Asianet News MalayalamAsianet News Malayalam

'എന്തുകൊണ്ട് എനിക്ക് തന്നെ കാന്‍സര്‍ വന്നൂ' ; അവഗണിക്കരുത് ഇക്കാര്യങ്ങള്‍

അതിശക്തമായൊരു ഭക്ഷ്യ സുരക്ഷാ നിയമം നമ്മുടെ നാട്ടിലുണ്ട്.. നിർഭാഗ്യവശാൽ അതിന്റെ കൃത്യമായ നടത്തിപ്പ് ഒരു സ്ഥാപനം തുടങ്ങാനുള്ള ലൈസൻസ് കൊടുക്കുന്ന നേരത്തുമാത്രമേ ഉള്ളൂ എന്ന് മാത്രം. അതുകഴിഞ്ഞ് അവൻ ആഹാരമാണോ വിൽക്കുന്നത് വിഷമാണോ എന്ന് പരിശോധിക്കാൻ ഇവിടാരുമില്ല. അതിനായി നിയോഗിക്കപ്പെടുന്നവരുടെ കീശകൾ നിറഞ്ഞിരിക്കുന്നു. അവർ കണ്ണടച്ചിരിക്കുന്നു. 

what causes cancer
Author
Thiruvananthapuram, First Published Feb 16, 2019, 1:04 PM IST

ഞാനൊരിക്കലും കള്ളുകുടിച്ചിട്ടില്ല. സിഗരറ്റു വലിച്ചിട്ടില്ല.. എന്നിട്ടും..എന്നിട്ടും എനിക്കു തന്നെ എങ്ങനെ കാൻസർ വന്നു..? എന്റെ എല്ലാ സ്നേഹിതരും പോവാറുണ്ട് അവിടെ.. ബാറിൽ.. കുടിച്ചു കുന്തം മറിയാൻ.. എനിക്കും ഇടക്കൊക്കെ തോന്നാറുണ്ട്.. അവരെപ്പോലെ സന്തോഷിക്കാൻ.. എന്നിട്ടും ഞാൻ പോയില്ല.. ഒന്നും ചെയ്തില്ല.. അന്നൊക്കെ കരുതിയത് ആദ്യം ജീവിതത്തിൽ എന്തെങ്കിലുമൊരു നിലയിൽ എത്തണം..  പെങ്ങളുടെ വിവാഹം നടത്തണം.. അമ്മയെ എന്റെ കൂടെ കൊണ്ടുവന്നു നിർത്തണം.. എന്നിട്ടാവാം അവനവനുവേണ്ടി ജീവിക്കുന്നതെന്ന്.. കരുതിയിരുന്നു. ഇനിയും ജീവിതം കിടക്കുകയല്ലേ മുന്നിലെന്ന്.. അപ്പോഴാണ് ഇത്.. നിങ്ങൾ തന്നെ പറയൂ ഡോക്ടർ.. എനിക്കുതന്നെ എങ്ങനെ കാൻസർ വന്നു?" 

ഇത് 'ലഗേ രഹോ മുന്നാഭായ്' എന്ന ചിത്രത്തിൽ ജിമ്മി ഷെർഗിൽ അവതരിപ്പിച്ച കഥാപാത്രം ഡോക്ടറോട് ചോദിക്കുന്ന ചോദ്യമാണെങ്കിലും ഒരുവിധം ഓങ്കോളജിസ്റ്റുകളൊക്കെയും ഈ ചോദ്യം ഒരിക്കലെങ്കിലും അവരുടെ ജീവിതത്തിൽ കേൾക്കാതിരിക്കാൻ വഴിയില്ല. നമ്മളറിയേണ്ടത്,  പുകയിലയും ആൽക്കഹോളും പൊടിയും മാത്രമല്ല നമുക്ക് കാൻസർ എന്ന മാരകമായ അസുഖം സമ്മാനിക്കുന്നത്. ഇതിനൊക്കെപ്പുറമെ കാൻസറുണ്ടാക്കുന്ന കാർസിനോജനുകൾ നമ്മുടെ ശരീരത്തിനുള്ളിലെത്തിക്കുന്ന പലതും നമ്മുടെ ഇന്നത്തെ ഭക്ഷണരീതികളിലുണ്ട്. പലപ്പോഴും നമ്മൾ അതറിയുന്നതുപോലുമുണ്ടാവില്ല. 

