കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.
അവളെ ഒന്ന് മനസിലാക്കിയാല്‍ മതി. സ്‌നേഹിച്ചാല്‍ മതി. എത്രയോ കലഹങ്ങളും കണ്ണീരും ഒഴിവാക്കാം- അമ്മു സന്തോഷ് എഴുതുന്നു

കാലം മാറി. ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിന്താധാരകളും മാറി. പക്ഷെ സ്ത്രീയാണ് വിഷയമെങ്കില്‍, സമൂഹത്തിന്റെ കണ്ണ് പഴയ അതേ മഞ്ഞ നിറത്തില്‍ തന്നെ തുടരുന്നു. സ്ത്രീക്ക് നേരെയാണ് എപ്പോഴും അസ്ത്ര മുന. സ്ത്രീയുടെ മനസിന്റെ കടലാഴങ്ങള്‍ ആര് അറിയുന്നു? വാര്‍ത്തകളില്‍ അവള്‍ നിറഞ്ഞു നില്‍ക്കുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു, കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു, പരപുരുഷനൊപ്പം പോയവളായി. അവളുടെ മനസിന്റെ സഞ്ചാരങ്ങള്‍, ശരീര ഭാഷകള്‍, ആഗ്രഹങ്ങള്‍ ഇതെല്ലാം പിന്നെ സമൂഹത്തിന് വ്യാഖ്യാനിച്ച് ഉത്തരം കണ്ടെത്താനുള്ള മാര്‍ഗങ്ങളാവുന്നു. നൂറില്‍ ഒരാള്‍ ആയിരിക്കും ഇത് ചെയ്യുക. ബാക്കി തൊണ്ണൂറ്റി ഒമ്പതു പേരും വീട്ടിലുണ്ടാകും. അവനവന്റെ കുഞ്ഞുങ്ങളെ നോക്കി, ഭര്‍ത്താവിനെ കാത്തു വഴിയില്‍ കണ്ണ് നട്ടു വൈകുന്നത് എന്താണെന്ന ആധിയോടെ. ഭര്‍ത്താവിന് ഒരു പനി വന്നാല്‍ കൂടി ആധി പിടിക്കുന്ന സ്ത്രീകളെ എനിക്കറിയാം. സ്ത്രീ അങ്ങനെയും ആണ്. താന്‍ എന്ന സ്വത്വത്തെ മറന്നു പോകുന്നവള്‍. എന്നിട്ടും അവള്‍ പരിപൂര്‍ണമായി സംതൃപ്ത ആണോ എന്ന് ചോദിച്ചാല്‍, അല്ല എന്നാണ് എന്റെ ഉത്തരം.
അവളും ഒരു വ്യക്തി ആണ്. ആത്മാവും ശരീരവും മനസും ഉള്ള ഒരു വ്യക്തി. നന്നായി പാടുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നെനിക്ക്. ക്ലാസുകളുടെ ഇടവേളകള്‍ അവളുടെ പാട്ട് കൊണ്ട് സമ്പന്നമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടപ്പോള്‍ ഞാന്‍ ഒരു പാട്ടാണ് ചോദിച്ചത്.
ഇപ്പോള്‍ പാടാറേ ഇല്ല' എന്നായിരുന്നു അവളുടെ മറുപടി.
അതെന്താ എന്ന എന്റെ ചോദ്യത്തിന് 'ഭര്‍ത്താവിന് താല്‍പര്യം ഇല്ല' എന്ന മറുപടിയാണ് കിട്ടിയത്.
'നിന്റെ ഭര്‍ത്താവിന് പാട്ട് ഇഷ്ടമല്ലേ' -ഞാന്‍ വീണ്ടും ചോദിച്ചു.
'പിന്നേയ്, ശ്രേയാ ഘോഷലിനെയാ ഏറ്റവും ഇഷ്ടം'-അതും പറഞ്ഞു അവള്‍ ചിരിച്ചു.
എനിക്ക് അവളോട് യാതൊരു സഹതാപവും തോന്നിയില്ല. ശ്രേയ ഘോഷാലിനെ ഇഷ്ടപ്പെടുന്ന അവളുടെ ഭര്‍ത്താവിനോട് ദേഷ്യവും തോന്നിയില്ല. എങ്ങനെ ദേഷ്യം വരും? അസാധ്യ പാട്ടല്ലേ ശ്രേയയുടെ.
