സങ്കീര്‍ണ്ണതകള്‍ അധികമാവുകയാണ്. ശബ്ദങ്ങളെ ഓര്‍മ്മയില്‍ വയ്ക്കാന്‍ പാടുപെടുകയാണ് മനുഷ്യന്‍. മറവി. ആദിമ ബോധത്തിന്റെ ഒരുപുറം മായ്ച്ചുകളയല്‍. പക്ഷേ ചിലത് മായുന്നില്ല. മായാത്തവയെ ഓര്‍ത്ത് ചില വരകള്‍. നിലത്ത്, മരത്തില്‍, പാറയില്‍, പറ്റുന്നേടത്തെല്ലാം. അവ പിന്നെപ്പിന്നെ പൊതു സ്വഭാവം നേടുന്നു. ഇതാ, എഴുത്തു രൂപപ്പെടുന്നു. ചിത്രങ്ങള്‍ എന്നു പറയാവുന്ന വരകള്‍, അവയ്ക്ക് കാണപ്പെട്ടവയുടെ ഛായകള്‍. ജ്യാമിതീയ രൂപങ്ങളുടെ മുന്‍ഗാമികള്‍. എല്ലാറ്റിനുമുണ്ട് ഒരു കണക്ക്. ഗോളങ്ങള്‍ ചരിക്കുന്നതിനു മുതല്‍ അദൃശ്യമായ അണുക്കള്‍ ചലിക്കുന്നതിനു വരെയുള്ള കണക്കിന്റെ പൊരുള്‍. അതിന് നാശമില്ല. അതിനാല്‍ ഈ വരകള്‍ക്കും നാശമില്ല. ഒരിക്കലും നശിക്കാത്തത് എന്ന് അതിനെ വിളിക്കാം! അക്ഷരങ്ങള്‍!

അക്ഷരങ്ങള്‍ അമൃത വൈഖരിയുടെ സോപാനമേറാന്‍ പിന്നെയും കാത്തിരുന്നിട്ടുണ്ടാവും അനേകം നൂറ്റാണ്ടുകള്‍. വാക്കുകള്‍ പരസ്പരം ചേര്‍ത്തതുകൊണ്ടായില്ല. അവ ചിറകുതേടി പറക്കണം. ആദിമ പ്രാര്‍ത്ഥനകളില്‍ അതു നിറഞ്ഞുനിന്നു. വാക്കു പവിത്രമാണ് എന്നവര്‍ വിശ്വസിച്ചു. വെറുതേ പറയേണ്ടതല്ല വാക്കുകള്‍ എന്ന് പുരാതനര്‍ പറഞ്ഞു. പ്രാണവായുവെടുത്ത് നാം ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ക്ക് പ്രാണന്റെ വിലയുണ്ടെന്നു തിരിച്ചറിഞ്ഞു പൂര്‍വ്വികര്‍. വാക്കിനെ അവര്‍ പ്രാണന്‍ എന്നു വിളിച്ചു. അതിനെ പൂജിച്ചു. ദേവതകള്‍ പലതുണ്ടായിരുന്നപ്പോഴും അക്ഷരത്തിന്റെ ദേവതയ്ക്ക് ഉയര്‍ന്ന പീഠം നല്‍കി. അക്ഷരം സംഗീതത്തിന്റെ ഉല്‍പ്പന്നവും സഹയാത്രികയുമാണെന്നവര്‍ കണ്ടെത്തി. ശുഭ്രവസ്ത്രം ധരിച്ചു വീണയേന്തി കലകള്‍ക്കധിനാഥയായി അക്ഷര ദേവത വിളങ്ങി. നമ്മള്‍ അക്ഷര ദേവതയെ അമ്മേ എന്നു വിളിച്ചു.

തമസാ നദിയുടെ തീരത്ത് സന്ധ്യാ വന്ദനത്തിറങ്ങിയ മഹര്‍ഷിയുടെ കണ്‍മുന്നില്‍ ഇണക്കിളികളിലൊന്ന് ചിറകറ്റു വീണു, വേടന്‍റെയമ്പേറ്റ്. നിസ്സഹായതയുടെ ശേകം വാക്കുകളില്‍ പിറന്നു. വേദന വാക്കുകളില്‍ വിളക്കു കൊളുത്തി

"മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം"

പാടിക്കഴിഞ്ഞ കവിയില്‍ അമ്പരപ്പ്! താന്‍ പാടിയതു തത്രീലയ സമത്വിതമായിരിക്കുന്നു. അക്ഷരങ്ങള്‍ പാദങ്ങളില്‍ സമമായിരിക്കുന്നു. ഇതാ! കവിത പിറന്നിരിക്കുന്നു. അക്ഷരങ്ങള്‍ക്ക് അതുവരെയില്ലാത്ത ജീവനുണ്ടായി എന്ന തിരിച്ചറിവ്. വാക്കുകള്‍ ജീവിതം തേടിയിറങ്ങിയതിന്റെ ഏറ്റവും മികച്ച പ്രതീകാത്മകമായ ആഖ്യാനം.

