സാധാരണ മനോനിലയിലുള്ളവർക്ക് വളരെ എളുപ്പമെന്നും സ്വാഭാവികമെന്നും തോന്നുന്ന പല കാര്യങ്ങളും വിഷാദം ബാധിച്ചിരിക്കുന്നവർക്ക് ബാലികേറാമലയായി തോന്നും... ഉത്കണ്ഠാ രോഗങ്ങൾക്കും വിഷാദത്തിനും അടിപ്പെട്ടിരിക്കുന്നവരുടെ ഉള്ളിൽ പുറത്തേക്ക് ഒട്ടും കാണാനാവാത്ത പല സംഘർഷങ്ങളും നടക്കുന്നുണ്ടാവും.
നിങ്ങളുടെ നാവിൽ നിന്നും അനായാസം വീണുപോവുന്ന ഒരു വാക്കാണത്. നിങ്ങളെ സംബന്ധിച്ചിടത്തോളം നിർദ്ദോഷകരമായ, വെറും രണ്ടക്ഷരങ്ങൾ മാത്രമുള്ള ഒരു വാക്ക്. അതു പക്ഷേ, വിഷാദം മുറ്റി നിൽക്കുന്നയാളിൽ ഉണ്ടാക്കുന്ന പ്രതികരണം വളരെ മോശമായിരിക്കും. ഏതാണാ വാക്ക്..?
വിഷാദത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന നിങ്ങളെപ്പറ്റി ഒന്നോർത്തുനോക്കൂ. കിടക്കവിട്ട് എണീക്കാൻ മനസ്സുവരാത്ത ആ ദിവസങ്ങൾ. ബെഡ് ഷീറ്റിന്റെ ബന്ധനത്തിൽ നിന്നും അവനവനെ വേർപെടുത്തി ഒന്ന് എണീറ്റിരിക്കുക എന്നത് ചെരുപ്പിടാതെ ഹിമാലയം കേറുന്നതിൽ കുറഞ്ഞൊന്നുമല്ല. ഓർത്തിരിക്കാതെ പെട്ടെന്ന് നിങ്ങളുടെ നെഞ്ച് പടപടപടാന്ന് പെരുമ്പറയടിക്കാൻ തുടങ്ങും. കാരണമില്ലാതെ ഒരു ഉത്കണ്ഠ നിങ്ങളുടെ മനസ്സിൽ നിറയും. വീർപ്പുമുട്ടാൻ തുടങ്ങും നിങ്ങൾക്ക്. ഒരു കരച്ചിൽ വന്നു തൊണ്ടക്കുഴിയിൽ തടഞ്ഞു നിൽക്കും.
ഇനി നിങ്ങൾ മേല്‍പറഞ്ഞ സാഹചര്യത്തിലേക്ക് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് കടന്നുവരുന്നതായി സങ്കൽപ്പിക്കുക. അയാളുടെ ഉദ്ദേശ്യം നമ്മളെ സന്തോഷിപ്പിക്കുക എന്നത് മാത്രമായിരിക്കും. ഇങ്ങനെ ഒരു നേരത്ത് എന്തുപറയണം എന്ന് തിട്ടമില്ലാതെ അയാൾ പറയുന്നു, " നീ ചുമ്മാ എണീറ്റ് ഒന്നു വർക്ക്ഔട്ട് ചെയ്തു നോക്ക്...", " ഒന്നും വേണ്ട... ചുമ്മാ, നീ രണ്ട് ഡീപ്പ് ബ്രീത്ത് എടുത്തേ... എന്നിട്ട് ചുമ്മാ റിലാക്സ് ചെയ്തു നോക്കിക്കേ..."
