Asianet News MalayalamAsianet News Malayalam

ഈ യൂണിവേഴ്സിറ്റിയില്‍ ഒരു സീരിയല്‍ കില്ലറിന്‍റെ തല സൂക്ഷിച്ചു വച്ചിട്ടുണ്ട്, എന്തിനാണത്?

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുന്നതുപോലെ ഒരു ഡോക്ടറുടെ വീട്ടിൽ കയറി അവിടത്തെ നാല് അംഗങ്ങളെ കൊലപ്പെടുത്തുന്നതിനിടയിൽ അയാൾ പിടിക്കപ്പെട്ടു.

Why the University of Lisbon preserved head of a serial killer
Author
Portugal, First Published Sep 13, 2020, 10:09 AM IST

ലിസ്ബൺ യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്ര വിഭാഗത്തിൽ പോർച്ചുഗലിലെ ഒരു സീരിയൽ കില്ലറിന്റെ തല ഇപ്പോഴും സംരക്ഷിച്ചു വച്ചിരിക്കുന്നു. ജീവിച്ചിരുന്നപ്പോൾ ഒരുപാടുപേരെ ഭയപ്പെടുത്തിയ അയാൾ മരണശേഷവും ആളുകളെ ഭീതിയിലാഴ്ത്തുന്നു. അവിടേയ്ക്ക് കയറിവരുന്ന ഫിസിഷ്യൻമാരും, അനാട്ടമി ടെക്നീഷ്യന്മാരും എല്ലാവരും വല്ലാത്ത ഒരു അസ്വസ്ഥതയോടെയാണ് ആ ചില്ലുകുപ്പിയിലേയ്ക്ക് നോക്കുന്നത്. ഡിയോഗോ ആൽ‌വസ്, പോർച്ചുഗലിന്റെ ആദ്യത്തെ സീരിയൽ കില്ലറാണെന്നും, തൂക്കിലേറ്റപ്പെട്ട അവസാന വ്യക്തിയാണെന്നും പറയപ്പെടുന്നു. അതിനുശേഷം തൂക്കിലേറ്റുന്ന സമ്പ്രദായം പോർച്ചുഗൽ പിൻവലിക്കുകയായിരുന്നു. എടുത്തു പറയാൻ ഒരു മഹിമയുമില്ലാത്ത ഒരാളുടെ തല എന്തിനാണ് ഇങ്ങനെ നൂറ്റാണ്ടുകളായി സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്നൊരു സംശയം ആർക്കുമുണ്ടാകാം. അതിനൊരു കാരണമുണ്ട്. പക്ഷേ, അതിനുമുൻപ് അയാളെ കുറിച്ച് അറിയേണ്ടതുണ്ട്.

Why the University of Lisbon preserved head of a serial killer

1810 -ൽ ഗലീഷ്യയിൽ ജനിച്ച അയാൾ തലസ്ഥാന നഗരത്തിലെ സമ്പന്നമായ വീടുകളിൽ ജോലി ചെയ്തു ജീവിച്ചു പോന്നു. എന്നാൽ എളുപ്പത്തിൽ പണക്കാരനാകാൻ അല്പം കുറ്റകൃത്യങ്ങളൊക്കെ ചെയ്യണ്ടതായി വരുമെന്ന് വിശ്വസിച്ച അയാൾ അധികം താമസിയാതെ അതിനുള്ള വഴികൾ തേടി. രാത്രിയിൽ നഗരത്തിൽ നിന്ന് യാത്ര തിരിക്കുന്ന കർഷകരെ കാത്ത് അദ്ദേഹമിരിക്കും. അവരുടെ കൈയിലുള്ള എല്ലാ പണവും, സമ്പത്തും കൈക്കലാക്കിയശേഷം 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് അവരെ തള്ളിയിട്ട് കൊലപ്പെടുത്തും. മൂന്നു വർഷത്തിനിടെ ആൽ‌വസ് ഈ രീതിയിൽ 70 പേരെ കാലപുരിക്കയച്ചു. ഇതെല്ലാം ആത്മഹത്യകളാണ് എന്നാണ് പോലീസ് തുടക്കത്തിൽ വിചാരിച്ചത്. ഇത് പാലം താൽക്കാലികമായി അടച്ചിടാൻ കാരണമായി. അതോടെ അതുവഴി ആളുകൾ വരാതായി. അപ്പോൾ അയാൾ പണമുണ്ടാക്കാൻ അടുത്ത വഴികൾ തിരയാൻ തുടങ്ങി. പതുക്കെ വീടുകൾ കൊള്ളയടിക്കാനും അവരുടെ ജോലിക്കാരെ കൊലപ്പെടുത്താനും ആരംഭിച്ചു അയാൾ. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുന്നതുപോലെ ഒരു ഡോക്ടറുടെ വീട്ടിൽ കയറി അവിടത്തെ നാല് അംഗങ്ങളെ കൊലപ്പെടുത്തുന്നതിനിടയിൽ അയാൾ പിടിക്കപ്പെട്ടു. ആൽവസിനെ അറസ്റ്റ് ചെയ്ത് തൂക്കിക്കൊല്ലാൻ വിധിച്ചു.

