വിവാഹ ശേഷം ഭര്‍ത്താവിന്റെ പഴയ കുടുംബ ഫോട്ടോകള്‍ മറിച്ചു നോക്കുന്നതിനിടയിലാണ് അതിലൊരാളില്‍ യുവതിയുടെ കണ്ണുടക്കിയത്. മറ്റാരുമല്ല തന്റെ പിതാവിന്റെ ചിത്രങ്ങള്‍ തന്നെ. ഇതെങ്ങനെ ഭര്‍ത്താവിന്റെ ആല്‍ബത്തില്‍ വന്നുവെന്ന് ചോദിച്ചപ്പോഴാണ് തന്റെ ആദ്യ ഭാര്യയിലുണ്ടായ മകനാണെന്ന മറുപടി ലഭിച്ചത്. ഭാര്യ തന്നെ ഉപേക്ഷിച്ചതോടെ മക്കളും തന്നെ വിട്ടകന്നു. ഭാര്യയും മക്കളും എങ്ങോട്ട് പോയെന്ന് സ്വകാര്യ ഡിറ്റക്ടീവുകളെ അടക്കം നിയോഗിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലത്രെ. 

പിന്നീട് രണ്ടാമതും വിവാഹം കഴിച്ചു. അതിലും കുറേ കുട്ടികളുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധത്തിലും വിള്ളല്‍ വീണു. അങ്ങനെ അതും ഒഴിവാക്കേണ്ടി വന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അനവധി മില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിച്ച ഒരു ലോട്ടറിയുമടിച്ചു. 2015ലാണ് പിന്നെ വീണ്ടും ഒരു കല്യാണം കഴിക്കാന്‍ ആഗ്രഹം തോന്നിയത്. ഒരു പ്രദേശിക ഡേറ്റിങ് ഏജന്‍സിയെ വധുവിനെ കണ്ടുപിടിക്കുന്ന ജോലി ഏര്‍പ്പിച്ചു. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിച്ചെങ്കിലും അവരിലൊരുവളെ കണ്ടപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലത്രെ. അവളോട് എന്തോ ഒരു സ്നേഹം തോന്നി. അത് തന്റെ പേരക്കുട്ടിയാണെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറയുന്നു.

പിന്നീട് പരസ്പരം കണ്ട് പരിചയപ്പെട്ടു. വിവാഹവും കഴിച്ചു. രണ്ടുപേരും അവരുടെ പഴയ കാലത്തെക്കുറിച്ച് വലുതായൊന്നും അന്വേഷിച്ചില്ല. അച്ഛന് ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം പോയി ഗര്‍ഭിണിയായതിന് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവളായിരുന്നു പെണ്‍കുട്ടിയെന്ന് മാത്രമാണ് അദ്ദേഹത്തിന് അറിയാവുന്നത്. മാസങ്ങള്‍ക്ക് ശേഷം പഴയ ഫോട്ടോ കണ്ടപ്പോഴാണ് കഥ ഇങ്ങനെയായിരുന്നെന്ന് അറിയുന്നത്. അപ്പൂപ്പനാണന്ന് കരുതി ഭര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് മാറ്റിനില്‍ത്താനൊന്നും പറ്റില്ലെന്ന് യുവതിയും പറയുന്നു.ഞങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണെന്നും ഇനി എന്തിന്റെ പേരിലായാലും അതില്‍ നിന്ന് പിന്മാറില്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.