പിതാവ് ആർമ്മിയിലായിരിക്കുന്ന കാലത്താണ്. ഞങ്ങൾ നാഗാലാൻഡിലായിരുന്നു അന്ന് താമസിച്ചിരുന്നത്. ആ കാലഘട്ടത്തിലാണ് ബുധിനി എന്റെ ജീവിതത്തിലേക്ക് വരുന്നത്.
വളരെ വളരെ വർഷങ്ങൾക്ക് മുമ്പ് തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കയറിവന്നൊരു പെൺകുട്ടി. ഒരു മലയാളി കുടുംബത്തിലേക്ക് കയറിവന്ന ആ ബിഹാറി പെൺകുട്ടി വീട്ടിലൊരംഗമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. തെരുവിൽ യാചിച്ചു കൊണ്ടിരുന്ന അവൾക്ക് ഒരു വലിയ മനുഷ്യൻ നൽകിയത് കിടന്നുറങ്ങാൻ ഒരിടം മാത്രമായിരുന്നില്ല, സ്നേഹമുള്ളൊരു കുടുംബത്തെ തന്നെയായിരുന്നു. എന്നാൽ, വിധി വീണ്ടും ആ പെൺകുട്ടിയെ കൊണ്ടുചെന്നെത്തിച്ചത് മറ്റൊരിടത്തായിരുന്നു. അവളെ എത്രകാലം കഴിഞ്ഞിട്ടും മറക്കാനാവാത്തയിടത്തു നിന്നുമാണ് സ്മിത നായരുടെ നോവൽ പിറക്കുന്നത് -The Journey Behind Those Sparkling Eyes. പുസ്തകത്തെ കുറിച്ച് സ്മിത നായർ സംസാരിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെയൊരു കഥ
നമ്മുടെ ജീവിതത്തിൽ ചില അനുഭവങ്ങളൊക്കെയുണ്ടാകില്ലേ? വെറുമൊരു ഓർമ്മ മാത്രമായി ഒതുങ്ങിപ്പോകാൻ പാടില്ലാത്തത്രയും പ്രിയപ്പെട്ട ചില അനുഭവങ്ങൾ. അതിലൊന്നാണ് എനിക്ക് അവളുടെ ഓർമ്മ. ബുധിനി അതായിരുന്നു ആ ബിഹാറി പെൺകുട്ടിയുടെ പേര്. എന്റെ ബാല്യകാലത്തിന്റെ ഭാഗമായിരുന്നു അവൾ. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും അവളുടെ ഓർമ്മകൾ എന്നിൽ മായാതെ നിൽക്കുന്നുണ്ട്. ഒടുവിൽ ആ അനുഭവം നോവലായി എഴുതാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. എന്റേത് മാത്രമായ ആ അനുഭവത്തിനുമപ്പുറത്തേക്ക് അവളെയെത്തിക്കാൻ, മറ്റ് മനുഷ്യർ കൂടി അവളുടെ കഥയറിയാൻ. അങ്ങനെയാണ് The Journey Behind Those Sparkling Eyes എഴുതിത്തുടങ്ങുന്നത്.
നമ്മുടെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ വരുത്താൻ ചെറിയ ചില കരുണകൾ മതിയാകും. അതെന്റെ വായനക്കാരും അറിയണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ലോകത്തെ മുഴുവൻ മാറ്റാനോ എല്ലാവരെയും സഹായിക്കാനോ നമുക്ക് കഴിയില്ലായിരിക്കാം. എന്നാൽ, ഒരാളുടെയെങ്കിലും ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടാക്കാൻ നമുക്ക് തീർച്ചയായും സാധിക്കും എന്ന് പറയാനാണ് ഈ പുസ്തകത്തിലൂടെ ഞാൻ ശ്രമിച്ചത്.
ബുധിനി ജീവിതത്തിലേക്ക് വരുന്നു
എന്റെ പിതാവ് ആർമ്മിയിലായിരിക്കുന്ന കാലത്താണ്. ഞങ്ങൾ നാഗാലാൻഡിലായിരുന്നു അന്ന് താമസിച്ചിരുന്നത്. ആ കാലഘട്ടത്തിലാണ് ബുധിനി എന്റെ ജീവിതത്തിലേക്ക് വരുന്നത്. ഞാനന്നൊരു സ്കൂൾകുട്ടിയാണ്. അവളുമായി വളരെ പെട്ടെന്നാണ് ഞങ്ങൾ അടുത്തത്. എന്നെക്കാൾ കുറച്ച് ഇളപ്പമായിരിക്കണം അവൾ. വന്ന അന്ന് മുതൽ അവൾ ഞങ്ങളിലൊരാളായി മാറി. ഒടുവിൽ, നോവലിൽ എഴുതിയതുപോലെ അവൾക്ക് ഞങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. എന്നാൽ, അവൾ പോയിട്ടും അവളുടെ ഓർമ്മകൾ എന്നെ വിട്ട് പോയില്ല. മനസ്സിൽ നിന്നും ബുധിനി മായാതെയായപ്പോഴാണ് ഞാനീ പുസ്തകം എഴുതാമെന്ന് കരുതുന്നത് തന്നെ.
അവളിപ്പോൾ എവിടെയാവും?
നാട്ടിലേക്ക് വന്ന ശേഷം ബുധിനിയെ ഞാൻ കണ്ടിട്ടില്ല. എന്നെങ്കിലും എവിടെ വച്ചെങ്കിലും അവളെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞെങ്കിലെന്ന്, അവളെങ്ങനെയിരിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അവളെ കുറിച്ചോർത്ത് ഇടയ്ക്ക് വേദനിക്കാറുണ്ട്. അതുകൊണ്ട് കൂടിയാവണം ഞാൻ ഈ പുസ്തകം എഴുതിത്തുടങ്ങിയതും.
എഴുത്തിന്റെ വഴിയില്
അധ്യാപികയായിട്ടാണ് ജോലി ചെയ്തിരുന്നത്. എന്നാല്, എഴുതാനും കഥ പറയാനും ഇഷ്ടമായതിനാല് ഇപ്പോള് കണ്ടന്റ് റൈറ്ററാണ്.
