ഇവരുടെയൊക്കെ വായ്താരി കേട്ട് ആധുനികമായ അറിവുകളോട്  വിശിഷ്യാ വൈദ്യശാസ്ത്ര/ആരോഗ്യ രംഗത്തെ പുതിയ കണ്ടെത്തലുകളോട് പിന്തിരിഞ്ഞു നില്‍ക്കുന്നതാണ് ഇസ്ലാമിക നിലപാട് എന്ന് ഏതെങ്കിലും ശുദ്ധഗതിക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍

കേരളത്തില്‍ റൂബെല്ല പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ് ഏറ്റവും പിറകില്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. 

മുസ്ലിം പള്ളികളോ മത സംഘടനകളോ സ്ഥാപനങ്ങളോ പണ്ഡിതന്മാരോ പ്രസിദ്ധീകരണങ്ങളോ പ്രതിരോധ കുത്തിവെപ്പിനെ എതിര്‍ക്കുന്നില്ല എന്ന് മാത്രമല്ല ഇതിന്റെ ആവശ്യകത മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉത്സാഹിച്ചിറങ്ങുകയാണ് ചെയ്തതെങ്കിലും, അതിലേറെ സമുദായത്തെ സ്വാധീനിക്കാന്‍  അല്‍പജ്ഞാനികളും അജ്ഞാനികളുമായ മുറിവൈദ്യന്മാരുടെ പ്രചാരണങ്ങള്‍ക്കും വാട്‌സ് ആപ്പ് കള്ളക്കഥകള്‍ക്കും കഴിഞ്ഞു എന്നതാണ് നിരാശപ്പെടുത്തുന്നത്. 

സമുദായവുമായി ബന്ധപ്പെട്ട മതപരമായ കാര്യങ്ങള്‍ പോലും ആധികാരികമായി അഭിപ്രായം പറയാനും, ഏതൊരു കാര്യവും മതവുമായി കൂട്ടിക്കെട്ടാനും സാമര്‍ത്ഥ്യമുള്ള  'സോഷ്യല്‍ മീഡിയ മുഫ്തി'മാര്‍ സജീവമായി ഇവിടെ എമ്പാടും ഉള്ളത് കൊണ്ടും, ഏതൊരു ഭൂലോക ബഡായിയും സലാം ചൊല്ലി തുടങ്ങിക്കൊണ്ട് വാട്‌സ് ആപ്പില്‍ ഇട്ടാല്‍  രണ്ടാമതൊരു ആലോചന പോലും ഇല്ലാതെ നിമിഷങ്ങള്‍ കൊണ്ട് ലോകം മുഴുവന്‍ ഷെയര്‍ ചെയ്ത്  പുണ്യം നേടാന്‍ മൊബൈലും നീട്ടിപ്പിടിച്ച്  സമുദായത്തില്‍ ചിലര്‍ കാത്തിരിക്കുന്നത് കൊണ്ടും, റൂബെല്ലാ വാക്‌സിന്‍ വിഷയത്തില്‍ മാത്രമല്ല ഏതൊരു പിന്തിരിപ്പന്‍ നിലപാടിന്റെ പേരിലും ഈ സമുദായം മൊത്തം പഴി കേള്‍ക്കേണ്ടി  വന്നാല്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അത്രക്ക് നല്ലൊരു പ്രതിച്ഛായയാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഈ ആവേശ കമ്മറ്റിക്കാര്‍ മുസ്ലിം സമുദായത്തിന് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

