ആര്‍ത്തവത്തെ ഇത്രയ്ക്ക് ഭയക്കണോ കോണ്‍ഗ്രസുകാരേ?

https://static.asianetnews.com/images/authors/0f89130f-4c3e-5b5b-b49a-ec8d66d50ca9.jpg
First Published 9, Oct 2018, 7:21 PM IST
Vishnuraj Thuvayur on congrass stand on Sabarimala
Highlights

സ്ത്രീകളെല്ലാവരും നാളെ രാവിലെ മുതല്‍ ശബരിമലയ്ക്ക് പോകണമെന്ന് നിര്‍ബന്ധിക്കുകയല്ല; പോകാനാഗ്രഹിക്കുന്ന ഒരാള്‍ക്കും അവരുടെ ശാരീരികാവസ്ഥയുടെ പേരില്‍ അയിത്തം പാടില്ലെന്നാണ് കോടതി പറയുന്നത്. തുല്യനീതിയെന്നത് ഭരണഘടനാപരമായ അവകാശമാണ് എന്ന് അര്‍ഥം.

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം പറയുന്നത് ആണത്തത്തില്‍ അടിയുറച്ചുപോയ ജനാധിപത്യവിരുദ്ധ നിലപാടാണ്. ഹിന്ദുത്വവര്‍ഗീയതയെ ബലപ്പെടുത്തുന്ന, അതുവഴി മതേതര, ജനാധിപത്യ സാമൂഹിക ക്രമത്തെ അട്ടിമറിക്കാനുള്ള വഴിയൊരുക്കലാണത്. നിങ്ങള്‍കൂടി പങ്കാളികളായ ജനാധിപത്യകേരളത്തിനായുള്ള  നവോത്ഥാനപ്രവര്‍ത്തനങ്ങളെ അപ്പാടെ നിരാകരിച്ചുകൊണ്ട് സമൂഹത്തെ പിന്നോട്ടുനടത്തുന്ന ശ്രമങ്ങള്‍.

സമൂഹത്തെ, ശരീരങ്ങളെ, സ്ത്രീയെ, ദളിതരെ തൊഴിലാളിയെയൊക്കെ അകറ്റിനിര്‍ത്തിയിരുന്ന ബ്രാഹ്മണിക്കല്‍ വ്യവസ്ഥിതിയോട് ദീര്‍ഘകാലം എതിരിട്ടുകൊണ്ടാണ് സമൂഹമെന്നനിലയില്‍ നമ്മള്‍ ഇവിടെയെത്തിയത്; ഇപ്പോഴും ചിലത് തുടരുന്നുണ്ടെങ്കിലും. ഈ സാഹചര്യത്തില്‍ സമൂഹത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കാനുള്ള ശ്രമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയാണ് നൂറ്റാണ്ടുകളുടെ പ്രവര്‍ത്തനചരിത്രമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ (ഈ വാക്കാണോ യോജിക്കുന്നത്?) കോണ്‍ഗ്രസ് ഭരണഘടനാപരമായ തുല്യതയെന്ന ജനാധിപത്യ ആശയത്തെ ഭക്തി/വിശ്വാസികള്‍ എന്നൊക്കെപ്പറഞ്ഞ് അട്ടിമറിക്കുകയാണ്. 

'സ്ത്രീ പുരുഷന് താഴെയല്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തും. 1965-ലെ ഹിന്ദു ആരാധനാചട്ടം ഭരണഘടനാവിരുദ്ധമാണ്. ആര്‍ത്തവകാലത്ത് സ്ത്രീകളെ പുറത്തുനിര്‍ത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. ശാരീരിക കാരണങ്ങളെ വിശ്വാസവുമായി ബന്ധിപ്പിക്കാനാകില്ല. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെപേരില്‍ അടിച്ചേല്‍പ്പിക്കരുത്.' - സുപ്രീംകോടതിയുടെ വിധി ഇങ്ങനെയാണ്. സ്ത്രീകളെല്ലാവരും നാളെ രാവിലെ മുതല്‍ ശബരിമലയ്ക്ക് പോകണമെന്ന് നിര്‍ബന്ധിക്കുകയല്ല; പോകാനാഗ്രഹിക്കുന്ന ഒരാള്‍ക്കും അവരുടെ ശാരീരികാവസ്ഥയുടെ പേരില്‍ അയിത്തം പാടില്ലെന്നാണ് കോടതി പറയുന്നത്. തുല്യനീതിയെന്നത് ഭരണഘടനാപരമായ അവകാശമാണ് എന്ന് അര്‍ഥം.

