സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് തിരുവനന്തപുരത്തെത്തിയത് ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലൂടെയായിരുന്നു ജീവിതം ഇന്ദിരയെ കുറിച്ച് വി.എം ദീപ 

പതിറ്റാണ്ടുകള്‍ക്കു മുമ്പ് മലപ്പുറം ജില്ലയിലെ പരിയാപുരത്തുനിന്നും ഒരു പെണ്‍കുട്ടി തിരുവനന്തപുരത്ത് പിഎ ബക്കറിന്റെ മുന്‍കൈയില്‍ നടന്ന സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി. ഇന്ദിര. എഴുപതുകളിലെ തിളയ്ക്കുന്ന സിനിമാ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. പിഎ ബക്കറിന്റെ സഹസംവിധായികയായി. പിന്നീട്, ജീവിതകാലം മുഴുവന്‍ സിനിമയെ ഒരു സ്വപ്നമായി ശ്വാസത്തില്‍ കൊണ്ടുനടന്നു. ഈയടുത്ത്, കണ്ണൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, വെട്ടിയവനും വെട്ടേറ്റവനും ഒരേ മുറിയില്‍ എത്തിപ്പെടുന്ന 'കഥാര്‍സിസ്' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. നിരവധി അംഗീകാരങ്ങള്‍ ആ സിനിമയ്ക്ക് ലഭിച്ചു. അതും കഴിഞ്ഞ്, ഇക്കഴിഞ്ഞ ദിവസം, ഏറെ നാളത്തെ രോഗപീഡകള്‍ക്കൊടുവില്‍, അവര്‍ ജീവിതത്തില്‍നിന്ന് യാത്രയായി. സിനിമയുമായി ബന്ധപ്പെട്ട ഏതു താരവിശേഷവും കൊണ്ടാടുന്ന മലയാളികളും മാധ്യമലോകവും അറിയാതെ പോയി ആ മരണം. ഏറെക്കാലമായി ഇന്ദിരയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വി.എം. ദീപ. 

ഞങ്ങളാദ്യം കാണുന്നത് 

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ക്യാന്പിൽ വച്ചാണ് ഞാൻ ഇന്ദിരയെ പരിചയപ്പെടുന്നത്. 1990-ൽ, ഇരുപത്തെട്ട് വർഷം മുമ്പ്. അന്നത്തെ ക്യാംപിൽ പങ്കെടുക്കാൻ ഇന്ദിരയുമുണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥ അവളുടെ നാടായ പരിയാപുരത്ത് എത്തിയപ്പോൾ ഞങ്ങൾ ഇന്ദിരയുടെ വീട്ടിൽ പോയി. ഞങ്ങളുടെ സൗഹൃദം രൂപപ്പെട്ട് വരുന്നത് അങ്ങനെയാണ്. പിന്നീട് ഞാൻ ചെയ്ത ധാരാളം പ്രോ​ഗ്രാമുകളിൽ ഇന്ദിരയായിരുന്നു ക്യാമറ ചലിപ്പിച്ചത്. 'വഹാ ഇൻസാർ കോ മാരാ' എന്ന എന്റെ ഡോക്യുമെന്‍ററിയിലും ഇന്ദിരയായിരുന്നു. കലാപം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ​ഗുജറാത്തിൽ പോയിട്ടാണ് അത് ഷൂട്ട് ചെയ്തത്. 

ആണിടങ്ങൾ മാത്രമായിരുന്ന സംവിധാന മേഖലയിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇന്ദിര കടന്നു വന്നത്

സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് ഇന്ദിര തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഇന്ദിരയുടെ ചലച്ചിത്ര പഠനം. ഞാൻ ജേർണലിസം പഠനം കഴിഞ്ഞ് ഇന്‍റേൺ ഷിപ്പ് ചെയ്തത് സിഡിറ്റിലായിരുന്നു. ആ സമയത്ത് ഇന്ദിരയും അവിടെയുണ്ട്. സിഡിറ്റിന് വേണ്ടി മികച്ച ധാരാളം ഹ്രസ്വചിത്രങ്ങൾ ഇന്ദിരയുടേതായിട്ടുണ്ട്. തിരുവനന്തപുരം എനിക്ക് പരിചയപ്പെടുത്തി തന്നത് ഇന്ദിരയാണ്. തിരുവല്ലത്തിനടുത്തായിരുന്നു താമസം. 