നിത്യ ജീവിത സംബന്ധിയായ മറ്റുചിലതായി അക്ഷരം പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതിലൊരു ചിത്രമിങ്ങനെ. പഴയ കാലത്തെ നാട്ടിന്‍ പുറമൊന്നില്‍ ഒരമ്മ ഒട്ടും തിടുക്കമില്ലാതെ ചില ജോലികള്‍ ചെയ്യുന്നുണ്ട്. പുത്തനായി ചാണകമിട്ടു തളിച്ച ഇറയം നല്ല നീളമേറിയ ഈര്‍ക്കില്‍ ചൂലുകൊണ്ട് തൂത്തുവൃത്തിയാക്കുന്നു. പിന്നെ അതിലൊരിടം വെള്ളം തളിച്ച് പ്രത്യേകം ശുദ്ധിവരുത്തുന്നു.

ഒരാവണപ്പലക കൊണ്ടു വന്ന് അവിടെ ഇടുന്നു. അതിന്മേലെ അലക്കിത്തേച്ച പഴയൊരു നേര്യത് വിരിക്കുന്നു. പുള്ളിയും ചാമ്പലുമിട്ട് തേച്ചുമിനുക്കിയ ഒരോട്ടു വിളക്ക് കൊളുത്തി പലകയ്ക്ക് മുന്നില്‍ വയ്ക്കുന്നു. ഒരിലയില്‍ കുറച്ചു പഴങ്ങളും ഒരു തേങ്ങയും അവലും മലരും ഒരുക്കുന്നു. രണ്ടായി മടക്കിയ ഒരു പുല്‍പ്പായ വിളക്കിനു മുന്നില്‍ വിരിക്കുന്നു. ഇപ്പോള്‍ അകത്തു നിന്നും നാലഞ്ച് സ്ത്രീ ജനങ്ങള്‍ കൂടി രംഗത്തു വരുന്നു. അപ്പോഴാണ് പുറത്തു നിന്നും വയോധികനായ ഒരാളുടെ കടന്നുവരവ്. സ്വാഗത വചനങ്ങള്‍ സ്വീകരിച്ച് അദ്ദേഹം ആവണപ്പലകയില്‍ ഇരിക്കുന്നു. നേരെ മുന്നിലെ പുല്ലുപായയില്‍ സ്ത്രീകളിലൊരാള്‍ അമ്പരന്ന ഒരു നാലു വയസ്സുകാരനെ മടിയിലിരുത്തി ഇരിക്കുന്നു. അരി നിരത്തിയ താലം അദ്ദേഹത്തിന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നു. കുഞ്ഞിനെ ഏറ്റെടുത്ത് കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചിട്ട് അദ്ദേഹം അവന്‍റെ കുരുന്നു വിരല്‍ പിടിച്ച് അരിയില്‍ 'ഹരിശ്രീ ഗണപതായേ നമ:' എന്നെഴുതിക്കുന്നു.

അവന്‍ കരയുന്നുണ്ടാകാം. ഇല്ലായിരിക്കാം. ഇതായിരുന്നു പണ്ടത്തെ എഴുത്തിരുത്ത്. ആളും ആരവവും ആഘോഷവുമില്ലാതെ അനേകര്‍ എഴുത്തിനിരുന്നു. ഇത്ര പോലും ചടങ്ങുകള്‍ ഇല്ലായിരുന്നു പലേടത്തുമെങ്കിലും അക്ഷരത്തിന്‍റെ വിശുദ്ധിയിലും അമരത്വത്തിലും മനുഷ്യര്‍ വിശ്വസിച്ചു.

ആയുധ പൂജയുടെ കാലം കൂടിയാണ് നവരാത്രി. നമുക്കത് അക്ഷര പൂജ മാത്രമാണ്. പലേടത്തും അത് ആയുധ പൂജയാണ്. ജീവിതം ആയോധനം ആണെന്നും പറയാറുണ്ടല്ലോ നമ്മള്‍. ആയുധ പൂജ എന്നത് മുറിവേല്‍പ്പിക്കാനുള്ള ആയുധങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന ദിനങ്ങളല്ല. ജീവിതത്തിന്‍റെ ഏത് ആയോധന രംഗവും പൂജിതമാകുന്ന ദിനങ്ങളാണ്. നിലം കിളയ്ക്കുന്നവന് കൈക്കോട്ടും ആധാരമെഴുത്തുകാരന് പേനയും ഇരുമ്പു പണിക്കാരന് ചുറ്റികയും പൂജ വയ്ക്കാനുള്ള ആയുധങ്ങളാകുന്നു.