രാജ്യത്തെ ആദ്യത്തെ സീരിയൽ കില്ലറാണ് അയാൾ എന്ന് പറയുമ്പോഴും ചിലർ അതിനെ അംഗീകരിക്കുന്നില്ല. 28 കുട്ടികളെ വിഷം കൊടുത്തു കൊന്ന ലൂയിസാ ഡി ജീസസ് എന്ന സ്ത്രീയാണ് പോർച്ചുഗലിലെ രേഖപ്പെടുത്തിയ ആദ്യത്തെ സീരിയൽ കില്ലർ എന്നാണ് ചിലർ അവകാശപ്പെടുന്നത്. അതുപോലെതന്നെ, അവസാനം തൂക്കിലേറ്റിയ വ്യക്തിയെന്ന അനുമാനവും തെറ്റാണ് എന്ന് ചിലർ വാദിക്കുന്നുണ്ട്. അത് എന്തുതന്നെയായാലും, ഇവിടത്തെ വിഷയം അയാളുടെ തല എന്തിനാണ് ചില്ലുപാത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത് എന്നതാണ്. ആ സമയത്ത്, ചില മാനസികവൈകല്യങ്ങൾ അല്ലെങ്കിൽ സ്വഭാവഗുണങ്ങൾ ഒരാളുടെ തലയോട്ടിയുടെ വലുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു വിശ്വാസം നിലനിന്നിരുന്നു. ആൽ‌വസിനെപ്പോലുള്ള ഒരു വ്യക്തിയെ ഇത്രയധികം ദുഷ്ടനാക്കുന്നത് എന്താണെന്ന് മനസിലാക്കാൻ ഗവേഷകർക്ക് അയാളുടെ തലയോട്ടി പരിശോധിക്കണമായിരുന്നു.  

അങ്ങനെയാണ് അയാളുടെ നിർജീവമായ ശരീരത്തിൽ നിന്ന് തല നീക്കം ചെയ്ത്, ഗ്ലാസ് കുപ്പിക്കകത്ത് സൂക്ഷിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ, ആൽ‌വസിന്റെ തല പരിശോധിച്ചിട്ട് പ്രത്യേകിച്ച് ഒന്നും ഗവേഷകർക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും, അത് ഇന്നും എല്ലാവർക്കും കാണാനായി അവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു.  ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന സീരിയൽ കില്ലർമാരിൽ ഒരാളായി ആൽവസ് എങ്ങനെ മാറി എന്നത് കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞില്ലെങ്കിലും, അയാളുടെ മുഖം അലമാരയിൽ ഇരിക്കുന്നിടത്തോളം കാലം അയാളുടെ കുറ്റകൃത്യങ്ങൾ ലോകം മറക്കില്ല എന്നതൊരു വാസ്തവമാണ്.

Follow Us:
Download App:
  • android
  • ios