ടെന്നസിയിലെ പോലീസ് ഒരാഴ്ചയായി ഒരു സീബ്രയുടെ പിന്നാലെയാണ്. പോലീസ് മാത്രമല്ല, സമൂഹ മാധ്യമ ഉപയോക്താക്കളുമുണ്ട് പിന്നാലെ ഒടുവില്‍ സീബ്രയെ എയര്‍ ലിഫ്റ്റ് ചെയ്തു. പിന്നാലെ മീമുകളുമെത്തി.
ചില കാര്യങ്ങൾ അങ്ങനെയാണ്. അവിചാരിതമായി അത് അങ്ങ് കേറി വൈറലാകും. ഇതിലെന്താണ് ഇത്ര വലിയ കാര്യമെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നതിനിടെയാകും സംഗതി വൈറലാവുന്നത്. അത്തത്തിലൊരു വാര്‍ത്തയും അതിനോട് അനുബന്ധിച്ചിറങ്ങിയ വീഡിയോകളും യുഎസ് സമൂഹ മാധമ്യങ്ങളില്‍ വൈറലും ട്രന്‍റിംഗുമായി മാറി. സംഗതി, യുഎസിലെ ടെന്നസീയിലെ ഉടമസ്ഥന്‍റെ സംരക്ഷണയില്‍ നിന്നും ഒരു സീബ്ര ചാടിപ്പോയതാണ്. പിന്നാലെ സീബ്രയെ പിടിക്കാന്‍ പോലീസ് ഇറങ്ങി. സീബ്ര പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. സീബ്രയ്ക്ക് പിന്നാലെ ഒരു ടീം തന്നെ തപ്പിയിറങ്ങി. ഉദ്യോഗസ്ഥരുടെ ഈ ആത്മാര്‍ത്ഥത സമൂഹ മാധ്യമ ഉപയോക്താക്കളെയും ഏറെ ആകര്‍ഷിച്ചു. അവരതങ്ങ് ആഘോഷിച്ചു.
കഴിഞ്ഞ ഞായറാഴ്ച വളരെ നാടകീയമായി എയര്‍ ലീഫ്റ്റ് ചെയ്തത് എഡ് എന്ന് പേരുള്ള സീബ്രയെയാണ്. എഡിനെ എയര്‍ ലിഫ്റ്റ് ചെയ്ത ക്രിസ്റ്റ്യാനയില്‍ നിന്നും ഏതാണ്ട് 65 കിലോമീറ്റര്‍ അകലെയുള്ള നാഷ്‌വില്ലിയിൽ നിന്നാണ് സീബ്ര രക്ഷപ്പെട്ടെത്തിയതെന്ന് റൂഥർഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. സിബ്രയുടെ രക്ഷപ്പെടല്‍ സമൂഹ മാധ്യമങ്ങളില്‍ നൂറ് കണക്കിന് മീമുകളാണ് സൃഷ്ടിച്ചത്. വൈറ്റ് ഹൗസില്‍ നിന്നടക്കം ഭക്ഷണം കഴിക്കുന്ന സീബ്രയുടെ മീമുകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
രക്ഷപ്പെട്ട സീബ്രയെ കണ്ടെത്തിയപ്പോൾ അതിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ഉടമയ്ക്കരികിൽ എത്തിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍ ചെയ്തത്. എഡിനെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത് മൃഗ ട്രെയിലറിലേക്ക് തിരികെ കൊണ്ടുപോയെന്ന് ഷെരീഫിന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് പങ്കുവച്ച വീഡിയോയില്‍ വലിയൊരു സഞ്ചിയില്‍ കയറി ഇരുന്ന് ഹെലികോപ്പറില്‍ തൂങ്ങിക്കിടന്ന് പറന്ന് പോകുന്ന സീബ്ര എഡിനെ കാണാം.
സംസ്ഥാന അതിര്‍ത്തികൾ കടന്ന് അവന്‍ തന്‍റെ പ്രയാണം തുടങ്ങിയത് മെയ് 31 നാണ്. എഡിനെ പിടികൂടാനായി റോഡ് അടച്ച് പോലീസ് കാത്തിരുന്നു. പക്ഷേ, പോലീസുകാര്‍ തനിക്ക് വേണ്ടി വലവിരിച്ച വഴിയിലൂടെയൊന്നും എഡ് കടന്ന് പോയില്ല. ഒരോ തവണ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് പറയപ്പെട്ടപ്പോഴൊക്കെ അവന്‍ വിദഗ്ദമായി രക്ഷപ്പെട്ട് കൊണ്ടേയിരുന്നു. ഇതോടെ എഡിനെ ഒരു സ്വതന്ത്രാന്വേഷകനായി സമൂഹ മാധ്യമ ഉപയോക്താക്കൾ കണ്ടു. അവനെ പിടികൂടാന്‍ കഴിയില്ലെന്ന് ചിലര്‍ അവകാശപ്പെട്ടു. എന്നാല്‍ ക്രിസ്റ്റ്യാനയിലെ പുല്ല് വിട്ട് പോകാന്‍ എഡ് തയ്യാറായില്ല. രക്ഷപ്പെട്ട് ഏതാണ്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് പോലീസിന് എഡിനെ പിടികൂടാന്‍ കഴിഞ്ഞത്. അപ്പോഴേക്കും എഡ് സമൂഹ മാധ്യമങ്ങളിലെ താരമായി മാറിക്കഴിഞ്ഞിരുന്നു.