Asianet News MalayalamAsianet News Malayalam

അപ്പച്ചന്റെ എസ്എസ്എല്‍സി  ബുക്ക്!

ഞങ്ങളുടെ ഈ സന്തോഷത്തിന് ഒരു ചെറിയ പ്രതികാരം കൂടി അടങ്ങിയിട്ടുണ്ട്. അതായത്, പണ്ടൊക്കെ അപ്പച്ചനിടക്കിടക്ക് ഞങ്ങളെ ടാഗ് ചെയ്ത് നാറ്റിക്കുമായിരുന്നു. ഞങ്ങളുടെ ഐ.ഡി യില്‍ നുഴഞ്ഞ് കയറി ടൈം ലൈനില്‍ കേറി പബ്ലിക്കായി ട്രോള്‍ ചെയ്ത് നാണം കെടുത്തിക്കളയും. അതിനൊക്കെ കേറി കമന്റിടാന്‍ കുറേ ഫേയ്ക്ക് പ്രൊഫൈലുകളും

Tulu Rose Tony on fathers SSLC book
Author
First Published Apr 25, 2018, 6:59 PM IST
  • Facebook
  • Twitter
  • Whatsapp

പ്രതികാരം ചെയ്യാന്‍ നല്ലൊരു അവസരമായിരുന്നു. പക്ഷേ, ഇതൊക്കെ മുന്‍കൂട്ടി കണ്ട് കൊണ്ടാവണം അപ്പച്ചന്‍ ഒരു മുന്നറിയിപ്പ് തരാതെയങ്ങ് പോയത്. അല്ലെങ്കിലും കാഞ്ഞ ബുദ്ധിയായിരുന്നു അങ്ങേര്‍ക്ക്. ഇപ്പോ കൈയില് കിട്ടിയിരുന്നേല് ചൂരല് വെച്ച് നാല് പെട അപ്പച്ചന്റെ ചന്തിക്കിട്ട് കൊടുക്കാമായിരുന്നു എന്നോര്‍ത്ത് കിടന്ന് ഉറങ്ങിപ്പോയി.

പഴേ കുപ്പി, പാട്ട, തുണി ഒക്കെ അടുക്കി പെറുക്കി വെക്കണതിനിടയില്‍ അമ്മക്ക് അപ്പച്ചന്റെ എസ്എസ്എല്‍സി ബുക്ക് കിട്ടി. വര്‍ഷം 1965 ലെ. ഒരു കേട് പോലുമില്ല. പൊന്ന് പോലെ അപ്പച്ചന്‍ സൂക്ഷിച്ചിരുന്നതാ, ഞങ്ങളൊന്നും കാണാതെ.

ടി.വി. കണ്ടിരിക്കുന്നതിനിടയില്‍ അമ്മ അതെനിക്ക് കൊണ്ട് തന്നു.

'ദേ നോക്ക്യേ'

'അയ്യേ, SSLC ബുക്ക്. അഹ്!'

എനിക്കാ സാധനം കാണുന്നതേ ഇഷ്ടമല്ല, ആരുടെയാണെങ്കിലും. 

'ടീ, അപ്പച്ചന്റെ ബുക്കാ. സാധനങ്ങളൊതുക്കിയപ്പോള്‍ കിട്ടിയതാ.'

അപ്പച്ചന്റെയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വാങ്ങി, നിവര്‍ത്തി നോക്കി. 

'അമ്പട പൊന്നപ്പച്ചാ! അപ്പച്ചനാള് കൊള്ളാലാ. എല്ലാറ്റിനും മൊട്ടയോട് മൊട്ട..!'-ഞാനന്തം വിട്ടു. ??

'എല്ലാറ്റിനും തോറ്റിരിക്ക്യാ.' - അമ്മ ചിരിച്ചു.

എന്തൊരു ആത്മസന്തോഷം അമ്മക്ക്. 

അത് കേട്ടപ്പോള്‍ എനിക്കും സന്തോഷമായി. അതും പോരാഞ്ഞ് ആ ബുക്കെടുത്ത് അമ്മ കെവിനും കൊടുത്തിട്ട് പറഞ്ഞു :

'ടാ അപ്പച്ചന്റ്യാ. നോക്ക്യേ, തോറ്റ് തൊപ്പിയിട്ടിരിക്ക്യാ.'
 
വീണ്ടും അമ്മക്ക് ആത്മസന്തോഷം.

