സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പാക്കിസ്താനിലെ സദാചാരവാദികളെ ഞെട്ടിച്ച ക്വന്ദീല് ബലോച് എന്ന 26-കാരി സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ അരുംകൊല ചെയ്യപ്പെട്ടത് 2016 ജുലൈ 15-നാണ്. പിറ്റേന്ന് അവരുടെ സഹോദരന് മുഹമ്മദ് വസീം അറസ്റ്റിലായി. കുടുംബത്തിന്റെ മാനംകളഞ്ഞ സഹോദരിയെ താന്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ കൊലചെയ്തതാണെന്ന് കുറ്റസമ്മതം നടത്തിയ ഇയാളെ മൂന്നു വര്‍ഷത്തിനുശേഷം 2019-ല്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അതു കഴിഞ്ഞ് കഷ്ടിച്ച് മൂന്നു വര്‍ഷങ്ങള്‍. ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 പാക്കിസ്താന്‍കാരില്‍ ഒരാളായ ക്വന്ദീല് ബലോച് കൊല്ലപ്പെട്ട് ആറു വര്‍ഷമാവുമ്പോള്‍, പ്രതിയായ സഹോദരനെ ലാഹോര്‍ ഹൈക്കോടതി വെറുതെവിട്ടു. പാക് കോടതിയും നിയമസംവിധാനങ്ങളും പൊലീസുമെല്ലാം ഒത്തുകളിച്ചാണ് ഈ ക്രൂരതയെന്ന വിമര്‍ശനങ്ങള്‍ക്കിടെ, ലോകം വീണ്ടും ആ യുവതിയെ ഓര്‍ക്കുകയാണ്. പാക് യുവാക്കളുടെ മനസ്സുകളില്‍ തീ കോരിയിട്ട ആ സോഷ്യല്‍ മീഡിയാ താരത്തെ. അവരുടെ കഥയാണിത്.