കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. സംസ്‌കരിക്കാന്‍ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അസി. കമീഷണര്‍ പ്രേമദാസ് ശ്രീധരന്റെ കോളറില്‍ കയറിപ്പിടിച്ചത്. .കുപ്പുദേവ രാജിന്റെ അമ്മയും വീഡിയോയിലുണ്ട്. കുപ്പു ദേവരാജിന്റെ മൃതദേഹവും കാണാം.
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിലാണ് പൊലീസ് വെടിവെപ്പ് നടത്തിയതെന്നാണ് സര്‍ക്കാറും പൊലീസും പറയുന്നത്. എന്നാല്‍, ഇവരെ പൊലീസ് അരുംകൊല ചെയ്യുകയായിരുന്നു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരുടെ ഉറ്റവരും പറയുന്നത്. സംഭവത്തില്‍ ദുരൂഹതകളുള്ളതായി ഭരണകക്ഷിയില്‍ പെട്ട സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. മൃതദേഹം കോഴിക്കോട് പൊതുദര്‍ശനത്തിന് വെക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചുവെങ്കിലും അപ്രതീക്ഷിതമായി യുവമോര്‍ച്ച ഇതിനെതിരെ രംഗത്തുവന്നതിനെ തുടര്‍ന്ന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് പൊറ്റമ്മലിലുള്ള വര്‍ഗീസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന തീരുമാനവും പൊലീസ് തടഞ്ഞു. പൊതുദര്‍ശനം അനുവദിക്കില്ലെന്ന് കാണിച്ച് യുവമോര്‍ച്ചയും ശിവസേനയും റോഡ് ഗതാഗതം തടയുകയും ചെയ്തു. ഇതിനു ശേഷമാണ് പൊതുദര്‍ശനം നടത്തരുതെന്ന് നിര്‍ദേശിച്ച് ബന്ധുക്കള്‍ക്ക് പൊലീസ് മൃതദേഹം കൈമാറിയത്.
മാവൂര്‍ റോഡ് ശ്മാശാനത്തില്‍ എത്തിയ മൃതദേഹം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഇതിനിടെയാണ്, സംസ്‌കാരം വൈകിപ്പിച്ചു എന്നാരോപിച്ച് പൊലീസ് അസി. കമീഷണര്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചത്. ഈ സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പൊലീസിന് എതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്.