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഗ്രി-ഫുഡ് കയറ്റുമതി രാജ്യങ്ങളിലൊന്നാണ്. കോടിക്കണക്കിനു ഡോളർ വിപണിമൂല്യമുള്ള ടൺ കണക്കിന്  ഭക്ഷ്യോത്പന്നങ്ങൾ ഇന്ത്യയിൽ കൃഷിചെയ്യപ്പെട്ട്, പ്രോസസ്സ് ചെയ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. എന്നാൽ നമ്മളറിയേണ്ടുന്ന മറ്റൊരു സത്യമുണ്ട്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഒരു മാർക്കറ്റ് കൂടിയാണ്. എന്തിന്റെ? എക്സ്പോർട്ട് റിജെക്റ്റ് അഗ്രി-ഫുഡ് ഉത്പന്നങ്ങളുടെ. പാശ്ചാത്യരാജ്യങ്ങൾ അവരുടെ പൗരന്മാരുടെ ആരോഗ്യത്തെപ്പറ്റി വളരെയധികം ശ്രദ്ധാലുക്കളാണ്, ബോധവാന്മാരാണ്. അവരുടെ ആരോഗ്യത്തെ വിദൂരമായിപ്പോലും ബാധിക്കുന്ന ഒന്നും തന്നെ തങ്ങളുടെ രാജ്യത്തേക്ക് അവർ കടത്തി വിടില്ല. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ ഭക്ഷ്യോത്പന്നങ്ങളും ഈ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിജയിച്ചെന്നു വരില്ല. പിന്നെന്തു ചെയ്യും..? ഉണ്ടാക്കിപ്പോയില്ലേ..? ചെലവഴിച്ചല്ലേ പറ്റൂ.. അങ്ങനെ മനുഷ്യന്റെ ആരോഗ്യത്തിന് വെല്ലുവിളി എന്ന് മറ്റു വികസിത രാജ്യങ്ങൾ മുദ്രകുത്തിയ ആയിരക്കണക്കിന് ഉത്പന്നങ്ങൾ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ നാട്ടിലെ വിപണികളിലൂടെ നമ്മുടെ അടുക്കളകളിലേക്കെത്തുന്നു. നമ്മളത് ഒരു ബോധ്യവും കൂടാതെ മൂന്നു നേരം ആഹരിക്കുന്നു.  നമുക്ക് കാൻസർ വരാൻ വേറെ വല്ലതും ചെയ്യണോ ? ഇത്തരത്തിൽ നമുക്ക് കാൻസർ ഉണ്ടാകാൻ കാരണമാവുന്ന ചില ഘടകങ്ങളെ പരിചയപ്പെടാം..

1. കീടനാശിനികൾ 

ഒരിക്കൽ തമിഴ് നാട്ടിലെ ഒരു സുഹൃത്തിന്റെ കൃഷിയിടം സന്ദർശിക്കാൻ പോവുകയുണ്ടായി. പാടത്ത് വിളഞ്ഞു നിന്ന പച്ചക്കറികളിൽ ഒരെണ്ണം പൊട്ടിച്ച് തിന്നാൻ നോക്കിയപ്പോൾ അവൾ വിലക്കി. "വേണ്ടെടാ.. അത് ഷിപ്പ്മെന്റിന് വെച്ചിരിക്കുവാ.. മരുന്ന് കൂടുതലുണ്ടാവും.. നിനക്ക് ട്രൈ ചെയ്യണേൽ ഞാൻ വേറെ ദാ അപ്പുറത്തൂന്ന് പറിച്ചുതരാം.. "  കൃഷിയിടത്തിൽ കീടങ്ങളുടെ ആക്രമണം തടുക്കുക എന്നത് മാത്രമല്ല ഇന്ന് കീടനാശിനികളുടെ ജോലി. പറിച്ചെടുത്ത ശേഷം യാത്രയിൽ കേടുവരാതിരിക്കണം. വിതരണ സംവിധാനത്തിലൂടെ കടന്നു ചെന്ന് പച്ചക്കറിക്കടയിൽ വെച്ച് ആളുകൾ വാങ്ങിക്കൊണ്ടു പോവും വരെ കേടാവാതെ ഇരിക്കണം. ഇതിനൊക്കെ ചേർത്താണ് മരുന്നടി. അങ്ങനെ മരുന്നിൽ മുങ്ങി വരുന്ന പച്ചക്കറികൾ അതേപടി കറിവെച്ചും ചിലപ്പോൾ പച്ചയ്‌ക്കെടുത്തു തിന്നുമൊക്കെയാണ് നമ്മൾ കാൻസറിന്റെ ആദ്യ വരിസംഖ്യ അടയ്ക്കുന്നത്. 