അതിനാല്‍ പൂജ വയക്കാന്‍ വലിയ ചിന്തയുടെ പവിത്ര പുസ്തകം തുറക്കലാണ്. ഏതു പ്രവര്‍ത്തിയും ആദരണീയമാണ് എന്ന തത്വം അതിന്‍റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ മനസ്സിലാക്കലാണ്. ഏതു ശ്രേണിയില്‍പ്പെടുന്നവരും താന്താങ്ങളുടെ പ്രവര്‍ത്തിയെ പൂജിക്കുക. തൊഴിലിനെ വര്‍ഷത്തില്‍ ഏതാനും ദിവസം വ്രതശുദ്ധിയോടെ കാണുക. അതിന്‍റെ പിന്നിലെ ചിന്തക്കും വികാരത്തിനും മുന്നില്‍ പ്രണമിച്ചേ മതിയാകൂ.

അവിടെ തീരുന്നില്ല അക്ഷരത്തിന്‍റെ ജീവിതം.ഒരു ചോദ്യത്തിലേക്ക് അറിയാതെ കൂടെപ്പോകുന്നു. ഓര്‍മ്മകളുടെ താളുകളെ അടുക്കി വക്കാന്‍ എന്നാവും മനുഷ്യന്‍ അക്ഷരങ്ങളെ കൂട്ടുപിടിച്ചത്? നമുക്കറിയുന്ന കാലത്തിനും മുമ്പാവണം. വാക്കുകളെ കണക്കിന്‍റെ മാന്ത്രികതയില്‍ അടുക്കിയാല്‍ അതു സംഗീതത്തോടടുക്കും എന്നു കണ്ടെത്തി നാം. അത് ഓര്‍മ്മയില്‍ വാക്കുകളെ നിര്‍ത്താന്‍ സഹായകമാകും എന്നും മനസ്സിലാക്കി. കവിതയില്‍ താളം സജീവമായി.

അക്ഷരത്തെ പലക്രമത്തില്‍ വിന്യസിച്ച് ഉള്ളിലുള്ളതെല്ലാം പറയാന്‍ പ്രാപ്തമാക്കി നമ്മുടെ ഭാഷകള്‍. അത് സംസ്കൃതത്തില്‍ മാത്രമല്ല സംഭവിച്ചത്. എല്ലാ നാട്ടുമൊഴി വഴക്കങ്ങളിലും താളത്തിന്‍റെ പൊട്ടാനൂലുകളില്‍ വാക്കുകള്‍ കൊരുത്തിടപ്പെട്ടു. അവ ഹൃദയങ്ങളില്‍ നൃത്തം ചെയ്തു നിറഞ്ഞു. അതു കൊണ്ടാണ് "വാരിധി തന്നില്‍ തിരമാലകളെന്ന പോലെ ഭാരതീ പദാവലി തോന്നണം" എന്നു കവി പ്രാര്‍ത്ഥിച്ചത്.

എഴുത്തിന്‍റെ കാലം വന്നപ്പോള്‍ അടുക്കിയ വാക്കുകള്‍ക്കു അടയാള വാക്യത്തിന്‍റെ ധര്‍മ്മമുണ്ടായി വന്നു. ഓലയില്‍ നാരായം കൊണ്ടെഴുതും മുമ്പേ മര്‍ത്യനു കിട്ടിയതെല്ലാം എഴുത്തുപകരണങ്ങളായിരുന്നു. ഇലകള്‍, മരത്തോല്, കല്ല്, പാറകള്‍ എല്ലാം. അഞ്ചു വിരലും പൂവിടരും പോലെ വിടര്‍ത്തിയും ഇതള്‍ കൂമ്പും പോലെ മടക്കിയും എഴുത്തിന്‍റെ വിദ്യയിലേക്ക് വരകളില്‍ നിന്നു പ്രവേശിച്ചു മനുഷ്യര്‍. എന്തൊരദ്ഭുതം. ശബ്ദത്തിനു പകരം ഓരോ ചിത്രീകൃതമായ അടയാളങ്ങള്‍. ഓരോ പ്രദേശത്തിനു ശബ്ദ വ്യതിയാനങ്ങള്‍.