ക്യാന്‍സര്‍ രോഗികളായി സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് നര്‍ഗ്ഗീസിനും ശ്രീവിദ്യക്കും  ക്യാന്‍സര്‍ വന്നതെന്ന  മുറി വൈദ്യന്റെ വര്‍ത്തമാനം കേട്ട് കയ്യടിക്കാനും, വെള്ളം കോരുന്ന തൊട്ടിയുടെ പ്ലാസ്റ്റിക്ക് കയറിന്റെ നാരുകള്‍ കുടിവെള്ളത്തിലൂടെ കിഡ്‌നിയില്‍ പോയി അടിയും എന്ന വാട്‌സ്ആപ്പ് വിഡ്ഢിത്തം ഷെയര്‍ ചെയ്യാനും മത്സരിക്കുന്ന മന്ദബുദ്ധികളായി ഈ സമുദായം മാറിയെങ്കില്‍ ശാസ്ത്രീയ ചിന്തയില്‍ എത്രത്തോളം അജ്ഞരായി തീരുകയാണ് ഈ സമൂഹം എന്നത് കൂടി ഓര്‍ക്കണം. 

ശാസ്ത്രീയ ചിന്തയില്‍ എത്രത്തോളം അജ്ഞരായി തീരുകയാണ് ഈ സമൂഹം എന്നത് കൂടി ഓര്‍ക്കണം. 

ആധുനിക ചികിത്സ മൊത്തം തട്ടിപ്പാണ് എന്ന് വാദത്തിന് നേതൃത്വം കൊടുക്കുന്നവരും, പകരം സ്വന്തമായ ചികിത്സാ രീതികള്‍ എന്ന മട്ടില്‍ നാക്കിന്റെ ബലം കൊണ്ട് പല ഉഡായിപ്പുകളുമായി ആളെ പറ്റിച്ചു ജീവിക്കുന്നവരും മുസ്ലിം സമുദായത്തില്‍ നിന്ന് വളരെ കുറവാണ് എങ്കിലും,  ഇവരുടെയൊക്കെ ഉപഭോക്താക്കളില്‍ ഈ സമുദായത്തിന്റെ മക്കള്‍ തന്നെയാണ് ഏറെയും. അത് കൊണ്ട് തന്നെ അവരെ എങ്ങനെ അടുപ്പിച്ചു നിര്‍ത്തണം എന്നതിന്റെ തന്ത്രമൊക്കെ അവര്‍ക്കറിയാം. നമസ്‌കാരം ഏറ്റവും മികച്ച വ്യായാമം ആണ് എന്നും, നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഗുണങ്ങളുമൊക്കെ ഇവര്‍ വിവരിക്കുമ്പോള്‍ സാധുക്കളായ വിശ്വാസികള്‍ അതില്‍ വീണുപോയാല്‍ അത്ഭുതമില്ല. ആധുനിക ചികിത്സ കഴുത്തറുപ്പും കൊള്ളയും ഒക്കെ ആണ് എന്ന് ഇവര്‍ വല്ലാതെ ഒച്ചയിടുമെങ്കിലും വെറും പച്ചവെള്ളം കുടിപ്പിച്ചു കിടത്തുന്ന ചികിത്സക്ക് പോലും ഇവര്‍ വാങ്ങുന്ന അന്യായ കാശിനെ കുറിച്ചോ, ഇവരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചോ ആരും അന്വേഷിക്കാറുമില്ല.

അഞ്ചും പത്തും വര്‍ഷം കഷ്ടപ്പെട്ടു പഠിച്ചും ജീവിത കാലം മുഴുവന്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തിയും മനുഷ്യരാശിയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പരിശ്രമിക്കുന്നവരെ മൊത്തം തട്ടിപ്പുകാര്‍ എന്ന് മുദ്ര കുത്തി, സാമ്പത്തിക നേട്ടത്തിന് വേണ്ടി മനുഷ്യരെ പരീക്ഷണ വസ്തുക്കള്‍ ആക്കി മാറ്റുന്നവരെ അന്ധമായി പിന്തുടരുന്നവരായി ഒരു സമൂഹത്തെ മാറ്റിയെടുക്കേണ്ടത് ആരുടെ നേട്ടത്തിനാണ് എന്ന് തിരിച്ചറിയണം. കെട്ടുകഥകള്‍ പ്രചരിപ്പിച്ചും ആധുനികമായ അറിവുകള്‍ നിഷേധിച്ചും ഒരു സമുദായത്തെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടുന്നവരുടെ ഉദ്ദേശം അത്ര നല്ലതല്ല എന്നുറപ്പ്.