ഗാന്ധിയും നെഹ്‌റുവും ഇതര നേതാക്കളുമൊക്കെ പ്രവര്‍ത്തിച്ചത് തുല്യതയിലധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ നിര്‍മിക്കാന്‍ വേണ്ടിയായിരുന്നു

ഈ വിധിയോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ നോക്കാം:
'നൂറ്റാണ്ടുകളായി തുടരുന്ന ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആത്മാര്‍ഥതയുണ്ടെങ്കില്‍ വിധിക്കെതിരേ ആര്‍എസ്എസും ബി.ജെ.പിയും കേന്ദ്രസര്‍ക്കാര്‍ വഴി ഓര്‍ഡിനന്‍സ് കൊണ്ടുവരണം.'
- രമേശ് ചെന്നിത്തല (പ്രതിപക്ഷനേതാവ്)

'ആര്‍ത്തവം അശുദ്ധമാണ്. സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കഴിയില്ല.'
- കെ. സുധാകരന്‍ (K.P.C.C. വര്‍ക്കിങ് പ്രസിഡന്റ്)

'ഈശ്വരവിശ്വാസമില്ലാത്തവര്‍ ഭരണകര്‍ത്താക്കളായതിന്റെ ദുരന്തമാണ് ശബരിമലവിഷയത്തിലുണ്ടായത്. മുഖ്യമന്ത്രി ലിംഗസമത്വത്തെപ്പറ്റി സംസാരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.'
- ഡീന്‍ കുര്യാക്കോസ് (യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്)

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എ.യുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിധിക്ക് മുന്‍പും ശേഷവും പറഞ്ഞതൊന്നും എഴുതുന്നില്ല. സ്വാധി പ്രാചിയും സാക്ഷി മഹാരാജും പറയുന്ന തീവ്ര വര്‍ഗീയതയുടെ, വിഭജനത്തിന്റെ സ്വരത്തിലാണ് പ്രയാര്‍ സംസാരിച്ചതെല്ലാം. രാജ്‌മോഹന്‍ ഉണ്ണിത്താനും അതേ വഴിയിലാണ്.

വിധിയെ സ്വാഗതം ചെയ്ത ശശി തരൂര്‍ എം.പി.യും വി.ടി. ബല്‍റാം എം.എല്‍.എ.യും ഏറ്റവും ജാഗ്രതയോടെ സംസാരിച്ച ബിന്ദുകൃഷ്ണയും കൂട്ടിയാല്‍ കൂടുന്നതല്ലല്ലോ കോണ്‍ഗ്രസ്. ബിന്ദുകൃഷ്ണയെ ഡി.സി.സി യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചെന്ന വാര്‍ത്തകളുമുണ്ടായിരുന്നു.

'ശബരിമലയില്‍ 10 നും 50 നും ഇടയിലുള്ള സ്ത്രീകളെ കയറ്റരുത്. വിശ്വാസ സംരക്ഷണമാണ് പ്രധാനം. ' എന്നര്‍ഥം.

പാര്‍ട്ടിയിലും പദവികളിലും വേദികളിലും നിങ്ങള്‍ സ്ത്രീകളെ പരിഗണിക്കുന്നതുപോലയേ ഭരണഘടനയും സമൂഹവും സ്വീകരിക്കാവൂ എന്ന നിലപാടാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്‍േത്. പലരും ചൂണ്ടിക്കാണിച്ചതുപോലെ രസതന്ത്രത്തിനും സമാധാനത്തിനും സ്ത്രീകള്‍ നൊബേല്‍ പ്രൈസ് നേടുന്ന കാലത്ത്, ചൊവ്വാദൗത്യത്തില്‍ പങ്കാളികളാകുന്ന കാലത്താണ് ഒരു രാഷ്ട്രീയപ്രസ്ഥാനം സ്ത്രീകളെ പൊതുയിടങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ വേണ്ടി വാദിക്കുന്നതും സമരം ചെയ്യുന്നതും. അത് കോണ്‍ഗ്രസാകുന്നത് വലിയ നിരാശയാണുണ്ടാക്കുന്നത്. കാരണം ചരിത്രത്തില്‍ കോണ്‍ഗ്രസ് ഇങ്ങനെ അധ:പതിച്ചിരുന്നില്ല. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഇതര നേതാക്കളുമൊക്കെ പ്രവര്‍ത്തിച്ചത് തുല്യതയിലധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ നിര്‍മിക്കാന്‍ വേണ്ടിയായിരുന്നു.