അതിനനുസരിച്ച് വരകളില്‍ ഒടിവും വളവും അക്ഷര വൈവിധ്യത്തിന്‍റെ വസന്തവും വര്‍ഷവും ലോകമൊട്ടാകെ അനുഭവിച്ചു. ഏതേതു ഗ്രീഷ്മങ്ങളും ശിശിരങ്ങളും വന്നു പോയിട്ടും അക്ഷരങ്ങള്‍ വളവും ഒടിവും നിവര്‍ത്താതെ തന്നെ ജീവിതത്തിന്‍റെ വളയാത്ത നട്ടെല്ലുകളും സമുന്നതങ്ങളായ ശിരസ്സുകളും സദാ സ്പന്ദിക്കുന്ന ഹൃദയങ്ങളും സൃഷ്ടിച്ചു. കാലം എത്രയെത്ര ഗമന സഞ്ചാരങ്ങള്‍ നടത്തിയിട്ടും അക്ഷരം എന്ന വാക്കിനെ അര്‍ത്ഥ ലോപം വരാതെ നാം മനുഷ്യര്‍ സംരക്ഷിച്ചു. വിദ്യയുടെ മഹാദേവതയെ പൂജിക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത് ഇതൊക്കെയല്ലേ?

മറ്റൊന്നു കൂടി മണ്ണിലിറങ്ങി നിന്ന് ഓര്‍ക്കേണ്ടതുണ്ട്. പഴയൊരു കുടിപ്പള്ളിക്കൂടത്തിന്‍റെ മുറ്റത്ത് നിലത്തിരിക്കുന്ന പത്തോപന്ത്രണ്ടോ പേരില്‍ ഒരാള്‍ ഞാനോ നിങ്ങളോ ആണ്. അര്‍ദ്ധനഗ്നനായ നരച്ച താടി വളര്‍ന്ന ആശാന്‍ മുന്നിലുണ്ട്. നിരത്തിയിട്ട മണലില്‍ കുരുന്നു വിരല്‍ പിടിച്ച് പല വളവുകളിലുള്ള 'അ' എന്ന അക്ഷരം അത്ര ദയയില്ലാതെ എഴുതിപ്പിക്കുന്നു. ഒപ്പം എല്ലാവരും ചേര്‍ന്ന് 'അ' എന്ന ശബ്ദം ഉരുവിടുന്നു. പിന്നെ അതൊരു പാട്ടായി മാറുന്നു. സംഘഗാനം. അക്ഷരങ്ങള്‍ എല്ലാ മനസ്സുകളിലും വിടരുന്ന സഹസ്രാര പുഷ്പങ്ങളായി മാറുന്നു.

വളവുകളുള്ള അക്ഷരങ്ങള്‍ വളവില്ലാത്ത ചിന്ത സൃഷ്ടിക്കുന്നു. നാം നേടിയതെല്ലാം ഈ മണലില്‍ വിരലുതൊട്ടു നേടിയതാണ്. ഭൂമിയില്‍ സ്പര്‍ശിക്കാതെ എന്തെഴുത്ത്?

അക്ഷരം വെളിച്ചമാണെന്നു കണ്ടെത്തിയ വലിയമനസ്സുകള്‍ നമ്മുടെ കാടുകളുടെ ഹൃദയത്തിലിരുന്നു പ്രപഞ്ച രഹസ്യം അന്വേഷിച്ചിരുന്നു. അവര്‍ പല പല മാര്‍ഗ്ഗങ്ങള്‍ തേടി. പല പല പ്രതീകങ്ങള്‍ കണ്ടെത്തി. അനേകം ഉപമകളും രൂപകങ്ങളും കൊണ്ട് സത്യത്തെ വിശദീകരിക്കാന്‍ ശ്രമിച്ചു. കഥകളുടെ മഹാശേഖരം പിറന്നു. ഒരേ ചൈതന്യത്തിന്‍റെ അഗ്രമേയ വിലാസം പല വിധത്തില്‍ കണ്ടറിഞ്ഞു. അക്ഷരത്തിന്‍റെ ചൈതന്യം ഇരുട്ടിനെ അകറ്റുമെന്ന് സ്വപ്നം കണ്ടു. അര്‍ക്കചക്രമുദ്ര ധരിച്ച് കലകളുടെ ദേവത എഴുന്നെള്ളുമ്പോള്‍ ഇരുട്ട് വഴിമാറും എന്ന് ആശംസകളോടെ പ്രാര്‍ത്ഥിച്ചു.

ജീവിതത്തെ വെളിച്ചത്തിന്‍റെ അമ്പലമാക്കിത്തീര്‍ക്കണമേ എന്ന പ്രാര്‍ത്ഥനയില്‍ അക്ഷര ദീപ്തിയിലേക്ക് ഉണരാം.