Asianet News Malayalam

താന്‍ അനുഭവിച്ചത് വേറാരും അനുഭവിക്കരുത്; വിശക്കുന്നവര്‍ക്ക് അന്നവുമായി യുവാവ്

10 വര്‍ഷം കഴിഞ്ഞു വിശാല്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങിയിട്ട്. ബല്‍രാംപുര്‍ ആശുപത്രിയില്‍ നിന്നാണ് തുടങ്ങിയത്. പക്ഷെ, ഇന്ന് കിങ്ങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, റാം മനോഹര്‍ ലോഹിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കൂടി സൌജന്യഭക്ഷണം നല്‍കുന്നുണ്ട് വിശാല്‍. 

vishal sing feeds poor hungry people everyday
Author
Lucknow, First Published Dec 7, 2018, 1:12 PM IST
  • Facebook
  • Twitter
  • Whatsapp

ലക്നൌ: അച്ഛന്‍റെ മരണശേഷമാണ് വിശാല്‍ സിങ് ജീവിതത്തെ കുറിച്ചും താന്‍ അതുവരെ എടുത്ത തീരുമാനങ്ങളെ കുറിച്ചുമെല്ലാം ഗൌരവമായി ആലോചിക്കുന്നത്. അച്ഛന് അസുഖം ബാധിച്ചതോടെ കുടുംബത്തിന്‍റെ താഴ്ചയും ഉയര്‍ച്ചയും അയാള്‍ മാറിമാറി കണ്ടതാണ്. സൌകര്യത്തോട് കൂടി ജീവിച്ചതില്‍ നിന്നും ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ദിവസങ്ങളുമുണ്ടായിരുന്നു. 

അങ്ങനെയുള്ള അനേക ചിന്തകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് വിശാല്‍ സിങ്, 'വിജയ് ശ്രീ ഫൌണ്ടേഷന്' തുടക്കമിടുന്നത്. ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം നല്‍കുകയാണ് ഫൌണ്ടേഷന്‍ ചെയ്യുന്നത്. 

''ഓരോ രാത്രിയും ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകുന്നതിന്‍റെ വേദന ഞാന്‍ അനുഭവിച്ചതാണ്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്‍റെ അച്ഛനെ ഗുരുഗ്രാമിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഞാന്‍ അദ്ദേഹത്തിന്‍റെ അരികിലിരിക്കും. എന്നെപ്പോലെ രോഗികള്‍ക്കൊപ്പം ഇരിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിക്കും. എന്നെപ്പോലെ തന്നെ അവരും വിശന്നുകൊണ്ടായിരിക്കും ഉറങ്ങാന്‍ പോകുന്നത് എന്നെല്ലാം ഞാന്‍ ചിന്തിച്ചിരുന്നു. എനിക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അച്ഛന്‍റെ മരണത്തോടെ, എന്തെങ്കിലും അവര്‍ക്ക് വേണ്ടി ചെയ്തേ തീരൂവെന്ന് ഒന്നുകൂടി ഉറപ്പിച്ചു.'' 

അച്ഛന്‍റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞയുടനെ വിശാല്‍ ലക്നൌവിലേക്ക് പോയി. അവിടെയായിരുന്നു അദ്ദേഹത്തിന്‍റെ സഹോദരിയെ വിവാഹം കഴിച്ചിരുന്നത്. തന്നേക്കാള്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്താണ് വഴിയെന്ന് അയാള്‍ ചിന്തിച്ചു തുടങ്ങി. അതിന് പണം കണ്ടെത്താനായി ശ്രമിച്ചു. ആദ്യം ഒരു ചായക്കടയാണ് നടത്തിയത്. അതില്‍ നിന്ന് കിട്ടിയ പണം കൊണ്ട് വിശാല്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. 

''പല ബുദ്ധിമുട്ടുകളുള്ള മനുഷ്യരും എന്‍റെ മുന്നില്‍ വന്നു. അതെന്നെ മുന്നോട്ട് പോവാന്‍ പ്രേരിപ്പിച്ചു'' എന്നും വിശാല്‍ പറയുന്നുണ്ട്. പിന്നീട് അയാള്‍ മെഴുകുതിരി ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തു. വീട്ടില്‍ പാചകം ചെയ്യാനുള്ള പണമായപ്പോള്‍ അദ്ദേഹം ഭക്ഷണമുണ്ടാക്കി ലക്നൌവിലെ ആശുപത്രിയിലെത്തിത്തുടങ്ങി. 

