ആരോപണങ്ങളും അപവാദങ്ങളും നിഴല്‍ വിരിച്ച ട്രമ്പ് എങ്ങനെ പ്രഥമപുരുഷനായി? വൈരുദ്ധികാധിഷ്ഠിത മുതലാളിത്ത വാദമാണ്. എങ്കിലും ഉത്തരം ഒന്നു മാത്രമാണ്. തൊഴിലാളി വര്‍ഗ്ഗം ട്രമ്പിന്റെ കൂടെയായിരുന്നു.

ലളിതമായി പറഞ്ഞാല്‍ റേഷനരി വാങ്ങുന്നവരെല്ലായിടത്തുമുണ്ട്. മിക്കവാറും നിശബ്‍ദരായ ഒരു സിംഹഭൂരിപക്ഷം. റേഷന്‍ കടയ്ക്കു പകരം ടെസ്കോ അല്ലെങ്കില്‍ ടെസ്കോയുടെ അമേരിക്കന് തത്തുല്യം ആവും. കൂലിക്കു പകരം സപ്പോര്‍ട്ട് ചെക്കാവും. സാമ്പത്തികമാന്ദ്യം വന്നപ്പോഴവന്‍ സൂപ്പര്‍മാന്‍ പുറത്തിടുന്ന കളസം ഊരിക്കളഞ്ഞു റിയലിസ്റ്റിക്കായി, സെപ്തംബര്‍ പലവിധത്തിലുളള ഭയങ്ങളുണര്‍ത്തി.

ട്രമ്പിന്റെ സെല്ലിങ്ങ് പോയിന്റ് അമേരിക്കന് അജയ്യതയായിരുന്നു. ഈ രണ്ടു സാധരണക്കാരന്റെ ഭയത്തിനും പ്രതിവിധി എന്ന സ്വപ്ന വാഗ്ദാനം. സാധാരണക്കാരന് നോം ചോസ്കിയല്ല. അവനു ബ്രഡ് പ്രശ്നം തീര്‍ന്നിട്ടേ ബാക്കിയെന്തും വരൂ. സൂക്ഷിച്ചു നോക്കിയാല്‍ ഇതൊരു ബ്ലൂകോളര്‍ മാന്ഡേറ്റാണ്.

രാവിലെ ഡ്രൈവ് ചെയ്യുമ്പോള്‍ റേഡിയോയിലെ ടോക്ക് ഷോയില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പു വാചകങ്ങള്‍. സ്ത്രീ വിരുദ്ധതയും ടാക്സു വെട്ടിപ്പും മുതലൊരു നൂറു കൂട്ടം ആരോപണങ്ങള്‍ നേരിടുന്ന ട്രമ്പിനെ സ്ത്രീകള്‍ ശക്തമായി പിന്തുണയ്ക്കുന്നു. ട്രമ്പിനെ വേട്ടയാടിയെന്നു ചിലര്‍. ഒരാഴ്ച പോലും കഴിയുന്നതിനു മുമ്പ് ട്രമ്പിനെ വിലയിരുത്താനാവില്ലെന്നു മറ്റു ചിലര്‍. ട്രമ്പ് ചിലരിലെങ്കിലും അഭിമാനബോധങ്ങളുണര്‍ത്തി. ആളുകളുടെ ഉള്ളിലൊളിഞ്ഞിരുന്ന പലതും പുറത്തു കൊണ്ടു വരുന്നു. കൊണ്ടു വന്നു. സന്തോഷം, ഭയം തുടങ്ങിയ സമ്മിശ്രപ്രതികരണങ്ങള്‍ അമേരിക്കയുടെ മാത്രം ഭാവിയല്ല. ലോകത്തിന്റെ ഭാവി കൂടെയാണ്. അതിനു മുന്‍പ് ഫലഹേതുവിലേക്ക്. മുന്‍പറഞ്ഞ തൊഴിലാളി വര്‍ഗ്ഗത്തിലേക്ക്.

മുഖ്യധാര മാധ്യമങ്ങളും ഓണ്‍ലൈനിലെഴുതുന്നവരും ജീവിതത്തിലധികം അനിശ്ചിതത്വങ്ങളില്ലാത്തവരാണ്. രാഷ്ട്രീയ മാനവിക ആശങ്കകളല്ലാതെ. പക്ഷേ നിശബ്ദ ഭൂരിപക്ഷമാണധികവും. ചെറിയ ജീവിത പ്രാരബ്ദങ്ങളില്‍, ബ്രഡ്ഡു പ്രശ്നങ്ങളില്‍ ജീവിക്കുന്നവര്‍. ഓണ്‍ലൈനില്‍ എഴുതുന്നവരധികവും സ്വന്തം ജീവിതങ്ങളില്‍ സെറ്റില്‍ഡാണ്. ലോണടക്കം പലവിധ പ്രാരബ്ദങ്ങളിലും സ്വന്തം പേ ചെക്ക് മുടങ്ങാതെ കിട്ടുന്നവര്‍. മീഡിയ പണ്ടേക്കു പണ്ടേ വ്യവസ്ഥിതിയാണ്. ധാര്‍മ്മിക പ്രതിബദ്ധതകളല്ലാതെ.