ചരിത്രം മറന്നവരെ അത് ഓര്‍മിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ലല്ലോ.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

ചരിത്രം മറന്നവരെ അത് ഓര്‍മിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ലല്ലോ. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സമരങ്ങളിലെ ചില സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറയാമെന്ന് കരുതുന്നു. ചരിത്രം ഓര്‍ക്കുവാനുള്ളതല്ല, ഉപയോഗിക്കാനുള്ളതാണെന്ന് എം.എന്‍. വിജയന്‍ ഒരിക്കല്‍ എഴുതുന്നുമുണ്ട്.

1. 1922-ല്‍ ചെങ്ങന്നൂരില്‍ നടന്ന തിരുവിതാംകൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സമ്മേളനശേഷം സവര്‍ണരും അവര്‍ണരും സംബന്ധിച്ച മിശ്ര പന്തിഭോജനം നടന്നിരുന്നു.

2. 1923-ല്‍ കാക്കിനടയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ തിരുവിതാംകൂറില്‍നിന്നുള്ള ഈഴവ നേതാവ് ടി.കെ. മാധവന്‍ തൊട്ടുകൂടായ്മ വേരോടെ അറുക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് സമ്മേളനത്തോട് അവശ്യപ്പെട്ടു. ഈ നീക്കത്തിന് പാര്‍ട്ടിയുടെയും മഹാത്മാഗാന്ധിയുടെയും അനുമതി ലഭിച്ചു. തുടര്‍ന്നാണ് 1924-ല്‍ വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത്. സ്ത്രീകളും സമരത്തില്‍ പങ്കാളികളായിരുന്നു. പി.കെ. കല്യാണി ഉദാഹരണമാണ്. സത്യാഗ്രഹികളെ സഹായിക്കാനായി നടത്തിയ പിടിയരി പ്രസ്ഥാനം സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ ലക്ഷ്യത്തെപ്പറ്റി 1924 ആഗസ്റ്റ് 19-ലെ മാതൃഭൂമി എഴുതി:
'വൈക്കത്തെ റോഡില്‍ കൂടി സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യത്തിനു മാത്രമല്ലല്ലോ സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളത്. അയിത്തവും തീണ്ടലും വേരോടെ നശിപ്പിക്കുകയാണ് അയിത്തോച്ചാടന കമ്മിറ്റിയുടെ ഉദ്ദേശം. ഇതില്‍ പ്രധാനമായി രണ്ടു കാര്യമാണ് ആവശ്യമായിട്ടുള്ളത്. ഒന്നാമതായി തീണ്ടല്‍ജാതിക്കാരുടെ ഇടയില്‍ തങ്ങളുടെ ഇന്നത്തെ സ്ഥിതിയേപ്പറ്റിയും അതില്‍നിന്നുള്ള മോചനമാര്‍ഗത്തെപ്പറ്റിയും ഉള്ള ബോധം ഉണ്ടാക്കി അവരെ സംഘമായി ചേര്‍ത്ത് അവരുടെ ഉന്നമനത്തിനുള്ളതായ മാര്‍ഗങ്ങളില്‍ കൂടി പ്രവൃത്തികള്‍ ആരംഭിക്കുക... സവര്‍ണരുടെ ഇടയിലും വേണ്ട പ്രചാരപ്രവൃത്തി നടത്തി അവരുടെ അനുഭാവം സമ്പാദിക്കുക മുതലായവയാണ്. ഇതിനുപുറമേ സൗകര്യമുള്ള മറ്റു സ്ഥലങ്ങളിലും സത്യാഗ്രഹം ആരംഭിക്കുക... അയിത്തോച്ചാടന പ്രവര്‍ത്തകന്മാരെ കേരളത്തിന്റെ നാനാഭാഗങ്ങളിലേക്കും അയയ്ക്കണം. അവര്‍ സകല കരകളിലും ദേശങ്ങളിലും അയിത്തോച്ചാടന കമ്മിറ്റികള്‍ സ്ഥാപിക്കണം.'

