റാവല്‍പിണ്ടി: ബൈക്കിലെത്തി പേഴ്‌സ് കവരാന്‍ ശ്രമിച്ച മോഷ്ടാക്കളെ ഓടിച്ചിട്ട് പിടിച്ച പാക് യുവതിയാണ് സോഷ്യല്‍ മീഡിയയിലെ താരം. റോഡിന് സമീപത്തു കൂടി നടന്നുവരികയായിരുന്ന യുവതിയുടെ സമീപമെത്തിയ മോഷ്ടാക്കള്‍ ബാഗ് വലിച്ചെടുത്തു. എന്നാല്‍ ഇവരുടെ ബാലന്‍സ് തെറ്റി ബൈക്ക് മറിഞ്ഞു. ഈ സമയം യുവതി മോഷ്ടാക്കളുടെ അടുത്ത് ഓടിയെത്തി.

രണ്ടുപേരേയും പിടികൂടി നല്ല അടിയും തൊഴിയും കൊടുത്തു. ഇതിനിടയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രണ്ടാമത്തേയാള്‍ യുവതിയുടെ കൈയില്‍ നിന്നും ആവശ്യത്തിന് വാങ്ങിയതിന് ശേഷം രക്ഷപ്പെട്ടു. എന്തായാലും മോഷ്ടാക്കള്‍ക്ക് തന്റെ കൈയുടെ ചൂട് നന്നായി അറിയിച്ചിട്ടാണ് യുവതി സ്ഥലം വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായി. യുവതിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.