താന്‍ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്ന ഹാദിയയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഹാദിയയെ നവംബര്‍ 27 ന് കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അവര്‍ ഇതുവരെ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള മറുപടിയാണ്. ഹാദിയയ്ക്ക് തുറന്ന് പറയാനുള്ളത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു. സുപ്രീം കോടതി ഉത്തരവില്‍ ഏറെ സന്തോഷിക്കുന്ന ഒരു വ്യക്തിയുണ്ട്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഹാദിയയോട് ഷെഫിന്‍ പറയുന്നു, നമ്മള്‍ ഒന്നിക്കും... ഷെഫിന്‍ ജഹാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

ഹാദിയയെ വ്യക്തിയെന്ന നിലയില്‍ അംഗീകരിച്ചുകൊണ്ടുള്ള കോടതി നിര്‍ദ്ദേശത്തോടുള്ള പ്രതികരണം
കോടതി വിധിയില്‍ അങ്ങേയറ്റം സന്തോഷവാനാണ്. ഹാദിയയെ ഒരു വ്യക്തിയെന്ന നിലയില്‍ അംഗീകരിച്ചു കൊണ്ടുള്ള കോടതി വിധിയില്‍ സന്തോഷമുണ്ട്. ഹാദിയയ്ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ കോടതി നിലപാടെടുത്തത് പ്രതീക്ഷ നല്‍കുന്നുണ്ട്.
നവംബര്‍ 27 ന് വളരെ നാളുകള്‍ക്ക് ശേഷമാണ് ഹാദിയയെ കാണാന്‍ പോവുന്നത്. ഹാദിയയോട് എന്താണ് പറയാനുള്ളത്
സത്യം വിജയിക്കുമെന്നുള്ളത് ഉറപ്പാണ്. നമ്മള്‍ ഒന്നിക്കും ഇതേ എനിക്ക് ഹാദിയയോട് പറയാനുള്ളത്.
ഹാദിയയുടെ മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുമ്പോളും പലരും ഷെഫിന്‍ തീവ്രവാദിയെന്ന നിലപാടെടുക്കുന്നതിനോട് എന്താണ് പ്രതികരണം
എനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുണ്ട്
നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന കേസാണിത്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ട്. എന്തായാലും കേസ് അവസാനിക്കട്ടെ എനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുണ്ട്. അതു പറയുക തന്നെ ചെയ്യും. കോടതിയുടെ പരഗണനയില്‍ ഇരിക്കുന്ന കേസായത് കൊണ്ടാണ് പ്രസ്താവനകളൊന്നും ഇപ്പോള്‍ നടത്താത്തത്. അവര്‍ നിരത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കോടതി തന്നെ വിശദമാക്കിയതാണ്. ഒരു പാട് അന്വേഷണങ്ങള്‍ നടത്തി തെളിയിച്ചതുമാണ്. അതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്.
ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ നവംബര്‍ 27 വരെ സയയം നല്‍കിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്
നവംബര്‍ 27 വരെയുളള ഹാദിയയുടെ ഓരോ നിമിഷത്തെക്കുറിച്ചും എനിക്ക് പേടിയുണ്ട്
രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ട വീഡിയോ എനിക്ക് ഏറെ ആശങ്കയും വേദനയും നല്‍കുന്ന ഒന്നാണ്. ഹാദിയ തന്നെ നേരിട്ട് രണ്ട് ദിവസത്തിനകം കൊല്ലപ്പെട്ടേക്കാമെന്ന് പറയുന്നതിന്റെ ഭീതി എനിക്കുണ്ട്. അത്തരക്കാര്‍ക്ക് ഒരു മാസം കൂടി അവസരം നല്‍കാന്‍ അത് സഹായിക്കുമെന്നാണ് എന്റെ ഭയം. നവംബര്‍ 27 വരെയുളള ഹാദിയയുടെ ഓരോ നിമിഷത്തെക്കുറിച്ചും എനിക്ക് പേടിയുണ്ട്. ഹാദിയയ്ക്ക് ഒന്നും സംഭവിക്കരുതെന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്. വളരെ ഭയപ്പാടോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹാദിയ വിഷയത്തിലെ നിലപാടിനെക്കുറിച്ച്
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹാദിയ കേസിലെ നിലപാടിനെക്കുറിച്ച് പ്രതികരിച്ച് ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഹാദിയയ്ക്ക് വേണ്ടി സംസാരിക്കുമ്പോഴും വനിതാക്കമ്മീഷനടക്കം ഹാദിയ 'അഖില എന്ന ഹാദിയ' ആണ് ഇതിനെക്കുറിച്ച്
എനിക്ക് അഖിലയെ അറിയില്ല, അറിയാവുന്നത് ഹാദിയയെ മാത്രമാണ്
ഹാദിയ തന്നെ അവളുടെ സ്വത്വത്തെക്കുറിച്ച് പലതവണ വ്യക്തമാക്കിയതാണ്. അഖില എന്ന നിലയിലല്ല ഞാന്‍ ഹാദിയയെ പരിചയപ്പെടുന്നത്. ഇസ്ലാം മത വിശ്വാസിയെന്ന നിലയിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. എനിക്ക് അഖിലയെ അറിയില്ല, അറിയാവുന്നത് ഹാദിയയെ മാത്രമാണ്. എന്ത് വിശ്വാസം തിരഞ്ഞെടുക്കണമെന്നതും ആരെ വിവാഹം ചെയ്യണമെന്നതും ഹാദിയയുടെ ഇഷ്ടമാണ്. ഹാദിയയെന്ന അഖില എന്ന വിഷയത്തില്‍ ഹാദിയ തന്നെ മറുപടി നല്‍കും . കാത്തിരിക്കാം നവംബര്‍ 27 വരെ.