ഒരുകാലത്ത് ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഏറെ പിറകിലായിരുന്ന കേരളത്തിലെ  മുസ്ലിം സമുദായത്തില്‍ നിന്ന്   പെണ്‍കുട്ടികള്‍ അടക്കം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും  ജേര്‍ണലിസ്റ്റുകളും ഒക്കെയായി വിദ്യാസമ്പന്നരായ  ഒരു തലമുറ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് അഭിമാനകരമായി മുന്നേറുന്ന ഈ കാലഘട്ടത്തില്‍ തന്നെ   ഇതേ സമൂഹത്തിലെ ചിലര്‍  അബദ്ധജഡിലമായ  കള്ളക്കഥകള്‍ വിശ്വസിച്ചു കൊണ്ട് ആരോഗ്യ രംഗത്തെ സാമൂഹികമായ നേട്ടങ്ങള്‍ക്ക് വിഘ്‌നമായി മാറാന്‍ ശ്രമിക്കുന്നത്  എത്രത്തോളം ഖേദകരവും അപമാനകരവുമാണ് അതും പഠിപ്പും വിവരവും ഉള്ളവര്‍ പോലും!

ഭീതി പരത്തുന്നതില്‍ തല്‍പര കക്ഷികള്‍ വിജയിച്ചിരിക്കുന്നു എന്നത് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയമാണ്. 

കുഞ്ഞുങ്ങളോടുള്ള സ്‌നേഹമില്ലായ്മയല്ല അവരെ കുറിച്ചുള്ള ഉത്കണ്ഠയും സ്‌നേഹവും കൊണ്ടാണ് ഈ ഭീതി എന്നതാണ് ഖേദകരം. ഏതൊരു ചെറിയ രോഗത്തിനും ഏറ്റവും മുന്തിയ ആശുപത്രികളും അത്യാധുനിക ചികത്സാ രീതികളും തേടുന്നവര്‍ ആണ് ഈ സമുദായം എന്നിരിക്കെ, പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ ഇങ്ങനെ ഒരു ഭീതി പരത്തുന്നതില്‍ തല്‍പര കക്ഷികള്‍ വിജയിച്ചിരിക്കുന്നു എന്നത് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയമാണ്. 

ഇവരുടെയൊക്കെ വായ്താരി കേട്ട് ആധുനികമായ അറിവുകളോട്  വിശിഷ്യാ വൈദ്യശാസ്ത്ര/ആരോഗ്യ രംഗത്തെ പുതിയ കണ്ടെത്തലുകളോട് പിന്തിരിഞ്ഞു നില്‍ക്കുന്നതാണ് ഇസ്ലാമിക നിലപാട് എന്ന് ഏതെങ്കിലും ശുദ്ധഗതിക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

ഇബ്‌നുസീന അഥവാ അവിസന്ന

എട്ടാം നൂറ്റാണ്ടില്‍, അബ്ബാസിയ കാലഘട്ടത്തില്‍ ഖലീഫ ഹാറൂന്‍ അല്‍ റഷീദിന്റെ ഭരണകാലത്ത് ബാഗ്ദാദില്‍ സ്ഥാപിച്ച ശസ്ത്രക്രിയാ സൗകര്യങ്ങള്‍ അടക്കമുള്ള ആശുപത്രികളെ കുറിച്ചും, ചികിത്സാ രംഗത്തും ശാസ്ത്രീയ വൈദ്യ പഠന രംഗത്തുമായി നടപ്പില്‍ വരുത്തിയ  നൂതന സംവിധാനങ്ങളെ കുറിച്ചും ഒന്ന് പഠിക്കാന്‍ ശ്രമിച്ചാല്‍ ആരോഗ്യരക്ഷാ കാര്യങ്ങളിലും ആധുനിക ചികിത്സാ രീതികളിലും ഇസ്‌ലാമിക സമൂഹം അക്കാലത്തു തന്നെ എത്രത്തോളം പുരോഗതി പ്രാപിച്ചിരുന്നു എന്ന് മനസ്സിലാവും. 

