രണ്ട് അഭിമുഖങ്ങള്‍. രണ്ടിലും ജയലളിതയുടെ രണ്ട് ഭാവങ്ങള്‍. ഒന്നില്‍, അഭിമുഖം നടത്തുന്നയാളെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. കടുത്ത ഭാഷ ഉപയോഗിച്ച് വിയോജിക്കുന്നു. അവസാനം അഭിമുഖം പാതിവഴിയില്‍നിര്‍ത്തി ഇറങ്ങിപ്പോവുന്നു. മറ്റേതില്‍, അവര്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്നു. നിറചിരിയോടെ ഉത്തരങ്ങള്‍ പറയുന്നു. കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നു. വികാരഭരിതയാവുന്നു. പാട്ടു പാടുന്നു. 


ഇതാ, ഇതാണ് ആദ്യം പറഞ്ഞ അഭിമുഖം. 

ഈ അഭിമുഖം നടത്തിയത് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ താപ്പര്‍. അഭിമുഖമാണ് പുള്ളിയുടെ മേഖല. ആരെയും വീഴ്ത്തുന്ന ചോദ്യശരങ്ങള്‍ക്ക് പേരു കേട്ടയാള്‍. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കയ്പ്പു നീര് കുടിച്ചു നില്‍ക്കുന്ന സമയത്താണ് താപ്പര്‍ ജയലളിതയെ കാണുന്നത്. സ്വാഭാവികമായും ചോദ്യങ്ങളില്‍ നിറയെ മുള്ളും മുനയും. തോറ്റു പോയെന്ന് സമ്മതിപ്പിക്കാനുള്ള ചോദ്യ പരാക്രമങ്ങള്‍. എന്നാല്‍, ജയലളിത അവിടെ പരുങ്ങിയില്ല. അവര്‍ വന്യമായി ചോദ്യങ്ങളെ നേരിടുന്നു. അഭിമുഖകാരനെ കടിച്ചുകുടയുന്ന വാക്കുകള്‍ പ്രയോഗിക്കുന്നു. തോറ്റുപോയില്ലെന്നും തോല്‍പ്പിക്കാനാവില്ലെന്നും തെളിവുകള്‍ വെച്ച് പരുഷമായി സ്ഥാപിക്കുന്നു. ഒടുക്കം, ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നതിനിടെ, അഭിമുഖത്തില്‍നിന്ന് അവര്‍ ഇറങ്ങി നടക്കുന്നു. 


ഇതാണ് രണ്ടാമത്തെ അഭിമുഖം

ജയലളിതയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ അഭിമുഖമാണിത്. സിനിമാ താരവും അവതാരകയുമായ സിമി ഗര്‍വാള്‍ ആണ് അഭിമുഖം നടത്തിയത്. അങ്ങേയറ്റം വ്യക്തിപരമായിരുന്നു ചോദ്യങ്ങള്‍. അമ്മയുടെ സ്‌നേഹത്തിനു വേണ്ടി ഉഴറി നടന്ന കുട്ടിക്കാലത്തെക്കുറിച്ചും വേദനകളെ കുറിച്ചും അവര്‍ മനസ്സു തുറക്കുന്നു. എംജിആറുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. ഇഷ്ടപെട്ട പാട്ടുകള്‍ ഓര്‍ക്കുന്നു. അതു പാടുന്നു. അഭിമുഖത്തില്‍ പൂ പോലെ സൗമ്യയായ, വികാരഭരിതയായ ഒരാളാണ് ജയലളിത. നിറചിരിയോടു മാത്രം കാണാനാവുന്ന ആ അഭിമുഖത്തില്‍ താനെങ്ങനെ ഇങ്ങനെ പരുക്കനായെന്നു കൂടി അവര്‍ പറഞ്ഞുവെയ്ക്കുന്നു. 

ഈ അഭിമുഖങ്ങള്‍ പറഞ്ഞു വെക്കുന്നത് ഒരൊറ്റ കാര്യമാണ്. ഒര സമയം സൗമ്യയും പരുക്കനുമായ ഒരാളാണ് ജയലളിതയെന്ന കാര്യം. ഇതില്‍ ഏതു കള്ളിയില്‍ ഒതുക്കിയാലും അതിനപ്പുറത്തേക്ക് കവിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് അവരുടേതെന്ന്. എന്തു കൊണ്ടാണ് അവരിങ്ങനെ ആയതെന്നും ഈ അഭിമുഖങ്ങള്‍ പറയുന്നു.