ വെച്ച് കൈ രണ്ടും വിരിച്ച് വെച്ച് കിടന്നു. 

അയാളുടെ നരച്ച മുടിയില്‍ മെല്ലെ തലോടി ഞാനെഴുന്നേറ്റ് കിടക്കയിലുണ്ടായിരുന്ന എന്റെ ജീന്‍സും ടോപ്പും എടുത്തു. 

ബാത്ത്‌റൂമില്‍ പോയി മുഖമൊന്ന് കഴുകി മുറിയിലേക്ക് തിരികെ മുറിയിലേക്ക് വന്നപ്പോഴും അയാള്‍ അത് പോലെ തന്നെ കിടക്കുന്നുണ്ടായിരുന്നു...

എന്റെ ബാഗെടുത്ത് അതില്‍ നിന്നും രണ്ടായിരത്തിന്റെ ഒരു കെട്ടെടുത്ത് മേശമേല്‍ വെച്ചു. 

എന്നെ കണ്ടയാള്‍ ചോദിച്ചു :

'നീ ഇത്ര വേഗം പോകുവാണോ?'

'ഇതിനൊക്കെ എന്തിനാ കുറേ സമയം..ഉം?'

'അപ്പോ നീ എന്നോടുള്ള ഇഷ്ടം കൊണ്ട് വന്നതല്ലേ?'

'ഇഷ്ടം! ഒരാളോട് ഇത്രേം നാള് എങ്ങനെയാ ഇഷ്ടം വെച്ചോണ്ടിരിക്കുക? ഇഷ്ടങ്ങളങ്ങനെ മാറിക്കൊണ്ടേയിരിക്കും.'

എന്റെ ചിരി കണ്ട് അയാള്‍ക്ക് ദേഷ്യം വന്നു. 

'നീയെന്നെ കളിയാക്കുകയാണോ?'

'എന്തിന്... അതിന്റാവശ്യമില്ല. എനിക്ക് നിങ്ങളെ കാമിക്കാന്‍ തോന്നിച്ചു, വന്നു. അത്ര തന്നെ.'

'ഈ ബോള്‍ഡ്‌നെസൊക്കെ ഒരു ഷോ അല്ലേ മോളേ?'

ഞാനതിന് മറുപടി പറഞ്ഞില്ല. പകരം എന്റെ ബാഗെടുത്ത് അതില്‍ നിന്നും രണ്ടായിരത്തിന്റെ ഒരു കെട്ടെടുത്ത് മേശമേല്‍ വെച്ചു. 

അയാള്‍ അത്ഭുതത്തോടെ എന്നെ നോക്കി കൊണ്ടെഴുന്നേറ്റു.

ഞാനയാള്‍ക്ക് നേരെ തിരിഞ്ഞ് നിന്ന് കൈ കെട്ടി നിന്നു. 

'ഇതെന്തിനാ ക്യാഷ്?'

'ഇത് നിങ്ങള്‍ക്കാണ്.'

'എനിക്കോ? എന്തിന്?'

'നിങ്ങളെ ഞാന്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഉപയോഗിച്ചതിന്റെ കൂലി, അമ്പതിനായിരം.. അതാണ് നിങ്ങള്‍ക്ക് ഞാനിട്ടിരിക്കുന്ന വില.'

'എടീ...'

'അലറണ്ട, മാനം പോകും.'

അയാള്‍ ദേഷ്യത്തോടെ മേശയിലടിക്കുന്ന ശബ്ദം കേട്ട് കൊണ്ട് ഞാനിറങ്ങി പുറത്തേക്ക്. 

എന്റെ പ്രണയത്തിനും പ്രതികാരത്തിനും ഒരേ മധുരമാണ്...

ഇവിടെ അവസാനിക്കുന്നു എന്റെ പ്രണയവും!

എന്റെയുള്ളിലെ കനലും കെട്ടിരിക്കുന്നു!

Follow Us:
Download App:
  • android
  • ios