പക്ഷെ അതിന്റെ പേരില്‍ സ്വന്തം പാട്ടുപേക്ഷിച്ച് കളഞ്ഞ കൂട്ടുകാരിയോട് എനിക്ക് കുറച്ചു വിഷമം തോന്നി. 'ഭര്‍ത്താവിനിഷ്ടമല്ലേല്‍ അയാളുടെ മുന്നില്‍ പാടണ്ട, 'അതിനു ആ സിദ്ധി വഴിയില്‍ കളയുകയാണോ ചെയ്യുക? ഞാന്‍ ആണേല്‍ പാടും ഉറപ്പ്, മൂന്നു തരം പാടും. ഒടുവില്‍ 'നീ വല്ലപ്പോഴും പാടിക്കോ' എന്ന് പറയും വരെ പാടി കൊല്ലും.അല്ല പിന്നെ!
പലരും വഴക്ക് ഒഴിവാക്കാനാണ് കോംപ്രമൈസ് ചെയുന്നത് .
ഭര്‍ത്താവിന് സാരി ഉടുക്കുന്നതാണിഷ്ടം, മോഡേണ്‍ ഡ്രസുകള്‍ ഇഷ്ടമല്ല എന്ന ഒറ്റക്കാരണം കൊണ്ട് മനോഹരമായ ഡ്രസുകള്‍ അലമാരയില്‍ വെച്ച് പൂട്ടി എപ്പോളും സാരി പുതച്ചു നടക്കുന്ന ഒരു കക്ഷിയെ എനിക്ക് അറിയാം. ഭര്‍ത്താവ് പക്ഷെ ബര്‍മുഡയും ജീന്‍സുമേ ധരിക്കാറുളളു. അങ്ങേരെ ഞാന്‍ മുണ്ട് ഉടുത്ത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല .ഒരിക്കല്‍ നിവൃത്തി ഇല്ലാതെ ഞാന്‍ ആ കക്ഷിയോട് പറഞ്ഞു, 'ഇഷ്ടമുള്ള വസ്ത്രം ഉടുക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടനയില്‍ ഉണ്ട് ഹേ'!
'ഏതു ആര്‍ട്ടിക്കിള്‍?'
ഞാന്‍ പെട്ടു. അത്രയുമൊക്കെ തിരിച്ചു ചോദിക്കാന്‍ ആര്‍ജവമുള്ള കക്ഷി ആണ് സാരി പുതച്ചോണ്ടു നടക്കുന്നത്.
'ശരിയാണ്, തനിക്കു സാരി ആണ് ഭംഗി' എന്ന് പറഞ്ഞു ഞാന്‍ തല ഊരി.അല്ലേല്‍ ആര്‍ട്ടിക്കിള്‍ പറഞ്ഞു കൊടുക്കേണ്ടി വന്നേനെ!
പലരും വഴക്ക് ഒഴിവാക്കാനാണ് കോംപ്രമൈസ് ചെയുന്നത് . യഥാര്‍ത്ഥത്തില്‍ അത് വഴക്കല്ല.സ്വയം ശാക്തീകരണം ആണ്. ഇഷ്ടമുള്ള ഭക്ഷണം,സിനിമ, പാട്ട്, വസ്ത്രം, സംഗീതം ഇതൊക്കെ നമ്മുടെ ആത്മസംതൃപ്തിയില്‍ വരുന്ന കാര്യങ്ങള്‍ ആണ്. അതിനു വേണ്ടി ശ്രമിക്കുക. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്, സ്‌നേഹമായി സന്തോഷമായി, വ്യക്തമായി മനസിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ 99% പുരുഷന്മാരും അംഗീകരിച്ചു തരും. ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല. എങ്കിലും എനിക്കറിയാം ചിലയിടങ്ങളില്‍ ചിലര്‍ ഉണ്ട്. അവര്‍ ഇണങ്ങാത്ത പൂച്ചകുട്ടിയെ പോലെ ചീറിക്കടിക്കുമെന്നും തക്കം കിട്ടിയാല്‍ മാന്തി കീറുമെന്നും.
ലാളന കൊതിക്കുന്ന, സ്‌നേഹം കൊതിക്കുന്ന, അംഗീകാരം കൊതിക്കുന്ന ഒരു മനസുണ്ടവള്‍ക്ക്. ഏതു പ്രായത്തിലും.
ബാല്യത്തില്‍ കേട്ട ചില ചൊല്ലുകള്‍ ഉണ്ട്.
'ആണാണെങ്കില്‍ ചെളി കാണുന്നിടത്തു ചവിട്ടും, വെള്ളം കാണുന്നിടത്ത് കഴുകും. അത് പോലാണോ പെണ്ണ്?'
'ഇല വന്നു മുള്ളില്‍ വീണാലും മുള്ളു വന്നു ഇലയില്‍ വന്നാലും ഇലയ്ക്കാ കേട'്
ആദ്യത്തേതിലേക്കു വരാം'
ഏതു ചെളിയില്‍ ചവിട്ടി വന്നാലും കാല്‍ കഴുകാനുള്ള പുഴ ആണോ സ്ത്രീ ? അവള്‍ പരിശുദ്ധ ആയിരിക്കണം, പതിവ്രത ആയിരിക്കണം, ഇത് എന്ത് ന്യായം? പുരുഷന് ഒരു നീതിയും സ്ത്രീക്ക് മറ്റൊന്നുമോ? രണ്ടാളും ചെളിയില്‍ ചവിട്ടരുത് എന്നങ്ങു പറഞ്ഞു പഠിപ്പിച്ചാല്‍ ഈ കുഴപ്പം ഉണ്ടോ ?
