ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോഴേ നമുക്ക് പേടിയാണ്. അതിന് മുൻപ് ഒരു നൂറു സംശയങ്ങൾ നമ്മൾ ഡോക്ടറോട് ചോദിച്ചെന്നിരിക്കും. മയക്കിയിട്ടാണോ ചെയ്യുന്നത് ഡോക്ടർ? വേദനയുണ്ടാകുമോ? എന്നിങ്ങന്നെ നൂറു ചോദ്യങ്ങൾ. 'നിങ്ങൾ പേടിക്കാതിരിക്കൂ, ഞങ്ങൾ എല്ലാം നോക്കിക്കൊള്ളാം. നിങ്ങൾ ചുമ്മാ കിടന്നു തന്നാൽ മതി' എന്ന് പറഞ്ഞു അവർ നമ്മെ ആശ്വസിപ്പിക്കും. എന്നാൽ, ലണ്ടനിലെ ആശുപത്രിയിലെ ചില ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് വിധേയായ ഒരു രോഗിയെ അങ്ങനെ ചുമ്മാ കിടക്കാൻ അനുവദിച്ചില്ല, അത് മാത്രവുമല്ല വളരെ വിചിത്രമായ ഒരു കാര്യം അവരെക്കൊണ്ട് ഡോക്ടർമാർ ചെയ്യിപ്പിക്കുകയും ചെയ്‍തു. 

ഡാഗ്മാർ ടർണർ എന്ന 53 -കാരിയുടെ തലച്ചോറിന്റെ ശാസ്ത്രക്രിയക്കിടയിൽ ഡോക്ടർമാർ അവരെക്കൊണ്ട് വയലിൻ വായിപ്പിക്കുകയായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വലിയ ആളാവാനോ, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനോ ഒന്നുമല്ല അവർ ഇത് ചെയ്‍തത്. അതിന് പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു. കൈകളുടെ ചലനത്തെ ക്രമീകരിക്കുന്ന തലച്ചോറിന്റെ ഭാഗത്തിന് ക്ഷതം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കാനായിട്ടാണ് അവർ ഇത്തരമൊരു കാര്യം ചെയ്‍തതത്രെ. തെക്കൻ ഇംഗ്ലണ്ടിലെ ഐൽ ഓഫ് വൈറ്റ് സിംഫണി ഓർക്കസ്ട്രയിലെ സംഗീതജ്ഞയാണ് ടർണർ.  2013 -ൽ ഒരു സംഗീത പരിപാടിക്കിടയിൽ അവിചാരിതമായി അവർക്ക് ചുലഴി വന്നു. അതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ അവർക്ക് ട്യൂമറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

അങ്ങനെ അത് നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ അവർ തീരുമാനിച്ചു. തെക്കൻ ലണ്ടനിലെ കിംഗ്‍സ് കോളേജ് ഹോസ്പിറ്റലിലെ ന്യൂറോ സർജനായ കൺസൾട്ടന്റ് പ്രൊഫസർ കൗമാർസ് അഷ്കാൻ, തലച്ചോറിന്റെ വലതുവശത്തെ മുൻ‌ഭാഗത്ത് സ്ഥിതിചെയ്യുന്ന സുപ്രധാന കോശങ്ങളെ സംരക്ഷിക്കാൻ എന്ത് ചെയ്യാമെന്നതിനെ കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തു. ഇടത് കൈയിലെ അതിലോലമായ ചലനങ്ങൾ ഏകോപിപ്പിക്കുന്നതിന് കാരണമായ തലച്ചോറിന്റെ ഭാഗത്താണ് ഈ ട്യൂമർ ഉണ്ടായിരുന്നത്. വയലിൻ വായിക്കുന്നതിന് ഈ ഭാഗം നിർണ്ണായകമാണ്. അതിനെ സംരക്ഷിക്കാൻ ശസ്ത്രക്രിയയ്ക്ക് ഇടയിൽ ടർണർ എഴുന്നേൽക്കണമെന്നും, വയലിൻ വായിക്കണമെന്നും മെഡിക്കൽ സംഘം നിർദ്ദേശിച്ചു. ടർണറുടെ ഏകോപനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു അത്.  

"വയലിൻ എന്റെ അഭിനിവേശമാണ്. എനിക്ക് 10 വയസ്സുള്ളപ്പോൾ മുതൽ ഞാൻ ഇത് വായിക്കുന്നു. വായിക്കാനുള്ള എന്റെ കഴിവ് നഷ്‌ടപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല" ടർണർ ഒരു വാർത്താക്കുറിപ്പിൽ പറയുകയുണ്ടായി.  അതുകൊണ്ട് തന്നെ അവർ ഇതുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. നടപടിക്രമത്തിനുമുമ്പ്, മെഡിക്കൽ വിദഗ്ദരുടെ ഒരു സംഘം ടർണറിന്റെ തലച്ചോറ് മാപ്പിംഗ് ചെയ്യാൻ രണ്ട് മണിക്കൂർ ചെലവഴിച്ചു. “ഞങ്ങൾ ഓരോ വർഷവും നാന്നൂറോളം ട്യൂമറുകൾ നീക്കംചെയ്യുന്നു. അതിൽ പലപ്പോഴും ശസ്ത്രക്രിയയ്ക്ക് ഇടയിൽ രോഗികളെ ഭാഷാ പരിശോധന നടത്താൻ പ്രേരിപ്പിക്കാറുണ്ട്. എന്നാൽ ഇതാദ്യമായാണ് രോഗിയെക്കൊണ്ട് ഒരു സംഗീതവാദ്യം വായിപ്പിക്കുന്നത്” ആശുപത്രി അധികൃതര്‍ പറഞ്ഞു.

ടർണറിന്റെ മികച്ച കഴിവുകൾക്ക് കേടുപാടുകൾ വരുത്താതെ 90% ട്യൂമർ വിജയകരമായി നീക്കംചെയ്യാൻ ഡോക്ടർമാർക്ക് കഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം അവർ ഭർത്താവിന്റെയും മകന്റെയും കൂടെ വീട്ടിലേക്ക് പോയി. എത്രയുംവേഗം സംഗീത ലോകത്തേയ്ക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടർണർ.

(ആദ്യചിത്രം പ്രതീകാത്മകം)