കീടനാശിനികൾ ഉപയോഗിക്കുമ്പോഴുള്ള പരിഗണന എന്താണ്..? കീടങ്ങളെ കൊള്ളാൻ വേണ്ടുന്ന അത്ര.. എന്നാൽ കഴിക്കുന്നയാളിന് ദോഷം ചെയ്യാത്തത്ര .. ഒരു ബാലൻസ്ഡ് അപ്പ്രോച്ച്..? അതോ.. എത്ര അടിക്കാമോ അത്രയും എന്നോ..? ഈയിടെ തിരുവനന്തപുരത്തിനടുത്ത് രണ്ടു തൊഴിലാളികൾ കൃഷിയിടത്തിൽ മരുന്നടിക്കാനായി കലക്കിയ കീടനാശിനിയുടെ സാന്ദ്രത കൂടിപ്പോയതിന്റെ പേരിൽ വിഷവായു ശ്വസിച്ച് മരിച്ചുപോയ വാർത്ത നമ്മളെല്ലാം വായിച്ചു കാണുമല്ലോ..  1970 മുതൽ കാസർകോട്ടെ നാലായിരത്തോളം പേരെ കൊന്നൊടുക്കിയ, അനേകായിരം കുഞ്ഞുങ്ങളെ ജീവച്ഛവങ്ങളാക്കിയ എൻഡോസൾഫാൻ എന്ന ഭീകരവിഷത്തെയും നമുക്ക് പരിചയം കാണും..  ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി നിരോധിച്ച ശേഷവും ഇന്ത്യയിൽ പലയിടത്തും എൻഡോസൾഫാൻ ഒരു പേരിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ ഇന്നും പ്രയോഗിക്കപ്പെടുന്നുണ്ട്. അംഗീകൃത കീടനാശിനികളെക്കാൾ മേല്പറഞ്ഞവയ്ക്കുള്ള ഫലസിദ്ധിയാണ് കർഷകർ സ്വന്തം ആരോഗ്യത്തെക്കുറിച്ചുപോലും ഓർക്കാതെ ഇതൊക്കെ എടുത്ത് പ്രയോഗിക്കുന്നതിനു കാരണം. 

അതേ, നമ്മൾ ചന്തയിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികളിൽ, പഴങ്ങളിൽ ഒക്കെയുള്ള കീടനാശിനികളുടെ അംശം ഒരു വലിയ പ്രശ്നം തന്നെയാണ്. ഇതിനെ ഒരു പരിധി വരെ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളും ഇന്ന് ലഭ്യമാണ്. വെജി വാഷ്, ചൂടുവെള്ളം, മഞ്ഞൾപ്പൊടി തുടങ്ങിയവ വേണ്ടുംവിധം ഉപയോഗിച്ചാൽ ഒരു പരിധിവരെ ഈ വിഷങ്ങളെല്ലാം നമുക്ക് ഒഴിവാക്കാം. കർഷകരെ കീടനാശിനികളുടെ തലമുറകളിലേക്ക് നീളുന്ന ഭവിഷ്യത്തുകളെപ്പറ്റി ബോധവാന്മാരാക്കാൻ കൃഷി വകുപ്പും പരമാവധി പരിശ്രമിക്കുന്നുണ്ട്. 1968 -ലെ ഇൻസെക്ടിസൈഡ് ആക്ടും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. 