എനിക്ക് തെറ്റിയില്ല, കെവിനും സന്തോഷം...

ഞങ്ങളുടെ ഈ സന്തോഷത്തിന് ഒരു ചെറിയ പ്രതികാരം കൂടി അടങ്ങിയിട്ടുണ്ട്. അതായത്, പണ്ടൊക്കെ അപ്പച്ചനിടക്കിടക്ക് ഞങ്ങളെ ടാഗ് ചെയ്ത് നാറ്റിക്കുമായിരുന്നു. ഞങ്ങളുടെ ഐ.ഡി യില്‍ നുഴഞ്ഞ് കയറി ടൈം ലൈനില്‍ കേറി പബ്ലിക്കായി ട്രോള്‍ ചെയ്ത് നാണം കെടുത്തിക്കളയും. അതിനൊക്കെ കേറി കമന്റിടാന്‍ കുറേ ഫേയ്ക്ക് പ്രൊഫൈലുകളും.

അമ്മക്കുള്ള ടാഗ് : 
'നീയൊക്കെ സ്‌കൂളീ പോയിണ്ട്‌റീ? പത്താം ക്ലാസീ തോറ്റോളാന്നോര്‍മ്മണ്ടാടീ നിനക്ക്?'

കമന്റ് :
'നീയെന്തിനാണ്ടാ ഇവളെ കെട്ട്യേ? പഠിപ്പ്‌ള്ളേനെ നോക്കണ്ടാര്‍ന്നാ ?'

കെവിനുള്ള ടാഗ് : 
'പത്തില് തോറ്റിട്ട്ങ്ങടാ വാടാ നീയ്. മുട്ട്കാലാ തല്ല്യൊടിച്ചിടുടാ നെന്റെ.'

കമന്റ് :
'ചെക്കന്റെ കൂട്ടൊന്നും ശെര്യല്ലാട്ട്‌റാ ടോണ്യേ. നല്ലോണൊന്ന് പിടിച്ചോട്ടാ നീയ്.'

എനിക്കുള്ള ടാഗ് : 
'ടുല്വോ, പത്തില് ഫസ്റ്റ്് ക്ലാസ്സ്ല്ല്യാണ്ടീ പടി കടക്കണ്ടാ ട്ടാ. വല്ല റോഡ് പണിക്കും പൊക്കോ പിന്നെ.' 

കമന്റ് : 
'ഔ ഈ ക്ടാവ് എന്തുട്ടാ സാധനം....! ഇതിനൊക്കെ നീയേത് സമയത്താണ്ട്‌റോ ഇണ്ടാക്ക്യേറാ ടോണ്യേ? ഹഹഹഹ.'

ഞങ്ങളിതൊക്കെ കണ്ട് വിഷമിച്ച് അമ്മയുടെ കൂടെയിരുന്ന് ബൈബിള്‍ തുറന്ന് വെച്ച് ഓരോരുത്തരും ഓരോ കൊന്ത കര്‍ത്താവിന് പോസ്റ്റ് ചെയ്യും. 

'എന്റെ കര്‍ത്താവീശോമിശിഹായേ, ഈയപ്പച്ചന്റെ എക്കൗണ്ട് ആരേലും ഒന്ന് ഹാക്ക് ചെയ്ത് ഡിലീറ്റാക്ക്യാ തന്നാല്ണ്ടല്ലാ...മാതാവാണേ, ഔസേപ്പുണ്യാളന്‌ണേ, എര്‍പ്പായി മാലഖ്യണേ, മ്മടെ എവ്പ്രാസ്യമ്മ്യണേ ഞങ്ങള് എല്ലാ ദിവസോം കാലത്ത് ആറരേടെ കുര്‍ബ്ബാനക്കാ വന്നോണ്ട് മൊടങ്ങാണ്ട്. ഞങ്ങടെ ഈ പ്രാര്‍ത്ഥന നീ വൈറലാക്കി തരില്ലേ..? തരില്ലേ നീ കര്‍ത്താവേ?'

ഞങ്ങളുടെ ആ പ്രാര്‍ത്ഥനക്ക് കിട്ടിയ ലൈക്ക്‌സ് കണ്ട് ദൈവത്തിന് സഹതാപം തോന്നിച്ചിട്ട് തന്നെയാണ് കെവിന്‍ എസ്എസ്എല്‍സി ജയിച്ചത്. അല്ലാതെ അവന്‍ ജയിക്കാന്‍ ഒരു വഴിയുമില്ല.

