Asianet News Malayalam

എന്നിട്ടും ഞാനെല്ലാവരോടും പറഞ്ഞു; കാന്‍സര്‍ വന്നല്ല അപ്പച്ചന്‍ മരിച്ചത്!

എനിക്കും അപ്പച്ചനും അമ്മക്കും കെവിനും യാതൊരാപത്തും അപകടവും വരുത്തരുതേ കര്‍ത്താവേ എന്ന് മാത്രം ദിവസവും പ്രാര്‍ത്ഥിക്കുന്ന വെറും സ്വാര്‍ത്ഥയായ ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. ആ പ്രാര്‍ത്ഥന കാരണം മാരക രോഗങ്ങളൊന്നും ഞങ്ങള്‍ക്ക് വരില്ല എന്നൊരു വിശ്വാസവും എനിക്കുണ്ടായിരുന്നു. 

Tulu Rose Tony on cancer
Author
First Published Mar 19, 2018, 10:10 PM IST
  • Facebook
  • Twitter
  • Whatsapp

'ഹഹഹഹ. എടീ ടുലൂ, എന്റെ സിഗററ്റ് വലീടെ ഒരു ലെവല് വെച്ച് എനിക്ക് വരേണ്ടത് മിനിമം തേര്‍ഡ് സ്‌റ്റേജാ. ഇപ്പോ എനിക്ക് ജസ്റ്റ് തുടങ്ങിയിട്ടേയുള്ളൂ. അതില്‍ നിന്നും നമുക്കെന്ത് മനസ്സിലാക്കാം?'

ക്യാന്‍സര്‍ എനിക്ക് പേടിയായിരുന്നു, അപ്പച്ചന് വരുന്നത് വരെ.

അന്നൊരു നാള്‍.

'ടുല്വോ, ടെസ്റ്റ് റിസള്‍ട്ട് കിട്ടി. അപ്പച്ചന് സംഗതി മറ്റേതാ ട്ടാ'.

'....'

അപ്പച്ചന്റെ ചെറിയൊരു ചിരി എനിക്ക് കേള്‍ക്കാം.

'ടുലൂ...'

'ഉം, ഉറപ്പാണോ? ?'

'നീ വിഷമിക്കണ്ടെടീ. അപ്പച്ചനൊരു പേടീം ഇല്ല്യാ'

'ഉം.'

അന്ന് ആ ഫോണ്‍ വന്നതിന് ശേഷം നെഞ്ചിലൊരു കല്ലെടുത്ത് വെച്ച ഫീല്‍.

എനിക്കും അപ്പച്ചനും അമ്മക്കും കെവിനും യാതൊരാപത്തും അപകടവും വരുത്തരുതേ കര്‍ത്താവേ എന്ന് മാത്രം ദിവസവും പ്രാര്‍ത്ഥിക്കുന്ന വെറും സ്വാര്‍ത്ഥയായ ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. ആ പ്രാര്‍ത്ഥന കാരണം മാരക രോഗങ്ങളൊന്നും ഞങ്ങള്‍ക്ക് വരില്ല എന്നൊരു വിശ്വാസവും എനിക്കുണ്ടായിരുന്നു. 

ഭക്ഷണം ഇറക്കുമ്പോള്‍ തൊണ്ടക്കൊരു വേദന വന്ന് ഡോക്ടറെ കാണാന്‍ അപ്പച്ചന്‍ പോയപ്പോഴും സിഗററ്റ് വലി കൂടിയതിന്റെ പ്രശ്‌നം മാത്രം എന്നതില്‍ കവിഞ്ഞ് യാതൊരു ചിന്തയും എനിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ അപ്പച്ചന് തൊണ്ടയില്‍ ക്യാന്‍സര്‍ എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയം എടുത്തു. 

ലീവെടുത്ത് വീട്ടിലെത്തിയപ്പോള്‍ ഒരു ശ്മശാന മൂകത പ്രതീക്ഷിച്ച് കയറി ചെന്ന എന്നെ എതിരേറ്റത് ഏറ്റവും നല്ല ചിരി ചിരിച്ച് കൊണ്ട് അപ്പച്ചനായിരുന്നു.

അമ്മ കരയുകയായിരിക്കും എന്നോര്‍ത്ത് അടുക്കളയില്‍ ചെന്നപ്പോള്‍ അവിടെ എനിക്കിഷ്ടമുള്ള ബീഫും കായയും ഒക്കെ ഉണ്ടാക്കുന്ന തിരക്കില്‍ അമ്മ!

ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന് അമ്മ മുന്നില്‍ വന്നാ സത്യം വെളിപ്പെടുത്തി. 

'ശ്ശെടാ, നിങ്ങളൊക്കെ എന്താ ഇങ്ങനെ?'

'ഉം, എന്താ? എങ്ങനേന്ന്?'

'അല്ലാ, നമ്മടപ്പച്ചന് ക്യാന്‍സറായിട്ട് നിങ്ങള്‍ക്കൊന്നും ഒരു വെഷമോം ഇല്ല്യേ?'

'ഓഹ്! അതോ.. അത് നീയപ്പച്ചന്റെ മോന്ത കണ്ടോ? വല്ല കൂസലുമുണ്ടോന്ന് നോക്ക്.'

'അത് പിന്നെ പാവം, ഉള്ളില് സങ്കടം ഉണ്ടാവും. കാണിക്കാത്തതാകും.'

'ഓ പിന്നേ. ഒരു സങ്കടവുമില്ല. ദേ നോക്ക്, ഇപ്പോ അവിടെ നിന്ന് വലിക്കുന്നുണ്ടാകും. ' 

ഞാന്‍ പതുക്കെ തല മാത്രം പുറത്തിട്ട് നോക്കി. അമ്മ എത്ര ശരിയാ! ഒരു കൂസലുമില്ലാതെ റോഡിലേക്ക് നോക്കി നിന്ന് വലിക്കുന്നു. 

'ശ്ശെ! അതെന്താ അങ്ങനെ? സാധാരണ ക്യാന്‍സര്‍ എന്നൊക്കെ കേട്ടാല് ടെന്‍ഷനടിച്ച്, അപ്പ തന്നെ അറ്റാക്ക് വന്ന്, കിഡ്‌നി അടിച്ച് പോയി, തളര്‍ന്ന് വീഴേണ്ടതല്ലേന്നേ'

'??'

'അല്ലാ, ഞാനൊരു പൊതുകാര്യം പറഞ്ഞതാ.'

ബീഫൊലത്തുന്ന ചട്ടിയില്‍ തവി കൊണ്ട് രണ്ട് തട്ടും തട്ടി അമ്മ പതുക്കെ പറഞ്ഞു: 'അതേയ്, നിന്റപ്പച്ചനേയ് ആരാ മൊതല്ന്ന് നിനക്കറിയില്ല. പക്ഷേ, എനിക്ക് നന്നായിട്ടറിയാം. അങ്ങനേമിങ്ങനേമൊന്നും പേടിക്കണ ഐറ്റല്ല മോളേ അത്.'

'ഓ ഐ സീ. എന്നാലും അമ്മച്ചിക്കും വിഷമം ഇല്ല്യേ? അപ്പച്ചന്റെ കാര്യം പോട്ടെ. അമ്മക്കൊന്ന് വെഷമിക്കാരുന്നു ??'

ബീഫില് കായയിടുന്ന തിരക്കിലും അമ്മ ചിരിച്ചു.

'ഡോക്ടറ് പറഞ്ഞത് കേട്ടപ്പോ ഞാനൊന്ന് വിഷമിച്ചു. പിന്നെ നിന്റപ്പച്ചന്റെ ധൈര്യം കണ്ടപ്പോ.... അങ്ങേരല്ലേ നമ്മുടെ ധൈര്യം..!'

ഇങ്ങനെയൊക്കെ ആയപ്പോള്‍ എനിക്കും ചെറുതായി ധൈര്യവും ചിരിയും ഒക്കെ വന്നു. ഞാന്‍ പതുക്കെ ഹാളിലേക്ക് ചെന്ന് സോഫയിലിരുന്നു. സിഗററ്റ് വലിച്ച് വട്ടത്തില്‍ പുക വിട്ട് കൊണ്ട് അപ്പച്ചനെന്നെ ഒന്ന് നോക്കി.

'ഉം ഉം. വലിച്ചങ്ങട് കേറ്റിക്കോ. ഈ സാധനം ആണിപ്പോ ഈ പണ്ടാരം വരാന്‍ കാരണം. കൂടട്ടങ്ങട്. നല്ല പോലെ വലിക്ക് കേട്ടാ'

സിഗററ്റ് കുറ്റി മുറ്റത്തേക്കെറിഞ്ഞ് കൊണ്ട് അപ്പച്ചന്‍ ചിരിച്ചു. 

