ദേവാസുരം: റഷ്യന്‍ രാഷ്ട്രീയത്തില്‍ പുടിന്റെ പുലികളി!

First Published 21, Mar 2018, 6:51 PM IST
Vipin panappuzha on Vladimir Putin
Highlights
  • വിപിന്‍ പാണപ്പുഴ എഴുതുന്നു
  • ലോക രാഷ്ട്രീയത്തില്‍ ദേവാസുര വേഷം കെട്ടിയാടുകയാണ് പുടിന്‍

അന്നാണ് പുടിന്‍ ആദ്യമായി കമ്യൂണിസത്തെ തള്ളിപ്പറഞ്ഞത്, അത് പുടിന്റെ തന്നെ ജീവചരിത്രത്തില്‍ ഇങ്ങനെ എഴുതുന്നു:  'നവോത്ഥാനത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ ഏറെ ദൂരം സഞ്ചരിക്കാന്‍ ഇനിയും ബാക്കി കിടക്കുന്ന ഇരുള്‍മൂടിയ ഇടവഴിയാണ് കമ്യൂണിസം'

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്താണ്, അത് കഴുതയെ പോലെയാണ്. ചിലപ്പോള്‍ കടുവയെപ്പോലെ. തങ്ങളുടെ യജമാനനെ അടിസ്ഥാനമാക്കി അവ തങ്ങളുടെ ശക്തി കാണിക്കും. കഴുതയെപ്പോലെ അനുസരിക്കും, ചിലപ്പോള്‍ പുലിയെപ്പോലെ കടിച്ച് കീറും. അങ്ങനെയെങ്കില്‍, റഷ്യന്‍ ജനധിപത്യം കഴുതയാണോ, കടുവയാണോ? അത് കടുവയാണെങ്കില്‍ അതിനെ രണ്ട് പതിറ്റാണ്ടിലേറെയായി കഴുത്തില്‍ കുരുക്കിട്ട് കഴുതയായി നടത്തിക്കുകയാണ് വ്‌ളാദിമീര്‍ പുടിന്‍ എന്ന അറുപത്തിയാറുകാരന്‍. വയസ് പറയുമ്പോള്‍ തന്നെ അത്ഭുതമാവും. അയാള്‍ക്ക് അത്രയോക്കെ വയസ്സുണ്ടോ?

ലോക രാഷ്ട്രീയത്തില്‍ ദേവനാണോ, അസുരനാണോ പുടിന്‍? ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ ഞങ്ങള്‍ മുച്ചുട് മുടിക്കും എന്ന് പറയുന്ന പുടിനില്‍ ഒരു രക്ഷകനുണ്ട്. എന്നാല്‍ സിറിയയിലെ കുട്ടികളെ രാസവിഷം തീറ്റിച്ച് കൊല്ലുന്ന സിറിയന്‍ സര്‍ക്കാറിന്റെ ഗോഡ്ഫാദര്‍ ആകുന്ന പുടിനില്‍ ചോരക്കൊതിയുടെ ദ്രംഷ്ട കാണുന്നവരുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചില്ലേ എന്ന് അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ചോദിക്കുമ്പോള്‍ അടുത്തിരിക്കുന്ന മോദിയെ ചൂണ്ടി, കള്ളച്ചിരിയോടെ 'റഷ്യ ഇന്ത്യയില്‍ ഇടപെട്ടിട്ടുണ്ടോ, എന്ന് ചോദിക്കൂ' എന്ന് ചോദിക്കുന്ന പുടിന്‍ ചിലപ്പോള്‍ രസകരമായ കാഴ്ചയായിരിക്കാം. അതേ, ശരിക്കും ലോക രാഷ്ട്രീയത്തില്‍ ദേവാസുര വേഷം കെട്ടിയാടുകയാണ് പുടിന്‍ എന്ന് പറയാം.

കഴിഞ്ഞ ദിവസം നടന്ന റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ  99.8 ശതമാനം എണ്ണി തീര്‍ന്നപ്പോള്‍ 76.66 ശതമാനം വോട്ടുമായി പുടിന്‍ എതിരാളികള്‍ ഒന്നും ഇല്ലാതെ  അഞ്ചാം തവണയും റഷ്യ എന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഭൂപ്രദേശത്തിന്റെ തലവനാകുന്നു. ലോക ചരിത്രത്തില്‍ തന്നെ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ ഇത്രയും കാലം രാഷ്ട്രത്തലവനായ ഒരു വ്യക്തി ഉണ്ടായിട്ടില്ല. പണ്ട് ഇന്ത്യ എന്നാല്‍, ഇന്ദിരയെന്നും, ഇന്ദിര എന്നാല്‍ ഇന്ത്യയെന്നും വിളിച്ചത് പോലെ റഷ്യയെന്നാല്‍ പുടിന്‍ എന്നല്ല, ഇപ്പോള്‍ റഷ്യയും പുടിനും രണ്ടല്ല എന്നതാണ് സ്ഥിതി.

