'ഷീ പാഡ്' പദ്ധതിയും അവതാളത്തില്‍, സ്കൂൾ മുറ്റത്തെ ആർത്തവം അത്ര ആനന്ദകരമല്ല; ശ്രദ്ധേയമായി കുറിപ്പ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 1:06 PM IST
viral face book post on she pad by raseena raz
Highlights

വിദ്യാർത്ഥിനികൾക്ക് ഏറെ ഉപകാരപ്പെടും വിധം സാനിറ്ററി പാഡ് വെൻഡിങ് മെഷിൻ ഷീ പാഡ് പദ്ധതി പ്രകാരം കഴിഞ്ഞ കൊല്ലം ആരംഭത്തിൽ സ്കൂളുകളിൽ സ്ഥാപിക്കപ്പെട്ടു. അന്നതൊരു "ആർപ്പോ ആർത്തവം" ആയി തോന്നിച്ചിരുന്നു. പക്ഷെ, രണ്ടോ മൂന്നോ മാസം കൊണ്ട് അതിന്‍റെ പ്രവർത്തനം നിലച്ചു. ആദ്യം എത്തിച്ച പാഡുകൾ തീർന്നപ്പോൾ പുതിയവ ലഭിക്കാൻ കോണ്ടാക്ട് ചെയ്യാനായി നൽകിയ നമ്പർ ഉപയോഗത്തിൽ ഇല്ല. 

തിരുവനന്തപുരം: 2017-18 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ വിദ്യാർഥിനികൾക്ക് ആവശ്യാനുസരണം സാനിറ്ററി പാഡ് ലഭ്യമാക്കുക, ആർത്തവ ശുചിത്വത്തെ കുറിച്ച് ബോധം നൽകുക എന്നീ ഉദ്ദേശങ്ങളോടെ നടപ്പിലാക്കിയ കേരള സർക്കാർ പദ്ധതിയാണ് "ഷീ പാഡ് ". മുപ്പതു കോടി രൂപ വകയിരുത്തിയ ഈ പദ്ധതി പ്രകൃതി സൗഹൃദ സാനിറ്ററി പാഡ് നിർമാർജ്ജനം കൂടി ഉറപ്പുവരുത്തുന്നതാണ്. അഞ്ച് രൂപ കോയിൻ ഇട്ടാൽ ഒരു പാഡ് ലഭിക്കും വിധം ആണ് വെൻഡിങ് മെഷിനിന്‍റെ ഘടന. ഇതിനേ കുറിച്ച് വ്യക്തമാക്കി റസീന റാസ് എന്ന യുവതി ഫേസ്ബുക്കിലിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.

ദിവസത്തില്‍ ഒരു തവണയെങ്കിലും ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പാഡ് മാറേണ്ടിവരും. പാഡ് കയ്യില്‍ കരുതുക പ്രായോഗികമല്ല. പലപ്പോഴും പാഡ് ലഭ്യമാകാറില്ലെന്നും റസീന റാസ് എഴുതുന്നു. രണ്ടോ മൂന്നോ മാസം കൊണ്ട് ഷീ പാഡ് പ്രവർത്തനം നിലച്ചു. ആദ്യം എത്തിച്ച പാഡുകൾ തീർന്നപ്പോൾ പുതിയവ ലഭിക്കാൻ കോണ്ടാക്ട് ചെയ്യാനായി നൽകിയ നമ്പർ ഉപയോഗത്തിൽ ഇല്ല. മെഷീൻ പ്രവർത്തന രഹിതമായി. പലയിടത്തും ഇങ്ങനെ ഒന്ന് സ്ഥാപിച്ചിട്ടേ ഇല്ല. പല വിദ്യാലയങ്ങളിൽ പലതാണ് സ്ഥിതി. നേരാവണ്ണം പദ്ധതി തുടരുന്ന സ്കൂളുകൾ പരിസങ്ങളിൽ അന്വേഷിച്ചിട്ട് കണ്ടില്ലയെന്നും റസീന റാസ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: 2017-18 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ വിദ്യാർഥിനികൾക്ക് ആവശ്യാനുസരണം സാനിറ്ററി പാഡ് ലഭ്യമാക്കുക, ആർത്തവ ശുചിത്വത്തെ കുറിച്ച് ബോധം നൽകുക എന്നീ ഉദ്ദേശങ്ങളോടെ നടപ്പിലാക്കിയ കേരള സർക്കാർ പദ്ധതിയാണ് "ഷീ പാഡ് ". മുപ്പതു കോടി രൂപ വകയിരുത്തിയ ഈ പദ്ധതി പ്രകൃതി സൗഹൃദ സാനിറ്ററി പാഡ് നിർമാർജ്ജനം കൂടി ഉറപ്പുവരുത്തുന്നതാണ്. അഞ്ച് രൂപ കോയിൻ ഇട്ടാൽ ഒരു പാഡ് ലഭിക്കും വിധം ആണ് വെൻഡിങ് മെഷിനിന്‍റെ ഘടന. നോട്ട് ദ പോയിന്‍റ്, ഒരു പാഡിന് അഞ്ച് രൂപ! പക്ഷെ ശരിക്കും പോയിന്‍റ് അതല്ല.