അവിടെ കാണാത്ത വലിയ ഒരു കൂട്ടമുണ്ട്. ഗ്യാസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍. സൂപ്പര്‍മാര്‍ക്കറ്റുകളിലെ കൗണ്ടറുകളിലിരിക്കുന്നവര്‍. ഹാന്‍ഡിമാനെന്ന മൈക്കാഡ്. ചെറുകിട സ്ഥാപനങ്ങളിലെ ചെറുജോലികളും ചെറു വരുമാനവുമളളവര്‍. ക്ഷേമരാഷ്ട്രമെന്ന സമ്പ്രദായം നല്‍കുന്ന പല ഗുണങ്ങളിലൊന്നായ സോഷ്യല്‍ സെക്യൂരിറ്റി കൊണ്ടു പിടിച്ചു നില്‍ക്കുന്നവര്‍. തൊഴില്‍ രഹിതര്‍ക്ക്, കുട്ടികള്‍ക്ക്, രോഗികള്‍ക്ക് അങ്ങനെ പല ആനുകൂല്യങ്ങളുമുളളതു കൊണ്ടു മാത്രം ജീവിതം ദുരിതമാവാത്തവര്‍.

ശീതയുദ്ധം അമേരിക്കന് അജയ്യത എന്ന വികാരം നിറഞ്ഞതായിരുന്നു. പരാതികളും കുറവുകളുമുളളപ്പോഴും. ആദ്യം ചങ്കിടിച്ചത് സാമ്പത്തിക മാന്ദ്യം വന്നപ്പോഴാണ്. ആഗോളവത്കരണം കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിച്ചു. ഉത്പാദനം ചൈനയിലേക്കും ഇന്ത്യയിലേക്കും മാറിയപ്പോള്‍ ആദ്യം നെഞ്ചെരിഞ്ഞത് ബ്ലൂകോളറിനോ ഇടത്തരക്കാരനോ ആണ്. സാമ്പത്തിക മാന്ദ്യം ഒരിക്കലും നേരിടില്ലെന്നു ഉറപ്പുണ്ടായിരുന്ന, സ്വപ്നത്തില്‍ പോലും കാണാത്ത പ്രശ്നങ്ങളിലേക്ക് സാധാരണക്കാരനെ വലിച്ചിട്ടു.

ബ്രഡ് വാങ്ങാനുളള വഴിയാണേറ്റവും വലുതെന്നതിലേക്കും. ജോലി ലഭ്യതകളിലെ കുറവ്, അത്തരം ജോലികളിലെ വിദേശ സാന്നിധ്യം ഇതൊക്കെ അരക്ഷിതാവസ്ഥകളുണര്‍ത്തി. ഫലത്തില്‍ ബ്രക്സിറ്റിനു കാരണമായ അതേ കാര്യങ്ങള്‍ തന്നെയാണ് ട്രമ്പിലേക്കും നയിക്കുന്നത്.

പക്ഷെ ആ ട്രമ്പ് ചുഴി കൂടുതല്‍ തീവ്രമായിരുന്നു. മാന്ദ്യത്തോടൊപ്പം സപ്പോര്‍ട്ട് സിസ്ററവും മെലിഞ്ഞു വന്നു. ആ മെലിയലാണ് യുകെയില്‍ താച്ചറിനെയും അമേരിക്കയില്‍ റെഗനെയും ഏറ്റുവും ജനപ്രിയരല്ലാത്ത ഭരണാധികാരികളാക്കിയത്.

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഇടത്തരക്കാരന്റെ ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ കംഫര്‍ട്ട് സോണുകളില്ലാതെയായി. അത്തരം കംഫര്‍ട്ട് സോണുകളെ ചുരുക്കുന്ന എന്തും ഏതും ഇടത്തരക്കാരനെ ആശങ്കാകുലനാക്കി. അത്തരം സാന്നിധ്യങ്ങള്‍ പത്രമാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ പ്രത്യക്ഷപ്പെടുന്നവരുടെ ജീവിതതത്തില്‍ നേര‍് പ്രത്യക്ഷമല്ലാത്തതു കൊണ്ട് അതു പലപ്പോഴും ലഘൂകരിക്കപ്പെട്ടാണ് മാധ്യമങ്ങളില്‍ വന്നത്. അതുകൊണ്ടാണ് പ്രധാന പ്രശ്നങ്ങളില്‍ നിന്നും മാറി പിആര്‍ ജോബുകളില്‍ ലൈം ലൈറ്റ് വീണത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ലോകം കൂടുതലിരുണ്ടു. അതിന്റെ പ്രതിഫലനം അമേരിക്കയിലുമുണ്ടായി. ഭയങ്ങളുടെ നിഴല്‍പ്പാടുകളും.