കെവിന്റെ റിസള്‍ട്ടറിയുന്ന ദിവസം അമ്മ കൊന്തയും പിടിച്ച് ക്ലോസറ്റിലിരുന്നു. വയറിളക്കം തന്നെ വയറിളക്കം. പാരമ്പര്യമായി ക്ലോസറ്റ് ഒരു വീക്‌നെസ്സുള്ള തറവാട്ട്കാരാണ് ഞങ്ങള്‍.

കെവിന്‍ വന്ന് വാതിലില്‍ തട്ടി ഇങ്ങനെ പറയുന്നത് വരെ അമ്മ ക്ലോസറ്റില്‍ തന്നെയിരുന്നു.

'ഹമ്മേ... അമ്മേടെ മോന്‍ ജയിച്ചമ്മേ, പത്ത് ജയിച്ചമ്മേ.'

ഉഗ്രശപഥമെടുത്ത ദ്രൗപദിയെ പോലെ അമ്മ പൈപ്പ് നിര്‍ത്തി വാതില്‍ തുറന്നു.

'അമ്മേ, എന്റെ മാര്‍ക്ക്...'

കെവിന്‍ പറഞ്ഞ് തീര്‍ന്നില്ല, അമ്മ കേറി തംസപ്പ് സ്റ്റിക്കറിട്ടു.

'വേണ്ടെടാ വേണ്ട. പാസ്സ് ഓര്‍ ഫെയില്‍ ജസ്റ്റ് ക്ലിക്ക് ഓണ്‍ പാസ്സ് ബട്ടണ്‍.'

കെവിന്‍ പാസില്‍ ക്ലിക്ക് ചെയ്തതും അവന്റെ മുന്നോട്ടുള്ള ഭാവിയുടെ ഗേയ്റ്റ് അപ്പച്ചന്‍ മലര്‍ക്കെ തുറന്നിട്ടു. 

ഇങ്ങനെയൊക്കെ ഞങ്ങളെ പേടിപ്പിച്ച് പഠിപ്പിച്ച അപ്പച്ചന്റെ  എസ്എസ്എല്‍സി ബുക്കും പിടിച്ച് ഞാനിരുന്നു. 

പ്രതികാരം ചെയ്യാന്‍ നല്ലൊരു അവസരമായിരുന്നു. പക്ഷേ, ഇതൊക്കെ മുന്‍കൂട്ടി കണ്ട് കൊണ്ടാവണം അപ്പച്ചന്‍ ഒരു മുന്നറിയിപ്പ് തരാതെയങ്ങ് പോയത്. അല്ലെങ്കിലും കാഞ്ഞ ബുദ്ധിയായിരുന്നു അങ്ങേര്‍ക്ക്. 

ഇപ്പോ കൈയില് കിട്ടിയിരുന്നേല് ചൂരല് വെച്ച് നാല് പെട അപ്പച്ചന്റെ ചന്തിക്കിട്ട് കൊടുക്കാമായിരുന്നു എന്നോര്‍ത്ത് കിടന്ന് ഉറങ്ങിപ്പോയി.

അപ്പോഴാണ്.... 

ദേ അപ്പച്ചന്‍ വരുന്നു... ??

ഞാന്‍ : 'അയ്യോ! അപ്പച്ചാ! '

അപ്പച്ചന്‍ : 'ടുല്വോ, ഓളിടല്ലെരീ ക്ടവേ. ഒര്‍ങ്ങണൊരൊക്ക്യങ്ങടാ എണീക്കും.'

ഞാന്‍ : 'ഞാനപ്പച്ചനെ കൈയീ കിട്ടാന്‍ കാത്തിരിക്ക്യാര്‍ന്നു. നല്ല പണ്യാട്ടാ അപ്പച്ചന്‍ കാട്ടീത്'

അപ്പച്ചന്‍ : 'അയ്! അയ്‌ന് ഞാനെന്തൂട്ടാ ചെയ്‌തേ? ആ ടൈമില് അറ്റാക്കാ വരുംന്ന് മ്മക്കറിയ്യോ ടീ?'

ഞാന്‍ : 'ഹ ! അറ്റാക്ക് വന്നതൊന്നല്ലെന്റപ്പച്ചാ.'

അപ്പച്ചന്‍ : 'പിന്നെന്തൂട്ട്ണ് ടീ മോളേ?'

ഞാന്‍ : 'അല്ലാ, അപ്പച്ചന്‍ പത്ത് ജയിച്ച്ണ്ടാ?' 

