വെർനി മെർസ് ടേറ്റ്, നയതന്ത്രത്തിൽ പ്രൊഫസറും, വിദഗ്ദ്ധയുമായിരുന്നു. എന്നാൽ അവർ അത് മാത്രമായിരുന്നില്ല. വെസ്റ്റേൺ മിഷിഗൺ ടീച്ചേഴ്സ് കോളേജിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ബിരുദധാരി, ഓക്സ്ഫോർഡ് സർവകലാശാലയിൽ ചേർന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിത, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിത, ഹോവാർഡ് സർവകലാശാലയിലെ ചരിത്ര വകുപ്പിൽ ചേരുന്ന ആദ്യ രണ്ട് വനിതാ അംഗങ്ങളിൽ ഒരാൾ... അങ്ങനെ നീളുന്നു അവരുടെ നേട്ടങ്ങളുടെ പട്ടിക. എന്നാൽ, ഇതൊന്നും അവർ എളുപ്പത്തിൽ നേടിയെടുത്തതല്ല. കറുത്ത വർഗ്ഗക്കാർക്കെതിരെ കടുത്ത വിവേചനം നിലനിൽക്കുന്ന ഒരു കാലത്ത്, ആ എതിർപ്പുകളെയും, അപമാനങ്ങളെയും മറികടന്ന് അവർ സ്വന്തമായ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു. ഇന്ന് ആഫ്രിക്കയുടെ ചരിത്രത്തിൽ ഒട്ടും കുറയാത്ത ഒരു സ്ഥാനം അവർ നേടിയെടുത്തിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അവരുടെ മനക്കരുത്തിന്റെയും, കഷ്ടപ്പാടിന്റെയും മുറിവുകൾ ഉണ്ട്.    

1905 ഫെബ്രുവരി 6 -ന് മിഷിഗനിലെ ഗ്രാമപ്രദേശമായ ബ്ലാഞ്ചാർഡിലാണ് ടേറ്റ് ജനിച്ചത്. ടേറ്റിന്റെ മാതാപിതാക്കൾ കൃഷിക്കാരായിരുന്നു. ടേറ്റ് 15 -ാം വയസ്സ് മുതൽ വീട്ടിൽ നിന്ന് മാറി താമസിക്കാൻ തുടങ്ങി. സാമ്പത്തികമായി അവളെ സഹായിക്കാൻ ആരുമില്ലായിരുന്നു. വീട്ടുജോലി ചെയ്താണ് പഠിക്കാനുള്ള പണം അവൾ കണ്ടെത്തിയിരുന്നത്. ക്ലാസ്സിലെ ഒരേയൊരു കറുത്ത വിദ്യാർത്ഥിനിയായിരുന്ന ടേറ്റ്, ഒരു മികച്ച പ്രാസംഗിക കൂടിയായിരുന്നു അവൾ. വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും പഠിപ്പിൽ മിടുക്കിയായിരുന്നു. ഉയർന്ന മാർക്കുകളോടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ടേറ്റിന് സാധിച്ചു. തുടർന്ന് വെസ്റ്റേൺ സ്റ്റേറ്റ് ടീച്ചേഴ്സ് കോളേജിൽ (ഇപ്പോൾ വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റി) സ്കോളർഷിപ്പ് കരസ്ഥമാക്കിയ ടേറ്റ് ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരിയായി. തുടർന്ന് അദ്ധ്യാപന ഡിപ്ലോമയും ബാച്ചിലേഴ്സ് ബിരുദവും അവർ നേടി.

