1983 മാര്‍ച്ചിലായിരുന്നു അത്. ദില്ലിയില്‍ ഏഴാം ചേരിചേരാ സമ്മേളനം നടക്കുന്നു. കാസ്‌ട്രോ ആയിരുന്നു ചേരി ചേരാ കൂട്ടായ്മയുടെ ചെയര്‍മാന്‍. പുതിയ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ദിരയാണ്. കാസ്‌ട്രോ പദവി കൈമാറുന്നതായിരുന്നു ചടങ്ങ്. തന്റെ സഹോദരിയായ ഇന്ദിരയ്ക്ക് പദവി കൈമാറുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് നേരത്തെ കാസ്‌ട്രോ അഭിപ്രായപ്പെട്ടിരുന്നു. 

വിജ്ഞാന്‍ ഭവനിലായിരുന്നു ചടങ്ങ്. അധ്യക്ഷന്റെ ചിഹ്‌നമായ അധികാര ദണ്ഡ് ഇന്ദിരയ്ക്ക് കൈമാറുന്ന ചടങ്ങ്. ഇന്ദിര അതിനായി കൈ നീട്ടി. കാസ്‌ട്രോ കൊടുത്തില്ല. വീണ്ടുമത് ആവര്‍ത്തിച്ചു. ഫദല്‍ നിഗൂഢമായി ചിരിച്ചു കൊണ്ടിരുന്നു. പെട്ടെന്ന്, കാസ്‌ട്രോ ഇന്ദിരയ്ക്കു നേരെ കൈനീട്ടി ഗാഢമായി ആലിംഗനം ചെയ്തു. 

ഇന്ദിര ഒന്നു പരുങ്ങിയ ശേഷം പെട്ടെന്നു ആലിംഗനത്തില്‍നിന്നു ചിരിയോടെ മാറി. അതിനു ശേഷം അദ്ദേഹം ആ അധികാര ചിഹ്‌നം ഇന്ദിരയ്ക്ക് കൈമാറി. 

ക്യാമറ ഫ്‌ളാഷുകള്‍ ഒന്നിച്ചു മിന്നി. അവിടെ കൂടിയ 140 രാജ്യങ്ങളുടെ ഭരണാധികാരികള്‍ കൈയടിച്ചു. പിറ്റേന്ന് ലോകമെങ്ങും ഇറങ്ങിയ പത്രങ്ങളുടെയെല്ലാം ഒന്നാം പേജ് ചിത്രമായിരുന്നു ആ ആലിംഗനം. 

 

എന്തുകൊണ്ടായിരുന്നു ആ അപ്രതീക്ഷിത ആലിംഗനം? പിന്നെ അതും ചര്‍ച്ചയായി. രണ്ടു കാരണങ്ങളായിരുന്നു അതിനു പറഞ്ഞു കേട്ടത്. 

ഒന്ന്, ഇന്ദിരയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന ആ ഉച്ചകോടി ഗംഭീര വിജയമായിരുന്നു. ഇറാന്‍ ഇറാഖ് യുദ്ധത്തെ തുടര്‍ന്ന് ഉച്ചകോടി നേരത്തെ നടത്താമെന്നേറ്റ ഇറാഖ് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് ഉച്ചകോടി വന്നത്. തീരെ സമയം കിട്ടിയില്ലെങ്കിലും ഇന്ത്യ അത് ഗംഭീരമായി നടത്തുകയായിരുന്നു. 

രണ്ടാമത്തെ കാരണമായി പറയുന്നത് 

പിഎല്‍ഒ നേതാവ് യാസര്‍ അറഫാത്തുമായുള്ള ഒരു വിഷയമാണ്. മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിംഗ് 'സിംഹങ്ങള്‍ക്കൊപ്പമുള്ള നടത്തം' എന്ന തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ അക്കാര്യം പറയുന്നുണ്ട്. ഇതാണ് ആ കഥ. 

ചടങ്ങിനിടെ താന്‍ അപമാനിക്കപ്പെട്ടതായി തോന്നിയ അറഫാത്ത് നാട്ടിലേക്ക് തിരിച്ചു പോവാനുള്ള ഒരുക്കത്തിലായിരുന്നു. ആ വിവരം നട്‌വര്‍ സിംഗ് ഇന്ദിരയെ അറിയിച്ചു. അവര്‍ ആ വിവരം കാസ്‌ട്രോയെയും. വിവരമറിഞ്ഞു കാസ്‌ട്രോ അറഫാത്തിനെ കണ്ടു. 

'താങ്കള്‍ ഇന്ദിരയുടെ സുഹൃത്താണോ': കാസ്‌ട്രോ ചോദിച്ചു. 

'സുഹൃത്തല്ല, അവരെന്റെ സഹോദരിയാണ്, അവര്‍ക്കു വേണ്ടി ഞാനെന്തും ചെയ്യാം'. ഇതായിരുന്നു അറഫാത്തിന്റെ മറുപടി. 

'എങ്കില്‍, ഒരു സഹോദരനെ പോലെ പെരുമാറുക, ഉച്ചയ്ക്കു ശേഷമുള്ള സമ്മേളനത്തില്‍ പങ്കെടുക്കുക'-ഇതായിരുന്നു കാസ്‌ട്രോയുടെ വാക്കുകള്‍.

അറഫാത്ത് അതു കേട്ടു. അദ്ദേഹം പോയില്ല. സമ്മേളനത്തില്‍ പങ്കെടുത്തു. 

ഇതാവണം, ആലിംഗനത്തിനു കാരണമെന്നാണ്  രണ്ടാമത്തെ പറച്ചില്‍.