Asianet News MalayalamAsianet News Malayalam

'എന്‍റെ കടല്‍ക്കൂട്ടുകാരേ കേരളം മുഴുവന്‍ നിങ്ങളെ പുണരുകയാണ്'; വിപിന്‍ദാസ് പറയുന്നു

വെള്ളമിറങ്ങിത്തുടങ്ങിയ ചെങ്ങന്നൂരിൽ നിന്ന് ഇന്നു രാത്രി ഒൻപതരയ്ക്ക് രക്ഷാപ്രവർത്തനം‌ അവസാനിപ്പിച്ച അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നുള്ള ജോൺബോസ്ക്കോ ചേട്ടന്‍റെ മേരിമാതാ വള്ളത്തെയും അതോടൊപ്പം തിരുവനന്തപുരത്തു നിന്ന് മത്സ്യത്തൊഴിലാളികളെ സഹായിക്കാനെത്തിയ കൂട്ടുകാരായ സഹപ്രവർത്തകരേയും നാട്ടിലേക്കു കയറ്റി വിട്ടതിനുശേഷം ഞാൻ ഇവിടെ തന്നെ കാക്കുകയാണ്, അഞ്ചുതെങ്ങിൽ നിന്നുള്ള അലോഷ്യസ് ചേട്ടന്‍റെ രണ്ട് തിമോത്തി വള്ളക്കാരെ. 

vipindas thottathil face book post
Author
Thiruvananthapuram, First Published Aug 21, 2018, 3:36 PM IST

പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കോരിയെടുത്ത കരങ്ങള്‍... മത്സ്യത്തൊഴിലാളികളുടെ മനക്കരുത്തും, ആത്മവിശ്വാസവും, സ്നേഹവുമാണ് പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയവരെ കോരിയെടുക്കാന്‍ മുന്‍പന്തിയില്‍ നിന്നത്. അക്കൂട്ടത്തിലുണ്ടായിരുന്ന വിപിന്‍ദാസ് തോട്ടത്തില്‍ നെഞ്ച് നിറച്ചെഴുതുന്ന കുറിപ്പാണിത്. 

രാത്രി ഒരുമണിക്ക് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാന്‍ ബാക്കിയുണ്ടായിരുന്നവരെ കാത്തിരിക്കുമ്പോഴാണ് വിപിന്‍ദാസ് ഇതെഴുതുന്നത്.  'പാതിരാത്രി കഴിഞ്ഞ് ഒരുമണിക്ക് ഞാനീ കുറിപ്പെഴുതുമ്പോൾ നെഞ്ച് ഒരുപാട് നിറയുന്നുണ്ട്. ഉള്ളിൽ ഞാനറിയാതെ കരയുന്നുണ്ട്. കടൽ മണമുള്ള നന്മമരങ്ങൾക്കിടയിലാണല്ലോ ഞാനും നട്ടു വളർത്തപ്പെട്ടതെന്നോർത്തിട്ട്. ' വിപിന്‍ദാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. 

രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മിക്കവാറും എല്ലാ മത്സ്യത്തൊഴിലാളികളുടേയും വള്ളങ്ങൾക്കും എഞ്ചിനും കേടുപാട് പറ്റിയിട്ടുണ്ട്. ചിലരുടെ ശരീരങ്ങൾക്ക് ആഴത്തിൽ തന്നെ ക്ഷതം പറ്റിയിട്ടുണ്ട്. സർക്കാർ വളരെ കൃത്യമായി തന്നെ ഈ കാര്യത്തിൽ ഇടപെടുമെന്നു കരുതുന്നു. രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലിറങ്ങിയ മുഴുവനാളുകളും എലിപ്പനിയ്ക്കുള്ള പ്രതിരോധ മരുന്ന് ആഴ്ചയിൽ രണ്ടു തവണ വച്ച് കഴിക്കണമെന്ന് ക്യാംപിലെ മെഡിക്കൽ ടീം അറിയിച്ചിരിക്കുന്നുവെന്നും വിപിന്‍ദാസ് എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: 21-08-2018, 01:00 AM

എനിക്കുചുറ്റും ആരവമൊഴിഞ്ഞിരിക്കുന്നു. ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ ക്യാംപിനടുത്തുള്ള ആളൊഴിഞ്ഞ നിരത്തിലെ കടവരാന്തയിൽ കുറേയധികം നിശബ്ദതകൾക്കിടയിലിരുന്ന് പാതിരാത്രി കഴിഞ്ഞ് ഒരുമണിക്ക് ഞാനീ കുറിപ്പെഴുതുമ്പോൾ നെഞ്ച് ഒരുപാട് നിറയുന്നുണ്ട്. ഉള്ളിൽ ഞാനറിയാതെ കരയുന്നുണ്ട്. കടൽ മണമുള്ള നന്മമരങ്ങൾക്കിടയിലാണല്ലോ ഞാനും നട്ടു വളർത്തപ്പെട്ടതെന്നോർത്തിട്ട്. 

എന്‍റെ കടൽക്കൂട്ടുകാരേ കേരളം മുഴുവൻ നിങ്ങളെ പുണരുകയാണ്...

