ഇറാന്റെ ഖാർഗ് ഐലൻഡിന് സമീപം സമുദ്രത്തിൽ വൻതോതിൽ എണ്ണ പടരുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ. ദശാബ്ദങ്ങൾ പഴക്കമുള്ള പൈപ്പ് ലൈൻ തകർന്നതാകാം കാരണമെന്ന് സംശയിക്കുമ്പോൾ ഈ എണ്ണച്ചോർച്ച ഗൾഫ് മേഖലയിലെ സമുദ്ര ജൈവവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയുയർത്തുന്നു.
ടെഹ്റാൻ: ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കയറ്റുമതി കേന്ദ്രമായ ഇറാന്റെ ഖാർഗ് ഐലൻഡിന് സമീപം സമുദ്രത്തിൽ വൻതോതിൽ എണ്ണ പടരുന്നതായി സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു. ഏകദേശം 20 ചതുരശ്ര മൈലിലധികം പ്രദേശത്ത് എണ്ണ പടർന്നതായാണ് ഓയിൽ സ്പിൽ മോണിറ്ററിംഗ് സർവീസായ 'ഓർബിറ്റൽ ഇഒഎസ്' വ്യക്തമാക്കുന്നത്. ഏകദേശം 3,000 ബാരലിലധികം എണ്ണ കടലിൽ ഒഴുകുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്.

എണ്ണച്ചോർച്ചയുടെ കൃത്യമായ കാരണം വ്യക്തമല്ല. ലോകത്ത് സമുദ്രമാർഗ്ഗം കൊണ്ടുപോകുന്ന എണ്ണയുടെ 20 മുതൽ 25 ശതമാനം വരെ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം കാരണം ഇറാന്റെ ഓയിൽ, ഗ്യാസ് അടിസ്ഥാന സൗകര്യങ്ങള് കടുത്ത പ്രതിസന്ധിയിലാണ്. കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തടസ്സപ്പെട്ടതോടെ, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ കപ്പലുകൾക്കും എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചത് ചോർച്ചയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തു
ഖാർഗ് ഐലൻഡിനെ അബുസർ എണ്ണപ്പാടവുമായി ബന്ധിപ്പിക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കടലിനടിയിലെ പൈപ്പ് ലൈൻ തകർന്നതാകാം ചോർച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ സംശയിക്കുന്നു. കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്ത ഈ പൈപ്പ് ലൈനിൽ മുൻപും ചോർച്ചകൾ ഉണ്ടായിട്ടുണ്ട്. എണ്ണക്കയറ്റുമതി തടസ്സപ്പെട്ടതോടെ ടാങ്കറുകളിൽ എണ്ണ നിറച്ചു വെച്ചിരിക്കുകയാണ്. സ്റ്റോറേജ് ടാങ്കുകൾ നിറഞ്ഞുകവിഞ്ഞത് അപകടസാധ്യത വർധിപ്പിക്കുന്നു. എണ്ണക്കിണറുകൾ പെട്ടെന്ന് അടച്ചുപൂട്ടുന്നത് പൈപ്പുകൾ ബ്ലോക്ക് ആകാനും എണ്ണശേഖരത്തിന് കേടുപാടുകൾ സംഭവിക്കാനും കാരണമാകും. അതിനാൽ ഉൽപ്പാദനം നിർത്തുക എന്നത് ഇറാന് പ്രായോഗികമല്ല.
നിലവിൽ എണ്ണപ്പടലം തെക്കോട്ട് സൗദി അറേബ്യയുടെ സമുദ്രാതിർത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇത് ഗൾഫ് മേഖലയിലെ സമുദ്ര ജൈവവ്യവസ്ഥയെ സാരമായി ബാധിക്കും. തീരദേശങ്ങളിലെ മൽസ്യബന്ധനത്തെയും കണ്ടൽക്കാടുകളെയും എണ്ണച്ചോർച്ച നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. കടൽവെള്ളം ശുദ്ധീകരിക്കുന്ന ഡീസലൈനേഷൻ പ്ലാന്റുകളുടെ പ്രവർത്തനത്തെ എണ്ണപ്പടലം ബാധിക്കാൻ സാധ്യതയുണ്ട്. അപൂർവ്വമായ പവിഴപ്പുറ്റുകൾക്കും കടൽപ്പക്ഷികൾക്കും ആമകൾക്കും ഇത് വലിയ ഭീഷണിയാണ്. ഈ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ എണ്ണക്കപ്പലുകൾക്കും പൈപ്പ് ലൈനുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതും ചോർച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്.