'ഹഹഹഹ. എടീ ടുലൂ, എന്റെ സിഗററ്റ് വലീടെ ഒരു ലെവല് വെച്ച് എനിക്ക് വരേണ്ടത് മിനിമം തേര്‍ഡ് സ്‌റ്റേജാ. ഇപ്പോ എനിക്ക് ജസ്റ്റ് തുടങ്ങിയിട്ടേയുള്ളൂ. അതില്‍ നിന്നും നമുക്കെന്ത് മനസ്സിലാക്കാം?'

'അപ്പച്ചന്റെ വലി ഇനിയും മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു എന്ന്'

'ഹഹഹഹ, അല്ല! നമുക്ക് ഭാഗ്യം ഉണ്ടെന്ന്.' 

ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കുമ്പോള്‍ പെട്ടെന്ന് അമ്മ മുന്നില്‍ വന്നാ സത്യം വെളിപ്പെടുത്തി. 

'ദേ, ബീഫും കായേം റെഡി. രണ്ട് പേരും വന്നാല് ചോറ് തരാം.'

തല്‍ക്കാലം ക്യാന്‍സറവിടെ നിക്കട്ടെ. വയറിന്റെ കാര്യം ശ്രദ്ധിക്കാം. ഞങ്ങള്‍ എണീറ്റ് കഴിക്കാന്‍ പോയി. 

ക്യാന്‍സറിന്റെ കളി അന്ന് മുതല്‍ തുടങ്ങുന്നത് ഞാന്‍ നേരില്‍ കണ്ടു.

'എന്ത് പറ്റീ, പഴേ പോളിങ്ങില്ലല്ലോ'

അപ്പച്ചന്‍ ഒരു കഷണം ബീഫെടുത്ത് ചവച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. 

'പണി മുടക്കിത്തുടങ്ങിയെന്നാ തോന്നണേ. തൊണ്ടേന്നിറങ്ങാനൊക്കെ ഒരു പിടുത്തം ഉണ്ട്.'

ക്യാന്‍സറിന്റെ കളി അന്ന് മുതല്‍ തുടങ്ങുന്നത് ഞാന്‍ നേരില്‍ കണ്ടു. കഴിച്ച് കഴിഞ്ഞെണീറ്റ് വായ കഴുകി കാര്‍ക്കിച്ച് തുപ്പിയപ്പോള്‍ രണ്ട് തുള്ളി ചോരയും വാഷ് ബേസിനിലേക്ക് തെറിച്ചു. 

'അതൊക്കെയുണ്ടാവും, പേടിക്കണ്ട.'

അന്തം വിട്ട് നില്‍ക്കുന്ന എന്നോടും അമ്മയോടും ചിരിച്ച് കൊണ്ട് പറഞ്ഞ് അപ്പച്ചന്‍ മുറിയിലേക്ക് പോയി. 

പിറ്റേന്ന് ഞങ്ങള്‍ മൂന്ന് പേരും കൂടെ ഡോക്ടറെ കണ്ട് മടങ്ങി വീട്ടിലെത്തിയപ്പോള്‍ അപ്പച്ചനൊരു പ്രഖ്യാപനം നടത്തി. 

'ഒരു കാരണവശാലും ഞാന്‍ റേഡിയേഷനും കീമോതെറാപ്പിയും ചെയ്യില്ല.'

ആരൊക്കെയോ ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിനെ പറ്റി ചില തെറ്റായ ധാരണകള്‍ അപ്പച്ചനോട് പറഞ്ഞിരുന്നു. ക്യാന്‍സര്‍ വന്ന രോഗികള്‍ പെട്ടെന്ന് മരിക്കുന്നത് റേഡിയേഷനും കീമോ തെറാപ്പിയും ചെയ്യുമ്പോഴാണ്, പോരെങ്കില്‍ ട്രീറ്റ്‌മെന്റ ചെയ്താല്‍ ഇപ്പോള്‍ ഉള്ള അപ്പച്ചന്റെ സ്ഥാനത്ത് അപ്പച്ചന്റെ  പ്രേതം ഇരിക്കും എന്നും ഒക്കെ ആയിരുന്നു അപ്പച്ചന്റെ മനസ്സില്‍. 

'പിന്നെന്താ അപ്പച്ചന്റെ പരിപാടി, ഒന്നും ചെയ്യാതെയങ്ങട് ചാവാന്നോ..?'

എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി. അമ്മ താടിക്ക് കൈ കൊടുത്ത് ആലോചിക്കാനും തുടങ്ങി. 

'അയ്യടി മോളേ. എന്റെ പട്ടി ചാവും. ഞാനേയ് നല്ലന്താസ്സായിട്ട് ആരോഗ്യത്തോടെ ഇരിക്കും. നിനക്ക് കാണണാ?'

ഹോ! ഓവര്‍ കോണ്‍ഫിഡന്‍സ്. 

'അതേയ്, പേട്യാന്നങ്ങട് പറഞ്ഞാ മതി കേട്ടാ. വലിയ ഡയലോഗ് വിടല്ലേ.'

ചില സമയത്ത് നമ്മുടെ മനസ്സ് നമ്മളേക്കൊണ്ട് ഓരോ കാര്യങ്ങള്‍ ചെയ്യിപ്പിക്കും. മരിക്കും എന്നുറപ്പായാല്‍ പെട്ടെന്ന് മരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യം കാണില്ല. മരണം വരെ സുഖായിട്ട് ജീവിക്കണം എന്നതേ ചിന്തിക്കൂ. അപ്പച്ചനും അതേ ചിന്തിച്ചുള്ളൂ.

ട്രീറ്റ്‌മെന്റിന്റെ കാര്യത്തില്‍ അപ്പച്ചന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം ഞങ്ങള്‍ ഒരു നിബന്ധന വെച്ചു.

'ശെരി, സമ്മതിച്ചു. പക്ഷേ, ഒറ്റക്കണ്ടീഷന്‍.'

'ഉം എന്താണാവോ?'

'അപ്പച്ചനിനി വലിക്കരുത്. നിര്‍ത്തണം പറ്റ്വോ?'

'അത്...'

'പറ്റില്ലേ പറ, നമുക്ക് നാളെ തന്നെ പോയേക്കാം.'

'ഓക്കേ. സമ്മതിച്ചിരിക്കുന്നു. ഞാനിനി വലിക്കില്ല.'

സമ്മതിച്ചെങ്കിലും അത് ബുദ്ധിമുട്ടാണെന്ന് അപ്പച്ചനെ പോലെ ഞങ്ങള്‍ക്കും അറിയാമായിരുന്നു. കാരണം, അപ്പച്ചന്റെ ആദ്യ ഭാര്യ എന്നും സിഗററ്റായിരുന്നു. 

പക്ഷേ, ഞങ്ങളെയൊക്കെ അത്ഭുതരാക്കിക്കൊണ്ട് അപ്പച്ചന്‍ വലി നിര്‍ത്തി. 

'എന്നാലുമെന്റപ്പച്ചാ, ഇതെങ്ങെനെ? അപ്പച്ചന്‍ ധ്യാനം കൂടാന്‍ പോയാ?'

'പൊന്ന് മോളേ, വല്യ ബുദ്ധിമുട്ടാ. ഇപ്പോ സിഗററ്റ് വലിക്കാന്‍ തോന്ന്യാല് ഞാനാ ലക്ഷ്മീ നായര്‌ടെ റെസീപ്പികളെടുത്തങ്ങട് പരീക്ഷിക്കും. നല്ല ആശ്വാസം കിട്ടും.'

'ആഹ, വെര്‍തെയല്ല ഇപ്പ കറികളൊന്നും കഴിക്കാന്‍ പറ്റാത്തേ അല്ലേ.'

അങ്ങനെയങ്ങനെ അപ്പച്ചനുണ്ടാക്കി കൊടുത്ത് വിടുന്ന സാധനങ്ങളുമായി ഞാന്‍ ബാംഗ്ലൂരിലേക്ക് വണ്ടി കയറാന്‍ തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞ് പോകും തോറും ക്യാന്‍സറിനെ ഞങ്ങള്‍ പതിയെ മറക്കാനും തുടങ്ങി. അപ്പച്ചനാണെങ്കില്‍ പഴയതിനേക്കാള്‍ ഉഷാറോടെ വളര്‍ന്ന് വലിയ കുട്ടിയുമായി. 

എങ്കിലും, ആരുമറിയാതെ ഒരു ക്യാമറയുമായി അമ്മ അപ്പച്ചന്റെ പുറകേ ഉണ്ടായിരുന്നു. അപ്പച്ചന്റെ ഓരോ നീക്കങ്ങളും അമ്മ ശ്രദ്ധിച്ചു. 