വെള്ളമിറങ്ങിത്തുടങ്ങിയ ചെങ്ങന്നൂരിൽ നിന്ന് ഇന്നു രാത്രി ഒൻപതരയ്ക്ക് രക്ഷാപ്രവർത്തനം‌ അവസാനിപ്പിച്ച അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നുള്ള ജോൺബോസ്ക്കോ ചേട്ടന്‍റെ മേരിമാതാ വള്ളത്തെയും അതോടൊപ്പം തിരുവനന്തപുരത്തു നിന്ന് മത്സ്യത്തൊഴിലാളികളെ സഹായിക്കാനെത്തിയ കൂട്ടുകാരായ സഹപ്രവർത്തകരേയും നാട്ടിലേക്കു കയറ്റി വിട്ടതിനുശേഷം ഞാൻ ഇവിടെ തന്നെ കാക്കുകയാണ്, അഞ്ചുതെങ്ങിൽ നിന്നുള്ള അലോഷ്യസ് ചേട്ടന്‍റെ രണ്ട് തിമോത്തി വള്ളക്കാരെ. അവർ ഇനിയും താലൂക്കാപ്പീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉൾപ്രദേശത്തെ ഏതെങ്കിലും ക്യാംപിൽ പെട്ടിരിക്കാനാണ് സാധ്യത. ഇന്നുച്ചയ്ക്ക് രക്ഷാപ്രവർത്തനത്തിനിടെ പാതിവഴിയിൽ ഇന്ധനം തീർന്ന വള്ളമടുപ്പിച്ച് അലോഷ്യസ് ചേട്ടൻ കിട്ടിയ വണ്ടിയിൽ കയറി താലൂക്കാപ്പീസിൽ ഓടി വരികയായിരുന്നു പെട്ടെന്ന് ഇന്ധനം വാങ്ങാൻ. ചോദിച്ചപ്പോൾ ഇന്നത്തെ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് മറുപടി പറഞ്ഞ് പാഞ്ഞ് ദുരന്തമുഖത്തേക്കു ചെല്ലുകയായിരുന്നു. വൈകിട്ടു മുതൽ ഇന്നേരം വരെ ഫോൺ സ്വിച്ച് ഓഫ് ആണ്. നാളെ രാവിലെ അവരെ കാണാനാകുമെന്നു കരുതുന്നു. അവരെയും കൂടെ കയറ്റി വിട്ടിട്ട് ഞാനും നാട്ടിലേക്കു തിരിക്കും. അമ്പലപ്പുഴയിൽ നിന്ന് പൂന്തുറക്കാരായ അവസാന വള്ളക്കാരെയും കയറ്റി വിട്ട് ജോൺസൻ ചേട്ടനും ടീമും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് ചെങ്ങന്നൂർ, ആലുവ, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു വന്ന ഏകദേശം എല്ലാ മത്സ്യത്തൊഴിലാളി സഹോദരങ്ങളും വള്ളങ്ങളും വളരെ സുരക്ഷിതരായി തിരിച്ചു നാട്ടിലേക്കെത്തിയിട്ടുണ്ട്.

Blue Volunteers, കൂട്ടുകാരേ നിങ്ങൾ നന്നായി പണിയെടുത്തു. ജോൺസൻ മാഷ് നന്നായി നയിച്ചു, ലിസ്ബേച്ചിയും ജിമയും പ്രിൻസിയും, ജെയ്സണും വിജീഷുമെല്ലാം നാട്ടിലിരുന്ന് നന്നായി കോർഡിനേറ്റ് ചെയ്തു. ഗ്രേഷ്യസ് ചേട്ടനും കൂട്ടുകാരും നന്നായി സപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മിക്കവാറും എല്ലാ മത്സ്യത്തൊഴിലാളികളുടേയും വള്ളങ്ങൾക്കും എഞ്ചിനും കേടുപാട് പറ്റിയിട്ടുണ്ട്. ചിലരുടെ ശരീരങ്ങൾക്ക് ആഴത്തിൽ തന്നെ ക്ഷതം പറ്റിയിട്ടുണ്ട്. സർക്കാർ വളരെ കൃത്യമായി തന്നെ ഈ കാര്യത്തിൽ ഇടപെടുമെന്നു കരുതുന്നു. രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലിറങ്ങിയ മുഴുവനാളുകളും എലിപ്പനിയ്ക്കുള്ള പ്രതിരോധ മരുന്ന് ആഴ്ചയിൽ രണ്ടു തവണ വച്ച് കഴിക്കണമെന്ന് ക്യാംപിലെ മെഡിക്കൽ ടീം അറിയിച്ചിരിക്കുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് മരുന്ന് എത്തിച്ചു കൊടുക്കേണ്ട ചുമതല അടിയന്തിരമായി നിർവ്വഹിക്കപ്പെടണം.

അവസാനം എന്നെ കണ്ടെത്തിയ കൊല്ലത്തേയും കായംകുളത്തേയും കോട്ടയത്തേയും പ്രിയപ്പെട്ട AISF-AIYF സഖാക്കൾ തന്ന സ്നാക്സും കുടിവെള്ളവും തൂക്കിപ്പിടിച്ച് ഞാൻ ക്യാംപിലേക്കു നടക്കുകയാണ്. ഇനിയൊന്ന് ഉറങ്ങിയെഴുന്നേൽക്കണം..

ക്യാംപുകളിൽ ചത്തുകിടന്ന് പണിയെടുക്കുന്ന നൂറുകണക്കായവരേ നിങ്ങൾക്ക് ഉയിരിൽ തൊട്ടൊരു സല്യൂട്ട്❤

#നമ്മൾഅതിജീവിച്ചു
#നമ്മൾഅതിജീവിക്കും

Follow Us:
Download App:
  • android
  • ios