വൈക്കം സത്യാഗ്രഹത്തെ രാജാധികാരം എങ്ങനെ നേരിട്ടുവെന്നതിനും ചരിത്രരേഖകളുണ്ട്.

'നിരോധനാജ്ഞ ലംഘിച്ച് പ്രസംഗിച്ചവരെ ഗവര്‍മന്റ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഭയങ്കരവും അസാധാരണവുമായ പേമാരി ഏറ്റും, വെള്ളപ്പൊക്കത്തില്‍ നെഞ്ചറ്റം വെള്ളത്തില്‍ നിന്നു വിഷജന്തുക്കളുടെ ദംശനം സഹിച്ചും സത്യാഗ്രഹം അനുഷ്ഠിക്കേണ്ടി വന്നു. ഗാന്ധിദാസ്സ് മുത്തുസ്വാമിയുടെ ചെണ്ട കുത്തിക്കീറി ആ ധര്‍മഭടനെ കഴുത്തിനുപിടിച്ചു ഞെക്കിയും പ്രഹരിച്ചും ഉപദ്രവിച്ചു; വാളണ്ടിയര്‍ ക്യാപ്റ്റന്‍ ശിവശൈലത്തിനെ ഇഷ്ടിക കൊണ്ട് ഇടിച്ചു. നാരായണപ്പണിക്കരെ മരത്തോട് ചേര്‍ത്തിടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തു. കെ.പി. കേശവപിള്ളയെ ഇടിച്ചു ചോര ഛര്‍ദ്ദിപ്പിച്ചു. ചിറ്റേടത്തു ശങ്കുപ്പിള്ളയെ നിര്‍ദ്ദയമായി മര്‍ദ്ദിച്ചു മരണത്തിന് ഇരയാക്കി തീര്‍ത്തു. ശ്രീമാന്‍ രാമനിളയതിന്റെ രണ്ടു കണ്ണിലും പച്ചച്ചുണ്ണാമ്പ് എഴുതി... വഴികളില്‍ ഞെരിഞ്ഞില്‍ മുള്ളു വിതറി.അവരില്‍ ചിലരുടെ വൃക്ഷണങ്ങള്‍ ഞെക്കിപ്പൊട്ടിച്ചു.
(ടി.കെ. മാധവന്റെ ജീവചരിത്രം - പി.കെ. മാധവന്‍)

മഹാത്മാ ഗാന്ധി വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്  സ്വീകരിച്ച നിലപാട് 'മറ്റ് ഹിന്ദുക്കള്‍ക്ക് ഏത് ഉപാധികളോടെയാണോ ക്ഷേത്രപ്രവേശനം അനുവദിച്ചിട്ടുള്ളത്, അതേ ഉപാധികളോടെ തന്നെ ഹരിജനങ്ങള്‍ക്കും പ്രവേശനം അനുവദിപ്പിക്കാന്‍ മാത്രമാണ് ശ്രമം. ക്ഷേത്രസന്ദര്‍ശനം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹരിജനങ്ങളാണ്. ഹരിജനങ്ങള്‍ക്കുള്ള വിലക്ക് സവര്‍ണഹിന്ദുക്കള്‍ നീക്കം ചെയ്യണം' എന്നായിരുന്നു. കോണ്‍ഗ്രസും ഇതേ നിലപാടിലായിരുന്നു സമരം ചെയ്തത്.

3. 1928 മെയ് 25 മുതല്‍ 29 വരെ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ഇതായിരുന്നു: 'നമ്മെ മുറുകെ പിടിച്ചിരിക്കുന്ന ദോഷകരമായ സമ്പ്രദായങ്ങളെ നാം ത്യജിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഈ രാജ്യവാസികളായ സകല സ്ത്രീ-പുരുഷന്മാര്‍ക്കും ഉല്‍ക്കര്‍ഷത്തിനുള്ള സൗകര്യം ഒരുപോലെ ഉണ്ടാക്കിത്തീര്‍ക്കേണ്ടതുണ്ട്... എല്ലാവര്‍ക്കും സ്വാതന്ത്യവും തുല്യമായ സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥ രൂപവല്‍ക്കരിക്കുക എന്നതാകണം നമ്മുടെ ഉദ്ദേശ്യം എന്നാണ്. (ഇപ്പോഴും അയിത്തമാചരിക്കുന്ന കോണ്‍ഗ്രസുകാര്‍ വര്‍ഷം ശ്രദ്ധിക്കണം - 1928)