ലക്നൌവിലെ ബല്‍രാംപുര്‍ ആശുപത്രിക്ക് പുറത്ത് വലിയൊരു ആല്‍മരമുണ്ട്. അതിന് താഴെ വിശാല്‍ ഭക്ഷണം ഒരുക്കും. ഓരോ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ ഭക്ഷണം വിളമ്പും. പാവപ്പെട്ട രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് പോഷകാഹാരം കിട്ടും.

ആശുപത്രി അധികൃതര്‍ രോഗികള്‍ക്ക് മാത്രമേ ഭക്ഷണം നല്‍കൂ. അവരുടെ കൂട്ടിരിപ്പുകാര്‍ മിക്കപ്പോഴും പട്ടിണിയിലായിരിക്കും. പലപ്പോഴും, രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി പണം ചിലവഴിച്ചു കഴിഞ്ഞാല്‍ കയ്യില്‍ ബാക്കിയൊന്നും ശേഷിക്കാത്ത അവസ്ഥയായിരിക്കും. വിശാല്‍ പറയുന്നു.

''ഭക്ഷണം കിട്ടുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അസുഖമായി ഒരാള്‍ ആശുപത്രിയില്‍ കിടക്കുന്നത് തന്നെ വളരെ വേദനയുണ്ടാക്കുന്ന കാര്യമാണ്. അതിന്‍റെ കൂടെ ഒരുനേരം പോലും ഭക്ഷണവും കൂടിയില്ലാത്ത അവസ്ഥ ഭീകരമാണ്. അവര്‍ക്ക് വേണ്ടി എനിക്കിത്രയെങ്കിലും ചെയ്യാന്‍ കഴിയുന്നു.'' വിശാല്‍ പറയുന്നു. 

10 വര്‍ഷം കഴിഞ്ഞു വിശാല്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങിയിട്ട്. ബല്‍രാംപുര്‍ ആശുപത്രിയില്‍ നിന്നാണ് തുടങ്ങിയത്. പക്ഷെ, ഇന്ന് കിങ്ങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, റാം മനോഹര്‍ ലോഹിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കൂടി സൌജന്യഭക്ഷണം നല്‍കുന്നുണ്ട് വിശാല്‍. 

പാകം ചെയ്ത ഭക്ഷണം ആരില്‍ നിന്നും വിശാല്‍ സ്വീകരിക്കുന്നില്ല. പകരം, ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങള്‍‌ സ്വീകരിക്കും. പണവും സ്വീകരിക്കും. ഉള്ളതിനനുസരിച്ചുള്ള മികച്ച ഭക്ഷണം പാകം ചെയ്ത് നല്‍കും. ഓരോ ദിവസവും രാവിലെ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫ് 250 കൂപ്പണുകള്‍ വിതരണം ചെയ്യും. ഏറ്റവും നിര്‍ധനരായവര്‍ക്കായിരിക്കും നല്‍കുക. അവരത് നല്‍കി ഉച്ചക്ക് ഭക്ഷണം കഴിക്കും. 

ഭക്ഷണം നല്‍കുന്നു എന്നത് മാത്രമല്ല എങ്ങനെ നല്‍കുന്നുവെന്നതും പ്രധാനമാണ്. മോശം ഭക്ഷണം നല്‍കുന്ന ആളുകളുണ്ട്. ഞാനൊരിക്കലും അത് ചെയ്യില്ല. വിശാല്‍ പറയുന്നു. റൊട്ടി അല്ലെങ്കില്‍ പൂരി, സാമ്പാറ്, ചോറ്, സാലഡ്, പപ്പടം, ചട്ണി, മധുരം എന്നിവയടങ്ങുന്നതാണ് ഭക്ഷണം. ആ ഭക്ഷണം കഴിക്കുന്ന ഇത്തിരി നേരത്തേക്കെങ്കിലും അവര്‍ക്ക് അവരുടെ വേദനകള്‍ മറക്കാനാകണം വിശാല്‍ പറയുന്നു. 

കൂടുതല്‍ സഹായം കിട്ടുന്നതോടെ കൂടുതല്‍ വിപുലമായ അടുക്കളയുണ്ടാക്കുകയും, കുറേപ്പേര്‍ക്ക് കൂടി ഭക്ഷണം നല്‍കുകയും ചെയ്യണം അതാണ് ഇപ്പോഴത്തെ വിശാലിന്‍റെ ആഗ്രഹം. 

 

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios