രാജ്‌കോട്ട്: ഒരു ഡസണിലധികം സിംഹങ്ങള്‍ക്ക് നടുവില്‍ കൊടുംകാട്ടില്‍ യുവതിക്ക് സുഖപ്രസവം. അംറേലിയിലെ ഗ്രാമമായ ലണ്‍സാപൂരിലാണ് സംഭവം. 32 കാരിയായ മാങ്കുബെന്‍ മക്വാനയാണ് സിംഹങ്ങള്‍ തടസ്സപ്പെടുത്തിയ അംബുലന്‍സില്‍ പ്രസവിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കടുത്ത പ്രസവവേദന അുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. 

എന്നാല്‍ ട്വിസ്റ്റ് പോകുന്ന വഴിയില്‍ വച്ചാണ് നടന്നത്. യാത്ര ആരംഭിച്ച് ഏതാനും കിലോമീറ്ററുകള്‍ മാത്രം താണ്ടിയപ്പോഴേക്കും ഏതാണ്ട് 12 ഓളം സിംഹങ്ങള്‍ റോഡില്‍ നില്‍ക്കുന്നത് കാണുന്നത്. എന്നാല്‍ വാഹനത്തില്‍ ഗര്‍ഭിണി ഉണ്ടായിരുന്നതിനാല്‍ സിംഹങ്ങള്‍ പോയതിന് ശേഷം യാത്ര തുടരാം എന്ന് കരുതി ആംബുലന്‍സ് നിര്‍ത്തുകയായിരുന്നു. 

എന്നാല്‍ റോഡില്‍ നിന്നും സിംഹങ്ങള്‍ മാറിയില്ല. വൈകാതെ തന്നെ വേദന ആരംഭിച്ചതിനാല്‍ ഡോക്ടറുമായി ഫോണിലൂടെ സംസാരിച്ചാണ് ആശുപത്രി അധികൃതര്‍ പ്രസവം നോക്കുകയായിരുന്നു. വൈകാതെ തന്നെ അവര്‍ ആംബുലന്‍സില്‍ വച്ചുതന്നെ പ്രസവിക്കുകയായിരുന്നു. 25 മിനിട്ടാണ് പ്രസവത്തിനായി എടുത്ത സമയം. ഈ സമയം മുഴുവന്‍ ഫോണ്‍ വഴി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 

ഈ സമയത്തും സിംഹങ്ങള്‍ നിന്ന സ്ഥലത്തുനിന്നും അനങ്ങിയില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. മാങ്കുബെന്റെ നാലാമത്തെ കുഞ്ഞിനാണ് പ്രസവമാണ് ഇത്തരത്തില്‍ നടന്നത്. പിന്നീട് വാഹനത്തിന്റെ വെളിച്ചത്തിന് അനുസരിച്ച് നീങ്ങുമ്പോള്‍ സിംഹങ്ങള്‍ മെല്ലെ മാറിയെന്നും അവര്‍ പറയുന്നു. കുഞ്ഞും അമ്മയും ജാഫര്‍ബാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.