2. പ്രിസർവേറ്റീവ്സ് 

മൂലരൂപത്തിലുള്ള ഭക്ഷണ പദാർത്ഥത്തെ ഭക്ഷ്യയോഗ്യമാക്കുക, ഏറെ നാൾ കേടാവാതെ സൂക്ഷിക്കുക തുടങ്ങിയവയാണ് പ്രിസർവേറ്റീവ്സിന്റെ ഉദ്ദേശ്യം. ഉപ്പ്, പഞ്ചസാര, എണ്ണ തുടങ്ങിയവ പ്രാഥമികമായ പ്രിസർവേറ്റീവുകളാണ്. വേണ്ടത്ര അകത്തുചെന്നാൽ അത് ശരീരത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്തും. ശാസ്ത്രം പുരോഗമിച്ചതോടെയാണ് സിന്തറ്റിക് പ്രിസർവേറ്റീവ്സ് രംഗപ്രവേശം ചെയ്യുന്നത്. ക്‌ളാസ് 2 പ്രിസർവേറ്റീവ്സ് എന്നറിയപ്പെടുന്ന ഇവ, നമ്മുടെ ഭക്ഷണത്തെ സുദീർഘകാലം കേടാവാതെ കാക്കുന്നതോടൊപ്പം നമ്മുടെ ശരീരത്തിൽ അത്ര സുഖകരമല്ലാത്ത ചില പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. സോഡിയം ബെൻസോയേറ്റ്, സോഡിയം നൈട്രേറ്റ് തുടങ്ങിയവ കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്ക് കരണമാവുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗ്യാസ്ട്രിക് കാൻസറുമായി ഇവയ്ക്കുള്ള ബന്ധവും തെളിഞ്ഞിട്ടുണ്ട്. ബോട്ടിൽഡ് കോൾഡ് സോഡകളിലും, ഫ്രൂട്ട് ബേസ്ഡ് ഡ്രിങ്കുകളിലും, പ്രൊസസ്ഡ് മീറ്റിലും, റെഡി റ്റു ഈറ്റ് ഫുഡ് പാക്കുകളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇത് കാൻസറിനുള്ള നമ്മുടെ വരിസംഖ്യ നമ്പർ രണ്ട് 

3. അഡൽട്ടറെന്റുകൾ  

ഫുഡ് കളറിങ്ങ് ഏജന്റുകളുടെയും മറ്റു ഫുഡ് അഡൽട്ടറെന്റുകളുടെയും സ്ഥാനം കൃത്യമായും കാൻസർ ഫാമിലിയിൽ തന്നെയാണ്. പാക്ക് ചെയ്തുവരുന്ന നീർമാതളം ജ്യൂസ്, കാരറ്റ് ജ്യൂസ്, സ്പിനാച്ച്‌ പൗഡർ, അയമോദകസത്ത്, മഞ്ഞൾപ്പൊടി, ബ്ലൂബെറി ജ്യൂസ്, കൊക്കോ പൗഡർ തുടങ്ങി നമ്മൾ വീടുകളിലും ഭക്ഷ്യോത്പാദന ശാലകളിലും ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്ന പലതിലും ഇവയുണ്ട്. റെഡ്  40 , ബ്ലൂ 1, യെല്ലോ 5  എന്നിവയാണ് പ്രധാന കളറിങ്ങ് ഏജന്റുകൾ. ഇവയ്‌ക്കൊക്കെയും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇവയുടെ ഉപയോഗത്തിന് ഒരു നിയന്ത്രണവും ഇന്നോളമുണ്ടായിട്ടില്ല.  ഇതിനുപുറമെ പാലിനുള്ളിൽ ചോക്കുപൊടി, മുളകുപൊടിക്കുള്ളിൽ അറക്കപ്പൊടി,  മഞ്ഞൾപ്പൊടിക്കുള്ളിൽ നിരോധിത നിറങ്ങൾ, തേയിലയ്ക്കുള്ളിൽ കോൾ ടാർ എന്നിവ സാധാരണ കണ്ടുവരുന്ന മായങ്ങളാണ്. വിപണിയിൽ നല്ല ആകർഷകമായ നിറങ്ങളിൽ ഇരിക്കുന്ന പച്ചമുളകിലും ഗ്രീൻ പീസിലും ഉപയോഗിക്കുന്ന മാലക്കൈറ്റ് ഗ്രീൻ എന്ന നിറം വളരെ കാഴ്‌സനോജിക്ക് ആയ ലബോറട്ടറികളിൽ ബാക്ടീരിയങ്ങളെപ്പറ്റിയുള്ള പഠനങ്ങൾക്കുപയോഗപ്പെടുത്തുന്ന ഒരു രാസവസ്തുവാണ്. ആപ്പിളുകൾക്കും മറ്റു പഴങ്ങൾക്കും മുകളിൽ കേടാവാതിരിക്കാൻ അടിക്കുന്ന വാക്സിനെപ്പറ്റി എല്ലാവര്ക്കും അറിവുണ്ടാവുമല്ലോ. ഇതാണ് കാൻസർ രോഗത്തിനുള്ള നമ്മുടെ മൂന്നാമത്തെ വരിസംഖ്യ.

