ന്യൂയോർക്ക്: ഭൂഗർഭ മെട്രോ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ വാതിലിൽ തലകുടുങ്ങിയ സ്ത്രീയെ തിരിഞ്ഞുനോക്കാതെ ആളുകൾ കടന്നു പോകുന്ന വീഡിയോ വൈറലാകുന്നു. ന്യൂയോർക്ക് സിറ്റി സബ് വേ സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ഹാൻഡ് ബാഗും തലയും വാതിലിന് പുറത്തും ഉടൽ ട്രെയിനിന് ഉള്ളിലും കുടുങ്ങിക്കിടക്കുന്ന നിലയിലാണ് സ്ത്രീ നില്‍ക്കുന്നത്. നിരവധി ആളുകൾ അവർക്കു സമീപം കടന്നു പോകുന്നുണ്ടെങ്കിലും ആരും അവരെ സഹായിക്കാൻ ശ്രമിക്കുന്നില്ല. തലകുടുങ്ങിയിട്ടും അവർ ആരെയും സഹായത്തിന് വിളിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നില്ല. ട്രെയിൻ മുന്നോട്ടു നീങ്ങുന്നതിന് മുമ്പ് അവരെ രക്ഷപ്പെടുത്തിയോ അവർക്ക് പരിക്കേറ്റോ എന്നൊന്നും ദൃശ്യങ്ങളില്ല.മെട്രോപൊളിറ്റൻ ട്രാൻസ്പോട്ടേഷൻ അതോറിറ്റി ജീവനക്കാരുടെ യൂനിഫോമിട്ട വനിതയടക്കം അവരെ കടന്നുപോകുന്നുണ്ടെന്നതാണ് കൗതുകം.
ഈ സമയം പളാറ്റ്ഫോമിൽ എത്തിയ മറ്റൊരു ട്രെയിനിലെ യാത്രക്കാരനാണ് വിഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളിൽ ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