എല്ലാ നേതാക്കള്‍ക്കും ഒരു പാര്‍ട്ടിയുണ്ടാകും, യുണെറ്റഡ് റഷ്യന്‍ പാര്‍ട്ടിയാണ് പുടിന്റെ പാര്‍ട്ടിയെന്നും, അതിന്റെ ചെയര്‍മാന്‍ അദ്ദേഹമാണെന്നും റഷ്യയില്‍ തന്നെ 50 ശതമാനം പേര്‍ക്ക് അറിയില്ലെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് റഷ്യ എന്നാല്‍ പുടിനാണ്, അതിനയാളുടെ അയാളുടെ രാഷ്ട്രീയം അറിയേണ്ടതില്ല. നിരന്തരമായി ക്ഷയിച്ച് പോയ ഒരു സംവിധാനത്തില്‍ അയാള്‍ ഇന്നും അജയ്യനായി നില്‍ക്കുന്നു.

'നവോത്ഥാനത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ ഏറെ ദൂരം സഞ്ചരിക്കാന്‍ ഇനിയും ബാക്കി കിടക്കുന്ന ഇരുള്‍മൂടിയ ഇടവഴിയാണ് കമ്യൂണിസം'

ചാരനില്‍ നിന്നും രാഷ്ട്രത്തലവനിലേക്ക്
സോവിയറ്റ് ചാരസംഘടനയായ കെജിബിയിലെ ഓഫീസറായാണ് പുടിന്‍ 1975 ല്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നാലോളം ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന പുടിന്‍ ലെനിന്‍ഗ്രാഡിലെ വിദേശ രാജ്യ പ്രതിനിധികളെ നിരീക്ഷിക്കാനാണ് ആദ്യം നിയോഗിക്കപ്പെട്ടത്. അതിനാല്‍ തന്നെയാണ് പുടിന് ആഗോള കാര്യങ്ങളിലും നയതന്ത്ര ബന്ധങ്ങളിലും എന്നും പുലര്‍ത്തുന്ന കൗശലം കൈവന്നത് എന്ന് ഇദ്ദേഹത്തിന്റെ അനൗദ്യോഗിക ജീവചരിത്രം എഴുതിയ അമേരിക്കന്‍ എഴുത്തുകാരി മാഷാ ഗെസന്‍ പറയുന്നുണ്ട്. പിന്നീട് 1985 മുതല്‍ 1990 വരെ ജര്‍മ്മനിയിലായിരുന്നു പുടിന്റെ രഹസ്യന്വേഷണ ജീവിതം. ഈസ്റ്റ് ജര്‍മ്മനിയില്‍ ബര്‍ളിന്‍ മതിലിന്റെ തകര്‍ച്ചയ്ക്കും, അവിടുത്തെ കമ്യൂണിസ്റ്റ്് സര്‍ക്കാറിന്റെ പതനത്തിനും പുടിന്‍ സാക്ഷിയായി. അന്ന് ശത്രുക്കളുടെ കയ്യില്‍ എത്താതിരിക്കാന്‍ ലക്ഷക്കണക്കിന് സോവിയറ്റ് രേഖകള്‍ ചുട്ട് കരിച്ചാണ് ജര്‍മ്മനി വിട്ടത് എന്ന് പുടിന്‍ തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയില്‍ തിരിച്ച് എത്തിയപ്പോള്‍ സോവിയറ്റ് യൂണിയന്‍ അതിന്റെ പ്രതാപം എല്ലാം തീര്‍ന്ന് പതനത്തിന്റെ വക്കിലായിരുന്നു. പുതിയൊരു രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും സെന്റ് പീറ്റേര്‍സ്ബര്‍ഗില്‍ എത്തുന്ന പുടിന്‍, തന്റെ ഓരോ ചുവട് വയ്പ്പും ശ്രദ്ധ വച്ച് തന്നെ നടത്തി. ഗുരുനാഥനും, സെന്റ് പീറ്റേര്‍സ് ബര്‍ഗ് മേയറുമായ ആന്‍േറാാളി സ്‌റ്റോബ്‌ചെക്ക് ആണ് പുടിനെ രാഷ്ട്രീയത്തിലിറക്കുന്നത്. 1991 ആഗസ്റ്റ് 20ന് സോവിയറ്റ് അട്ടിമറി ശ്രമത്തിന്റെ രണ്ടാം നാള്‍ കെജിബിയില്‍ നിന്നും പടിയിറങ്ങിയ പുടിന്‍ ആദ്യത്തെ റഷ്യന്‍ യൂണിയന്‍ പ്രസിഡന്റ് ബോറിസ് യെട്‌സിന്റെ ക്യാമ്പിലേക്കാണ് എത്തിയത്, അന്നാണ് പുടിന്‍ ആദ്യമായി കമ്യൂണിസത്തെ തള്ളിപ്പറഞ്ഞത്, അത് പുടിന്റെ തന്നെ ജീവചരിത്രത്തില്‍ ഇങ്ങനെ എഴുതുന്നു..

