2020-21 സാമ്പത്തിക വർഷത്തേക്ക് കേരളത്തിനായിട്ടുള്ള കേന്ദ്ര വിഹിതത്തിൽ 1164.41 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 20l9 - 20 ൽ 16,40l.05 കോടി ആയിരുന്നു കേരളത്തിനുള്ള കേന്ദ്ര വിഹിതമെങ്കിൽ 2020 - 21 ൽ അതു  15, 236.44 കോടിയായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കിയതാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുവാനുള്ള കാരണമായത്. ഈ സാഹചര്യത്തിൽ എന്താണ് ധനകാര്യ കമ്മിഷനെന്നും എന്തുകൊണ്ടാണ് കേരളത്തിന്റെ വിഹിതം കുറഞ്ഞതെന്നും പരിശോധിക്കാം.

എന്താണ് ധനകാര്യ കമ്മിഷൻ?

ധനകാര്യ കമ്മിഷൻ ഒരു സ്വന്തത്ര ഭരണഘടന സ്ഥാപനമാണ്. അതുകൊണ്ട് തന്നെ നീതി ആയോഗ് പോലുള്ള മറ്റു സ്ഥാപനങ്ങളേക്കാൾ അധികാരവും ധനകാര്യ കമ്മിഷനുണ്ട്. ധനകാര്യ കമ്മിഷന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്.

നമ്മുടെ ഭരണഘടന കൂടുതൽ ധനവിഭവങ്ങൾ കേന്ദ്രത്തിനാണ് നല്കിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്കു അവർക്കു അനുവദിച്ച വിഭവങ്ങളേക്കാൾ കൂടുതൽ ചിലവുകളുണ്ട്. സ്വാതന്ത്ര ലബ്ധിയുടെ കാലത്ത് നിലനിന്ന പല പ്രാദേശിക വാദങ്ങളെ നിയന്ത്രിക്കാനും പണത്തിനായി സംസ്ഥാനങ്ങൾ കേന്ദ്രത്തെ ആശ്രയിക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ഭരണഘടനയിൽ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത് എന്നു വേണം അനുമാനിക്കാൻ. കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിന്റെ നിശ്ചിത വിഹിതം സംസ്ഥാനങ്ങൾക്കായി നല്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർണ്ണയിക്കുക എന്നതാണു ധനകാര്യ കമ്മിഷന്റെ പ്രധാന ഉത്തരവാദിത്തം.

2017 നവംബറിൽ എൻ.കെ സിങ് അധ്യക്ഷനായികൊണ്ടുള്ള നാലംഗ പതിനഞ്ചാം ധനകാര്യ കമ്മിഷൻ രൂപീകരിച്ചു. 2020 - 21 മുതൽ 2025-26 വരെ കേന്ദ്ര നികുതി വിഹിതം സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷൻ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ഇതു പ്രകാരം കേന്ദ്ര സർക്കാരിന്റെ നികുതി വിഹിതത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്കായി നല്ക്കേണ്ടതുണ്ട്. പതിനാലാം ധനകാര്യ കമ്മിഷൻ പ്രകാരം ഇത് 42 ശതമാനം ആയിരുന്നു. 

കേന്ദ്ര വിഹിതം സംസ്ഥാനങ്ങൾ തമ്മിൽ വിതരണം ചെയ്യുവാൻ പതിനഞ്ചാം ധനകാര്യ കമ്മിഷൻ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ. 

ജനസംഖ്യ (2011)            - 15%
വിസ്തീർണ്ണം                   - 15%
വനമേഖല/പച്ചപ്പ്           - 10%
ആളോഹരി ആഭ്യന്തര വരുമാനം - 45%
ജനസംഖ്യ നിയന്ത്രണം  - 12 %
നികുതി ക്ഷമത.               - 3 %

2011 സെൻസസ് മാനദണ്ഡമാവുമ്പോൾ

സംസ്ഥാനങ്ങളുടെ ജനസംഖ്യ എന്നത് ധനകാര്യ കമ്മിഷനുകൾ കണക്കിലെടുക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ്. ആറാം ധനകാര്യ കമ്മിഷൻ മുതൽ പതിനാലാം കമ്മിഷൻ വരെ 1971-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയാണു ഇതിനുള്ള മാനദണ്ഡമായി കണകാക്കിയിരുന്നത്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ 2011 സെൻസസ് മാനദണ്ഡമാക്കുമ്പോൾ രാഷ്ട്ര നയമായ കുടുംബാസൂത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങൾക്കു തിരിച്ചടിയാവുന്നു.

പല ധനകാര്യ കമ്മിഷനും പ്രതിശീർഷ ആഭ്യന്തര വരുമാനം ഒരു പ്രധാന മാനദണ്ഡമായി എടുത്തിട്ടുണ്ട്. എറ്റവും ഉയർന്ന ആളോഹരി ആഭ്യന്തര വരുമാനമുള്ള സംസ്ഥാനവും അതത് സംസ്ഥാനങ്ങളും തമ്മിൽ ആളോഹരി ആഭ്യന്തര വരുമാനത്തിലുള്ള വ്യത്യാസം കണക്കിലെടുത്താണ് ഇത് നിശ്ചയിക്കപ്പെടുന്നത്.

പ്രതീക്ഷയർപ്പിച്ച ജി എസ് ടി തിരിച്ചടിയാവുമ്പോൾ

ഉപഭോഗ സംസ്ഥാനമായ കേരളത്തിനു ജി എസ് ടി ഗുണകരമാവുമെന്നാണു പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാൽ, പ്രതീക്ഷിച്ച രീതിയിൽ കച്ചവടം കൂടാത്തതും, ജി എസ് ടി നടപ്പിലാക്കിയതിലെ പോരായ്മകളും, ജി എസ് ടി വിഹിതം കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള കാലതാമസവും കേരളത്തിനു ശക്തമായ തിരിച്ചടിയായി. 1,600 കോടിയോളം രൂപ ജി എസ് ടി വിഹിതമായി കേരളത്തിനു ലഭിക്കാനുണ്ട്. ഇതിനു പുറമേയാണു പ്രളയ ദുരിതാശ്വാസ ഫണ്ട് കേരളത്തിനു അനുവദികാതിരുന്നത്. ഇതെല്ലാം സംസ്ഥാന സർക്കാരിനെ ഞെരുക്കത്തിലാക്കും എന്നുള്ളത് തീർച്ചയാണ്.

--- രഞ്ജിത്ത് രാജ്, ലേഖകന്‍ ഗോവ ബിറ്റ്സ് പിലാനി ഗവേഷകനാണ്