രാവിലെ ഏഴ് മണിക്ക് ട്യൂഷൻ ക്ലാസ്സിൽ കേറി, അവിടെ നിന്നും ഒമ്പത് മണിയുടെ സ്കൂൾ ക്ലാസ്സിലേക്ക് ഓടിക്കിതച്ചെത്തി, നാലു മണിവരെ നീണ്ടു നിൽക്കുന്ന പഠനം പൂർത്തിയാക്കി വീടെത്തുമ്പോൾ അഞ്ച് അഞ്ചര. ഇതാണ് ഒരു ശരാശരി മലയാളി കൗമാരക്കാരിയുടെ സ്കൂൾ ദിവസം. ഇതിനിടയിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും പാഡ് മാറ്റണം. ചിലപ്പോൾ രണ്ടോ മൂന്നോ തവണ. പാഡ് കയ്യിൽ കരുതുക എന്ന് നിർദേശം നൽകാൻ മാത്രം മുതിർന്നിട്ടില്ല പല വിദ്യാർത്ഥിനികളും എന്നാണ് അനുഭവം. പലരും ആർത്തവ തിയ്യതി മുതിർന്നവരെ പോലെ കൃത്യമായി ഓർക്കാറില്ല. സമയം തെറ്റി ആർത്തവമുണ്ടാവുന്നവരും ധരാളം. ആദ്യമായി ആർത്തവം ഉണ്ടാവുന്നവർ, തീരെ ചെറിയ, യു പി ക്ലാസ്സുകാരി ആർത്തവക്കാരി. എപ്പോഴും പാഡ് കയ്യിൽ കരുതുക എന്നത് ഇവർക്ക് നൽകാൻ കൊള്ളാവുന്ന നിർദേശം അല്ല.

