ലോകത്തിലെ ആദ്യത്തെ പറക്കുന്ന വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരായിരുന്നെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ആദ്യമായി പറന്നത് അവരാണോ? അതെ എന്ന് പറയാൻ വരട്ടെ. വായുവിനേക്കാൾ ഭാരം കൂടിയ യന്ത്രം ഉപയോഗിച്ച് ആദ്യമായി പറന്നത് അബ്ബാസ് ഇബ്‍നു ഫിർനാസ് എന്നയാളാണ്. ഏകദേശം പത്ത് മിനിറ്റോളം വിമാനത്തിൽ അദ്ദേഹം സഞ്ചരിച്ചു. റൈറ്റ് സഹോദരന്മാർ മോട്ടോറൈസ്‍ഡ‍് വിമാനങ്ങൾ കണ്ടുപിടിക്കുന്നതിന് ആയിരം വർഷങ്ങൾ മുൻപാണ് അദ്ദേഹം ഇത് ചെയ്‍തത്. ആരാണ് ഈ അബ്ബാസ് ഇബ്‍നു ഫിർനാസ്?  

അബു ഫിർനസ് 810 -ൽ സ്പെയിനിലാണ് ജനിച്ചത്. വിപുലമായ വിദ്യാഭ്യാസം നേടിയ അദ്ദേഹം അക്കാലത്ത് അൽ-അൻഡാലസിലെ ഏറ്റവും ധനികനും സ്വാധീനമുള്ളയാളുമായിരുന്നു. ശാസ്ത്രജ്ഞൻ, കവി, തത്ത്വചിന്തകൻ, ആൽക്കെമിസ്റ്റ്, സംഗീതജ്ഞൻ, ജ്യോതിഷി എന്നീ നിലകളിൽ പ്രശസ്‍തനായിരുന്നു അദ്ദേഹം. 852-ൽ പാരച്യൂട്ടിന് സമാനമായ ഒരു ക്യാൻവാസ്‌ ഉപയോഗിച്ച് അദ്ദേഹം യെമനിലെ ജബൽ അൽ-അരുസ് പർവതത്തിൽ നിന്ന് ഒരു മലഞ്ചെരിവിലേക്ക് പറന്നപ്പോൾ അത് വ്യോമശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി. അതുവരെ ആരും ഇത്തരമൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ലായിരുന്നു. പക്ഷേ, അന്നത്തെ ആ പരീക്ഷണത്തിൽ നിരാശയും തകർന്ന നിരവധി അസ്ഥികളുമായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം. എന്നിരുന്നാലും ചരിത്രത്തിലെ ആദ്യ പാരച്യൂട്ടായി അത് കണക്കാക്കപ്പെടുന്നു.

ഒൻപതാം നൂറ്റാണ്ടിലെ എഞ്ചിനീയറായിരുന്ന അബ്ബാസ് സിൽക്ക്, മരം, തൂവലുകൾ എന്നിവകൊണ്ട് നിർമ്മിച്ച ഒരു ജോടി ചിറകുകളുടെ സഹായത്തോടെയാണ് അന്ന് പറന്നത്. 65 -നും 70 -നും ഇടയിൽ പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഇത് ചെയ്‍തത്.  കുറഞ്ഞത് 10 മിനിറ്റെങ്കിലും ഈ വിധത്തിൽ അദ്ദേഹം തന്റെ വിമാനത്തിൽ പറന്നു. എന്നാൽ, തന്റെ ക്യാൻവാസിനെ വായുവിൽ ഒരേ രീതിയിൽ നിയന്ത്രിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ലാൻഡിംഗിന്റെ തന്ത്രങ്ങളെ കുറിച്ച് അദ്ദേഹം വേണ്ട രീതിയിൽ പഠിച്ചതുമില്ല. അതുകൊണ്ട് തന്നെ മണ്ണിൽ ഇടിച്ചിറങ്ങേണ്ടി വന്നു അദ്ദേഹത്തിന്. ആ അപകടത്തിൽ അദ്ദേഹത്തിന്റെ എല്ലുകൾ പലതും ഒടിഞ്ഞു. കടുത്ത നിരാശയിലായിത്തീർന്നു അദ്ദേഹം.  

ഇബ്‍നു ഫിർനാസ് പിന്നെയും ഒരു 12 വർഷം കൂടി ജീവിച്ചു. വാലും ചിറകും തമ്മിലുള്ള പ്രവർത്തനത്തിലൂടെയാണ് സ്ലോ ലാൻഡിംഗ് സാധ്യമാകുന്നതെന്ന് അദ്ദേഹം പിന്നീട് മനസ്സിലാക്കി. ഇതിനായി പക്ഷിയുടെ പറക്കലിനെക്കുറിച്ചും അവയുടെ ലാൻഡിംഗിനെക്കുറിച്ചും വർഷങ്ങളോളം അദ്ദേഹം പഠിച്ചു. പക്ഷികളെ അനുകരിക്കുന്ന ചിറകുകൾ ഉപയോഗിച്ച് പറക്കുന്ന ഓർണിത്തോപ്റ്റർ എന്ന വിമാനത്തിന്റെ പിന്നിൽ അദ്ദേഹത്തിന്റെ സിദ്ധാന്തമാണ്. അദ്ദേഹത്തിന്റെ ഫ്ലൈയിംഗ് മെഷീൻ ഡയഗ്രമുകൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏവിയേഷൻ എഞ്ചിനീയറിംഗിന്റെ അടിസ്ഥാനമായി മാറി.

കാഴ്ച ശരിയാക്കാൻ ഉപയോഗിക്കുന്ന ക്ലിയർ  ഗ്ലാസ്, വാട്ടർ ക്ലോക്ക്, റോക്ക് ക്രിസ്റ്റൽ മുറിക്കാനുള്ള ഉപകരണം എന്നിവ ഉൾപ്പെടുന്ന മറ്റ് പല കണ്ടുപിടിത്തങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരിൽ ബാഗ്‍ദാദിൽ ഒരു വിമാനത്താവളവും, കോർഡോവയിൽ ഗ്വാഡാൽക്വിവിർ നദിക്ക് കുറുകെയുള്ള ഒരു പാലവുമുണ്ട്. ഒരു ഫ്ലൈയിംഗ് മെഷീൻ ആദ്യമായി നിർമ്മിച്ചത് റൈറ്റ് സഹോദരന്മാരായിരിക്കാം. പക്ഷേ, അബ്ബാസ് ഇബ്‍നു ഫിർനാസ് എയറോനോട്ടിക്സ് വിഷയത്തെക്കുറിച്ച് ഗവേഷണം നടത്താൻ മറ്റുള്ളവർക്ക് ഒരു പ്രചോദനമായിരുന്നു എന്നതിൽ സംശയമില്ല.