അപ്പച്ചന്‍ : ' അതെന്തണ്ടിസ്റ്റോ ഇപ്പങ്ങനൊര് സംശ്യം?'

ഞാന്‍ : 'ദേ, ഇനീം നൊണ്യാ പറയാന്നെക്കണ്ടാട്ടാ. ഇത് കണ്ടാ, എന്തൂട്ടാത് ന്ന് നോക്ക്യേന്‍'

അപ്പച്ചന്‍ വെള്ള പാന്റിന്റെ പോക്കറ്റീന്ന് സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണട വെച്ച് എസ്എസ്എല്‍സി ബുക്കിലേക്ക് നോക്കി. എന്നിട്ടെന്നെ നോക്കി ഒരു പൂ വിടരുന്ന പോലത്തെ ചിരി തന്നു. ഇത്ര ഭംഗിയൊന്നും പണ്ട് അപ്പച്ചന്റെ ചിരിക്കുണ്ടായിരുന്നില്ല. ചിരി തന്നെ കുറവായിരുന്നു. 

ഞാന്‍ : 'ആഹാ ! അത് ശരി! ഇവടന്ന് പോയപ്പ പാന്റൊക്ക്യായാ? കൊള്ളാലാ..'

അപ്പച്ചന്‍ : 'അത് പിന്നില്ലേയ്,  മ്മളീ സൊര്‍ഗ്ഗത്തീ കൂടെ ചെര്‍കൊക്കെ വെച്ച് പറന്ന് നടക്കലാണല്ല പണി. അപ്പോ മ്മള് പറക്കണേന്റെ താഴെ ചെലേ പിശാശ്‌മോറ്യോള് മോള്‌ല്ക്കും നോക്കി പറക്ക്ണ്ടാവും.'

ഞാന്‍ : 'അപ്പച്ചാ....'

അപ്പച്ചന്‍ : 'ഹയ് ! മ്മള് മ്മടെ വെല കളയൊരീ? അന്നൂരിയതാ മുണ്ട്. ന്ന്ട്ട് പാന്റാ ഇട്ടു. എങ്ങനിണ്ട്‌റീ ഇട്ട്ട്ട് '

ഞാന്‍ : 'അതെന്തൂട്ടേലും ആവട്ടെ. ഇത് പറ. പത്തില് തോറ്റാ ജയിച്ചാ'

അപ്പച്ചന്‍ എന്റെ കൈയില്‍ നിന്ന് ആ എസ്എസ്എല്‍സി ബുക്കെടുത്ത് നിവര്‍ത്തി, അവസാന പേജിലെത്തി. അതെനിക്ക് നേരെ തിരിച്ചു. 

അപ്പച്ചന്‍ : 'കണ്ടാ കണ്ടാ! മണി മണി പോലെ സെപ്റ്റംബറില് സപ്ലി എഴുതി എടുത്തീര്‍ക്കണ കണ്ടാ.'

ഞാന്‍ : ' ഓ, വല്ല്യ കാര്യായ്‌പോയ്..! തോറ്റ് തൊപ്പീംട്ട് നടന്ന്ട്ട് ... ! ഞങ്ങക്ക് സൊയ്യ്രാ തന്ന്ണ്ടാ അപ്പച്ചന്‍..? പാവം കെവിന്‍. അവനാ തോറ്റൂച്ചാ അമ്മച്ചി വയറിളക്യാ ചത്തേനേ. അറിയ്യോ?'

അപ്പച്ചന്റെ മുഖമൊന്ന് മങ്ങി ഒരു നിമിഷത്തേക്ക്. പെട്ടെന്ന് തന്നെ ചിരിച്ച് കൊണ്ട് എന്റെ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു :

'അത് പിന്നെ, അപ്പച്ചന്‍ പത്ത് തോറ്റൂന്നാ പറഞ്ഞാ പിന്നെ നിങ്ങള് പഠിക്ക്യോ..? കെവിനല്ലെങ്ങ്യന്നെ ഒഴപ്പനാ. അപ്പോ പിന്നെ ഇത്തിരി പേട്പ്പിച്ചില്ല്യേല് അവനാ തോറ്റാലാ? ഇക്കാലത്ത് പത്താം ക്ലാസ് തോറ്റിട്ട് എന്തൂട്ടൊലക്കണ് കിട്ടാ?'