വൈദ്യശാസ്ത്രത്തിന്റെ പിതാവായി കരുതുന്ന ഇബ്‌നുസീന അഥവാ അവിസന്നയെ കുറിച്ച് അറിയണം. ഇസ്ലാമിക  പണ്ഡിതനും തത്വജ്ഞാനിയും ആയ ഇബ്‌നു സീനയാണ് ശരീരശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ച ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും തുടക്കമിട്ടത്, സാംക്രമികരോഗങ്ങളുടെ പകരുന്ന സ്വഭാവം നിര്‍ണ്ണയിച്ചത്, സാംക്രമികരോഗം ബാധിച്ചവര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിച്ചത്, ഔഷധങ്ങളുടെ പരീക്ഷണം, സ്ഥിരീകരിക്കപ്പെട്ട ഔഷധങ്ങളുടെ പരിചയപ്പെടുത്തല്‍, ചികില്‍സാരീതികളുടെ നിര്‍ദ്ദേശങ്ങള്‍, ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങള്‍, ഫലപ്രാപ്തി നിര്‍ദ്ധാരണങ്ങള്‍, ചികില്‍സാലയ ഔഷധശാസ്ത്രം,  നാഡീമനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ നിര്‍ദ്ധാരണം, രോഗലക്ഷണളുടെ വിവരണം,പഥ്യത്തിന്റെ പ്രാധാന്യം, കാലാവസ്ഥ, ചുറ്റുപാടുകള്‍ തുടങ്ങിയവ മനുഷ്യന്റെ ആരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം വെളിപ്പെടുത്തുക തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ കാരണമാണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായി ഇബ്‌നു സീനയെ വിശേഷിപ്പിക്കപ്പെടുന്നത്.

വിഖ്യാത പണ്ഡിതനായിരുന്ന മുഹമ്മദ് ഇബ്‌നു അല്‍റാസി അടക്കം ആധുനിക വൈദ്യശാസ്ത്രം ആദരവോടെ ഓര്‍ക്കുന്ന മഹത്തുക്കള്‍ക്കൊക്കെയും ഈ ജ്ഞാന വഴികളിലേക്ക് വെളിച്ചമായത് ഖുര്‍ആനും തിരു സുന്നത്തുകളും ആയിരുന്നു എന്നത്  കൂടി മനസ്സിലാക്കണം.

ഇല്ലത്ത് പറമ്പില്‍ ബീരാന്‍കുട്ടി വൈദ്യര്‍​

ഇങ്ങു കേരളക്കരയിലേക്ക് വന്നാല്‍ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള ശ്രദ്ധയിലും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അറിവുകള്‍ പഠിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പഴയ കാലത്തെ കേരളീയ മുസ്ലിം സമൂഹം എത്രത്തോളം ഉത്സുകരായിരുന്നു എന്നത് കാണാം. ആരോഗ്യരക്ഷയും അതുമായി ബന്ധപ്പെട്ട അറിവ് പഠിക്കലും മതപരമായി  നിര്‍ബന്ധമാണ് എന്നായിരുന്നു അക്കാലത്തെ മുസ്ലിം സമൂഹത്തിന്റെ നിലപാട്. ഒരുപക്ഷേ ആ കാലഘട്ടത്തില്‍ മറ്റൊരു സമൂഹത്തിനും അവകാശപ്പെടാന്‍ കഴിയാത്ത അത്രയും സജീവവും സക്രിയവും ആയിരുന്നു ആരോഗ്യ  വിജ്ഞാനരംഗത്തെ കേരള മുസ്ലിം സമൂഹത്തിന്റെ ഉത്സാഹം. 

