ലോകത്തിലെ തന്നെ ആദ്യത്തെ ഭൂഗർഭ ഹോട്ടലാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്. ഇന്റർ കോണ്ടിനെന്റൽ ഷാംഗ്ഹായ് വണ്ടർലാന്റ് എന്നാണ് ഈ ഹോട്ടൽ സമുച്ചയത്തിന്റെ പേര്.
മലമുകളിലും കടലിനടിയിലും ആഡംബര ഹോട്ടലുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു കരിങ്കൽ ക്വാറി കണ്ണഞ്ചിപ്പിക്കുന്ന ഒരു ആഡംബര ഹോട്ടലായി മാറിയിരിക്കുന്ന കാഴ്ച ചൈനയിൽ കാണാൻ സാധിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ഭൂഗർഭ ഹോട്ടലാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്. ഇന്റർ കോണ്ടിനെന്റൽ ഷാംഗ്ഹായ് വണ്ടർലാന്റ് എന്നാണ് ഈ ഹോട്ടൽ സമുച്ചയത്തിന്റെ പേര്.
നവംബർ 15 മുതൽ ഈ ഹോട്ടൽ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. ഷാംഗ്ഹായിൽ നിന്ന് തെക്ക് പടിഞ്ഞാറായാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. നവംബർ മാസത്തിൽ തന്നെ ഹോട്ടലിന്റെ റൂമുകളെല്ലാം ഓരോരുത്തരായി ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു. ഇനി ഡിസംബർ 2 ന് ശേഷം മാത്രമേ മുറികളുണ്ടാകൂ എന്ന് ഹോട്ടൽ അധികൃതർ പറയുന്നു. എക്സിക്യൂട്ടീവ് മുറികൾക്ക് വാടക 39000 രൂപയാണ്. ഷാംഗ്ഹായിലെ സോംഗ്ജിയാംഗ് ജില്ലയിലാണ് ഈ ഹോട്ടൽ.
336 മുറികളുള്ള ഹോട്ടലിനുള്ളിൽ സന്ദർശകരുടെ മനം കവർന്ന് ഒരു സ്വാഭാവിക വെള്ളച്ചാട്ടവുമുണ്ട്. ഇവിടെ താമസിക്കാനെത്തുന്നവർക്ക് പാറക്കൂട്ടത്തിന് മുകളിൽ നടക്കാനും കയാക്കിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ദ് ക്വാറി ബാർ എന്ന് പേരുള്ളൊരു ബാറുമുണ്ട്. സ്വാഭാവികമായ പ്രകൃതി സൗന്ദര്യവും അതിനൊപ്പം ആധുനിക സൗകര്യവും അതിഥികൾക്ക് ഒരുക്കുകയാണ് ഈ ഹോട്ടലിന്റെ ലക്ഷ്യമെന്ന് ഓദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.
