മുതിര്‍ന്നവര്‍ എല്ലാ നിറങ്ങളുമുപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് പിന്നീട് വരുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളെങ്ങനെയാണ്?

നല്ല വായുവും നല്ല വെള്ളവും നല്ല ഭൂമിയുമെല്ലാം നമ്മള്‍ ഉപയോഗിക്കും. പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിഞ്ഞും, മരങ്ങള്‍ മുറിച്ചുമാറ്റിയും, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുയര്‍ത്തിയും വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതെല്ലാം കവര്‍ന്നെടുക്കും. ഇനി വരുന്ന തലമുറക്കായി നമ്മളൊന്നും കാത്തുവയ്ക്കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് വൈറലായി മാറിയ ഈ വീഡിയോ.

മുതിര്‍ന്ന കുറേപ്പേര്‍ ഒരു മുറിയിലിരിക്കുന്നു. അവര്‍ക്ക് കുറേ കളറുകളും കടലാസുകളും കൊടുത്ത് ചിത്രം വരയ്ക്കാന്‍ പറയുകയാണ്. നിങ്ങള്‍ വരച്ച ശേഷം ചിത്രം വരക്കാനായി അടുത്ത ഗ്രൂപ്പ് വരുമെന്നും, ഇനി ഇഷ്ടമുള്ള നിറമെടുത്ത് ചിത്രംവര പൂര്‍ത്തിയാക്കാനും യുവതി വ്യക്തമായി പറയുന്നു. മുതിര്‍ന്നവര്‍ വരച്ച് പോയ ശേഷം കുറേ കുട്ടികളെത്തുന്നു. അവരോടും നിറങ്ങള്‍ തിരഞ്ഞെടുത്ത് ചിത്രങ്ങള്‍ വരയ്ക്കാന്‍ പറയുന്നു. പിന്നീട് രണ്ട് ഗ്രൂപ്പുകാരും വരച്ച ചിത്രങ്ങള്‍ പരസ്പരം കാണിച്ചുകൊടുക്കുകയാണ്.

മുതിര്‍ന്നവര്‍ എല്ലാ നിറങ്ങളുമുപയോഗിച്ചാണ് ആകാശവും ഭൂമിയും മരങ്ങളുമെല്ലാം വരച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് വരുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളെങ്ങനെയാണ്? ചിന്തിപ്പിക്കുന്നതാണ് വീഡിയോ. ഇനിവരുന്ന തലമുറയ്ക്ക് നമ്മളൊന്നും കാത്തുവയ്ക്കുന്നില്ലെന്ന് വളരെ ലളിതമായി വീഡിയോ പറയുന്നു.