1894 ല്‍ അതായത് 123 വര്‍ഷം മുമ്പ് അറബിമലയാളം ലിപിയില്‍ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ ബീരാന്‍കുട്ടി വൈദ്യര്‍ രചിച്ച 'വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം' എന്ന കൃതിയില്‍ നിന്നും ഉള്ള വരികള്‍ ശ്രദ്ധിക്കുക.

'ഹഖ് തആലാ നമ്മള്‍ക്ക് അവന്റെ ഓശാരമായി തന്നിരിക്കുന്ന ആഫിയത്തിനെയും ശിഫാനെയും ആയത്പ്രകാരം തന്നെ അവന്‍ ചാത്തിരാക്കിയിരിക്കുന്നു.. കിലശങ്ങളെയും മരുന്നുകളെയും യെന്നതിനോട്കൂടെ രോഗത്തിന് ചികത്സിക്കേണ്ടിയത് നമ്മള്‍ക്ക് സുന്നത്തായി വന്നിരിക്കുന്നു. അമ്പിയാക്കന്മാരില്‍ ചികില്‍സേന്റെ ഇല്‍മ് ഇല്ലാത്തവര്‍ ആരും തന്നെയില്ല. ഒരു രാജ്യത്ത് ഒരു ആളെങ്കിലും ചികിത്സ പഠിക്കേണ്ടത് ഫര്‍ള് കിഫാ ആണെന്നും  ആരും പഠിക്കാതെയിരുന്നാല്‍ എല്ലാവര്‍ക്കും ആ കുറ്റം ഇരിക്കും എന്നും ബന്നിരിക്കുന്നു. അപ്പോള്‍ ഇസ്‌ലാമായവര്‍ക്ക് ചികത്സ പഠിക്കേണ്ടത് ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ'

സമൂഹത്തിന് ഗുണകരമായ ഇത്തരം അറിവുകള്‍  ഏതെങ്കിലും ചെറിയൊരു വിഭാഗത്തില്‍ മാത്രം ഒതുങ്ങിപ്പോവരുത് എന്ന നിര്‍ബന്ധം കൂടി ഉണ്ടായിരുന്നു എന്നത് കൊണ്ടാണ് സംസ്‌കൃതം അടക്കമുള്ള ഭാഷകളില്‍ നിന്നും അക്കാലത്തെ ഏറ്റവും സാധാരണക്കാരന് പോലും പ്രാപ്യമായ ലിഖിത ഭാഷയായ അറബി മലയാളത്തില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയതും രചിച്ചതും. 

വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട മിക്ക അറബി മലയാള ഗ്രന്ഥങ്ങളും ആരംഭിക്കുന്നത് 

'.......എന്നാല്‍ അറബ്, തമിള്‍, സംസ്‌കൃതം, ഇംഗ്ലീഷ് ഈ ഭാഷകളിലാണ്  ഇപ്പോള്‍ ചികിത്സ അധികം കൊടുക്കുന്നത്. അത് സര്‍വ്വര്‍ക്കും അറിയാന്‍ കയ്യാത്തതിനാല്‍ നമ്മളെ മലയാളം ഭാഷയില്‍ അതിനെ തര്‍ജ്ജിമ ചെയ്തിരിക്കുന്നു.' എന്ന് പറഞ്ഞു കൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്.

എം കെ കുഞ്ഞിപ്പോക്കര്‍ 1935 ല്‍ രചിച്ച വസൂരി ചികിത്സാ കീര്‍ത്തനം എന്ന പദ്യ കൃതിയിലെ ഈ വരികള്‍ക്ക് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്.

'.....ഇതില്‍ എല്ലാവിധം വസൂരിയുടെ പേരും ലക്ഷണങ്ങളും അവ ഓരോന്നുനും ഉള്ള ചികിത്സകളും വിവരിക്കുന്നതിന് പുറമെ അവയില്‍ ഓരോന്നുനും ഇന്ന ദിവസം കുളിക്കാമെന്നും മറ്റും വിവരിക്കുന്നുണ്ട്. വസൂരി കുത്തിവയ്ക്കുന്നതിന് ഉലമാഇന്റെ അഭിപ്രായങ്ങളും എടുത്ത് വിവരിച്ചിട്ടുണ്ട്...'