4. വൃത്തിയും വെടിപ്പും  

തെരുവ് ഭക്ഷണം അഥവാ സ്ട്രീറ്റ് ഫുഡ് അഥവാ തട്ട് നമ്മുടെ ഒക്കെ വീക്ക്നെസ്സാണ്. കാൻസറിനേക്കാൾ ഇന്ത്യയിൽ ആളെക്കൊല്ലി ഇത്തരം സ്ട്രീറ്റ് ഫുഡിൽ കാണുന്ന മൈക്രോ ഓർഗാനിസങ്ങളാണ്. ടൈഫോയിഡ്, ബോട്ടുലിസം, അമീബിയാസിസ് എന്നിവ ജലത്തിലൂടെ പകരുന്ന ചില അസുഖങ്ങൾ മാത്രം. തെരുവുകടകളിലെ വൃത്തിഹീനതയാണ് ഈ അസുഖങ്ങൾക്കുള്ള പ്രധാന കാരണം. റോഡിൽ നിന്നുയരുന്ന പൊടി, ടാർ, വാഹനങ്ങളിലെ കൊതിതീരാത്ത ഇന്ധനപുകയുടെ അംശം, കാർബൺ മോണോക്സൈഡ്, അന്തരീക്ഷമലിനീകരണം ഇതൊക്കെ ആഗിരണം ചെയ്യും തുറന്നിരിക്കുന്ന ഈ തെരുവ് ഭക്ഷണം. കൈ കഴുകാതെ വിവിധതരം ഭക്ഷണ പദാർത്ഥങ്ങളെ തൊടുന്നത് ഇത്തരത്തിലുള്ള രോഗങ്ങൾക്ക് ഒരു പ്രധാന കാരണമാണ്. ഇത് കാൻസറിനുള്ള നമ്മുടെ നാലാം വരിസംഖ്യ.

5. കാർബൈഡ് പോലുള്ള പഴുപ്പിക്കൽ ഏജന്റുകൾ 

നല്ല ചുവന്നു പഴുത്തു തുടുത്തിരിക്കുന്ന മാങ്ങ കണ്ടിട്ടില്ലേ..? ആ മാങ്ങാക്കൂട ഒന്ന് ചികഞ്ഞു നോക്കിയാൽ കാണാം ഒരു ചെറിയ പത്രക്കടലാസ് തുണ്ടിൽ പൊതിഞ്ഞു വെച്ചിരിക്കുന്ന ഒരു ചാരനിറമുള്ള ക്രിസ്റ്റൽ..  കാൽസ്യം കാർബൈഡ്.  കാണാൻ നല്ല ചന്തമുള്ള ഈ പഴങ്ങൾ വാങ്ങി വീട്ടിൽ കൊണ്ടുപോയി ഭക്ഷിക്കുന്ന നമ്മൾ ചെയ്യുന്നത് നമ്മുടെ ആയുസ്സിന്റെ ഒരു ഭാഗം ഇല്ലായ്മ ചെയ്യുകയാണ്. ഇതാണ് കാൻസറിനുള്ള നമ്മുടെ വരിസംഖ്യ നമ്പർ 5

ഈ കാലം ഇൻസ്റ്റന്റ് ഫുഡിന്റെ കാലമാണ്. കോഫി, പിസാ, ബർഗർ, ഷവർമ, ഫ്രഞ്ച് ഫ്രൈസ്, റെഡി റ്റു ഈറ്റ് ഫുഡ് എന്നിങ്ങനെ ഓട്ടപ്പാച്ചിലിനിടയിൽ പെട്ടെന്നെടുത്ത് വായിൽ തിരുകാവുന്ന ഭക്ഷണമാണ് നമുക്ക് പ്രിയതരം. കുറഞ്ഞ ചെലവിൽ യൂബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ആപ്പുകൾ വഴി ഓഫറുകൾ നൽകി പ്രലോഭിപ്പിച്ച് നമ്മളെ വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ച് വീണ്ടും വീണ്ടും വിപണി നമ്മളെ ഇത്തരത്തിലുള്ള നാവിനു രുചികരമായ ഫാസ്റ്റ് ഫുഡ്ഡുകൾ കഴിപ്പിക്കുകയാണ്. 

