പണക്കാര്‍ ഗര്‍ഭച്ഛിദ്രം നടത്തും, പാവങ്ങള്‍ മരിക്കും' എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളുമായാണ് മാര്‍ച്ച്
റിയോ ഡി ജനീറ: ഗർഭഛിദ്രം നിയമത്തിന്റെ പരിധിയില് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബ്രസീലില് നൂറുകണക്കിന് സ്ത്രീകളുടെ പ്രതിഷേധ മാര്ച്ച്. അര്ജന്റീനയും നേരത്തെ ഇതേ ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെ തുടര്ന്ന് ആദ്യത്തെ പതിനാല് ആഴ്ചകളില് ഗര്ഭച്ഛിദ്രമാവാമെന്ന് അധോസഭയില് ബില്ല് പാസാക്കിയിരുന്നു.
'പണക്കാര് ഗര്ഭച്ഛിദ്രം നടത്തും, പാവങ്ങള് മരിക്കും' എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളുമായാണ് സ്ത്രീകള് റിയോ ഡി ജനീറോയിലേക്ക് മാര്ച്ച് സംഘടിപ്പിച്ചത്. 'സ്ത്രീകള്ക്ക് ഗര്ഭച്ഛിദ്രത്തിനുള്ള നിയമാനുമതി നല്കണം. ഒരു സ്ത്രീയേയും അമ്മയാവാന് നിര്ബന്ധിക്കാന് ആര്ക്കും അവകാശമില്ലെ'ന്നും പ്രതിഷേധത്തില് പങ്കെടുത്ത ടിന ടിഗാരി പറഞ്ഞു. ആശുപത്രികളില് സുരക്ഷിതരായി ഗര്ഭച്ഛിദ്രം നല്കാനുള്ള നിയമാനുമതിയാണ് തങ്ങള്ക്ക് വേണ്ടതെന്നും ഇവര് പറയുന്നു.
കഴിഞ്ഞ വര്ഷം ഒരു സ്ത്രീ ഗര്ഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു. അവരുടെ സാമ്പത്തികസ്ഥിതിയും മാനസികനിലയും ഒരു കുഞ്ഞിനെ സ്വീകരിക്കാന് പ്രാപ്തമല്ലെന്ന് കാണിച്ചായിരുന്നു ഇത്. ആഗസ്റ്റില് അധോ സഭയും വിഷയം ചര്ച്ച ചെയ്തിരുന്നു. നിലവില് മൂന്ന് പ്രത്യേക ഘട്ടങ്ങളില് ബ്രസീലില് ഗര്ഭച്ഛിദ്രം നടത്താനുള്ള അവകാശമുണ്ട്. അമ്മയുടെ ജീവന് അപകടത്തിലായാല്, കുഞ്ഞിന്റെ തലച്ചോറിന് വളര്ച്ചയില്ലാതായാല്,സ്ത്രീ ബലാത്സംഗത്തിലാണ് ഗര്ഭിണിയായതെങ്കില്. കണക്കുകള് കാണിക്കുന്നത് ലാറ്റിന് അമേരിക്കന് രാജ്യങ്ങളില് 400,000 മുതല് 800,000 വരെ ഗര്ഭച്ഛിദ്രങ്ങള് നിയമവിരുദ്ധമായി നടക്കുന്നുണ്ടെന്നാണ്.