അക്കാലത്ത് അപൂര്‍വ്വമായിരുന്ന വസൂരിക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് പണ്ഡിതന്മാരുടെ അഭിപ്രായം അടക്കം അന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ( അത് ഏതായാലും കുത്തിവെപ്പ് പാടില്ല എന്നായിരുന്നില്ല എന്ന് ഊഹിക്കാം.  ആധുനിക ചികിത്സയെ പണ്ഡിതന്മാര്‍ ആരും എതിര്‍ത്തതായി എവിടെയും കണ്ടിട്ടില്ല.)  

വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കേണ്ടത് ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ചു കൊണ്ടാവരുത്.

ഈ ഒരു ദീര്‍ഘദൃഷ്ടി ഉള്ളത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഏറ്റവും സാധാരണക്കാരനിലേക്ക് പോലും ആരോഗ്യ പരമായ കാര്യങ്ങളില്‍ ഓരോ കാലഘട്ടത്തിലെയും നൂതനമായ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ പഴമക്കാര്‍ ഉത്സാഹം കാണിച്ചത്. ഇന്ന് ഈ സമുദായത്തിന് ഇല്ലാതെ പോയതും അതു തന്നെ എന്നതാണ് ഖേദകരം. പിന്നോട്ട് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതും സമുദായത്തെ ഉദ്ബുദ്ധരാക്കേണ്ടതും കേരളത്തിലെ മുസ്ലിം സമൂഹം തന്നെയാണ്. 

വിജ്ഞാനം വിരല്‍ത്തുമ്പില്‍ ആയ ഈ കാലഘട്ടത്തിയപ്പോഴാണ്  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞു പലരും അടിത്തറയില്ലാത്ത കാര്യങ്ങള്‍ ശാസ്ത്രീയമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് ആശ്ചര്യം.

ആധുനിക ശാസ്ത്രം പറയുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കണം എന്നല്ല. വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കേണ്ടത് ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ചു കൊണ്ടാവരുത്. 

 വാക്‌സിനേഷന്റെ പേരിലും പഴി കേള്‍ക്കേണ്ടി വരുന്നത് ഒരു സമുദായം മൊത്തം ആകുമ്പോള്‍ ഈ വാദഗതികളുടെ തെറ്റും ശരിയും ബോധ്യപ്പെടാനെങ്കിലും  ഇരു കൂട്ടര്‍ക്കും സംവാദത്തിനുള്ള  വേദിയൊരുക്കാന്‍ മുസ്ലിം സമുദായം തന്നെ മുന്നോട്ട് വരുന്നത് ഗുണകരമാകും.  വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സമ്പത്താണ് എന്നാണല്ലോ പ്രവാചക പാഠം.


....................................


ഇബ്‌നു സീനയും, ഇമാം അല്‍റാസിയും അടക്കമുള്ള പണ്ഡിതന്മാരെ കുറിച്ചും, അബ്ബാസിയ കാലഘട്ടത്തിലെ വൈദ്യശാസ്ത്ര രംഗത്തെ കുതിപ്പിനെ കുറിച്ചും കൂടുതല്‍ അറിയുവാന്‍ വിക്കിപീഡിയ നോക്കുക.

മുന്‍കാല കേരള മുസ്ലിംകളിലെ വൈദ്യശാസ്ത്ര വിജ്ഞാനത്തെ കുറിച്ചറിയാന്‍ വചനം ബുക്‌സ് പ്രസിദ്ധീകരിച്ച 'അറബിമലയാള സാഹിത്യ പഠനങ്ങള്‍' എന്ന പുസ്തകത്തില്‍ സി ടി സലാഹുദ്ധീന്‍ എഴുതിയ 'അറബിമലയാളത്തിലെ വൈദ്യകൃതികള്‍' എന്ന ലേഖനം കാണുക.