ഒരു ദിവസം ഇടിത്തീ പോലെ ആ വാര്‍ത്ത അമ്മ എന്നെ അറിയിച്ചു.

'ടീ, അപ്പച്ചന്‍ രഹസ്യായിട്ട് കുടി പിന്നേം തുടങ്ങീട്ടുണ്ട്.'

'ങ്‌ഹേ! അതെങ്ങെനെ അറിഞ്ഞു?'

'നിന്റപ്പച്ചന്റെ പഴേ മണങ്ങളൊന്നും ഞാന്‍ മറന്നിട്ടില്ലെടീ. ഇന്നലെ രാത്രി പണ്ടത്തെ അതേ മണമായിരുന്നു അപ്പച്ചന്.'

പതുക്കെ പതുക്കെ രഹസ്യം പരസ്യമാക്കി അപ്പച്ചന്‍. ആരുമറിയാതെ കുടിച്ചിരുന്നത് എല്ലാവരുടേയും മുന്നിലിരുന്ന് കുടിക്കാന്‍ തുടങ്ങി. 

തൊണ്ടയിലെ ക്യാന്‍സറിന് മദ്യം കുഴപ്പമില്ല, സിഗററ്റാണ് പ്രശ്‌നം എന്നൊരു തത്വവും പിതാശ്രീ ഇറക്കി. 

സംഗതി കുറേശ്ശെ വഷളാവാന്‍ തുടങ്ങിയിരുന്നു. അത് വരെ നല്ല ആരോഗ്യത്തോടെയിരുന്നിരുന്ന ആള്‍ ക്ഷീണിക്കാന്‍ തുടങ്ങി. കുടിക്കുമ്പോള്‍ ഭക്ഷണം തീരെ കഴിക്കാതായി. ചെറുതായി ബോധക്കേടും തുടങ്ങി. 

ആര് പറഞ്ഞാലും അനുസരിക്കില്ല എന്ന ഒരു പ്രത്യേക തരം രോഗത്തിന് അടിമ ആയിരുന്നു അപ്പച്ചന്‍. അതുകൊണ്ട് തന്നെ അമ്മയും കെവിനും പിറുപിറുത്ത് കൊണ്ടേയിരുന്നു. 

സ്ഥിതി വഷളാകുന്നതറിഞ്ഞ് ഞാനെത്തി. എങ്ങനെയേലും ട്രീറ്റ്‌മെന്റ് ചെയ്യണം എന്ന ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ.

എന്നെ കണ്ട് അപ്പച്ചന്‍ ആടിക്കൊണ്ട് നിന്ന് ചിരിച്ചു. 

'അല്ലാ, എന്താ ഉദ്ദേശ്യം?'

'അ - ആ! നീയെന്താ ഇവിടെ?'

'ലീവിന് വന്നതാ.'

'എന്തിന്?'

'ദേ അപ്പച്ചാ, മര്യാദക്ക് പറ. എന്താ ഉദ്ദേശ്യം?'

'എടീ, അത് പിന്നെ കുടിക്കാതിരുന്നത് കൊണ്ട് തൊണ്ടയിലെ സാധനം കുറയുകയൊന്നുമില്ല. കുടിച്ചാലൊട്ട് കൂടേമില്ല. എന്നാ പിന്നെ വലിക്കാതിരുന്നാ പോരേന്ന് ചോദിച്ചു'

'ആര് ചോദിച്ചു?'

'അല്ലാ, ഞാനെന്നോട് തന്നെ ചോദിച്ചു.'

'??'

'അല്ലേലും എനിക്കിപ്പോ ഒരു കുഴപ്പോമില്ല. നീ ഇവിടെ നിന്നിട്ട് കുഴപ്പൊന്നും ഉണ്ടാക്കാതിരുന്നാ മതി.'

'ഹലോ, നാക്ക് കൊഴയണൂ'

'ആഹ്! അതീ നാക്കിന്മേല് കുരു ഉണ്ട്. അതാ.'

'എന്തിനാ ആടണേ പിന്നെ?'

'അത് ഞാന്‍ മനസ്സില് പാട്ട് പാടി ആസ്വദിക്കണതാടീ.'

