സ്വന്തം കാമുകിയെ ഒന്ന് തൊട്ടു എന്നും പറഞ്ഞ് സാധാരണയായി ആരും ജയിലിൽ പോകാറില്ല. എന്നാൽ, വാടകയ്‌ക്കെടുത്ത ഒരു കാമുകിയാണെങ്കിലോ? ചിലപ്പോൾ പണി പാളിയെന്നിരിക്കും. ഒരു തായ്‌വാൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി എന്നാൽ അത് മനസിലാക്കാൻ അല്പം വൈകിപ്പോയി. ഒരു മണിക്കൂർ നേരത്തേയ്ക്ക് ഡേറ്റിംഗിനായി വാടകയ്‌ക്കെടുത്ത ഒരു പെൺസുഹൃത്തുമായി അൽപ്പം കൂടുതൽ അടുത്തിടപഴകിയതിന്റെ പേരിൽ ജയിൽ ശിക്ഷ നേരിടുകയാണ് അയാൾ ഇന്ന്. കാമുകിയെ വാടകയ്ക്ക് എടുക്കുന്നത് ഒരുപക്ഷേ, നമ്മുടെ നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. അതേസമയം ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ അത് സർവസാധാരണമാണ്. കാമുകിയെ മാത്രമല്ല, വേണമെങ്കിൽ അച്ഛനെയും, അമ്മയെയും വരെ അവിടെ വാടകയ്ക്ക് കിട്ടും. തായ്‌വാനിലെ ലവ് ആക്റ്റിംഗ് എക്‌സ്ട്രാ അത്തരമൊരു കമ്പനിയാണ്. അവിടെ പണമടച്ചാൽ കാമുകിയായി അഭിനയിക്കാൻ വാടകയ്‌ക്ക് ആളുകളെ കിട്ടും. വെറുതെ ഇരുന്ന് സംസാരിക്കാൻ സുഹൃത്തുക്കൾ വേണോ, അതും റെഡി. അതേസമയം, സേവനത്തിന് വ്യക്തമായ അതിരുകൾ നിശ്ചയിക്കപ്പട്ടിരിക്കുന്നു.  

2019 ജൂലൈയിൽ, ചെൻ എന്ന് പേരുള്ള ആൺകുട്ടി കമ്പനിയിൽ നിന്ന് മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് ഒരു കാമുകിയെ വാടകയ്ക്ക് എടുക്കാൻ 7,200 തായ്‌വാൻ ഡോളർ അടക്കുകയുണ്ടായി. വാടകയ്‌ക്കെടുത്ത കാമുകിയുമായി ക്ലയന്റിന് എന്തെല്ലാം ചെയ്യാമെന്നും, ചെയ്യാൻ പാടില്ലെന്നും വ്യക്തമാക്കുന്ന ഒരു കരാറിൽ ഒപ്പിട്ട ശേഷം മാത്രമേ കാമുകിയെ കമ്പനി വിട്ടുകൊടുക്കൂ. വാടകയ്‌ക്കെടുത്ത കാമുകിയുടെ കൈ പിടിക്കാനും തലമുടിയിൽ തൊടാനും കെട്ടിപ്പിടിക്കാനും ക്ലയന്റിനെ അനുവദിച്ചിട്ടുണ്ടെങ്കിലും, ചുംബിക്കാനോ അനുചിതമെന്ന് കരുതുന്ന ഏതെങ്കിലും വിധത്തിൽ അവളെ സ്പർശിക്കാനോ കരാർ അനുവദിക്കുന്നില്ല. 2019 ഓഗസ്റ്റ് 2 -ന്, ചെനും വാടകക്കെടുത്ത കാമുകിയും തായ്‌പേയ് മെയിൻ സ്റ്റേഷനിൽ കണ്ടുമുട്ടി. ഇരുവരും ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു. തുടർന്ന് ഡാൻ ഫോറസ്റ്റ് പാർക്കിൽ ചുറ്റിക്കറങ്ങി. പതുക്കെ കാര്യങ്ങൾ കൈവിട്ടു പോകാൻ തുടങ്ങി. ചെൻ അനുചിതമായ രീതിയിൽ സംസാരിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ പെൺകുട്ടിയോട് “ഞാൻ നിന്നെ തട്ടിക്കൊണ്ടുപോകും” എന്നുവരെ പരാമർശങ്ങൾ നടത്തി. തുടർന്ന് അയാൾ അവളെ തൊടാൻ തുടങ്ങി.  

പെൺകുട്ടിയുടെ സാക്ഷ്യമനുസരിച്ച്, അവളുടെ ക്ലയന്റ് അനുവദനീയമല്ലാത്ത ഭാഗങ്ങളിൽ സ്പർശിച്ചു. താൻ ഒപ്പിട്ട കരാർ ലംഘിക്കുകയാണ് എന്നറിഞ്ഞിട്ടും അയാൾ അത് ചെയ്‌തു. സഹായത്തിനായി വിളിക്കാൻ ചുറ്റും ആരുമുണ്ടായിരുന്നില്ല, അതിനാൽ അവൾക്ക് സഹിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. ഭാഗ്യവശാൽ, മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ, ചെൻ കരാറിനെ മാനിക്കുകയും അവളെ വിട്ടയക്കുകയും ചെയ്തു. എന്നാൽ, അവൾ നേരെ പോയത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കാണ്. ഉടൻ തന്നെ പൊലീസ് ചെനിനെ അറസ്റ്റു ചെയ്യുകയും, കാമുകിയോട് മാപ്പ് പറഞ്ഞ് കത്തെഴുതിക്കുകയും ചെയ്‌തു. എന്നാൽ, അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അയാൾക്ക് കഴിഞ്ഞില്ല. ഈ കേസിൽ വിധി പറഞ്ഞ ജഡ്ജി ചെന്റെ പെരുമാറ്റം അപലപനീയമാണെന്ന് കണ്ടെത്തി. മാത്രമല്ല, യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അദ്ദേഹം അയാളെ ആറുമാസം തടവിന് ശിക്ഷിക്കുകയും 6,420 ഡോളർ പിഴ ചുമത്താൻ ഉത്തരവിടുകയും ചെയ്തു. ഇത് 2019 -ൽ സംഭവിച്ചതാണെങ്കിലും, ചെന്നിന്റെ അപ്പീൽ തായ്‌വാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിരസിച്ചതിനുശേഷം, ഇത് വീണ്ടും വാർത്തയാവുകയായിരുന്നു.