കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.
ചികഞ്ഞു പരിശോധിച്ചാല്‍ അവഗണനയുടെ കയ്പുരസം വില്ലനായി മാറി എന്ന് കണ്ടെത്താന്‍ പ്രയാസമില്ല`മുഹമ്മദ് കുട്ടി മാവൂര്‍ എഴുതുന്നു

ആഴത്തില്‍ പഠന വിധേയമാക്കേണ്ട, കേരളീയ സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട ഒരു സുപ്രധാന വിഷയമാണ് കുടുംബ ബന്ധങ്ങളുടെ ശൈഥില്യം. ആധുനിക ലോകക്രമത്തില്‍ ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ കഥകള്‍ തുടര്‍ക്കഥകള്‍ ആയി നിറഞ്ഞാടുമ്പോള്‍ ഈ വിഷയത്തിന് വലിയ പ്രാധാന്യമുണ്ട്.
ദാമ്പത്യത്തിന്റെ കാതല്‍ എന്നത് പരസ്പരമുള്ള പങ്കുവെക്കല്‍ ആണ്. അത് ആവശ്യപ്പെടുന്നത് ശരീരം പങ്കുവെക്കല്‍ മാത്രമല്ല. മനസ്സും ശരീരവും പങ്കു വെക്കപ്പെടുമ്പോള്‍ മാത്രമേ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ദാമ്പത്യം വിജയകരമാവൂ. എന്നാല്‍ പലപ്പോഴും പലവിധ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടോ മനപൂര്‍വ്വം തന്നെയോ പങ്കാളിയുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പോലും പലരും മുതിരുന്നില്ല. ഇതാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കാനുള്ള വഴി തുറക്കുന്നത് .
ഒരു വ്യക്തി എന്ന നിലയില്‍ താന്‍ ഒട്ടും പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലില്‍ നിന്നും ഉളവാകുന്ന നിരാശാബോധം പരിഗണന ലഭിക്കുന്ന ഭാഗത്തേക്ക് ചായാന്‍ മനുഷ്യസഹജമായ പ്രേരണ നല്‍കുന്നു. തീര്‍ത്തും നിര്‍ദ്ദോഷമായി തുടങ്ങുന്ന ഇത്തരം ചെറിയ ചെറിയ ഇടപെടലുകള്‍ പോകെ പോകെ ഒരാശ്വാസമായും ഒരത്താണിയായും രൂപപ്പെടുന്നതിലേക്ക് നയിക്കപ്പെടുകയും ഒടുവില്‍ തിരുത്താനാവാത്ത വിധം അല്ലെങ്കില്‍ പിന്തിരിയാന്‍ കഴിയാത്ത വിധം 'കെണി'യില്‍ അകപ്പെടുകയും ചെയ്യുന്നു .
സാമൂഹ്യമായ നിരവധി ഘടകങ്ങള്‍ ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും പ്രഥമവും പ്രധാനവുമായത് ദമ്പതികള്‍ തമ്മിലുള്ള മാനസികമായ അകല്‍ച്ച തന്നെയാണ്. ഓരോരുത്തര്‍ക്കും നിരത്തി വെക്കാന്‍ നിരവധി കാരണങ്ങള്‍ കാണുമെങ്കിലും ചികഞ്ഞു പരിശോധിച്ചാല്‍ അവഗണനയുടെ കയ്പുരസം വില്ലനായി മാറി എന്ന് കണ്ടെത്താന്‍ പ്രയാസമില്ല.
പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു ദാമ്പത്യമോ കുടുംബമോ ലോകത്തെവിടെയും കാണാന്‍ കഴിയില്ല. പരസ്പര ആശയ വിനിമയത്തിലൂടെ, ചര്‍ച്ചയിലൂടെ ഉപദേശങ്ങളിലൂടെ, സ്‌നേഹ ശാസനകളിലൂടെ അവ പരിഹരിക്കുന്നതിലാണ് ദാമ്പത്യത്തിന്റെ കാതല്‍ നിലകൊള്ളുന്നത്. പരസ്പര വിട്ടുവീഴ്ചയിലൂടെ സ്‌നേഹിക്കാന്‍ പഠിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാതിരിക്കും.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