എന്നാൽ, പഠനത്തിൽ ഇത്രയൊക്കെ മികവ് പുലർത്തിയ അവൾക്ക്, ഒരു കറുത്ത വർഗ്ഗക്കാരിയായതിന്റെ പേരിൽ ജോലി നൽകാൻ എല്ലാവരും വിസ്സമ്മതിച്ചു. അവൾ പലയിടത്തും ജോലിക്ക് അപേക്ഷിച്ചെങ്കിലും, അവളുടെ കഴിവ് അഭിമുഖങ്ങളിൽ തെളിയിച്ചെങ്കിലും, വംശീയ അസമത്വങ്ങൾ നിലനിന്നിരുന്ന ആ കാലത്ത്, അവളെ ജോലിയ്ക്ക് എടുക്കാൻ പലരും മടിച്ചു. ഒടുവിൽ ഇൻഡ്യാനപൊളിസിലെ ഒരു സ്കൂളിൽ അധ്യാപികയായി ടേറ്റ് ജോലിയ്ക്ക് കയറി. അപ്പോഴും പഠിക്കാനുള്ള അവളുടെ ആഗ്രഹം വളർന്നുകൊണ്ടേ ഇരുന്നു. വേനൽക്കാലത്ത് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ടീച്ചേഴ്‌സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ടേറ്റ്, സ്കോളർഷിപ്പിന്റെ സഹായത്തോടെ  ഇംഗ്ലണ്ടിലേക്ക് മാറി (1931) ഓക്സ്ഫോർഡ് സർവകലാശാലയിൽ ചേർന്നു. റാഡ്ക്ലിഫ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് പഠിക്കാനായി നാട്ടിലേക്ക് മടങ്ങിയ അവൾ പിന്നീട് ഹാർവാർഡ് സർവകലാശാലയിൽ ചേർന്നു. 1941 -ൽ പിഎച്ച്ഡി നേടി. റാഡ്‌ക്ലിഫിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ കറുത്ത വർ​ഗക്കാരിയായി അങ്ങനെ അവൾ മാറി.  

യാത്രകൾ എന്നും ഇഷ്ടപ്പെട്ടിരുന്ന ടേറ്റ് ഈ സമയത്ത് ഒരുപാട് യാത്രകൾ ചെയ്‌തു. സ്ത്രീകൾ വീടിന് പുറത്തുപോകാൻ പോലും മടിച്ചിരുന്ന ആ കാലത്ത്, അവൾ ആറ് ഭൂഖണ്ഡങ്ങൾ ചുറ്റി സഞ്ചരിച്ചു. എത്രയൊക്കെ വിമർശനങ്ങൾ നേരിട്ടാലും, സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല. ഇതിനിടയിൽ ജർമ്മൻ ഉൾപ്പെടെയുള്ള ആറ് ഭാഷകൾ സംസാരിക്കാൻ പഠിച്ച അവൾ, ബെർലിൻ യൂണിവേഴ്‌സിറ്റിയിൽ ക്ലാസുകൾ എടുക്കാൻ തുടങ്ങി. പക്ഷേ, ഹിറ്റ്‌ലർ പ്രസിഡന്റായപ്പോൾ ടേറ്റ് ജർമ്മനി വിട്ടു. 1950 -കളിൽ യുഎസ് ഇൻഫർമേഷൻ ഏജൻസിയുടെ ഫുൾബ്രൈറ്റ് സ്കോളറും ലക്ചററുമായിരുന്ന അവർ ഇന്ത്യ, തായ്ലൻഡ്, ജപ്പാൻ, ഫിലിപ്പൈൻസ്, ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി.

1948 -ൽ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര-സാംസ്കാരിക സംഘടനയിൽ അമേരിക്കയെ പ്രതിനിധീകരിച്ച മൂന്ന് അമേരിക്കക്കാരിൽ ഒരാളായിരുന്നു അവർ. എഴുത്തുകാരിയായ ടേറ്റ് നിരവധി പുസ്തകങ്ങളും യാത്രാ കുറിപ്പുകളും ലേഖനങ്ങളും എഴുതി. എന്നാൽ, കറുത്തവരുടെ പരാജയങ്ങൾ മാത്രം ആഘോഷിച്ചിരുന്ന ചരിത്രത്തിന്റെ വഴിയിൽ ഇവരുടെ വിലയേറിയ പുസ്തകങ്ങളിൽ പലതും കൈമോശം വന്നുപോയി. വെറും വീട്ടുജോലിക്കാരിയായി ഇരിക്കേണ്ടവൾ, വലിയ സ്വപ്നങ്ങളുടെ പിന്നാലെ പോയതിൽ, പലരും അവരെ വിമർശിച്ചു. എന്നിരുന്നാലും തന്റെ വിദ്യാർത്ഥികളെ സ്വപ്നം കാണാനും, അതിന് വേണ്ടി ധൈര്യത്തോടെ മുന്നിട്ട് ഇറങ്ങാനും അവർ നിരന്തരം പ്രേരിപ്പിച്ചു.  അടിപതറാതെ ആത്മവിശ്വാസം മാത്രം കൈമുതലാക്കി അവർ നേടിയത്, അറിവിന്റെ ഒരു വലിയ സാമ്രാജ്യമാണ്.