എന്നിരുന്നാലും കൂടുതൽ സമയവും വീൽചെയറിൽ ചെലവഴിക്കുന്ന മകന്റെ സൗകര്യത്തിനായി ഡോണ തന്റെ കുളിമുറി ആയിരക്കണക്കിന് ഡോളർ ചെലവഴിച്ചു പുനർനിർമ്മിച്ചു. എന്നാൽ, ബ്യൂറോ ഓഫ് പ്രിസൺസ് അവരുടെ അപേക്ഷ നിരസിച്ചു. സ്വന്തം മകനെ ഒരു നോക്ക് കാണാൻ പോലും ആ അമ്മ മാസങ്ങളോളം കഷ്ടപ്പെട്ടു. 

അമേരിക്കയിലെ എല്ലാ ജയിലുകളിലും സുരക്ഷ ഒരു പ്രശ്നമാണ്. കൃത്യമായ ഡാറ്റ ലഭ്യമല്ലെങ്കിലും, അമേരിക്കയിലെ ജയിലുകളിലെ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങളെക്കുറിച്ച് പല വാർത്തകളും പുറത്തുവരുന്നുണ്ട്. ഓരോ വർഷവും ഫെഡറൽ ജയിലുകളിൽ ആക്രമിക്കപ്പെടുന്ന ആയിരക്കണക്കിന് ആളുകളിൽ ഒരാളായിരുന്നു ചക്ക് കോമയും. സെല്ലില്‍ കൂടെയുള്ളയാള്‍ അയാളെ ഉപദ്രവിച്ച ശേഷം, ആകെ തകര്‍ന്നുപോയി ചക്ക്.

ബാങ്ക് കവർച്ചയ്ക്ക് ശിക്ഷിക്കപ്പെട്ട ചക്ക്, ഏകദേശം 15 വർഷം ഫെഡറൽ ജയിലിൽ കഴിഞ്ഞിരുന്നു. ഇപ്പോൾ വീട്ടിൽ തിരികെ എത്തിയിട്ട്, എട്ട് മാസമായി. ജയിലിലെ ആ അതിക്രമങ്ങള്‍ നടന്നിട്ട് മൂന്ന് വർഷവും, അഞ്ച് മാസവും, 25 ദിവസങ്ങളും പിന്നിട്ടിരിക്കുന്നു. പക്ഷേ, ഇപ്പോഴും ആ സംഭവത്തിന്റെ ആഘാതത്തിൽനിന്ന് അയാൾ മോചിതനായിട്ടില്ല. ചക്ക് ആശുപത്രി കിടക്കയിൽ അനങ്ങാതെ കിടക്കാൻ ശ്രമിച്ചു. എന്നാൽ അയാൾ വിറച്ചുകൊണ്ടേ ഇരുന്നു. “2016 -ൽ നിങ്ങൾക്ക് പരിക്കേറ്റതായി പറഞ്ഞു. എന്നാൽ എന്തെങ്കിലും മറ്റ് കാരണങ്ങൾ ഉണ്ടോ ഇങ്ങനെ സംഭവിക്കാൻ?” ഡോക്ടർ ചോദിച്ചു. ഇല്ലെന്നാണ് ചക്ക് പറഞ്ഞത്.

ജയിൽമോചിതനായ ശേഷം, ഇപ്പോൾ ചക്കിന്റെ പ്രധാന ജോലി 77 വയസ്സുള്ള അമ്മ ഡോണയുടെ കൂടെ ആശുപത്രികളിൽ കയറി ഇറങ്ങുന്നതാണ്. ഡോക്ടർമാർ അയാളെ മാറിമാറി പരിശോധിക്കുന്നു. നിരവധി ടെസ്റ്റുകൾ നടത്തുന്നു. എന്നിട്ടും ചക്കിന്റെ വിറയൽ നിർത്താൻ അവർക്ക് സാധിക്കുന്നില്ല. അയാൾക്ക് ഭക്ഷണം പോലും സ്വയം കഴിക്കാൻ കഴിയില്ല. വിറയൽ നിർത്തണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് ചില ദിവസങ്ങളിൽ അയാൾ മണിക്കൂറുകളോളം ബാത്ത് ടബ്ബിൽ ഇരിക്കും.