പെണ്‍യാത്രകൾ

യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുണ്ടായിരുന്ന ആളായിരുന്നു ഇന്ദിര. ഞങ്ങൾ നാലുപേർ ചേർന്ന് ഒരിക്കൽ കാറിൽ വേളാങ്കണ്ണിയും മധുരയും പോയി. പെൺകുട്ടികൾ മാത്രമായി യാത്ര ചെയ്യാൻ പാടില്ല എന്നുള്ള ചില വിശ്വാസങ്ങളുണ്ടല്ലോ നമുക്ക്? അതിനെയെല്ലാം വെല്ലുവിളിച്ച് പൊളിച്ചടുക്കി ജീവിച്ച വ്യക്തിയായിരുന്നു അവൾ. യാത്ര പോകാൻ ഞങ്ങളെയാരും കിട്ടുന്നില്ല എന്നൊരു പരാതിയുണ്ടായിരുന്നു അവൾക്ക്. ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലൂടെയായിരുന്നു ഇന്ദിരയുടെ ജീവിതം. 

സൗഹൃദങ്ങളുടെ വലിയ ലോകം

ആൺപെൺ ഭേദമില്ലാത്ത സൗഹൃദങ്ങളായിരുന്നു ഇന്ദിരയുടെ മറ്റൊരു പ്രത്യേകത. ആൺസുഹൃത്തുക്കളായിരുന്നു കൂടുതൽ എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ഇന്ദിരയോട് കൂട്ടാകുമ്പോൾ ഒരു സാധാരണ സ്ത്രീ എന്ന് നമുക്ക് തോന്നുകയേയില്ല. എനർജിയുടെ ഒരു ഫുൾടാങ്ക് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. കുട്ടിക്കാലം മുതൽ അവൾക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. വയ്യാതിരിക്കുന്ന സമയങ്ങളിൽ അവളെ കാണാൻ പോയാൽ അങ്ങനെയുള്ള ഒരാളെന്ന് നമുക്ക് തോന്നുകയേയില്ല. അസുഖം അങ്ങനെ ആരോടും തുറന്നു പറയുന്ന ഒരാളായിരുന്നില്ല. എപ്പോഴും സന്തോഷത്തോടെ, എല്ലാവർക്കും പോസിറ്റീവ് എനർജി മാത്രം പകർന്ന് നൽകുന്ന ഒരുവൾ അതായിരുന്നു ഇന്ദിര. ധാരാളം സുഹൃത്തുക്കൾ ബന്ധങ്ങൾ. നടൻ തിലകനുമായി വളരെ നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. പി.എ. ബക്കർ. സുരാസു, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടുണ്ട്. ബക്കറിന്‍റെ പ്രിയപ്പെട്ട ശിഷ്യയായിരുന്നു ഇന്ദിര. 

സിനിമ അവൾക്ക് ചില കയ്പേറിയ അനുഭവങ്ങൾ നൽകിയിട്ടുണ്ട്. അതുകൊണ്ടാകാം സിനിമയിൽ നിന്ന് അവൾ വിട്ടുനിന്നു. ഇപ്പോൾ അഞ്ജലി മേനോനും വിധു വിൻസെന്‍റും ശ്രീബാലയും ഒക്കെ നമുക്ക് സംവിധായികമാരായുണ്ട്. പക്ഷെ അന്നത്തെ കാലത്ത് സംവിധാന മേഖലയിൽ സ്ത്രീകൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ആണിടങ്ങൾ മാത്രമായിരുന്ന സംവിധാന മേഖലയിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇന്ദിര കടന്നു വന്നത്. ആദ്യകാലങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടായിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'കുലം', എൻ.എ. അസീസിന്റെ 'അത്യുന്നതങ്ങളിൽ കൂടാരം പണിയുന്നവർ' എന്നീ ചിത്രങ്ങളിൽ ഇന്ദിരയായിരുന്നു അസോസിയേറ്റ് ഡയറക്ടർ.

പെർഫെക്ഷനിസ്റ്റ്

ഒറ്റവാക്കിൽ ഇന്ദിരയെക്കുറിച്ച് ഇങ്ങനെ പറയാം. എന്ത് ചെയ്താലും അതിൽ പൂർണ്ണതയുണ്ടായിരിക്കണെമെന്ന് ശാഠ്യമുള്ള ഒരാൾ. ആ പെർ‌ഫെക്ഷൻ ഓരോ വർക്കിലും തെളിഞ്ഞു കാണാനും സാധിക്കും. ഉദാഹരണത്തിന് ഒരാൾക്ക് ഒരു കത്തയച്ചാൽ അതിന്‍റെ അഡ്രസ് ഏറ്റവും ഭം​ഗിയായി തന്നെ എഴുതും. അത്തരം കുഞ്ഞുകാര്യങ്ങൾ വരെ ഏറ്റവും മനോഹരമായി ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു ഇന്ദിരയ്ക്ക്. ധാരാളം പുസ്തകങ്ങൾ വായിക്കും. അതുപോല ആയിരക്കണക്കിന് പാട്ടുകളുടെ കളക്ഷനുണ്ടായിരുന്നു ഇന്ദിരയുടെ കയ്യിൽ. ഏത് പാട്ട് നമ്മൾ ചോദിച്ചാലും അതവളുടെ കയ്യിലുണ്ടാകും. 