വിദ്യാർത്ഥിനികൾക്ക് ഏറെ ഉപകാരപ്പെടും വിധം സാനിറ്ററി പാഡ് വെൻഡിങ് മെഷിൻ ഷീ പാഡ് പദ്ധതി പ്രകാരം കഴിഞ്ഞ കൊല്ലം ആരംഭത്തിൽ സ്കൂളുകളിൽ സ്ഥാപിക്കപ്പെട്ടു. അന്നതൊരു "ആർപ്പോ ആർത്തവം" ആയി തോന്നിച്ചിരുന്നു. പക്ഷെ, രണ്ടോ മൂന്നോ മാസം കൊണ്ട് അതിന്‍റെ പ്രവർത്തനം നിലച്ചു. ആദ്യം എത്തിച്ച പാഡുകൾ തീർന്നപ്പോൾ പുതിയവ ലഭിക്കാൻ കോണ്ടാക്ട് ചെയ്യാനായി നൽകിയ നമ്പർ ഉപയോഗത്തിൽ ഇല്ല. മെഷീൻ പ്രവർത്തന രഹിതമായി. പലയിടത്തും ഇങ്ങനെ ഒന്ന് സ്ഥാപിച്ചിട്ടേ ഇല്ല. പല വിദ്യാലയങ്ങളിൽ പലതാണ് സ്ഥിതി. നേരാവണ്ണം പദ്ധതി തുടരുന്ന സ്കൂളുകൾ പരിസങ്ങളിൽ അന്വേഷിച്ചിട്ട് കണ്ടില്ല. എവിടെയെങ്കിലും ഈ പദ്ധതി ശരിയായ വിധത്തിൽ നടക്കുന്നുണ്ടങ്കിൽ അതിന്‍റെ വിശദാംശങ്ങൾ അറിയുവാനും കൂടിയാണ് ഈ പോസ്റ്റ്‌. ഹെൽത്ത് ഡിപ്പാർട്മെന്‍റ് വിതരണം ചെയ്യുന്ന പാഡുകൾ കുട്ടികൾ ആവിശ്യപ്പെടുമ്പോൾ നൽകുക. അതും കിട്ടാത്തപ്പോൾ ടീച്ചേർസിന്‍റെ നേതൃത്വത്തിൽ സ്റ്റാഫ്‌ റൂമുകളിൽ ലഭ്യത ഉറപ്പാക്കുക. ഇങ്ങനെയൊക്കെ ആണ് പാഡ് വിതരണം ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നത്.

പാഡ് ഉണ്ടോ ടീച്ചറെ... എന്ന രഹസ്യ അന്വേഷണങ്ങൾ, അലച്ചിൽ, ഡ്രസ്സിൽ പുരണ്ട ചോരക്കറയും ആയി ടോയ്‌ലെറ്റിൽ കാത്തുനിൽപ്പ്. ഇതൊക്കെ നിത്യവും കാണുന്നു. അപ്പപ്പോൾ ആവും വിധം പരിഹരിക്കുന്നു. ആർത്തവം എന്നാൽ അഭിമാനമാണെന്നൊക്കെ അവർ പഠിക്കുന്നതെ ഉള്ളു. അല്ലങ്കിലും, ആവശ്യ സമയത്ത് പാഡ് ലഭ്യമാക്കികൊണ്ട് തന്നെയല്ലേ അവരുടെ അഭിമാനബോധത്തെ ഉയർത്താൻ ആവൂ. ക്ലാസ്സ്‌ ചാർജുള്ള ക്ലാസ്സിൽ മിക്ക കൊല്ലവും ആദ്യത്തെ പാഡിന്‍റെ കവർ വാങ്ങിക്കൊടുത്തുകൊണ്ട് ക്ലാസ്സിൽ തന്നെ പാഡ് ലഭ്യമാക്കാറുണ്ട്. പക്ഷെ, വനിതാ വികസന കോർപ്പറേഷൻ സഹായത്തോടെ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ വഴി നടപ്പിലാക്കിയ മുപ്പതു കോടിയുടെ "ഷി പാഡ് "?? പ്രായോഗിക തലത്തിൽ പദ്ധതിയുടെ പൂർണ്ണർത്ഥത്തിലുള്ള നടത്തിപ്പ് ഈ ആർപ്പോ ആർത്തവം കാലത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കാമോ?

കോയിൻ ഇട്ട് വെയിറ്റ് നോക്കും പോലെയൊക്കെ സുഗമവും സാധാരണവും ആയി സാനിറ്ററി പാഡ്കൾ ലഭ്യമാവുന്ന ഒരു സ്കൂൾ കാലം? ഇതൊക്കെ സ്വപ്‌നങ്ങൾ ആയിത്തന്നെ നിൽകുമ്പോൾ സ്കൂൾ മുറ്റത്തെ ആർത്തവം അത്ര ആനന്ദകരം അല്ല...

loader