'നവോത്ഥാനത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ ഏറെ ദൂരം സഞ്ചരിക്കാന്‍ ഇനിയും ബാക്കി കിടക്കുന്ന ഇരുള്‍മൂടിയ ഇടവഴിയാണ് കമ്യൂണിസം'

ഇവിടെ നിന്നാണ് സോവിയറ്റാനന്തര റഷ്യയുടെ ഭാവി കുറിക്കുന്ന രാഷ്ട്രീയ താരകം ഉദിക്കുന്നത്, മുഖമില്ലാത്ത മനുഷ്യന്‍ എന്നാണ്  അമേരിക്കന്‍ എഴുത്തുകാരി മാഷാ ഗെസന്‍ പുടിനെ വിശേഷിപ്പിക്കുന്നത്. പുടിന്റെ താരതമ്യമില്ലാത്ത വളര്‍ച്ചയെ ആണ് ഇവര്‍ The Man Without a Face: The Unlikely Rise of Vladimir Putin എന്ന പുസ്തകത്തില്‍ വരച്ചിടുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം  നഗരഭരണാധികാരികളില്‍ ഒരാളായിരിക്കെ, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് കേന്ദ്രമായി ഉടലെടുത്ത പുത്തന്‍പണക്കാരുടെ ശ്രേണിയുടെ കങ്കാണിപ്പണി  ചെയ്യുകയായിരുന്നു പുടിന്‍ എന്ന് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. പതിറ്റാണ്ടുകള്‍ പിന്നെയും റഷ്യയെ ഭരിക്കാനുള്ള ഊര്‍ജ്ജവും ധനവും പുടിന്‍ സമാഹരിക്കുന്നത് ഇവിടെ നിന്നാണ്.

ഒരു ചാരന്റെ കൗശലവും, ബുദ്ധിശക്തിയും എല്ലാം പുടിന്‍ ഇക്കാലയളവില്‍ പ്രകടിപ്പിക്കുന്നു. മോസ്‌കോയില്‍ എത്തിയതോടെ തന്റെ രാഷ്ട്രീയ ഭാവിയെ 1996 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ സ്വയം സൃഷ്ടിച്ചെടുക്കുകയായിരുന്നു അയാള്‍. ബോറിസ് യെട്‌സിന്‍ തന്റെ പിന്‍ഗാമിയായി 1999 ല്‍ പ്രഖ്യാപിക്കും വരെ റഷ്യയിലെ വലിയൊരു വിഭാഗമോ, പാശ്ചാത്യ ലോകമോ ഈ മുന്‍ കെജിബി ഓഫീസര്‍ക്ക് വലിയ പ്രധാന്യം നല്‍കിയിരുന്നില്ല എന്നതാണ് സത്യം. കെജിബിയുടെ റഷ്യന്‍ രൂപമായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിനെ ഇതിനകം പുടിന്‍ വശത്താക്കിയിരുന്നു.

പിന്നീട് എല്ലാം ചരിത്രമാണ് 2000ത്തിന് ശേഷം 2008 വരെ തുടര്‍ച്ചയായി രണ്ടുതവണ, ഒരു റഷ്യക്കാരന് പരമാവധി പ്രസിഡന്റ് ആകുവാന്‍ കഴിയുന്ന രണ്ട് ടേം. എന്നാല്‍ അധികാരം അങ്ങനെ എളുപ്പം ഒഴിയാന്‍ പുടിന്‍ തയ്യാറായില്ല. 2008ല്‍ ദിമിത്രി മെദദേവിനെ പ്രസിഡന്റ് പദവിയില്‍ ഇരുത്തി, പുടിന്‍ പ്രധാനമന്ത്രിയായി. ശരിക്കും ഒരു സൂപ്പര്‍ പ്രസിഡന്റായി ഭരണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു പുടിന്‍.

റഷ്യ എന്തുകൊണ്ട് എന്നും പുടിനെ ആശ്ലേഷിക്കുന്നു.. ഉത്തരങ്ങള്‍ രണ്ടാം ഭാഗത്തില്‍ നാളെ

loader