കഥാർസിസ്

അവാർഡുകളും അം​ഗീകാര​ങ്ങളും വാരിക്കൂട്ടിയ ഹ്രസ്വചിത്രമായിരുന്നു 'കഥാർസിസ്'. നടൻ ശ്രീനിവാസന്‍റെ ഒരു പ്രസം​ഗത്തിലെ പരാമർശത്തിലാണ് ആ ഹ്രസ്വചിത്രത്തിന്‍റെ ആശയം ഇന്ദിരയ്ക്ക് ലഭിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ കൊന്നവരും കൊല്ലിച്ചവരുമല്ല അവരുടെ കുടുംബങ്ങളാണ് യഥാർത്ഥത്തിൽ അനുഭവിക്കുന്നതെന്ന് അ​ദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് കഥാർസിസ് എന്ന ഷോർട്ട് ഫിലിം ചെയ്തത്. ഇന്ദിര തന്നെയായിരുന്നു അതിന്റെ തിരക്കഥയും. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും കഥാർസിസ് അം​ഗീകാരം നേടി. ഒന്നുകിൽ അഭിനയത്തിന്, അല്ലെങ്കിൽ മികച്ച തിരക്കഥയ്ക്ക്, അങ്ങനെ ഏതെങ്കിലും ഒരു അവാർഡ് കഥാർസിസിനെ കാത്തിരിപ്പുണ്ടായിരുന്നു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും കഥാർസിസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കണ്ടിരിക്കാവുന്ന ഒരു ചിത്രം ഇന്ദിരയുടെ സ്വപ്നമായിരുന്നു

വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ടു. പ്രീഡി​​ഗ്രിക്ക് പഠിക്കുന്ന സമയത്ത് അമ്മയും. ഒരു ചേട്ടനും ചേച്ചിയുമുണ്ട്. കുട്ടിക്കാലം മുതൽ ഈ അസുഖം ഇന്ദിരയ്ക്കൊപ്പമുണ്ടായിരുന്നു. ശ്വാസകോശത്തിന്റെ അറകൾ ചുരുങ്ങുന്ന അസുഖമായിരുന്നു. ഇരുപത് വർഷം ചലച്ചിത്ര മേഖലയിൽ സജീവമായപ്പോളും ഈ അസ്വസ്ഥതകൾ എല്ലാം അവൾക്കൊപ്പമുണ്ടായിരുന്നു. ആരോടും തുറന്നു പറയുന്ന സ്വഭാവക്കാരിയായിരുന്നില്ല. അസുഖത്തിന്റെ ബുദ്ധിമുട്ടുകളൊന്നും പുറത്തു കാണിക്കാതിരുന്നത് കൊണ്ടാകാം ഞങ്ങൾക്കാർക്കും അത് മനസ്സിലാക്കാൻ കഴിയാതെ പോയത്. 

നാലുവർഷം മുമ്പ് രോ​ഗം മൂർച്ഛിച്ചിരുന്നു. ആയുർവ്വേദമായിരുന്നു ചെയ്തിരുന്നത്. അവിടെ എക്സ്റേ ഒന്നുമില്ലല്ലോ. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് ഹോസ്പിറ്റലിൽ എക്സ്റേ നോക്കിയപ്പോൾ ശ്വാസകോശം ഏകദേശം തീരാറായ അവസ്ഥയിലായിരുന്നു. പ്രതീക്ഷ വേണ്ട എന്ന് ഡോക്ടർ പറഞ്ഞിട്ടും ഇന്ദിര തിരിച്ചു വന്നു. രണ്ടുമാസമായി വീട്ടിൽ ഓക്സിജൻ സിലിണ്ടര്‍ സെറ്റ് ചെയ്താണ് ശ്വസിച്ചിരുന്നത്. പത്ത് മിനിറ്റ് മാത്രമേ ഓക്സിജൻ മാസ്ക് മുഖത്ത് നിന്ന് മാറ്റാൻ സാധിക്കൂ. ആ അവസ്ഥയെ വരെ തരണം ചെയ്ത് വന്നതായിരുന്നു ഇന്ദിര. 

ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കണ്ടിരിക്കാവുന്ന ഒരു ചിത്രം ഇന്ദിരയുടെ സ്വപ്നമായിരുന്നു. അതിന്റെ സ്ക്രിപ്റ്റും റെഡിയാക്കിയിട്ടുണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് മരണം വന്ന് കൊണ്ടുപോയി. സുഹൃത്ത് എന്നതിലുപരി ആരൊക്കെയോ ആയിരുന്നു എനിക്ക് ഇന്ദിര. 

തയ്യാറാക്കിയത്: സുമം തോമസ്