ഒന്ന് നിര്‍ത്തി എന്റെ തലയിലൊന്ന് തലോടി അപ്പച്ചന്‍ തുടര്‍ന്നു :

'പിന്നെ നീ....! നീയണങ്ങ്യെ തെറിച്ചാ നടക്കല്ലേ പാട്ടും ഡാന്‍സൊക്ക്യായിട്ട്. കെവിന്റെ പോലെയല്ല നീയ്യ്. അത്യാവശ്യൊക്കെ പഠിക്കാന്ള്ള കഴിവ്ണ്ട് നിന്ക്ക്. എന്നെച്ച് ഞാന്‍ പത്തില് തോറ്റൂന്നറിഞ്ഞാ നീ വെര്‍തിരിക്ക്വോടീ..? നീയ്യമ്മച്ചീന്യാ കൊന്ന് കൊല വിളിക്കില്ല്യേരീ എന്റെ പേരും പറഞ്ഞ്.. പിന്നതും പോരാണ്ട് എല്ലാ പരിപാടിക്കും പോയാ പേരാ കൊട്ക്കില്ല്യേ. പിന്നെവട്യണ് പഠിക്കാന്‍ സമയം..?'

ഇതൊക്കെ കേട്ട് എവിടെയൊക്കെയോ സത്യമുണ്ടെന്ന് തോന്നിയ ഞാന്‍ അപ്പച്ചന്റെ ചെറുവിരലിലൊന്ന് തൊട്ടു.

'അയ്, അപ്പച്ചന്റെ ചെറ്യേ വെരലീത്തെ നീണ്ട നഖം എവട്യാ? വെട്ട്യാ?'

'ആവ്! അതൊന്നും അവ്‌ടെ പറ്റില്ലെട്യപ്പ. നഖോം മുടീമൊക്ക്യങ്ങട് വല്തായാ അപ്പ പിടിച്ചാ വെട്ടും'

നിരാശയോടെ അപ്പച്ചന്‍ പറഞ്ഞു. എന്നിട്ട് ചിറകുകള്‍ തട്ടി ശരിയാക്കി.

'അപ്പച്ചന്‍ പൂവ്വണ്? അമ്മച്ചീനെ കാണ്‍ണില്ല്യേ?'

'വേണ്ട്‌റി ക്ടാവേ. അതൊര്‍ങ്ങിക്കോട്ടെ. എണീറ്റാലേ അപ്പ ഫോട്ടട്ത്ത്ട്ട് മ്മടെ കസിന്‍സ് ഗ്രൂപ്പിലാ ഇടും. ഞാനെന്നാ പത്ക്ക്യങ്ങട് പോവാന്നോക്കട്ടേ ട്ടാ.'

'പിന്നേയ്, അപ്പച്ചന് മുണ്ടന്ന്യാര്ന്നൂട്ടാ നല്ലത്. പാന്റും കൊള്ളാം'

ഞാന്‍ പറഞ്ഞത് കേട്ട് അപ്പച്ചന്‍ വീണ്ടും പൂ വിടരുന്ന പോലെ ചിരിച്ചു.

പിന്നീട് മെല്ലെ നടന്ന് ബാല്‍ക്കണിയിലേക്ക് പോയി ഒറ്റച്ചാട്ടം.

'ഹയ്യോ...! അപ്പച്ചാ...!' 

അലറിക്കൊണ്ട് എണീറ്റിരുന്നപ്പോള്‍ ഞാനാകെ തണുത്തിരുന്നു. എന്ന് വെച്ചാല്‍, എന്റെ ശരീരം ആകമാനം പനിനീര്‍ പൂക്കളാല്‍ പൊതിഞ്ഞത് പോലെ തണുത്തിരുന്നു. 

എന്നാലും..... 
എസ്എസ്എല്‍സി ബുക്ക്....
എന്റെ പൊന്നപ്പച്ചാ...
പ്വൊളിച്ച്.....!

ടുലുനാടന്‍ കഥകള്‍ ഇതുവരെ

അതായിരുന്നു അയാളോടുള്ള പ്രണയം; പ്രതികാരവും!

അങ്ങനെ ഞാനും ഒരു മാധവിക്കുട്ടിയായി!

ഒരു കല്യാണം; അത്രയേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ...!

എന്നിട്ടും ഞാനെല്ലാവരോടും പറഞ്ഞു; കാന്‍സര്‍ വന്നല്ല അപ്പച്ചന്‍ മരിച്ചത്!​

Follow Us:
Download App:
  • android
  • ios