'ചുമ്മാ...' - ആ രണ്ടക്ഷരം മാത്രമുള്ള വാക്ക് കേൾക്കുമ്പോൾ എത്ര നിർദ്ദോഷമായ ഒരു വാക്കാണ്. പക്ഷേ, ഒരു വിഷാദ രോഗിയ്ക്ക് ആ വാക്കുകേൾക്കുമ്പോൾ വരുന്നത് അടക്കാനാവാത്ത കലി മാത്രമാവും. കാരണം 'ചുമ്മാ' എന്ന ആ വാക്കിന് പിന്നാലെ വരുന്ന പ്രവൃത്തികൾ - റിലാക്സ് ചെയ്യുക, അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യാൻ പോവുക എന്നതൊക്കെ - വളരെ എളുപ്പമുള്ള അല്ലെങ്കിൽ അത്രയ്ക്ക് സങ്കീർണ്ണമല്ലാത്ത കാര്യങ്ങളാണ് എന്നൊരു ധ്വനിയുണ്ട്. ഡിപ്രഷൻ ബാധിച്ചിരിക്കുന്ന ഒരാൾക്ക് അതൊന്നും അങ്ങനെ അല്ലേയല്ല എന്ന് വിദഗ്ധർ പറയുന്നു.
"വിഷാദം ബാധിച്ചിരിക്കുന്നവർക്ക് സാധാരണ മനോനിലയിലുള്ളവർക്ക് വളരെ എളുപ്പമെന്നും സ്വാഭാവികമെന്നും തോന്നുന്ന പല കാര്യങ്ങളും ബാലികേറാമലയായി തോന്നും... ഉത്കണ്ഠാ രോഗങ്ങൾക്കും വിഷാദത്തിനും അടിപ്പെട്ടിരിക്കുന്നവരുടെ ഉള്ളിൽ പുറത്തേക്ക് ഒട്ടും കാണാനാവാത്ത പല സംഘർഷങ്ങളും നടക്കുന്നുണ്ടാവും. അവരുടെ ഉള്ളിൽ നടക്കുന്ന ചിന്തകളുടെ ഗ്രാവിറ്റി അവരുടെ ഏകാഗ്രത മൊത്തമായും ആവശ്യപ്പെടുന്ന ഒന്നായിരിക്കും. അതിന്റെ കൂടെ ചുറ്റും നടക്കുന്ന സാധാരണ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ചിലപ്പോൾ അവർക്കു കഴിഞ്ഞു കൊള്ളണമെന്നില്ല.." മിഷിഗൺ സർവകലാശാലയിലെ പ്രൊഫസറായ എലിസബത്ത് ഡ്യുവൽ പറയുന്നു.
"അത്രയും പറഞ്ഞതിൽ നിന്ന് ആ ഒരു വാക്കുമാത്രം അടർത്തിയെടുത്തോ..? " എന്ന് നമുക്ക് നിസ്സാരമായി തോന്നാം. പക്ഷേ, അവരോട് നമ്മൾ പറയുന്നത്തിലെ ഓരോ വാക്കുകൾക്കും നമ്മൾ കരുതുന്നതിനേക്കാൾ ഭാരം അനുഭവപ്പെടും അവർക്ക്. ഉപയോഗിക്കുന്ന വാക്കുകൾ പ്രധാനമാണ്. 'ചുമ്മാ' പോയി ഒരു ബൈപ്പാസ് സർജ്ജറി ചെയ്തിട്ട് വാ എന്ന് പറയുമോ നമ്മൾ? ഇല്ലല്ലോ?
ഇത്രയും പറഞ്ഞതിന്റെ അർത്ഥം, വിഷാദത്തിലിരിക്കുന്ന നമ്മുടെ സ്നേഹിതരോട് ഒന്നും പറയേണ്ട എന്നല്ല. പറയണം. പക്ഷേ, പറയുമ്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന വാക്കുകൾ വളരെ സൂക്ഷിക്കണം.
മനഃശാസ്ത്ര വിദഗ്ധർ നിർദ്ദേശിക്കുന്ന ചില വാചകങ്ങൾ ഇതാ..
1. "എനിക്ക് നിന്റെ കാര്യത്തിൽ കൺസേൺ ഉണ്ട്... " : നമ്മൾ നമ്മുടെ സ്നേഹിതരുടെ കാര്യത്തിൽ ശ്രദ്ധാലുക്കളാണ് എന്ന തിരിച്ചറിവ് ആശ്വാസം പകരും പലപ്പോഴും. "നിന്റെ വിഷാദത്തിൽ നിന്നും ഞാൻ ഓടിപ്പോവില്ല. നിന്റെ കൂടെ ഉണ്ടാവും എന്നും" എന്ന സന്ദേശം അവർക്ക് നൽകേണ്ടത് അത്യാവശ്യമാണ്.