എനിക്ക് ദ്വേഷ്യം വന്നിട്ട് അപ്പച്ചനിട്ട് ഒരു തള്ള് വെച്ച് കൊടുക്കാന്‍ തോന്നി'

'ദേ അപ്പച്ചാ, നാളെ മര്യാദക്ക് ഡോക്ടറെ കാണാന്‍ വന്നോണം'

അത് വരെ ആടിയാടി ശാന്തനായി നിന്നിരുന്ന ആള്‍ പെട്ടെന്ന് എന്റടുത്തേക്ക് വന്നു, വിരല് ചൂണ്ടി പറഞ്ഞു: 'ടീ, ടീ മോളേ, കളിക്കല്ലേ. ടോണ്യേട്ടനെ നിനക്കറിയില്ലാ ട്ട'

'??'

'ടോണ്യേട്ടന്റടുത്ത് കളിക്കാന്‍ വരല്ലേ മോളേ.ങ്ഹാ!'

'ഏത് ടോണ്യേട്ടന്‍'

'ഈ ടോണ്യേട്ടന്‍'

സ്വന്തം നെഞ്ചില് കുത്തിക്കൊണ്ട് 'ടോണ്യേട്ടന്‍' ടോണ്യേട്ടനെ കാണിച്ച് തന്നു.

ഓഹോ! അടിച്ച് ഫിറ്റായിട്ട് റിലേ പോയതാണ്. 

ഞാനാരാണെന്നും അപ്പച്ചനാരാണെന്നും വലിയ പിടിയില്ലെന്ന് തോന്നുന്നു'

'ദേ, ഞാനിപ്പോ ഒന്ന് തൊട്ടാല്‍ ടോണ്യേട്ടനങ്ങടാ വീഴും. വേണാ വേണാ'

എനിക്ക് എന്റെ ദേഷ്യം കൂടാന്‍ തുടങ്ങി. 'ടോണ്യേട്ടനാ'ണെങ്കില്‍ എന്നെ തല്ലിക്കോ എന്ന ഭാവത്തില്‍ നനഞ്ഞ സിംഹത്തിനേ പോലെ വരുന്നുമുണ്ട്. 

'തൊടെടീ, ധൈര്യൊണ്ടെങ്കീ തൊടെടീ'

ശ്ശെടാ! ഇത് വല്ലാത്ത കുരിശായല്ലോ'

ഞാനവിടുന്ന് പതുക്കെ വലിഞ്ഞു. അപ്പോഴുണ്ട് 'ടോണ്യേട്ടന്‍' എന്റെ പുറകേ ഡാന്‍സും ചെയ്ത് കൊണ്ട് വരുന്നു. കുന്തം! 

ഇയ്യാളിന്നെന്റെ കൈയ്യീന്ന് വാങ്ങും. പണ്ട് എന്നേയും കെവിനേയും ഇട്ട് പേടിപ്പിച്ചതിന് തിരിച്ച് പകരം വീട്ടിയാലോ.

വേണ്ട, ട്രീറ്റ്‌മെന്റ് കഴിയട്ടെ. എന്നിട്ടാവാം പ്രതികാരം!??

വീട് മുഴുവനും നീന്തി നടന്ന അപ്പച്ചനെ പിടിച്ച് എങ്ങനെയൊക്കെയോ അമ്മ മുറിയില്‍ കൊണ്ട് കിടത്തി.

ഹാവൂ! സമാധാനം.

കെട്ടിയിട്ടാണെങ്കിലും നാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയേ പറ്റൂ...!

പിറ്റേ ദിവസം ഞാനെഴുന്നേറ്റ് വന്നപ്പോള്‍ 'ടോണ്യേട്ടന്‍' എന്നെ നോക്കി ചിരിച്ചു. 

ഒള്ളത് പറയണമല്ലോ, യാതൊരു ചമ്മലുമില്ല.

നിരന്തരമായുള്ള ഞങ്ങളുടെ ബ്രെയിന്‍വാഷിന്റെ ഫലമായി അവസാനം അപ്പച്ചന്‍ അമൃത ഹോസ്പിറ്റലില്‍ പോകാം എന്ന് സമ്മതിച്ചു. 

'ദേ, ഞാനിപ്പോ ഒന്ന് തൊട്ടാല്‍ ടോണ്യേട്ടനങ്ങടാ വീഴും. വേണാ വേണാ'

അങ്ങനെ ഞങ്ങള്‍ എറണാകുളം അമൃതയിലേക്ക് ടൂറ് പോകുന്നത് പോലെ പോയി. അവിടെ ചെന്ന് ഡോക്ടറെ കണ്ട്, ട്രീറ്റ്‌മെന്റിനായി അഡ്മിറ്റായി. 