തീരെ വയ്യാത്ത ദിവസങ്ങളിൽ അയാളുടെ ഗുളികകൾ കഴിപ്പിക്കുന്നതും, ചോറ് വാരി കൊടുക്കുന്നതും ആ 75 -കാരിയായ അമ്മയാണ്. ബെറിംഗ് സീ ഫിഷിംഗ് ബോട്ടുകളിൽ അലാസ്‍കന്‍ ഞണ്ടുകളെ വലവീശിപിടിച്ച, വാഷിംഗ്ടൺ തീരത്ത് സ്കൂബ ഡൈവ് ചെയ്ത, ഊർജ്വസ്വലനായിരുന്ന, ആരോഗ്യവാനായിരുന്ന തന്റെ മകനെ ഡോണ ഓർത്തു. ഇപ്പോൾ 51 വയസ്സുള്ള തന്റെ മകന്റെ സകലകാര്യങ്ങളും നോക്കുന്നത് ആ അമ്മയാണ്. തന്റെ കാലം കഴിഞ്ഞാൽ മകന്റെ ജീവിതം എങ്ങനെ മുന്നോട്ട് പോകും എന്ന് അവർ ആശങ്കപ്പെട്ടു.

2016 ഫെബ്രുവരിയിൽ ഒരു ശനിയാഴ്ചയാണ് ഡോണയ്ക്ക് ജയിൽനിന്ന് കോൾ ലഭിച്ചത്. 'ഒരു സംഭവമുണ്ടായി' ജയിലിലെ ഉദ്യോഗസ്ഥൻ അവരോട് പറഞ്ഞു. ചക്കിന് ഒരപകടം സംഭവിച്ചുവെന്നും, ചക്ക് ആ രാത്രി പിന്നിടുമോ എന്നറിയില്ലെന്നും അയാൾ പറഞ്ഞു. ഡോണ പൊട്ടിത്തെറിച്ചു: “എപ്പോഴാണ്? എന്താണ് സംഭവിച്ചത്? ഇപ്പോൾ എങ്ങനെ ഉണ്ട്? ” “ക്ഷമിക്കണം, എനിക്ക് ഇത്ര മാത്രമേ പറയാൻ കഴിയൂ.” എന്നാണയാള്‍ പറഞ്ഞത്.

ലെവിസ്ബർഗ് പോലുള്ള ജയിലിൽ നടക്കുന്ന ദൈനംദിന അക്രമസംഭവങ്ങൾ ഒരിക്കലും കുടുംബങ്ങളെ അറിയിക്കാറില്ല. മകൻ ആരോഗ്യവാനാണെന്നും സെല്ലിൽ കരാട്ടെ പരിശീലിക്കുന്നുണ്ടെന്നും ഡോണയ്ക്ക് അറിയാമായിരുന്നു. പിന്നെ എന്തായിരിക്കും സംഭവിച്ചിരിക്കുക എന്നോർത്തു ഡോണ ആവലാതിപ്പെട്ടു. എന്നാൽ, മകനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. എന്നിരുന്നാലും രണ്ട് ദിവസത്തിനുശേഷം ജയിലിലെ ഒരു കൗൺസിലറെ സമീപിക്കാൻ ഡോണയ്ക്ക് കഴിഞ്ഞു. ചക്കിന്‍റെ ഹൃദയത്തിന് തകരാറ് പറ്റിയെന്നും ആത്മഹത്യാശ്രമത്തിലാണ് അത് സംഭവിച്ചതെന്നുമാണ് ഉപദേഷ്ടാവ് ഡോണയോട് പറഞ്ഞത്. എന്നാൽ, അതൊരു കള്ളമാണ് എന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു. പന്ത്രണ്ട് ദിവസത്തിന് ശേഷമാണ് ചക്കിന് ബോധം തെളിഞ്ഞത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ സന്ദർശകരിലൊരാളാണ് ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിൽ നിന്നുള്ള ഒരു പ്രത്യേക അന്വേഷണ ഏജന്റ്. സെൽമേറ്റ് തന്നെ ആക്രമിച്ചോ എന്ന് ഏജന്റ് ചക്കിനോട് ചോദിച്ചു. ചക്ക് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദമുണ്ടായില്ല. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം “അതെ” എന്ന് ഉച്ചത്തിൽ പറഞ്ഞു. ജയിലിൽ അയാളുടെ കൂടെയുള്ളയാൾ ഒരു അക്രമകാരിയായിരുന്നു. ബ്യൂറോ ഓഫ് പ്രിസൺസിന്റെ ഏറ്റവും അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്നതാണ് എസ്‌എം‌യു. അവിടെ ഓരോ സെല്ലിലും രണ്ടുപേരെ വീതം പാർപ്പിക്കുന്നു. ഇവിടെയാണ് അക്രമങ്ങള്‍ കൂടുതലും നടക്കുന്നത്. ലെവിസ്ബർഗിലെ ഈ ഇരട്ട സെല്ലില്‍ കഴിയുക എന്നാല്‍ തന്നെ ജീവന്‍ പണയം വെച്ച് ജീവിക്കുക എന്നതാണ്. വഴക്കുകൾ പൊട്ടിപ്പുറപ്പെടുമ്പോൾ അടുത്തത് എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല. ചക്കിന്റെ കൂട്ടാളിയ്ക്ക് ചക്കിനെ തീരെ ഇഷ്ടമായിരുന്നില്ല. ചക്കിനെ തരം കിട്ടുമ്പോഴെല്ലാം അയാൾ ഉപദ്രവിക്കുമായിരുന്നു. തന്നെ അവിടെ നിന്ന് മാറ്റണമെന്ന് ജയിൽ അധികൃതരോട് ചക്ക് പലവട്ടം അപേക്ഷിച്ചിട്ടും അവർ ചെവിക്കൊണ്ടില്ല. 2016 ഫെബ്രുവരി 26 -ന് ചക്ക് നിലത്ത് കിടക്കുന്നതായി ഉദ്യോഗസ്ഥൻ കണ്ടെത്തി. ബെഡ്ഷീറ്റിന്റെ ഒരറ്റം അയാളുടെ കഴുത്തിലും, മറ്റേത് സെൽ വാതിലിലും കെട്ടിയിരുന്നു. ചക്കിന്റെ മുഖം ചോരച്ചും നീലച്ച് കിടന്നിരുന്നു.