കച്ചോടം നടത്തുന്നവന്, അതിനി ഭക്ഷണമല്ല, പച്ചക്കറിയല്ല, പഴമല്ല, മരുന്നുകളല്ല,  ജീവൻ നിലനിറുത്താനുള്ള പ്രാണവായു തന്നെ ആവട്ടെ ലക്‌ഷ്യം ഒന്നുമാത്രം എന്ന് വന്നിരിക്കുകയാണ്.. ലാഭം... എങ്ങനെയും കൊള്ള ലാഭമുണ്ടാക്കാനുള്ള തത്രപ്പാടിൽ അവൻ തന്റെ ഉത്പന്നത്തിന്റെ എൻഡ് യൂസർ അതായത് നമ്മൾ  ആ ഉത്പന്നം ഉപയോഗിച്ച ശേഷം എങ്ങനെയിരിക്കുന്നു എന്ന് ആലോചിക്കുന്നേയില്ല. 

അതിശക്തമായൊരു ഭക്ഷ്യ സുരക്ഷാ നിയമം നമ്മുടെ നാട്ടിലുണ്ട്.. നിർഭാഗ്യവശാൽ അതിന്റെ കൃത്യമായ നടത്തിപ്പ് ഒരു സ്ഥാപനം തുടങ്ങാനുള്ള ലൈസൻസ് കൊടുക്കുന്ന നേരത്തുമാത്രമേ ഉള്ളൂ എന്ന് മാത്രം. അതുകഴിഞ്ഞ് അവൻ ആഹാരമാണോ വിൽക്കുന്നത് വിഷമാണോ എന്ന് പരിശോധിക്കാൻ ഇവിടാരുമില്ല. അതിനായി നിയോഗിക്കപ്പെടുന്നവരുടെ കീശകൾ നിറഞ്ഞിരിക്കുന്നു. അവർ കണ്ണടച്ചിരിക്കുന്നു. അവർക്ക് മൗനമാണ്. ആ മൗനമാണ്, കാൻസർ എന്ന അസുഖം ഇന്ന് നമ്മുടെ സമൂഹത്തിൽ ഇത്രമേൽ വ്യാപിച്ചിരിക്കാൻ കാരണം. കാൻസർ വരുമോ ഇല്ലയോ എന്നതല്ല ചോദ്യം.. ഏത് കാൻസർ എത്രാമത്തെ വയസ്സിൽ വരുമെന്ന് മാത്രമേ നമ്മൾ ചിന്തിക്കുന്നുള്ളൂ.  നമ്മുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോ മുഴയും അത് കാൻസർ അല്ലെന്നുറപ്പിക്കും വരെ നമ്മുടെ ഉറക്കം കെടുത്തും. 

അകാരണമായി വയറു വേദനിച്ചാൽ, മൂക്ക് ചീറ്റുമ്പോൾ ടവ്വലിൽ ഒരിത്തിരി ചോരപൊടിഞ്ഞാൽ, അല്ലെങ്കിൽ വയറ്റിൽ നിന്നും പോവുമ്പോൾ അതിന്റെ നിറമൊന്നു മാറിയാൽ നമ്മൾ വിഷാദത്തിൽ അകപ്പെടുകയായി. പലരും ടെസ്റ്റുകളും ബയോപ്സികളുമൊക്കെ കഴിഞ്ഞ് നെഗറ്റീവ് എന്ന് തുല്യം ചാർത്തിയ റിപ്പോർട്ടുകളും കയ്യിൽ പേറി,  തങ്ങളുടെ പങ്കാളികളെ സുദീർഘമായി ഒരിക്കൽ കൂടി ആശ്ലേഷിച്ച് മക്കളുടെ നിറുകയിൽ ഒരിക്കൽകൂടി ചുംബിച്ച് ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് സ്വജീവിതങ്ങളിലേക്ക് മടങ്ങിപ്പോവുമെങ്കിലും, അസുഖം സ്ഥിരീകരിക്കപ്പെടുന്ന ഹതഭാഗ്യർ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഓർത്ത്, ജീവിച്ചു തീരാത്ത ജീവിതങ്ങളെ ഓർത്ത്, സ്നേഹിച്ചു തീരാത്ത പ്രണയങ്ങൾ ഓർത്ത്, ആ അശുഭവിവരമറിയിക്കുന്ന ഡോക്ടർമാരോടും ആകാശങ്ങളിലിരിക്കുന്ന ദൈവങ്ങളോടും തങ്ങളുടെ നെഞ്ചുപൊട്ടിത്തന്നെ ചോദിക്കും,... " വൈ മി..?  എനിക്കു തന്നെ എന്തിനീ കാൻസർ.. ? "

Follow Us:
Download App:
  • android
  • ios