വിവാഹബന്ധത്തിൽ പരസ്പരം യോജിച്ച് പോകാനാകാത്ത ദമ്പതികൾക്ക് നിയമപരമായി വേർപിരിയാനുള്ള സ്വാതന്ത്യം ഇന്നുണ്ട്. എന്നാൽ, 19 -ാം നൂറ്റാണ്ടിൽ സ്ഥിതി ഇതായിരുന്നില്ല. അക്കാലത്ത് വിവാഹമോചനം വളരെ ചെലവേറിയ ഒന്നായിരുന്നു. അതിന് പകരമായി അവർ എന്താണ് ചെയ്തിരുന്നതെന്നോ? കാളയെയും, ആടിനെയുമൊക്കെ ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നതുപോലെ സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും ചന്തയിൽ കൊണ്ടുപോയി വിറ്റിരുന്നു. ഇന്നത്തെ കാലത്ത് ഒരിക്കലും സങ്കല്പിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ് ഇതെങ്കിലും അന്ന് പാവപ്പെട്ടവരുടെ ഇടയിൽ വളരെ സാധാരണമായി ഇത് നടന്നിരുന്നു.  

ഇതിനെതിരെ നിയമം ഉണ്ടായിരുന്നെങ്കിലും, അത് പലപ്പോഴും നോക്കുകുത്തിയാവുകയാണ് ചെയ്തിരുന്നത്. ഒരുമിച്ച് ജീവിച്ചു മടുക്കുമ്പോൾ പുരുഷന്മാർ ഭാര്യമാരെ കൊണ്ടുപോയി വിൽക്കുമായിരുന്നു. 1780 -നും 1850 -നും ഇടയിൽ മുന്നൂറോളം ഭാര്യമാരെ വിറ്റു എന്നാണ് കണക്കുകൾ പറയുന്നത്. ആദ്യത്തെ നിയമപരമായ വിവാഹമോചനം നടക്കുന്നത് 1857- ലാണ്. അതിനുമുമ്പ് വിവാഹമോചനം വളരെ ചെലവേറിയതും പ്രയാസകരവുമായിരുന്നു. വിവാഹമോചനം നിയമവിധേയമാക്കുന്നതിന്, ഒരു സ്വകാര്യ പാർലമെന്‍റ് നിയമം ആവശ്യമായിരുന്നു. അത് നേടാൻ കുറഞ്ഞത് 3,000 ഡോളർ (ഇന്നത്തെ മൂല്യങ്ങളിൽ 15,000 ഡോളർ) ചിലവാകുമായിരുന്നു. അതുകൂടാതെ സഭയുടെ സമ്മതവും ആവശ്യമായിരുന്നു. സാമ്പത്തികമായി താഴെക്കിടയിലുള്ള പുരുഷന്മാർക്ക് അത്തരം നിരക്കുകൾ താങ്ങാൻ കഴിയാത്തതായിരുന്നു. അതിന് പകരം അവർ തന്റെ ഭാര്യമാരുടെ 'ഉടമസ്ഥാവകാശം' ഒരു പൊതുലേലത്തിൽ വയ്‌ക്കുകയും ഏറ്റവും കൂടുതൽ ലേലം വിളിക്കുന്നയാൾക്ക് കൈമാറുകയും ചെയ്യുമായിരുന്നു, ഒരു  പശുവിനെയോ ആടിനെയോ ഒക്കെ വിൽക്കുന്നതുപോലെ.

ഭാര്യയെ ലേലം ചെയ്യാൻ, ഒരു ഭർത്താവ് അവളെ ചന്തയിലേക്ക് കൊണ്ടുപോകുന്നു. സാധാരണയായി കന്നുകാലികളെപ്പോലെ കഴുത്തിൽ കയർ കെട്ടിയാണ് കൊണ്ടുപോകുന്നത്. ചിലപ്പോൾ കയറുകൾക്ക് പകരമായി റിബണുകളും ഉപയോഗിച്ചിരുന്നു. കൂടുതൽ ആളുകൾ വരുന്നതിനായി വിൽ‌പന മുൻ‌കൂട്ടി പരസ്യം ചെയ്യുമായിരുന്നു. ഇടയ്ക്കിടെ ഒരു ലേലക്കാരൻ ഇതിന് മേൽനോട്ടം വഹിക്കും. ചില വിൽ‌പനകൾ‌ കൂടുതൽ‌ സ്വകാര്യമായിട്ടാണ് നടന്നിരുന്നത്. പക്ഷേ, അതിനും സാക്ഷികളുണ്ടായിരുന്നു. പലപ്പോഴും ഭാര്യമാരുടെ സമ്മതത്തോടെയായിരുന്നു ഇത്തരം വില്പന നടന്നിരുന്നത് എന്നതും കൗതുകകരമാണ്.

ഇ. പി. തോംസൺ നടത്തിയ പഠനമനുസരിച്ച്, ഭാര്യയുടെ ആഗ്രഹത്തിന് വിരുദ്ധമായി നാല് വില്‍പനകള്‍ മാത്രമാണ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. മറ്റ് ബന്ധമുണ്ടായിരുന്ന ഭാര്യമാരെ പലപ്പോഴും അവരുടെ കാമുകന്മാർക്ക് തന്നെയാണ് വിറ്റിരുന്നത്. ഭാര്യയെ അറിയിക്കാതെയും പുരുഷന്മാർക്ക് ഭാര്യയുടെ വിൽപ്പന പ്രഖ്യാപിക്കാമായിരുന്നു അന്ന്. കൂടാതെ അപരിചിതർക്ക് അവളെ ലേലം വിളിക്കാനും കഴിയുമായിരുന്നു. ഭാര്യമാരെ തുച്ഛമായ തുകയ്ക്കും, ചിലപ്പോൾ വലിയ സംഖ്യകൾക്കും വിൽക്കുമായിരുന്നു. 1862 -ൽ സെൽബിയിൽ നടന്ന വിൽപ്പനയിൽ ഒരാൾ ഭാര്യയെ വിറ്റത് ഒരു പൈന്‍റ് ബിയറിന് വേണ്ടിയായിരുന്നു. എന്നാൽ, ഒടുവിൽ, 1857-ൽ വിവാഹമോചനം എളുപ്പമായപ്പോൾ ഭാര്യമാരെ വിൽക്കുന്നത് വലിയ തോതിൽ അവസാനിച്ചു. അതോടെ വർഷങ്ങളോളം നിലനിന്നിരുന്ന ആ ക്രൂരമായ ആചാരവും ഇല്ലാതായി.