ഉടൻ തന്നെ ചക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അയാൾക്ക് തലയിൽ കാര്യമായി ക്ഷതം സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. അയാളുടെ സെൽമേറ്റ് അയാളെ അതി ക്രൂരമായി പിച്ചിച്ചീന്തിയിരുന്നു. ചക്കിന്റെ സഹോദരി ട്രേസി 'ഫെഡറൽ തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള അവകാശങ്ങൾ' എന്ന പേരിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കി. പ്രസിഡന്റ് ട്രംപിന് കത്തെഴുതുന്നത് മുതൽ പ്രാദേശിക പത്ര റിപ്പോർട്ടറുമായി സംസാരിക്കുന്നത് വരെ ചക്കിന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേടാനും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനും ആവശ്യപ്പെടാനും അവർ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, അതൊന്നും കാര്യമായ ഫലം ഉണ്ടാക്കിയില്ല. അയാളെ ഉപദ്രവിച്ച സെൽമേറ്റിനെതിരെ യാതൊരു നടപടികളും ഉണ്ടായില്ല എന്നതാണ് വാസ്തവം.



അതിനുശേഷം കുടുംബം ചക്കിന്റെ അനുകമ്പാപൂര്‍വമായ മോചനത്തിനായി അപേക്ഷിച്ചു, ഫെഡറൽ തടവുകാരിൽ രോഗികളെയോ പ്രായമായവരേയോ അസാധാരണമായ സാഹചര്യങ്ങൾ നേരിടുന്നവരേയോ നേരത്തേ മോചിപ്പിക്കാൻ അനുവദിക്കുന്ന ഒരു പദ്ധതിയാണ് അത്. ആ സമയത്ത്, ചക്ക് കഷ്ടിച്ച് നടക്കുമായിരുന്നു. എന്നിരുന്നാലും കൂടുതൽ സമയവും വീൽചെയറിൽ ചെലവഴിക്കുന്ന മകന്റെ സൗകര്യത്തിനായി ഡോണ തന്റെ കുളിമുറി ആയിരക്കണക്കിന് ഡോളർ ചെലവഴിച്ചു പുനർനിർമ്മിച്ചു. എന്നാൽ, ബ്യൂറോ ഓഫ് പ്രിസൺസ് അവരുടെ അപേക്ഷ നിരസിച്ചു. സ്വന്തം മകനെ ഒരു നോക്ക് കാണാൻ പോലും ആ അമ്മ മാസങ്ങളോളം കഷ്ടപ്പെട്ടു. മകനെ കുറിച്ചുള്ള വിവരങ്ങൾ അവരിൽ നിന്ന് ജയിൽ മറച്ച് വച്ചു. ഒടുവിൽ ഡോണയും ചക്കിന്റെ സഹോദരിയും 2017 ജൂലൈയിൽ ചക്കിനെ കാണാൻ ബട്‌നറിലെത്തി. ഉദ്യോഗസ്ഥർ വീൽ ചെയറിൽ കൊണ്ടുവരുന്ന ചക്കിനെ കണ്ടപ്പോൾ അമ്മയും സഹോദരിയും ഞെട്ടി. അവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത വിധം