2. "പറയുന്നത്ര എളുപ്പമല്ല എന്നറിയാം, എന്നാലും..." : ഇതേ വാക്കുകൾ തന്നെ ഉപയോഗിക്കണം എന്നല്ല. എന്നാലും, എന്തെങ്കിലും ചെയ്യാൻ ആജ്ഞാപിക്കുന്നതിനു പകരം അവരെ നമ്മുടെ കൂടെ എന്തിനെങ്കിലും കൂട്ടിക്കൊണ്ടുപോവുന്നതാവും നല്ലത്. ഉദാ. " നിനക്കെണീറ്റ് എക്സർസൈസ് ചെയ്താലെന്താ..? " എന്ന ചോദ്യത്തിന് പകരം " ബാ.. നമുക്ക് ഒന്ന് നടന്നിട്ടുവരാം..." എന്നുള്ള ക്ഷണമാവും കൂടുതൽ ആശ്വാസകരം. ഇനി ഉപദേശം കൊടുത്തേ ഒക്കൂ എന്നുണ്ടെങ്കിൽ " ഞാൻ എനിക്ക് തോന്നിയ ചില സജഷൻസ് പറയാം.. ഫലമുണ്ടാവുമോ എന്നറിയില്ല.. " എന്ന രീതിയിൽ അവതരിപ്പിക്കാം..
3. "എനിക്ക് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ? " - സഹായത്തിന് നമ്മൾ എന്നും കൂടെയുണ്ട് എന്ന ഉറപ്പ് എന്തുകൊണ്ടും ആശ്വാസം പകരും വിഷാദം അനുഭവിക്കുന്നവർക്ക്.
4. "എനിക്ക് നിന്റെ ...................... സ്വഭാവം ഒരുപാടിഷ്ടമാണ്... " :അവരുടെ നന്മകളെക്കുറിച്ച്, നിങ്ങൾക്ക് ഇഷ്ടമുള്ള അവരുടെ സ്വഭാവത്തിന്റെ ഏതെങ്കിലും അംശത്തെക്കുറിച്ച് സംസാരിച്ച് അവർക്ക് പോസിറ്റിവ് എനർജി പകരാൻ ശ്രമിക്കണം.
5. "നമുക്ക് നമ്മുടെ ഡോക്ടർ സാബിനെ ഒന്ന് കണ്ടിട്ട് വന്നാലോ... ?" : ഈയൊരു കാര്യം അവരെ പ്രകോപിപ്പിക്കാതെ ഇടവിട്ടിടവിട്ട് അവരെ ഓർമിപ്പിച്ചുകൊണ്ടിരിക്കണം. പലവട്ടം പറഞ്ഞാലേ അവർ അതിന് തയ്യാറാവൂ. വിഷാദത്തിന്റെ വാരിക്കുഴിയിൽ വീണുകിടക്കുമ്പോൾ പരിശീലനം സിദ്ധിച്ച അറിവുള്ള ഒരു പ്രൊഫഷണലിന്റെ സഹായം തേടുന്നത് വളരെ ഗുണം ചെയ്യും. അവർ ചിലപ്പോൾ വളരെ എളുപ്പത്തിൽ മനസിനുള്ളിൽ വീണുകിടക്കുന്ന മുള്ളുകൾ പെറുക്കിയെടുത്തു കളഞ്ഞ് സങ്കടം മാറ്റിയെടുക്കും.
ചുരുക്കത്തിൽ, വിഷാദം അനുഭവിക്കുന്നവർ കടന്നുപോവുന്ന സാഹചര്യം നമ്മൾ ആദ്യം മനസ്സിലാക്കണം. അവർക്ക് ചിലപ്പോൾ ചത്തുകളയാൻ തോന്നും. ഇല്ലെങ്കിൽ പഴന്തുണിപോലെ ചുരുണ്ടുകൂടിക്കിടക്കാനും. അതിൽ നിന്നൊക്കെ അവരെ കരകയറ്റുക എന്നതാണ് പ്രധാനം. അത്, നമ്മൾ വിചാരിക്കുന്നപോലെ, ചുമ്മാ അങ്ങ് ചെയ്യാൻ പറ്റുന്ന കാര്യമല്ല..
courtesy: huffington post
