സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തില്‍ ആശയവിനിമയത്തിന് ടെലിഫോണോ ഇന്റര്‍നെറ്റോ ഇല്ല പോസ്റ്റോഫീസ് കാണാന്‍ നിരവധി സഞ്ചാരികളെത്താറുണ്ട് 

കത്തെഴുതാന്‍ ഇഷ്ടമാണ്. കത്ത് വായിക്കാനും ഇഷ്ടമാണ്. ആ കത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയൊരു പോസ്റ്റോഫീസില്‍ നിന്നാണെങ്കിലോ? അങ്ങനെയൊരു പോസ്റ്റോഫീസുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തില്‍. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ, ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം എന്ന ഗ്രാമം. 1983 -ല്‍ ആരംഭിച്ച പോസ്റ്റോഫീസാണ് ഹിക്കിമിലേത്. അതാണ് ലോകത്തിലേക്കും ഉയരം കൂടിയ പോസ്റ്റോഫീസ്! തുടങ്ങിയതു മുതല്‍ ഇവിടെ ഒരേയൊരു പോസ്റ്റ്മാനേയുള്ളു റിന്‍ചെന്‍ ചെറിംഗ്.

161 പേര്‍ മാത്രമുള്ളൊരു കുഞ്ഞുപട്ടണം. ടെലിഫോണോ ഇന്റര്‍നെറ്റോ ഇല്ല. കത്തല്ലാതെ ആശയവിനിമയത്തിന് മറ്റ് മാര്‍ഗങ്ങളില്ല. അവിടെ, തന്റെ ഇരുപത്തിരണ്ടാമത്തെ വയസിലാണ് റിന്‍ചെന്‍ ചെറിംഗ് പോസ്റ്റുമാനായി സേവനം തുടങ്ങുന്നത്. അതിപ്പോഴും തുടരുന്നു. താഴ്‌വരയിലെ മറ്റ് പോസ്റ്റോഫീസുകളെ പോലെ തന്നെ മഞ്ഞുകാലമാകുമ്പോള്‍ ആറുമാസക്കാലം ഈ പോസ്റ്റോഫീസും അടച്ചിടും.

കോമിക് മൊണാസ്ട്രിയില്‍ നിന്നും ബുദ്ധ സന്ന്യാസികള്‍ തീര്‍ത്ഥാടനത്തിന് വേണ്ടി പോകാനുള്ള പാസ്‌പോര്‍ട്ടിനും, കര്‍ഷകര്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുടങ്ങാനും, സഞ്ചാരികള്‍ പോസ്റ്റ്കാര്‍ഡുകള്‍ അയക്കാനും ഇവിടെയെത്തും. രണ്ട് അഞ്ചലോട്ടക്കാര്‍, കത്തുകള്‍ ഹിക്കിമില്‍ നിന്നും ഖാസയിലേക്ക് എല്ലാ ദിവസവും രാവിലെ നടന്നു ചെന്നെത്തിക്കും. അവിടെ നിന്ന് ബസ് വഴി റോക്കോംഗ് പിയോയില്‍ നിന്ന് ഷിംലയിലേക്കും, ട്രെയിന്‍ മാര്‍ഗം കല്‍ക്കട്ടയിലേക്കും, വീണ്ടും ബസ് വഴി ഡല്‍ഹിയിലേക്കും തുടര്‍ന്ന് ട്രെയിന്‍ വഴിയോ വിമാനം വഴിയോ കാത്തിരിക്കുന്നവരുടെ കയ്യിലുമെത്തും.

ഏതായാലും ലോകത്തിലെ ഉയരം കൂടിയ പോസ്റ്റോഫീസ് കാണാന്‍ നിരവധി സഞ്ചാരികളെത്താറുണ്ട്.