ചക്ക് മാറിയിരുന്നു. വല്ലാതെ മെലിഞ്ഞുണഞ്ഞിരുന്നു അയാൾ. കൂടാതെ അയാളുടെ മുൻനിരയിലെ പല്ലുകൾ പലതും ഇല്ലായിരുന്നു. എന്നാൽ ഏറ്റവും സങ്കടകരമായ കാര്യം അയാൾ എവിടെയാണെന്ന് അയാൾക്കറിയില്ല എന്നതാണ്. തലച്ചോറിനേറ്റ ക്ഷതത്തിൽ ചക്കിന് ഓർമ്മ നഷ്ടമായിരുന്നു. എന്നിട്ടും അയാൾ തന്റെ അമ്മയെയും സഹോദരിയെയും തിരിച്ചറിഞ്ഞു. മകന്റെ ഭാവിയെ കുറിച്ച് ഡോണ വല്ലാതെ ആശങ്കപ്പെട്ടു. “അവൻ ഒരിക്കലും ഞങ്ങളുടെ പഴയ ചക്ക് ആവില്ലേ?” സന്ദർശനത്തിന് ശേഷം അവർ പറഞ്ഞു. “ഒരിക്കലും അവസാനിക്കാത്ത ഒരു മോശം സ്വപ്നം പോലെയായിട്ടാണ് എനിക്ക് ഇത് തോന്നുന്നത്, ” അവർ കൂട്ടിച്ചേർത്തു.

നീണ്ട കാലത്തെ അമ്മയുടെ കാത്തിരിപ്പിനൊടുവിൽ 2018 ഡിസംബറിൽ ചക്ക് സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു വന്നു. എന്നാൽ ഓർമ്മക്കുറവും, നിർത്താതെയുള്ള വിറയലും അയാളെ വല്ലാതെ തളർത്തി. വിദഗ്ധമായ ചികിത്സയുടെ ഫലമായി ഇപ്പോൾ അയാൾക്ക് നടക്കാം. പക്ഷേ, ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ സ്വന്തമായി ഒരു വീട് വച്ച് നല്ല രീതിയിൽ ജീവിക്കണമെന്ന അയാളുടെ ആഗ്രഹം, ഇനി ഒരിക്കലും നടക്കില്ല. അത്രയ്ക്ക് വലിയ ദുരന്തമാണ് ജയിലിൽ അയാളെ കാത്തിരുന്നത്. ഇപ്പോഴും അതിനകത്ത് എന്താണ് സംഭവിച്ചത് എന്ന് പറയാൻ ഓർമ്മയില്ലാത്ത അയാൾക്ക് കഴിയുന്നില്ല. ചില നേരങ്ങളിൽ സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ ആ മകന് കഴിയില്ല. തന്റെ മകന്റെ ജീവിതത്തിലെ ആ കറുത്ത ഏട് മായ്ക്കാൻ കഴിയാതെ, അവനെ നെഞ്ചോട് ചേർത്ത് പിടിച്ച് ആ അമ്മ ഇന്നും ജീവിക്കുന്നു. സ്വയം പരിചരണം കിട്ടേണ്ട പ്രായത്തിൽ മകനെ പരിചരിക്കേണ്ട ദുരവസ്ഥയിലാണ് ഡോണ. താൻ മാത്രമേ തന്റെ മകന് ഉളളൂ എന്നറിയാവുന്ന ആ അമ്മ തന്റെ വയ്യായ്മകളെല്ലാം മാറ്റി വച്ച് മകനെ ശുശ്രൂഷിക്കുന്നു. എന്നിരുന്നാലും താൻ ഇല്ലാത്ത ഒരു ലോകത്ത് തന്റെ മകൻ ഒറ്റപ്പെട്ട് പോകുമോ എന്നോർത്ത് ഭയന്നാണ് ആ അമ്മ ഓരോ ദിവസവും തള്ളി നീക്കുന്നത്.