4. 1931 മേയ് അവസാനവാരത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചത്. വി.എസ്. സുബ്രഹ്മണ്യ അയ്യരായിരുന്നു അന്ന് ദിവാന്‍. കടല്‍ കടന്ന ആളാണ് എന്ന കാരണത്താല്‍ നെഹ്‌റുവിന് ക്ഷേത്രം സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചു. പട്ടാളക്കാരെ ഗോപുരവാതിക്കല്‍ വഴിതടഞ്ഞു നിറുത്തിയിരുന്നു. നെഹ്‌റുവിനെ സംസ്ഥാനാതിഥിയായി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സ്വീകരണ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി പോലും ലഭിച്ചില്ല.

ഈ നടപടിക്കെതിരേ 'കേസരി'യില്‍ ബാലകൃഷ്ണപിള്ള മുഖപ്രസംഗം എഴുതിയിരുന്നു: 
'മിനിയാന്നുരാത്രി അപമാനിച്ചത് സര്‍വലോകവന്ദ്യനായ മഹാത്മജിയുടെ വലംകൈയെയാണ്, ഭാരതത്തിലെ യുവജനങ്ങളുടെ ആരാധാനാമൂര്‍ത്തിയായ ഒരു നായകനെയാണ്... ഇത് തിരുവിതാംകൂറുകാര്‍ക്ക് കല്‍പ്പാന്തകാലം വരെ ഒരു തീരാക്കളങ്കമായി തീരുന്നതാണ്...'

കോണ്‍ഗ്രസുകാര്‍ ഏത് ആചാരമാണ് സംരക്ഷിക്കുന്നത്? 

ഇപ്പോഴെന്താണ് പദ്മനാഭസ്വാമിക്ഷേത്രത്തിലെ അവസ്ഥ. കടല്‍ നിയമമൊക്കെ പോയിട്ട് മുണ്ടുടുത്തവര്‍ അകത്ത് കയറരുതെന്നാണ് പുതിയ നിയമം.

5. 1931 മെയ് 3, 4 തീയതികളില്‍ വടകരയില്‍ ചേര്‍ന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനമാണ് ക്ഷേത്രപ്രവേശനസമരത്തിന് ആഹ്വാനം ചെയ്തത്. കെ. കേളപ്പന്‍ പ്രമേയമവതരിപ്പിച്ചു. ഗുരുവായൂര്‍ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കേളപ്പന്‍ നടത്തിയ പ്രസംഗം ഇതാണ്: 
'ഭക്തോത്തമനായ പുലയനെ ദീനബന്ധുവായ ഭഗവാന്റെ അടുക്കല്‍ ചെല്ലുവാന്‍ ഇക്കൂട്ടര്‍ അനുവദിക്കുകയില്ല. ഭഗവാനെ ഇവര്‍ ഒരു പാല്‍പ്പായസപ്രിയനായ ജന്മിയും ജനദ്രോഹിയുമാക്കിയിരിക്കുകയാണ്. ഈ അക്രമങ്ങള്‍ നില്‍ക്കണം. ക്ഷേത്രങ്ങളില്‍ ഭക്ഷണപ്രിയന്മാര്‍ക്കല്ല ഭക്തോത്തമന്‍മാര്‍ക്കാണ് പ്രവേശനം വേണ്ടിയിരിക്കുന്നത്.'

തുടര്‍ന്ന് സമരത്തില്‍ അദ്ദേഹം മരണം വരെ നിരാഹാരം ആരംഭിച്ചു. ഒടുവില്‍ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് സമരം അവസാനിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചകളിലാണ് അയിത്തത്തിനെതിരേയുള്ള പ്രചാരണപ്രസ്ഥാനം കേരളവ്യാപകമായി സജീവമാകുന്നതും 1936 നവംബര്‍ 12ന് തിരുവിതാംകൂറിലും 1947-ല്‍ മലബാറിലും 1948-ല്‍ കൊച്ചിയിലും ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നത്. 

ഭരണഘടനയോടും നമ്മുടെ സാമൂഹികജീവിതത്തോടും ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കുമത്. 