അവര്‍ പതിവ് പോലെ തന്നെ വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാതെ അപ്പച്ചന് റേഡിയേഷനും കീമോതെറാപ്പിയും തുടങ്ങി. 

ഒരു റേഡിയേഷന്‍
രണ്ട് റേഡിയേഷന്‍
ചറപറ റേഡിയേഷന്‍...

ഈ 'ചറപറ' ക്ക് ശേഷം അപ്പച്ചന്റെ കഴുത്ത് കരിഞ്ഞത് പോലെ ആയി. താടിയെല്ലാം കൊഴിഞ്ഞു. ഓര്‍മ്മ വെച്ചതില്‍ പിന്നെ ആദ്യമായാണ് ഞാന്‍ അപ്പച്ചനെ താടിയില്ലാതെ കാണുന്നത്. 

'ആഹാ! വെറുതെയല്ല താടിയും വെച്ച് നടന്നിരുന്നെ അല്ലേ?' 

'ഉം?'

'അല്ലാ, താടിയില്ലാതെ അപ്പച്ചനെ കാണാന്‍ ഭയങ്കര ബോറാ.'

'ഈ റേഡിയേഷനൊന്ന് കഴിഞ്ഞോട്ടെ മോളേ. നല്ല അടിപൊളി ബുള്‍ഗാന്‍ വെച്ചിട്ടൊരു വരവ്ണ്ട് ഞാന്‍'

'ഓഹ്! പിന്നേം ഓവര്‍ കോണ്‍ഫിഡന്‍സ്'

റേഡിയേഷന്‍ തുടങ്ങിയപ്പോഴും,തൊലി കരിഞ്ഞപ്പോഴും, താടി പോയപ്പോഴും മാന്‍ കുട്ടി പോലെ ഇരുന്നിരുന്ന അപ്പച്ചന്‍ പക്ഷേ, കീമോ തുടങ്ങിയതിന് ശേഷം പഴയ സിംഹമായി മാറി. അതും പേ പിടിച്ച സിംഹം...!

തൊട്ടതിനും പിടിച്ചതിനും ഒക്കെ ദ്വേഷ്യം. അമ്മയെ കാണുന്നതേ ഏറ്റവും ദ്വേഷ്യം. അമ്മയാണെങ്കില്‍ പേടിച്ച് പേടിച്ച് ഓരോന്ന് ചെയ്യാന്‍ തുടങ്ങി, മാറി നിന്ന് കരയുവാനും...!

ഡോക്ടറും നഴ്‌സ്മാരും അമ്മയുടെ കൂടെ നിന്നാശ്വസിപ്പിച്ചു:

'ഇതൊക്കെയുണ്ടാവും, കീമോ ചെയ്യുന്നത് കൊണ്ടാണ്. ശരീരത്തിന്റെ അസ്വസ്ഥതയാണ് ദ്വേഷ്യമായി പുറത്ത് വരുന്നത്. ഒക്കെ മാറും.'

അമ്മ വഴക്കും തെറിയും കേട്ട് ചെവിയില്‍ പഞ്ഞി വെച്ച് അപ്പച്ചന്റെ കൂടെ കിടന്നു. 

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ട്രീറ്റ്‌മെന്റ് എന്ന യുദ്ധം അവസാനിച്ചു. ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറിഎന്ന ഉറപ്പോടെ അപ്പച്ചന്റെ വയറ്റിലൊരു കുഴലുമിട്ട്  ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.

'ഇതെന്തിനാപ്പച്ചാ ഈ കുഴല്'

'ആഹ്! ഇനി ഞാന്‍ ചോറൊക്കെ തിന്നണത് ഇതിലൂടെയാരിക്കും'.

'ഹോ!'

'അതിനെന്താ, എനിക്കിനി എളുപ്പായില്ലേ. സാധനം പെട്ടെന്ന് വയറ്റിലെത്തിക്കോളുമല്ലോ.'

'കൊഴലീക്കൂടെ മറ്റേ സാധനം കേറ്റി വിടല്ലേ ട്ടാ. പണി പാളും.'

അതിന് അപ്പച്ചനൊന്ന് ഉറക്കെ ചിരിച്ചു.

വിടുമെന്നോ, ഇല്ലെന്നോ..'

വീട്ടിലേക്ക് വന്ന അപ്പച്ചനുണ്ടായ മാറ്റം പെട്ടെന്നായിരുന്നു. ഏറ്റവും ഉഷാറോട് കൂടെ എല്ലാം ചെയ്യാന്‍ തുടങ്ങി. 

