ഭക്ഷണം കഴിക്കാനായി മൂന്നു മിനിറ്റ് നേരത്തെ ഇറങ്ങി പിഴയും താക്കീതും

ജപ്പാനില്‍ മൂന്ന് മിനിറ്റ് നേരത്തെ ഭക്ഷണം കഴിക്കാനിറങ്ങിയ ഉദ്യോഗസ്ഥന് പിഴയും താക്കീതും. കോബെയിലാണ് സംഭവം. ജല അതോറിറ്റിയിലാണ് 64കാരനായ ഇയാള്‍ ജോലി ചെയ്യുന്നത്. 

ഉച്ചഭക്ഷണസമയം ഒരു മണിയാണ്. അതിന് മൂന്നു മിനിറ്റ് മുമ്പ് ഇയാള്‍ ഭക്ഷണം വാങ്ങിക്കാനായി പോയി. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ ഇങ്ങനെ മിനിറ്റുകള്‍ നേരത്തെ ഇറങ്ങിയത് കണക്കു കൂട്ടിയാല്‍ അയാള്‍ 26 മിനിറ്റ് ജോലി ചെയ്യാതിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആ ഉദ്യോഗസ്ഥന്‍റെ പെരുമാറ്റം നിരാശപ്പെടുത്തുന്നതായിരുന്നുവെന്നുമാണ് മേലുദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഏതായാലും ജപ്പാനില്‍ വന്‍ ചര്‍ച്ചക്കാണ് സംഗതി വഴി വെച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന തരത്തിലുള്ള ജോലിസമയം കുറക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സംഗതി ചര്‍ച്ചയായി. ഇങ്ങനെയാണെങ്കില്‍ സിഗരറ്റ് വലിക്കാന്‍ പോകുന്നതിനെന്ത് ന്യായീകരണമുണ്ടെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ വാഷ്റൂമില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണല്ലോ എന്നാണ് മറ്റൊരാളുടെ ചോദ്യം.