ട്രമ്പ് വീണ്ടെടുത്തത് അമേരിക്കന്‍ അജയ്യത എന്ന സ്വപ്നമാണ്. കഴിഞ്ഞ ദശകങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന അമേരിക്കന്‍ സാമൂഹ്യസാഹചര്യങ്ങളുടെ വീണ്ടെടുപ്പ് എന്ന സ്വപ്നം സമര്‍ത്ഥമായി വിറ്റ വ്യാപാരിയാണ് ട്രമ്പ്.

സാധാരണക്കാരന്‍, ബിസ്സിനസ്സുകാരനായ ട്രമ്പ് അമേരിക്കന്‍ ഉത്പാദന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്വന്തം തൊഴിലുറപ്പ് ഭദ്രമാക്കുമെന്നും വിശ്വസിച്ചു. സ്വന്തം തൊഴിലിനു ഭീക്ഷണിയാവുന്ന കുടിയേറ്റങ്ങള്‍ തടയുമെന്നു വിശ്വസിച്ചു. മെക്സിക്കോ മതിലുയരുമെന്നും മെക്സിക്കോ മാത്രമല്ല, എല്ലാ കുടിയേറ്റങ്ങള്‍ക്കും മതിലുയരുമെന്നും പ്രതീക്ഷിച്ചു. വീണ്ടും സാമ്പത്തിക വ്യവസ്ഥ സര്‍വ്വ പ്രതാപത്തില്‍ വി‍ജൃംഭിക്കുമെന്നു സ്വപ്നം കണ്ടു. ട്രമ്പ് ഫലപ്രദമായി നെയ്ത ആ സ്വപ്നത്തില്‍ ട്രമ്പിലാരോപിക്കപ്പെട്ട പാപങ്ങളെല്ലാം അപ്രസക്തമായി. സ്ത്രീ വിരുദ്ധത പോലും.

കുടുംബം എന്ന ഏകകത്തെ മൈക്രോമാനേജ് ചെയ്യുന്നവര്‍ക്ക്. കുട്ടികളേം കൊണ്ടു ഡോക്ടരുടെ അടുത്തേക്കോടുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ മോര്‍ട്ട്ഗേജ് അടച്ചു ജീവിതം വട്ടമെത്തിക്കുന്നവര്‍ക്ക് ട്രമ്പ് വരച്ചസ്വപ്നങ്ങള്‍ ജീവവായുവായി മാറി. പ്രതീക്ഷയും. തൊഴിലാളിയുടെ സാധാരണക്കാരന്റെ ജീവിതം ട്രമ്പിനു വോട്ടായി. വോട്ടങ്ങനെ വീണപ്പോള്‍ ഡെസ്കുകളിലെ കമ്പ്യൂട്ടറുകളിലെ ഫയലുകളില്‍ തിളച്ച ജിഗാബൈറ്റുകള്‍ പാഴായും ശൂന്യമായും പോയി.

ആദ്യ പ്രസംഗം നടത്തിയ ട്രമ്പില്‍ അമിത വിജയാഹ്ളാദങ്ങളേതുമില്ലായിരുന്നു. അല്ലെങ്കിലും വ്യക്തികളല്ല പദവികളാണ് പ്രസക്തം. അതു തന്നെയാണ് പദവിയുടെ വിജയവും പരിമിതിയും. ഒരുപാടു സംസാരിക്കുകയും ഒന്നും ചെയ്യാതിരിക്കുകയും എന്ന് ചിലരെങ്കിലും വിശ്വസിച്ച ഒബാമയെക്കാളും പ്രതീക്ഷ ട്രമ്പ് സാധാരണക്കാരനിലുണ്ടാക്കുന്നു.

 ഫലം ട്രമ്പ് വിജയം ആട്ടക്കഥയില്‍ അടുത്ത നാലു വര്‍ഷത്തേക്ക് ഇരുന്നു കൊണ്ടു പ്രവേശിക്കുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയമായി യോജിച്ചാലും ഇല്ലെങ്കിലും വസ്തുതകള്‍ വസ്തുതകളാണ്. വാര്‍‍ത്തയായാലും രാഷ്ട്രീയമായാലും. ട്രമ്പ് ഒരു രാഷ്ട്രീയ യാഥാര്‍‍ത്ഥ്യമാണ്. ഒരു പക്ഷെ ദൂരവ്യാപക ഫലങ്ങളുളള രാഷ്ട്രീയ യാഥാര്‍ത്ഥ്യം.