ക്യാന്‍സര്‍ വന്ന ടോണ്യേട്ടനെ കാണാന്‍ വരുന്നവരെ വീട്ടിലേക്ക് സ്വീകരിച്ചിരുത്തി അവരോടൊക്കെ ക്യാന്‍സറ് സൂപ്പറാണെന്നും പറയാന്‍ തുടങ്ങി.

ഒരു രോഗിയായി കിടക്കുന്ന അപ്പച്ചനെ കാണുമെന്ന പ്രതീക്ഷയോടെ വന്നവര്‍ അപ്പച്ചന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് അന്തം വിട്ട് നിന്നു. 

വരുന്നവരോടെല്ലാം ട്രീറ്റ്‌മെന്റിന്റെ ഗുണങ്ങളെ പറ്റിയും വയറിലിട്ടിരിക്കുന്ന കുഴലിനെ പറ്റിയും ഉത്സാഹത്തോടെ വിവരിച്ചു. 

കേട്ടിരിക്കുന്നവര്‍ക്ക് 'ആഹ! ക്യാന്‍സറ് കൊള്ളാല, എനിക്കും വേണം' എന്ന് തോന്നുന്ന വിധത്തിലായിരുന്നു അപ്പച്ചന്റെ വിവരണം.

അങ്ങനെയങ്ങനെ വീണ്ടും അപ്പച്ചന്‍ വളര്‍ന്ന് വലിയ കുട്ടിയാവാന്‍ തുടങ്ങി. വെളുത്ത് തുടുത്ത് നല്ല കുട്ടപ്പനായി മാറി. 

'അപ്പച്ചാ, അപ്പച്ചന് ശെരിക്കും ഒരിക്കല്‍ പോലും പേടി തോന്നിയില്ലേ?'

ഒരു ദിവസം ഞാന്‍ ചോദിച്ചു. 

ചെറുതായി വന്ന് തുടങ്ങിയ താടിരോമങ്ങളില്‍ പരതിക്കൊണ്ട് അപ്പച്ചന്‍ ചാര് കസേരയിലിരുന്ന് ആടിയാടി ഉറക്കെ ചിരിച്ചു. 

'ടുല്വോ, മരിക്കുമെന്നുറപ്പായാലും നല്ല ധൈര്യത്തോടെയങ്ങടിരിക്കണം, ചാവണത് വരെ. അപ്പോള്‍ മരണം പോലും ഒന്ന് അറക്കും. ഇതില്‍ നിന്നും എന്ത് മനസ്സിലാക്കാം?'

'ക്യാന്‍സൊറൊക്കെ ചീള്‌കേസാണെന്ന് മനസ്സിലാക്കാം.'

'ആഹ്! അതെ ഈ ക്യാന്‍സറൊക്കെ എന്ത്'

ഞാനൊന്നനങ്ങിയിരുന്നു. 

'പക്ഷേ, ഓവര്‍ ധൈര്യമായിട്ട് വേറെ വല്ലതിനും പോയാല് അപ്പച്ചനും മനസ്സിലാക്കും എന്റെയും ധൈര്യം. യുദ്ധമാരിക്കും പിന്നെ, യുദ്ധം!'

'ഔ! ഞാനങ്ങനെ ചെയ്യുവോടീ. ഞാന്‍ നന്നായി. നോക്ക് വണ്ണം വെച്ചിരിക്കണത്'

ഇതൊക്കെ കഴിഞ്ഞും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് വെറും ഒരു കാര്‍ഡിയാക് അറസ്റ്റിലൂടെ അപ്പച്ചന്‍ ടാറ്റാ പറഞ്ഞപ്പോഴും ഞാനൊരു വാശിയോടെ എല്ലാവരോടും പറഞ്ഞു :

'ക്യാന്‍സര്‍ വന്നിട്ടല്ല എന്റപ്പച്ചന്‍ മരിച്ചത്.'

 

ടുലുനാടന്‍ കഥകള്‍ ഇതുവരെ

അതായിരുന്നു അയാളോടുള്ള പ്രണയം; പ്രതികാരവും!

അങ്ങനെ ഞാനും ഒരു മാധവിക്കുട്ടിയായി!

ഒരു കല്യാണം; അത്രയേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ...!
 

Follow Us:
Download App:
  • android
  • ios