കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.
വിവാഹത്തിനു പുറത്തുള്ള, ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥയും വ്യത്യസ്തമല്ല എന്നാണ് ഇവിടെ ദിവ്യ രഞ്ജിത്ത് പറഞ്ഞുവെക്കുന്നത്.

നമ്മുടെ സമൂഹം ഒട്ടും മാറിയിട്ടില്ല, അല്ലെങ്കില്‍ നല്ല മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍, അത് സംഭവിക്കാന്‍ ഇനിയും ഒരു പാട് കാത്തിരിക്കേണ്ടി വരും എന്ന് മനസ്സിലാക്കാന്‍ ഒരുപാടു പിറകോട്ടൊന്നും തിരിഞ്ഞു നോക്കേണ്ട. ഈ അടുത്ത ദിവസങ്ങളില്‍ നടന്ന ചില സംഭവ വികാസങ്ങള്‍ തന്നെ അത് വെളിപ്പെടുത്തുന്നുണ്ട്. സണ്ണി ലിയോണിയുടെ വരവ് മലയാളികള്‍ നല്ലോണം ആഘോഷിച്ചു, ആള്‍ക്കൂട്ടത്തെ കണ്ടു സണ്ണിയുടെ കണ്ണ് പോലും തള്ളി പോയി. എന്നാല്‍ ഈ ആള്‍ക്കൂട്ടം അങ്ങോട്ടു ഒഴുകിയത്, അവരോടുള്ള ബഹുമാനം കൊണ്ടോ, അവരുടെ ചാരിറ്റി പ്രാവര്‍ത്തങ്ങളിലുള്ള മതിപ്പു കൊണ്ടോ, അവരുടെ സൗന്ദര്യത്തോടുള്ള ആരാധന കൊണ്ടോ, മലയാളി മാറി ചിന്തിക്കാന്‍ തുടങ്ങിയത് കൊണ്ടോ ഒന്നും അല്ലെന്നും വെറും പുച്ഛവും പരിഹാസവും മാത്രമേ അതിനു പിന്നിലുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം. സണ്ണിയുടെ വരവിനു മുമ്പും പിമ്പും ഉള്ള സോഷ്യല്‍ മീഡിയയുടെ നിലപാടുകള്‍ തന്നെ മതി ഇതൊക്കെ മനസ്സിലാക്കാന്‍.
ശാരീരികമായി ആക്രമിക്കപ്പെട്ട ഒരു സ്ത്രീ 'ഇനിയും എന്തിനാണ് എന്നെ വീണ്ടും വീണ്ടും നോവിക്കുന്നത് ? ഞാന്‍ ആത്മഹത്യ ചെയ്യുകയാണോ വേണ്ടിയിരുന്നത് ?' എന്ന്, സാക്ഷരതയുടെ കണക്കില്‍ ഊറ്റം കൊള്ളുന്ന ഒരു സംസ്ഥാനത്തെ മനുഷ്യരോട് പറയേണ്ടിവന്നിരിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ ഇത്ര ധൈര്യമായി സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ദിവസേന എന്ന വണ്ണം ഉന്നയിക്കാന്‍ മുതിരുന്നു. ഒരു പാട്രിയാര്‍ക്കിയല്‍ സൊസൈറ്റിയുടെ ശക്തമായ പിന്‍ബലം അയാള്‍ക്കുണ്ടെന്ന പൂര്‍ണ വിശ്വാസം കൊണ്ട് തന്നെ അല്ലേ അത്. ഒളിഞ്ഞും പതിഞ്ഞും പലരില്‍ നിന്നും വെളിവാകുന്ന സ്ത്രീവിരുദ്ധത അയാള്‍ പൊതുജനമധ്യത്തില്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ യാതൊരു സങ്കോചവുമില്ലാതെ വെളിപ്പെടുത്തുന്നു എന്ന് മാത്രം..
ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്
എന്തിനേറെ പറയുന്നു, ഒരു സ്ത്രീയോടുള്ള വിരോധം തീര്‍ക്കാന്‍ അവരെ കൊട്ടേഷന്‍ കൊടുത്തു റേപ്പ് ചെയ്യിച്ച നാടാണിത് . കോടതി 'one of its kind' എന്ന് വിശേഷിപ്പിച്ച കേസ്. ഇതെല്ലാം തന്നെ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ 'ഒറ്റയ്ക്കു ജീവിക്കുക' എന്ന് ഒരു സ്ത്രീ നിലപാടെടുക്കുമ്പോള്‍ അതല്ലേ 'വിവാഹിത ആകുക' എന്നതിനേക്കാള്‍ ഏറ്റവും ധീരമായ നിലപാട്. ഇവിടുന്ന് ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍, തുറിച്ചു നോട്ടങ്ങള്‍, അപവാദ പ്രചാരണങ്ങള്‍ എല്ലാത്തിനെയും തരണം ചെയ്യാനുള്ള ആത്മധൈര്യം ഉള്ള ശക്തരായ സ്ത്രീകള്‍ക്ക് മാത്രമേ അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയൂ.