അന്നങ്ങനെ, ഇന്നിങ്ങനെ
കേരളം അയിത്ത-അനാചാര കാലത്ത് കടന്നുവന്നതിനെപ്പറ്റിയും അക്കാലത്ത് കോണ്‍ഗ്രസും നേതാക്കളുമെടുത്ത പുരോഗമന നിലപാടുകളെപ്പറ്റിയും മേല്‍സൂചിപ്പിച്ച ചരിത്ര സന്ദര്‍ഭങ്ങള്‍ വ്യക്തത തരുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം സ്വതന്ത്രഭാരതത്തെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവും ഇതേ കാഴ്ചപ്പാടാണ് പുലര്‍ത്തിയിരുന്നത്. 

സ്വാതന്ത്ര്യാനന്തരം ഇന്ത്യ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസമെന്താണെന്ന ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തോട് 'നീതിപൂര്‍വകമായ വഴികളിലൂടെ നീതി അധിഷ്ഠിതമായ ഒരു ഭരണകൂടം സൃഷ്ടിക്കുക. ഒരു മതാത്മക രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുക.' എന്നതായിരുന്നു നമ്മുടെ (കോണ്‍ഗ്രസിന്‍േറം) ആദ്യ പ്രധാനമന്ത്രിയുടെ മറുപടി.

1951 ല്‍ സോമനാഥക്ഷേത്രം തുറക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഉത്സവവേളയില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റ് രാജേന്ദ്രപ്രസാദിനോട് പറയാന്‍തക്ക രാഷ്ട്രീയബോധ്യം നെഹ്‌റുവിനുണ്ടായിരുന്നു. 1951-52 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 'വര്‍ഗീയതയ്‌ക്കെതിരേ സന്ധിയില്ലാ സമരം' എന്ന മുദ്രാവാക്യമാണ് നെഹ്‌റു സ്വീകരിച്ചത്.
സര്‍ക്കാര്‍ അയിത്തവും ഭൂപ്രഭുത്വവും അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. വര്‍ഗീയവാദികളാണ് മുഖ്യശത്രുക്കള്‍. അവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കില്ല - അദ്ദേഹം വിശദീകരിക്കുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഹിന്ദു സിവില്‍ കോഡുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ സ്ത്രീവിരുദ്ധ ശരണം വിളികളില്‍ അഭിരമിക്കുന്ന കോണ്‍ഗ്രസുകാര്‍ ഒരിക്കലെങ്കിലും വായിക്കേണ്ടതാണ്.

ചര്‍ച്ചയില്‍ നെഹ്‌റു പറയുന്നു:

'രാജ്യത്തിന്റെ യഥാര്‍ഥ പുരോഗതി രാഷ്ട്രീയതലത്തില്‍ മാത്രമല്ല, സാമ്പത്തികതലത്തില്‍ മാത്രമല്ല സാമൂഹിക തലത്തിലും നടക്കണം.
ഹിന്ദു ആചാരങ്ങളും നിയമങ്ങളും ആത്മവഞ്ചനാപരവും അന്യായവുമാണ്. സത്രീകള്‍ മിത്തുകളിലെ കഥാപാത്രങ്ങളെപ്പോലെ ചാരിത്ര്യവതികളും അര്‍പ്പണമതികളും ആകണം. അടുത്തകാലത്തായി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മകുടോദാഹരണങ്ങളായ സീത, സാവിത്രി എന്നീ നാരീരത്‌നങ്ങള്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടാറുണ്ട്. അവരേയും അതുപോലെയുള്ള മറ്റു മഹദ് വ്യക്തികളെയും അങ്ങേയറ്റം ആദരവോടെയാണ് ഞാനും കാണുന്നത്. സീതയുടെയും സാവിത്രിയുടെയും ജീവിതം സ്ത്രീത്വത്തിന്റെ ഉത്തമ മാതൃകകളായി ഇന്ത്യന്‍ സ്ത്രീകളുടെ മുന്‍പില്‍ മാത്രമാണ് അവതരിപ്പിക്കപ്പെടാറുള്ളത്. പക്ഷേ, ശ്രീരാമന്റെയോ സത്യവാന്റെയോ ജീവിതത്തെക്കുറിച്ച് ഇന്ത്യന്‍ പുരുഷന്മാരെ ആരും ഓര്‍മിപ്പിക്കുന്നതായും അത്തരത്തില്‍ ജീവിക്കുവാന്‍ അവരോട് ആഹ്വാനം ചെയ്യുന്നതായും ഞാന്‍ കണ്ടിട്ടില്ല. പുരുഷന്മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യവുമുണ്ട്. അവര്‍ക്കായി മാതൃകകള്‍ ആരും മുന്‍പോട്ട് വെക്കാറില്ല. മുന്നോട്ട് യാതൊരു പരിവര്‍ത്തനവും സാധ്യമല്ലാത്ത തരത്തില്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ആധുനിക കാലത്ത് ആര്‍ക്കും ജീവിക്കുവാന്‍ സാധിക്കുകയില്ല. നിലവില്‍ സാമൂഹികമായ വ്യവസ്ഥിതിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവയോട് നിരന്തരം കലഹിക്കുകയും സത്യസന്ധമായി പ്രതികരിക്കുകയും ചെയ്യുന്നവനാകണം ആധുനിക ജനാധിപത്യലോകത്തെ മാനവന്‍.'

