രണ്ട് പതിറ്റാണ്ടുകളാണ് മറൈസ വീട്ടുകാരുടെ തടങ്കലില്‍ കഴിഞ്ഞത് ഇരുപതാമത്തെ വയസില്‍ ഒരു ആണ്‍സുഹൃത്തുണ്ടെന്ന കാരണത്താല്‍ അച്ഛന്‍ തടവിലാക്കി
ബ്യൂണസ് അയേഴ്സ്: അര്ജന്റീനയില് പ്രണയിച്ചതിന്റെ പേരില് ചങ്ങലയിലിട്ട സ്ത്രീ 20 വര്ഷങ്ങള്ക്ക് ശേഷം മോചിപ്പിക്കപ്പെട്ടു. കണ്ടെത്തുമ്പോള് ഇവര് സ്വന്തം വീട്ടിലെ കിടക്കയില് വിവസ്ത്രയായി ചങ്ങലയില് കിടക്കുകയായിരുന്നുവെന്ന് റിപ്പോര്ട്ട്.
മറൈസ അല്മിറോണ് എന്ന 42 കാരിയാണ് വീട്ടുകാരാല് തടങ്കിലാക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടുകളാണ് മറൈസ വീട്ടുകാരുടെ തടങ്കലില് കഴിഞ്ഞത്. ഇരുപതാമത്തെ വയസില് ഒരു ആണ്സുഹൃത്തുണ്ടെന്ന കാരണത്താല് അച്ഛനാണ് അവരെ തടവിലാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
പോലീസ് കണ്ടെത്തുമ്പോള് മറൈസ ആരോഗ്യനില മോശമായിരുന്നു ഇരുപത് വര്ഷത്തെ തടവുജീവിതം അവരുടെ മനോനിലയിലും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മറൈസ ഇപ്പോള് ആശുപത്രിയില് ചികിത്സയിലാണ്. മറൈസയുടെ ചെറുപ്പകാലത്ത് അച്ഛനാണ് തടവിലാക്കുന്നത്. എട്ട് വര്ഷം കഴിഞ്ഞപ്പോള് അച്ഛന് മരിച്ചു. മറൈസയുടെ സഹോദരന് മാരിയോ അച്ഛന്റെ അതേ വഴി പിന്തുടര്ന്നു. 12 വര്ഷം വീണ്ടും അവള് തടവില് കഴിഞ്ഞു.

ആറ് സഹോദരങ്ങളാണ് മറൈസയ്ക്കുള്ളത്. എല്ലാവരുടെയും അറിവോടെയും സമ്മതത്തോടയുമാണ് മറൈസ തടവിലാക്കപ്പെട്ടതെന്നാണ് പറയുന്നത്. ഒരു അയല്പ്പക്കക്കാരിയാണ് മറൈസയുടെ കാര്യം പോലീസിലറിയിക്കുന്നത്. നേരത്തെയും അറിയിച്ചിരുന്നുവെങ്കിലും പോലീസ് കാര്യമാക്കിയിരുന്നില്ലെന്നും അവര് ആരോപിക്കുന്നുണ്ട്.
പോലീസ് വീട്ടിലെത്തിയപ്പോള് അകത്തേക്ക് കയറരുതെന്നും, കയറണമെന്നുണ്ടെങ്കില് വാറണ്ട് വേണമെന്നും മാരിയോ പറഞ്ഞിരുന്നു. എന്നാല് പോലീസ് മറൈസയെ മോചിപ്പിച്ചു. പിന്നീട്, സഹോദരിയുടെ മാനസികനില ശരിയല്ലെന്നും അതുകൊണ്ടാണവരെ തടവില് പാര്പ്പിച്ചതെന്നുമാണ് മാരിയോ പറഞ്ഞത്. കാര്യം പോലീസിലറിയിച്ച അയല്ക്കാരിയെ സഹോദരിമാര് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മരിയോ ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്തതില് ഭയമുണ്ടെന്നും അയല്ക്കാരി പറയുന്നു. സംഭവത്തില് അന്വേഷണം തുടരുകയാണ്.