പറഞ്ഞു വന്നത്, പാട്രിയാര്‍ക്കിയല്‍ സമൂഹത്തില്‍ വിവാഹിതരെ പോലെയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങളുടെ കണക്കുകള്‍ (ശാരീരിക, മാനസിക, സൈബര്‍ )എടുത്തു നോക്കിയാല്‍ അവ ഭയപെടുത്തുന്നവ തന്നെയാണ്. പ്രതികരിക്കുന്ന സ്ത്രീകളെ നിശ്ശബ്ദരാക്കാന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സമൂഹവും ആണ്. ഈ സൊസൈറ്റി തീര്‍ത്തിരിക്കുന്ന നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ അതില്‍ വിവാഹിതര്‍ എന്നോ അവിവാഹിതര്‍ എന്നോ വ്യത്യാസമില്ല നേരിടേണ്ടി വരുന്നത് പ്രശ്‌നങ്ങളുടെ നീണ്ട നിര തന്നെയാണ്. സംസ്‌കാരത്തിനും പൈതൃകത്തിനും ആചാരങ്ങള്‍ക്കും എല്ലാം പുതിയ മാനങ്ങള്‍ കല്‍പ്പിച്ചു വളരെ വിദഗ്ദമായി തന്നെ എല്ലാം സ്ത്രീവിരുദ്ധമാക്കി കഴിഞ്ഞിരിക്കുന്നു.
വിവാഹിതരാകാന്‍ പേടിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്
പരസ്പരബഹുമാനം എന്നൊരു ഫാക്ടറില്‍ അധിഷ്ഠിതമാണ് വിവാഹജീവിതത്തിന്റെ വിജയം. അതില്ലാത്തൊരു പുരുഷനാണെങ്കില്‍, പിന്നെ സാമ്പത്തികമായി സ്വതന്ത്ര ആയ സ്ത്രീയ്ക്ക് പോലും രക്ഷ ഇല്ല, അതില്ലാത്ത സ്ത്രീകള്‍ കൂടെ ആണെങ്കില്‍ പ്രശ്‌നം രൂക്ഷം ആകുന്നു. ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്ക് തടവറ സൃഷ്ടിക്കപ്പെട്ടു. പലതും പുരുഷന് അനുകൂലമാകുന്ന വിധത്തില്‍ വളച്ചൊടിച്ചു പുനര്‍സൃഷ്ടിച്ചവയാണ്. സ്ത്രീകള്‍ക്ക് മാത്രമായി വിലക്കുകള്‍, നിബന്ധനകള്‍. ചോദ്യങ്ങള്‍ക്കു ഉത്തരമായി ആചാരങ്ങളുടെയും നാട്ടു നടപ്പിന്റെയും ഒരു സെമിനാറും, പിന്നെ ഇപ്പോള്‍ പുതിയതായി ചേര്‍ത്ത ഒന്ന് കൂടെ ഉണ്ട്, കുടുംബത്തില്‍ പിറന്ന സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കില്ല! (രണ്ടു ദിവസം മുന്നേ ഇറങ്ങീതാ )
ഒരു കാര്യം ശരി തന്നെയാണ്. വിവാഹിത ആകാന്‍ പേടിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. അല്ലാതെ പുരുഷന്മാര്‍ക്ക് പേടിക്കേണ്ട കാര്യമില്ല, അവര്‍ക്കു പ്രത്യേകിച്ച് നഷ്ടം ഒന്നും ഇല്ലല്ലോ. ഇനിയിപ്പോള്‍ ഒറ്റയ്ക്കു ജീവിക്കാനുള്ള തീരുമാനത്തിലും സ്ത്രീകള്‍ക്ക് മാത്രമേ റിസ്‌ക് ഉള്ളൂ. അവിടെയും പുരുഷന്മാര്‍ക്ക് എന്ത് പ്രശ്‌നം. ഒരു കാര്യം മാത്രമേ അവരെ സംബന്ധിച്ച് പ്രശ്‌നമുള്ളൂ. വിവാഹശേഷം ഭാര്യയെ തനിക്കു തുല്യമായി കാണുന്നവര്‍ക്കും വൈവാഹിക ജീവിതത്തിന്റെ പൊതു നിയമങ്ങള്‍ക്കുള്ളില്‍ നിന്നും ഭാര്യയെ മാറ്റി നിര്‍ത്തുന്നവര്‍ക്കും ചാര്‍ത്തി കിട്ടിയേക്കാവുന്ന ഒരു പേര്, 'പെണ്‍കോന്തന്‍'.
പുരുഷന്മാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക അവകാശങ്ങളെ വിട്ടു കളയാതിരിക്കാന്‍ അവര്‍ ഏത് വിധേനയും പ്രതിരോധിക്കുക എന്നത് സ്വാഭാവികം. എതിരെ വരുന്നത് ആരാണെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഈ തീച്ചൂളയില്‍ നിന്ന് കൊണ്ടാണ് ഓരോ സ്ത്രീയും പോരാടേണ്ടി വരുന്നതും. തന്നെ പോലെ തന്നെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, തീരുമാനങ്ങളും, നിലപാടുകളും, ബന്ധങ്ങളും ഒക്കെ ഉള്ള ഒരു വ്യക്തിയായി ഓരോ പുരുഷനും അവനുള്‍പ്പെടുന്ന സമൂഹവും സ്ത്രീയെ കാണാനും ബഹുമാനിക്കാനും എന്ന് തുടങ്ങുന്നുവോ അന്ന് മാത്രമേ നമ്മളും മാറി, അതോടൊപ്പം നല്ലൊരു സമൂഹവും ജനിച്ചു എന്ന് പറയാന്‍ പറ്റൂ.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