ഇലയുടെയും മുള്ളിന്റെയും കാര്യത്തിനൊക്കെ ഒരു വ്യക്തത വന്നിട്ടുണ്ടിപ്പോള്‍.സിനിമാക്കാര്‍ തന്നെ വ്യാഖ്യാനങ്ങളൊക്കെ കൊടുത്ത് അതിനെ ഒരു പരുവമാക്കിയിട്ടുണ്ട്. എന്നാലും നല്ല കള്ളിമുള്‍ച്ചെടിയുടെ ഇല ഒക്കെ വീണാല്‍ ഒടിയാത്ത ഒരു മുള്ളുമില്ല എന്നതാണ് സത്യം
പെണ്ണിന്റെ മനസ് പെണ്ണിനോളം അറിയുന്ന ആരുമില്ല. ലാളന കൊതിക്കുന്ന, സ്‌നേഹം കൊതിക്കുന്ന, അംഗീകാരം കൊതിക്കുന്ന ഒരു മനസുണ്ടവള്‍ക്ക്. ഏതു പ്രായത്തിലും.
എന്റെ ഒരു സുഹൃത്തിന്റെ വിവാഹം കഴിഞ്ഞു അവള്‍ ആദ്യമായി അയാളുടെ ബൈക്കിനു പിന്നില്‍ കയറുകയാണ്. ലാലേട്ടന്‍ നായികമാരെയൊക്കെ ഇരുത്തി കൊണ്ട് പോകുന്ന മനോഹരമായ വിഷ്വല്‍ ഒക്കെ മനസ്സിലിട്ടു അവള്‍ പ്രിയതമന്റെ ഉദരത്തില്‍ കൈ ചുറ്റി, അങ്ങേര് ഒരു അലര്‍ച്ചയാണ്,
'ശൃംഗാരം ഒക്കെ അങ്ങ് വീട്ടില്‍, അവിടെ ഒരു വളയമുണ്ട് അതില്‍ പിടിച്ചു ഇരുന്നാ മതി'
വളയത്തില്‍ പിടിക്കാനാഞ്ഞതും അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. അവള്‍ തല അടിച്ചു താഴെ. ഒരു മാസം ആശുപത്രി വാസം മിച്ചം.
ചില പുരുഷന്മാര്‍ക്കെങ്കിലും സ്ത്രീ ഇണ ചേരാനുള്ള ഒരു ഉപകരണം മാത്രമാണ്. അത് മാത്രമാകുമ്പോള്‍ ആണ് സ്‌നേഹം കിട്ടുന്നിടത്തേക്കു ചിലപ്പോള്‍ ചാഞ്ഞു പോകുന്നത്. ജീവിതകാലം മുഴുവന്‍ യന്ത്രം പോലെ അടിമയെ പോലെ, പാവയെ പോലെ കഴിയുമ്പോള്‍ സ്ത്രീ എന്നത് ഒരു ജഡം മാത്രമാകുന്നു
'കൂടുമ്പോള്‍ ഇമ്പം ഉള്ളത് കുടുംബം'. ഇമ്പം ആണ് 'ഒച്ച' അല്ല. പരസ്പരധാരണ ഇല്ലാതെ അഭിനയം മാത്രമാകുമ്പോള്‍, കലഹങ്ങള്‍ മാത്രമാകുമ്പോള്‍ ആണ് ഒരു പരിധി വരെ വേലിചാട്ടങ്ങള്‍ നടക്കുന്നത്. ജനിച്ചു വളര്‍ന്ന നാടും വീടും വീട്ടുകാരെയും വിട്ട് ഒറ്റ ആളെ മാത്രം ആശ്രയിച്ചു വിശ്വസിച്ചു വരുന്ന ഈ ഭൂമിയിലെ ഒരേ ഒരു അത്ഭുതം സ്ത്രീ ആണ്. സ്ത്രീക്ക് ഒരു പാട് ബഹുമാനം കൊടുക്കണം എന്നോ പ്രാധാന്യം കൊടുക്കണം എന്നോ ഒന്നും വാദിക്കുന്നില്ല. അവളെ ഒന്ന് മനസിലാക്കിയാല്‍ മതി. സ്‌നേഹിച്ചാല്‍ മതി. എത്രയോ കലഹങ്ങളും കണ്ണീരും ഒഴിവാക്കാം നമുക്ക്!
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
