Asianet News MalayalamAsianet News Malayalam

'മൂന്നു ദിവസം, എഴുന്നൂറോളം പേര്‍... ഇങ്ങനെയൊക്കെയാണ് നമ്മള്‍ അതിജീവിച്ചത്'

 കാലടി സർവകലാശാലയിൽ പ്രളയത്തിലകപ്പെട്ടവരെല്ലാം വീടുകളിൽ തിരിച്ചെത്തി. യാതൊരു കുഴപ്പവുമുണ്ടായില്ല. ഞങ്ങൾ എഴുനൂറോളം പേരാണ് സർവകലാശാലയിലെ യൂട്ടിലിറ്റി സെന്‍ററിൽ ഉണ്ടായിരുന്നത്. ഹോസ്റ്റലിന്‍റെ ഒന്നാം നില മുങ്ങിപ്പോകുന്ന തരത്തിലാണ് വെള്ളം ഉയർന്നത്. ക്യാമ്പസിനെ പരിചയമുള്ളവർക്കറിയാം അത് എത്രമേൽ ഭയാനകമായ സാഹചര്യമാണതെന്ന്.
 

vishnu raj thuvayoor facebook post on flood
Author
Thiruvananthapuram, First Published Aug 21, 2018, 12:59 PM IST

കാലടി സര്‍വകലാശാലയിലെ എഴുന്നൂറോളം പേര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിരുന്നിരുന്നു. ഹോസ്റ്റലിന്‍റെ ഒന്നാംനില മുങ്ങിപ്പോകുന്ന തരത്തില്‍ വെള്ളമുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി പേര്‍ ഇവരെ സുരക്ഷിത സ്ഥലത്തെത്തിക്കാന്‍ കൂടെ നിന്നു. നമ്മളെല്ലാം ചേര്‍ന്നാണ് ഈ അവസ്ഥയെ അതിജീവിച്ചതെന്ന് കാലടി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി വിഷ്ണു രാജ് തുവയൂര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. 

നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളുമടക്കം എഴുന്നൂറിലധികം പേർ മൂന്നുദിവസം അവിടെയായിരുന്നു. സഹായിച്ചവർ ഏറെയുണ്ട്. ഒരിക്കൽ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ, ഇനി കാണുമെന്നേ ഉറപ്പില്ലാത്തവർ, അവരാണ് ഒപ്പമുണ്ടായിരുന്നത്. ഇപ്പോഴോർക്കുമ്പോൾ അപകടകരമായ സാഹചര്യങ്ങളെയാണ് ഒന്നിച്ചുനേരിട്ട് നമ്മൾ ഒഴിവാക്കിയതെന്നും വിഷ്ണുരാജ് എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: കാലടി സർവകലാശാലയിൽ പ്രളയത്തിലകപ്പെട്ടവരെല്ലാം വീടുകളിൽ തിരിച്ചെത്തി. യാതൊരു കുഴപ്പവുമുണ്ടായില്ല. ഞങ്ങൾ എഴുനൂറോളം പേരാണ് സർവകലാശാലയിലെ യൂട്ടിലിറ്റി സെന്‍ററിൽ ഉണ്ടായിരുന്നത്. ഹോസ്റ്റലിന്‍റെ ഒന്നാം നില മുങ്ങിപ്പോകുന്ന തരത്തിലാണ് വെള്ളം ഉയർന്നത്. ക്യാമ്പസിനെ പരിചയമുള്ളവർക്കറിയാം അത് എത്രമേൽ ഭയാനകമായ സാഹചര്യമാണതെന്ന്.

കാലടിയുടെ പരിസരപ്രദേശങ്ങളിൽ വെള്ളമുയർന്നു തുടങ്ങിയ ബുധനാഴ്ച രാത്രി, ക്യാമ്പസിന് പുറത്ത് താമസിക്കുന്നവരെ സുരക്ഷിതയിടമെന്നുകരുതി ഞങ്ങൾ ഹോസ്റ്റലിലെത്തിച്ചിരുന്നു. എന്നാൽ, പുലർച്ചെ നാലുമണിയോടെ സർവകലാശാലയ്ക്കുള്ളിലും വെള്ളമെത്തി. നെഞ്ചൊപ്പമുയർന്ന വെള്ളത്തിലൂടെയാണ് ബോയ്സ് ഹോസ്റ്റലിലുള്ളവർ പുറത്തേക്ക് വന്നത്. രാത്രിതന്നെ ലേഡീസ് ഹോസ്റ്റലുകളിലെ ടോയ് ലെറ്റുകളിലടക്കം വെള്ളം കയറിയിരുന്നു. പുലർച്ചെ ഏഴുമണിയോടെ ലേഡീസ് ഹോസ്റ്റലുകളിലുണ്ടായിരുന്നവരെ മുട്ടൊപ്പം വെള്ളത്തിലൂടെ യൂട്ടിലിറ്റി സെന്‍ററെന്ന സുരക്ഷിതസ്ഥാനത്തെത്തിച്ചു. ഒരുപക്ഷേ, ഏറ്റവും നിർണായകമായ മാറ്റ/നീക്കമായിരുന്നു അത്. ഇല്ലെങ്കിൽ അവരവിടെ കുടുങ്ങിപ്പോവുകയും ആശങ്കയേറുകയും ചെയ്തേനെ. പിന്നീടെല്ലാവരും, നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളുമടക്കം എഴുന്നൂറിലധികം പേർ മൂന്നുദിവസം അവിടെയായിരുന്നു.