ഒരു കോണ്‍ഗ്രസ് അംഗം പാര്‍ലമെന്റില്‍ ഇങ്ങനെകൂടി പറയുന്നുണ്ട്: 

'സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരെ തിരഞ്ഞെടുക്കാനുള്ള (ഉപേക്ഷിക്കാനും) അവകാശമുണ്ടാകണം. കാരണം, നാം (ഇന്ത്യാക്കാര്‍) സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്. നമ്മുടെ രാജ്യത്തെ, നമ്മുടെ മാതൃഭൂമിയെ, വിമോചിതമാക്കിയശേഷം നമ്മുടെ അമ്മമാരെ, സഹോദരിമാരെ, ഭാര്യമാരെ വിമോചിപ്പിക്കേണ്ടതുണ്ട്. അതായിരിക്കും നാം നേടുന്ന വിമോചനത്തിന്റെ പരകോടി.'

നോക്കൂ, എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെതന്നെ രാഷ്ട്രീയ പൂര്‍വികര്‍ എത്ര വ്യക്തതയോടെയാണ് സംസാരിക്കുന്നതെന്ന്. 1947-ല്‍ നമ്മള്‍ നേടിയത് പൂര്‍ണ സ്വാതന്ത്ര്യമല്ലെന്നും അകമേനിന്ന് നമ്മള്‍ തന്നെ സ്വാതന്ത്ര്യത്തെ കൂടുതല്‍ വിശാലമാക്കണമെന്നും വൈവിധ്യവത്കരിക്കണമെന്നും അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. അവര്‍ സാമൂഹികവൈവിധ്യത്തെ ജനാധിപത്യപ്രക്രിയയെ പോലെതന്നെ ബഹുമാനിച്ചു. നിങ്ങളോ? 

2018-ലും വിശ്വാസമെന്ന ഒറ്റയച്ചുതണ്ടില്‍മാത്രം കറങ്ങി സ്ത്രീസ്വാതന്ത്ര്യത്തെയും ലിംഗനീതിയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അയിത്തത്തെ, അശുദ്ധിയെക്കുറിച്ച് മാത്രം സംസാരിക്കുന്നു. 

കോണ്‍ഗ്രസ് ദേശീയരാഷ്ട്രീയത്തില്‍ തിരിച്ചുവരവിനായി ശ്രമിക്കുന്ന കാലത്ത്, സംഘപരിവാറിന്റെ അജന്‍ഡകളാണ് നിങ്ങളും സൂക്ഷിക്കുന്നത്. സമൂഹമെന്ന നിലയില്‍ നമ്മള്‍ നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ അറിവുകളും സാങ്കേതികവിദ്യകളും ലോകബോധവും ലിംഗ ലൈംഗിക ന്യൂനപക്ഷ ജീവിതങ്ങളുമൊക്കെയുള്ള ഈ നവമാധ്യമ കാലത്ത് ആര്‍ത്തവം അശ്ലീലമാണെന്ന യുക്തിയുമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശമെങ്കില്‍, സ്ത്രീകള്‍ക്ക് കയറിക്കൂടാത്ത ഇടങ്ങള്‍ നിലവിലുണ്ടെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെങ്കില്‍, വോട്ടുചോദിച്ച് ചെല്ലുമ്പോള്‍ തല്ലുകൊള്ളുന്ന കാലം വിദൂരമല്ല. ഇന്ത്യയില്‍ 'കോണ്‍ഗ്രസ് മുക്ത ഭാരതം' ബി.ജെ.പി യുടെ ലക്ഷ്യമാണെങ്കില്‍ 'കോണ്‍ഗ്രസ് മുക്ത കേരളം' ജനാധിപത്യവിരുദ്ധരായ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ലക്ഷ്യമാണെന്ന് പറയേണ്ടിവരും. 