സഹായിച്ചവർ (ഇത്തരമൊരു വാക്കാണോ ഉപയോഗിക്കേണ്ടതെന്ന് സംശയമുണ്ട്) ഏറെയുണ്ട്. ഒരിക്കൽ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ, ഇനി കാണുമെന്നേ ഉറപ്പില്ലാത്തവർ, അവരാണ് ഒപ്പമുണ്ടായിരുന്നത്.

ക്യാമ്പസിലുള്ളവരെക്കുറിച്ച് പറയാതിരിക്കാനാവില്ല. ഇപ്പോഴോർക്കുമ്പോൾ അപകടകരമായ സാഹചര്യങ്ങളെയാണ് ഒന്നിച്ചുനേരിട്ട് നമ്മൾ ഒഴിവാക്കിയത്. മനുഷ്യജീവനെ കരുതുന്നപോലെയാണ് ക്യാമ്പസിലെ പ്രിയപ്പെട്ട ചെക്കന്മാർ സമീപപ്രദേശങ്ങളിൽ പെട്ടുപോയ വളർത്തുമൃഗങ്ങളെ രക്ഷിച്ച് ക്യാമ്പസിലെത്തിച്ചത്. ഭക്ഷണവും വെള്ളവും ശേഖരിക്കുന്നതിലടക്കം ബുദ്ധിമുട്ടുണ്ടായെങ്കിലും സർവകലാശാലയുടെ സമീപപ്രദേശങ്ങളുമായും കേരളവുമായും താരതമ്യം ചെയ്യുമ്പോൾ സുഖസൗകര്യങ്ങളോടെയാണ് ഞങ്ങളവിടെ കഴിഞ്ഞതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.

ഞങ്ങൾക്ക് നേരിടേണ്ടിവന്ന പ്രധാന പ്രശ്നം ആശയവിനിമയവുമായി ബന്ധപ്പെട്ടതായിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ കറന്‍റുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന ഇടമായതിനാൽ ഫോൺവിളിച്ചിട്ട് കിട്ടാതിരുന്നത് മാതാപിതാക്കളെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ടെന്നറിയാം. മാത്രമല്ല, നേവിയുമായും രക്ഷാപ്രവർത്തകരുമായും ബന്ധപ്പെടാനും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആ സമയത്ത് ഒപ്പം നിന്നത് സർവകലാശാലയ്ക്ക് മുന്നിൽ എം.സി. റോഡിൽ കുടുങ്ങിപ്പോയ ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ലോറികളിലെയും, കാറുകളിലെയും, ഓട്ടോ ടാക്സികളിലെയും തൊഴിലാളി സുഹൃത്തുക്കളായിരുന്നു. വാഹനങ്ങൾ തുറന്നിട്ട് ഫോൺ ചാർജ് ചെയ്യാനുള്ള എല്ലാ സൗകര്യവും അവർ തന്നു. പുറംലോകവുമായുള്ള ബന്ധം സാധ്യമായത് അങ്ങനെയാണ്. അവരുടെ കൈയിലുള്ള വെള്ളവും ഭക്ഷണവും ഞങ്ങൾക്കും, ഞങ്ങളങ്ങോട്ടും കൈമാറിയാണ് മൂന്നുദിവസം അതിജീവിക്കാൻ ഊർജ്ജമുണ്ടാക്കിയത്. ഒപ്പം മറ്റൊരു കോർപ്പറേറ്റ് സംവിധാനവും പ്രവർത്തിക്കാതിരുന്നപ്പോഴും റേഞ്ചും നെറ്റും തന്ന ബി.എസ്.എൻ.എല്ലും.

കാലടിയിൽ വെള്ളം കയറുന്നുവെന്നറിഞ്ഞപ്പോൾ സമീപപ്രദേശങ്ങളിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ഞങ്ങളാകുംവിധം സഹായിക്കാമെന്ന് പറഞ്ഞ് ഫോൺനമ്പറുകൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴോർക്കുമ്പോൾ അതൊരു വലിയ തീരുമാനമായിരുന്നുവെന്ന് മനസ്സിലാക്കുന്നു. കാരണം, ആയിരക്കണക്കിന് ഫോൺകോളുകളാണ് വന്നത്. മിക്കതും കാലടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവരുടേത്. മാതാപിതാക്കളെയും ബന്ധുക്കളെയും അന്വേഷിച്ചുള്ളത്. എല്ലാവരെയും വിവരങ്ങളറിയിക്കാനും കാലടിയിലെ രക്ഷാപ്രവർത്തനങ്ങളുടെ സാഹചര്യം ബോധ്യപ്പെടുത്താനുമായെന്ന് കരുതുന്നു. ഞങ്ങൾക്ക് കൈകാര്യം ചെയ്യാനാകാത്തത് രക്ഷാപ്രവർത്തകരെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിദ്യാർഥികളുടെ മാതാപിതാക്കൾക്കും ബന്ധു/സുഹൃത്തുക്കൾക്കും ഒരുപരിധിവരെ ഈവിധം വിവരങ്ങളെത്തിക്കാൻ സാധിച്ചു. ഉറ്റവരെക്കുറിച്ച് വിവരങ്ങളറിയാതിരിക്കുമ്പോഴുള്ള ആധി അത്രയധികം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഒന്നുകൂടി മനസ്സിലാക്കിയത് ഈ പ്രളയകാലത്താണ്.

ഒന്നു രണ്ടുപേരുകൾ പറയാതെ ഈ എഴുത്ത് അവസാനിപ്പിക്കാനാകില്ല. ക്യാമ്പസ് താത്കാലികമായി ക്യാമ്പായെന്ന് അറിഞ്ഞപ്പോൾ മുതൽ ആശ്വാസവും ശ്രദ്ധയുമായി ഒപ്പം നിൽക്കുകയും ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ചുതരാൻ ഇടപെടുകയും ചെയ്ത Bineesh Kodiyeri, പലവട്ടം വിളിച്ചന്വേഷിച്ച പെരുമ്പാവൂർ മുൻ എം.എൽ.എ. സാജു പോൾ, മാധ്യമപ്രവർത്തകരായ സുഹൃത്തുക്കൾ, ഫോണിൽ ചാർജില്ലാതായപ്പോൾ പുലർച്ചെ മുതൽ രാത്രിവരെ തന്‍റെ ഓട്ടോ ടാക്സി തുറന്നുതന്ന് ഫോൺ ചാർജ് ചെയ്യാനനുവദിച്ച മാള സ്വദേശിയായ സോണി ചേട്ടൻ തുടങ്ങിയവരും കൂടിയാണ് ഞങ്ങളെ അതിജീവിപ്പിച്ചത്. അവരെ ഓർക്കാതെ ഇനി ഞങ്ങൾക്ക് ജീവിതമില്ലെന്ന് മനസ്സിലാക്കുന്നു.

വ്യക്തിപരമായി ആയിരക്കണക്കിനാളുകളുടെ സ്നേഹാന്വേഷണങ്ങൾ വന്നിരുന്നു. ഒരു മെസേജിനുപോലും മറുപടിയയക്കാനായില്ല. ക്ഷമിക്കുമല്ലോ.
എല്ലാവരുടെയും സ്നേഹവും കരുതലും മനസ്സിലാക്കുന്നു. പ്രിയപ്പെട്ടവരിൽ പലരും പലയിടങ്ങളിലായി ദുരിതപ്രളയത്തിലായിരുന്നു. പക്ഷേ, ഒരാളെപ്പോലും വിളിച്ചന്വേഷിക്കാൻ, സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു.

കാലടി സർവകലാശാല കാലടിക്കൊപ്പമാണ് എഴുന്നേറ്റ് നിന്നത്. ഞങ്ങൾ നിലനിൽക്കുന്ന പ്രദേശത്തിനെക്കൂടി പരിഗണിച്ചാണ് ഞങ്ങളവിടെ കഴിഞ്ഞത്. കടന്നുചെല്ലാനാകുമായിരുന്ന സമീപയിടങ്ങളിൽ കഴിയുന്നതൊക്കെ ചെയ്യാനുമായെന്ന് ആത്മവിശ്വാസത്തോടെ പറയട്ടെ. നന്ദിയൊന്നും പറയേണ്ടതില്ലെന്നറിയാം.
ഞങ്ങളല്ല, നമ്മളാണ് അതിജീവിച്ചത്, അതിജീവിക്കുന്നത്, അതിജീവിക്കേണ്ടത്.


 

Follow Us:
Download App:
  • android
  • ios