ഈശ്വരവിശ്വാസമില്ലാത്തവര്‍ ഭരണകര്‍ത്താക്കളായതിന്റെ ദുരന്തമാണ് ശബരിമല വിഷയത്തിലുണ്ടായതെന്നും മുഖ്യമന്ത്രി ലിംഗസമത്വത്തെപ്പറ്റി സംസാരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കരുതുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ ഒരു കാര്യം ഓര്‍മിപ്പിച്ചിട്ട് നിര്‍ത്താം.

1942-ന്റെ ആദ്യകാലത്ത് വാര്‍ധ ആശ്രമത്തില്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിളിച്ചു. യോഗശേഷം നെഹ്‌റു അലഹാബാദിലെ ഭവനത്തിലേക്ക് ട്രെയിനില്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗാന്ധിജിയുടെ പത്‌നി കസ്തൂര്‍ബ നെഹ്‌റുവിന് യാത്രാശംസ നേര്‍ന്നു. 'ഈശ്വര്‍ തേരാ സാത് ദേ...'

അപ്പോള്‍ നെഹ്‌റുവിന്റെ മറുപടി ഇപ്രകാരമായിരുന്നുവെന്ന് രാമചന്ദ്ര ഗുഹ എഴുതുന്നു: 

'എന്തൊരു ദൈവമാണിത്? പ്രാകൃതമായ യുദ്ധം അനുവദിക്കുന്ന, ജൂതന്മാരെ ഗ്യാസ് ചേംബറിലടച്ച് കൊല്ലുന്ന, സാമ്രാജ്യത്വത്തിന്റെയും കൊളോണിയലിസത്തിന്റെയും ഹിംസകള്‍ പ്രോത്സാഹിപ്പിക്കുന്ന ദൈവം.'

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയത്ര യുക്തിചിന്തയും ശാസ്ത്രബോധവും ഗാന്ധിജി സൂക്ഷിച്ച ജനാധിപത്യബോധവും ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടെന്ന് കരുതുന്നില്ല. പക്ഷേ, ജനാധിപത്യത്തെപ്പറ്റി, ഭരണഘടനയെപ്പറ്റി മനുഷ്യാവകാശത്തെപ്പറ്റി പ്രാഥമികധാരണയെങ്കിലും വേണമെന്നാണ് പറയാനുദ്ദേശിച്ചത്. അതില്ലെങ്കില്‍, നിങ്ങളുടെതന്നെ ചരിത്രത്തോടും ഭരണഘടനയോടും നമ്മുടെ സാമൂഹികജീവിതത്തോടും ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കുമത്. 


സഹായകഗ്രന്ഥങ്ങള്‍

1. എം.എന്‍. വിജയന്‍ (ജനറല്‍ എഡിറ്റര്‍), 2000, നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (വാള്യം രണ്ട്), കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍.
2. കെ.വി. കുഞ്ഞിരാമന്‍, 2010, കേളപ്പജി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍.
3. കെ.എം. ചുമ്മാര്‍, 2013, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് (1938-1948), കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
4. പി.ഭാസ്‌കരനുണ്ണി, 2005, കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍.
5. മനു എസ്. പിള്ള, 2017, ദന്തസിംഹാസനം, ഡി.സി. ബുക്‌സ്, കോട്ടയം.
6. രാമചന്ദ്ര ഗുഹ, 2010, ഇന്ത്യ ഗാന്ധിക്കു ശേഷം, ഡി.സി. ബുക്‌സ്, കോട്ടയം.
7. രാമചന്ദ്ര ഗുഹ, 2016, ദേശസ്‌നേഹികളും പക്ഷപാതികളും, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.
8. രാമചന്ദ്ര ഗുഹ, 2017, ആധുനിക ഇന്ത്യയുടെ ശില്പികള്‍, ഡി.സി. ബുക്‌സ്, കോട്ടയം.

loader